UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചന്ദ്രനിലെ കൃഷി, ലാബില്‍ നിന്ന് ഇറച്ചി; ആഹാരത്തിന്റെ ഭാവിയെക്കുറിച്ച് 6 ചിന്തകള്‍

Avatar

സ്റ്റീവന്‍ ഓവര്‍ലി
(വാഷിംഗ്ടന്‍ പോസ്റ്റ്)

സാങ്കേതികവിദഗ്ദ്ധനില്‍ നിന്ന് റെസ്റ്റോറന്‍റ് സംരംഭകനായി മാറിയ കിംബല്‍ മസ്ക് ഭക്ഷണത്തിന്‍റെ ഭാവിയെ കുറിച്ച് എന്നും ഓര്‍ക്കാറുണ്ട്.

അദ്ദേഹത്തിന്‍റെ സ്വന്തം റെസ്റ്റോറന്‍റ് ശൃംഖലയായ ‘ദ കിച്ചന്‍ ആന്‍ഡ് നെക്സ്റ്റ് ഡോര്‍’ പ്രാദേശിക ചേരുവകള്‍ ഉപയോഗിച്ച് ഫ്രെഷ് ആയ, പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന വിഭവങ്ങള്‍ ന്യായ വിലയ്ക്ക് വില്‍ക്കുന്നതിലൂടെ ആഹാരമെന്ന ആശയത്തെ ഇളക്കി മറിക്കാന്‍ ഉദ്ദേശിക്കുന്നു. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളെ ആരോഗ്യകരമായ ഭക്ഷണ രീതികള്‍ ശീലിപ്പിക്കാന്‍ മസ്കിന്‍റെ കമ്പനിയായ ‘ദ കിച്ചന്‍’ നൂറുകണക്കിന് സ്കൂളുകളുകളില്‍ തോട്ടങ്ങള്‍ ഉണ്ടാക്കുന്നു.

“ഭക്ഷ്യ രംഗത്തെ വ്യാവസായിക രീതികള്‍ ആര്‍ക്കും മെച്ചമുണ്ടാക്കുന്ന ഒന്നല്ല. വ്യക്തിപരമായ തലത്തിലും സാമ്പത്തികമായും സാമൂഹ്യമായും ഒന്നും അതു ഗുണകരമല്ല,” മസ്ക് പറയുന്നു.

മസ്കിന്‍റെ മൂത്ത സഹോദരന്‍ ഈലോണ്‍ മസ്ക് ടെസ്ല, സ്പേസ്എക്സ് എന്നീ സാങ്കേതിക സ്ഥാപനങ്ങളുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമാണ്. സഹോദരന്‍റെ രണ്ടു കമ്പനികളുടെയും കൂടാതെ മെക്സിക്കന്‍ ഫാസ്റ്റ്- കാഷ്വല്‍ ചെയിനായ ചിപ്പോട്ലെയുടെയും ബോര്‍ഡുകളില്‍ മസ്ക് അംഗമാണ്. ഭക്ഷ്യ രംഗത്തും സാങ്കേതിക രംഗത്തും അദ്ദേഹത്തിന്‍റെ കരിയര്‍ വ്യാപിച്ചു കിടക്കുന്നു. (1999ല്‍ കോംപാക്ക് ഏറ്റെടുത്ത Zip2 സ്ഥാപിച്ചതിലൂടെയാണ് തുടക്കത്തില്‍ അദ്ദേഹവും ഈലോണും സമ്പന്നരായത്.)

കഴിഞ്ഞ മാസം നടന്ന വേള്‍ഡ് ഫ്യൂച്ചര്‍ സൊസൈറ്റിയുടെ വാര്‍ഷിക ഉച്ചകോടിയില്‍ തന്‍റെ ബിസിനസ്സ് സംരംഭങ്ങളെ കുറിച്ചും ഭക്ഷ്യ വ്യവസായ രംഗത്ത് വിശ്വാസ്യത തിരികെ കൊണ്ടുവരുന്നതിനെ കുറിച്ചും മസ്ക് സംസാരിച്ചു. കോണ്‍ഫറന്‍സ് കഴിഞ്ഞു അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ക്കായി സമീപിച്ചപ്പോള്‍ നമ്മുടെ ആഹാരത്തിന്‍റെ ഭാവി എന്താകുമെന്നതിനെ പറ്റി പങ്കു വച്ച ആറു ധീരമായ ചിന്തകള്‍ കേള്‍ക്കൂ:

1. വെര്‍ട്ടിക്കല്‍ ഫാമിങ് കാലഘട്ടത്തിന്‍റെ രീതി – ഇവിടെയും ബഹിരാകാശത്തും

വെര്‍ട്ടിക്കല്‍ ഫാമിങിന്‍റെ ശക്തനായ വക്താവാണ് മസ്ക്. കെട്ടിടങ്ങള്‍ക്കകത്ത് വലിയ തോതില്‍ സൌകര്യങ്ങള്‍ ഒരുക്കി, LED ലൈറ്റുകളുടെ സഹായത്തോടെ പൊക്കമുള്ള അട്ടികളില്‍ വിളകള്‍ വളര്‍ത്തുന്ന രീതിയാണിത്. പ്രാദേശികമായി വിഭവങ്ങള്‍ ഉല്പ്പാദിപ്പിച്ച് അതിലൂടെ അവ ദീര്‍ഘദൂരം കയറ്റി അയക്കുന്നത് ഒഴിവാക്കുക എന്നതാണ് ഈ രീതിയുടെ പ്രധാന ഉദ്ദേശം. ന്യൂയോര്‍ക്ക്, ഷിക്കാഗോ ഒക്കെപ്പോലുള്ള വന്‍നഗരങ്ങളില്‍ പഴങ്ങളും പച്ചക്കറികളും തദ്ദേശീയമായി വിളയിച്ച് എല്ലാ സീസണിലും ലഭ്യമാക്കാം. വെര്‍ട്ടിക്കല്‍ ഫാമിങ് കമ്പനികള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ലാഭകരമായി വില്‍ക്കാന്‍ ആദ്യമായി സാധിച്ചത് 2015ലാണെന്ന് മസ്ക് പറയുന്നു. അതിന്‍റെ അര്‍ത്ഥം ഇതിനാവശ്യമായ സാങ്കേതിക വിദ്യ വലിയ വിപണികള്‍ക്ക് അനുയോജ്യമായ വിധത്തില്‍ ചെലവു കുറഞ്ഞതായിരിക്കുന്നു എന്നാണ്. ഭാവി തലമുറകള്‍ ചന്ദ്രനില്‍ താമസമാക്കുമ്പോഴും പഴങ്ങളും പച്ചക്കറികളും അവിടെ വളര്‍ത്തുന്നത് വെര്‍ട്ടിക്കല്‍ ഫാമിങ് രീതിയിലായേക്കാം. കുറഞ്ഞ പക്ഷം ഭാവിയിലേക്ക് ഉറ്റു നോക്കുന്നവരോട് മസ്ക് കഴിഞ്ഞ മാസമാവസാനം  പറഞ്ഞത് അങ്ങനെയാണ്.

2. കൃഷി വീണ്ടും ആകര്‍ഷകമാവും

ഏതാണ്ട് ഗ്രേറ്റ് ഡിപ്രഷനു ശേഷമുള്ള സമയം മുതല്‍ അമേരിക്കക്കാര്‍ കൃഷി സംബന്ധമായ തൊഴിലുകള്‍ക്കായി തിരക്കു കൂട്ടുന്നില്ല. കുടുംബമായി നടത്തിയിരുന്ന ഫാമുകള്‍ ഇല്ലാതായി. മുന്‍പ് വാഷിംഗ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പോലെ കഴിഞ്ഞ 80 വര്‍ഷങ്ങളായി കോര്‍പ്പറേറ്റ് ഫാമുകളുടെ എണ്ണം കൂടിക്കൂടി വരുന്നു. ഈ സ്ഥിതി മാറാനുള്ള ഒരു അവസരമാണ് മസ്ക് കാണുന്നുണ്ട്. ചുരുങ്ങിയത് 2018 വരെയെങ്കിലും ഓരോ വര്‍ഷവും യു‌എസ് അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്മെന്‍റ് 20 മില്ല്യണ്‍ ഡോളര്‍ പുതിയ കര്‍ഷകര്‍ക്കുള്ള ഗ്രാന്‍റായി വിതരണം ചെയ്യും. നേരത്തേ പറഞ്ഞ വെര്‍ട്ടിക്കല്‍ ഫാമിങ് പ്രചാരത്തിലാവുന്നതോടെ ഈ കര്‍ഷകര്‍ക്ക് കൃഷി ഒരു ബിസിനസ്സ് ആക്കാനായി ഗ്രാമപ്രദേശങ്ങളിലേയ്ക്ക് മാറുകയും വേണ്ട. വിശാലമായ വെളിമ്പ്രദേശങ്ങളില്‍ കൃഷിയിറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സ്ഥലം അങ്ങനെ ലഭ്യമാകുകയും ചെയ്യും. ഫാം ഉടമകളുടെ ശരാശരി പ്രായം എന്നത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇവര്‍ കൃഷിയില്‍ നിന്നു വിരമിക്കുന്നതോടെ ആ സ്ഥലങ്ങളും ആവശ്യക്കാര്‍ക്ക് കിട്ടും.

“അടുത്ത 5-10 അല്ലെങ്കില്‍ 15 വര്‍ഷങ്ങളില്‍ കൃഷിസ്ഥലം വന്‍തോതില്‍ ലഭ്യമാകും. കൃഷി എന്നത് ആവേശകരമായ പരിപാടിയായിത്തീരും,” മസ്ക് അഭിപ്രായപ്പെട്ടു.

3. ഇനി വരുന്ന പല മില്ല്യണ്‍-ഡോളര്‍ ആശയങ്ങളും ഭക്ഷ്യ വ്യവസായത്തെ മാറ്റി മറിക്കും

ആഗോള ഭക്ഷ്യ വിതരണ ശൃംഖലയുടെ ഒരറ്റത്തെ കണ്ണി മാത്രമാണ് കൃഷി. വിളകളെ ഭക്ഷ്യ വിഭവങ്ങളായി സംസ്കരിക്കുന്നതു തുടങ്ങി അവ വിതരണം ചെയ്യുന്നവരും ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകളും എല്ലാം മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്ന് മസ്ക് കരുതുന്നു. 1990കളിലെ ഇന്‍റര്‍നെറ്റ് വിപ്ലവത്തോടാണ് അദ്ദേഹം ഇതിനെ താരതമ്യം ചെയ്യുന്നത്.

“എന്തൊക്കെ അവസരങ്ങളാണ് മുന്നിലുള്ളത് എന്നറിയില്ലെങ്കിലും ആ വ്യവസായത്തിന്‍റെ ഭാഗമാകാന്‍ ആണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ആ തരംഗത്തിന്‍റെ തുടക്കം മുതലേ അവിടെ ഉണ്ടാകണം എന്നാണ് ആഗ്രഹം. സംരംഭകരോടും ആശയങ്ങള്‍ ഉള്ളവരോടും ഏതെങ്കിലും രീതിയില്‍ ഭക്ഷ്യ വ്യവസായത്തിന്‍റെ ഭാഗമാകണം എന്നാണ് എനിക്കു പറയാനുള്ളത്. ഇപ്പോഴത്തെ ഈ മാറ്റങ്ങളില്‍ നിങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കാന്‍ അതുമൂലം സാധിക്കും,” മസ്ക് പറഞ്ഞു.

ഫുഡ് ബിസിനസ്സ് രംഗത്ത് വിജയിക്കുന്നവര്‍ പലരും സിലിക്കണ്‍ വാലിയില്‍ നിന്നോ ന്യൂയോര്‍ക്കില്‍ നിന്നോ ആവില്ല; അവര്‍  മിനിയാപ്പൊളിസില്‍ നിന്നോ മെംഫിസില്‍ നിന്നോ ആകുമെന്നും മസ്ക് കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ ഹൃദയഭാഗങ്ങളും അവിടത്തെ ഭക്ഷണ ശീലങ്ങളും രാജ്യത്തെ മൊത്തമായി പ്രതിഫലിപ്പിക്കുന്നതാണ്. “ലോസ് ഏഞ്ചലസിലെ ഒരു വെഗന്‍ ഫാസ്റ്റ്ഫുഡ് ജോയിന്‍റില്‍ ചെന്നാല്‍ നിങ്ങള്‍ തനി അമേരിക്കന്‍ രീതിയിലാവില്ല സംസാരിക്കുന്നത്,” മസ്ക് പറഞ്ഞു.

4. സുതാര്യത കൊണ്ടു മാത്രമേ ഭക്ഷ്യ രംഗത്ത് വിശ്വാസ്യത ഉണ്ടാവൂ. 

വേള്‍ഡ് ഫ്യൂച്ചര്‍ സൊസൈറ്റിയുടെ വാര്‍ഷിക ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ വിശ്വാസ്യതയ്ക്കാണ് മസ്ക് ഊന്നല്‍ കൊടുത്തത്. ജനിതക മാറ്റങ്ങള്‍ വരുത്തിയ ചേരുവകള്‍ ആണെങ്കിലും കടിച്ചാല്‍ പൊട്ടാത്ത പേരുകള്‍ ഉള്ള കെമിക്കലുകളാണെങ്കിലും തങ്ങള്‍ കഴിക്കുന്നത് എന്തൊക്കെയാണെന്നോ അതെങ്ങനെ ഉണ്ടാക്കിയതാണെന്നോ മിക്കവര്‍ക്കും അറിയില്ല എന്ന് അദ്ദേഹം പറയുന്നു. സംഭരണ ശാലകളില്‍ പച്ചക്കറികള്‍ വളര്‍ത്തുകയും സസ്യങ്ങള്‍ കൊണ്ട് ഇറച്ചി ഉല്പ്പാദിപ്പിക്കുകയും ചെയ്യുന്ന ഇക്കാലത്ത് (അതിനെ പറ്റി ഉടനെ പറയാം) സുതാര്യതയിലൂടെ വിശ്വാസം വളര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് മസ്ക് ഓര്‍മ്മിപ്പിച്ചു.

“വ്യാവസായികമായി ഭക്ഷ്യോല്‍പ്പാദനം നടത്തുന്നതിലെ പ്രധാന പ്രശ്നം സുതാര്യത തീരെയില്ല എന്നതാണ്. അതിലാണ് അവയുടെ വിജയവും,” മസ്ക് പറഞ്ഞു. അടുത്ത തലമുറയിലെ കര്‍ഷകരും സംരംഭകരും ഈ കാര്യത്തില്‍ വേറിട്ട നിലപാടു സ്വീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. “ഇവരുടെ ഒക്കെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ സുതാര്യതയ്ക്ക് അങ്ങേയറ്റം പ്രധാന്യം നല്‍കിയേനെ. അവരുടെ ഉല്‍പ്പന്നങ്ങളുടെ അനന്തര ഫലങ്ങള്‍ എന്തൊക്കെയാണ്? അവയുടെ ശരിയായ പോഷകമൂല്യം എന്താണ്? ആധുനികമായ ഒരു ഘടകം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ കൂടെ ഉപഭോക്താവില്‍ നിന്ന് വിവരങ്ങള്‍ മറച്ചു വയ്ക്കാതെ ഈ കാര്യങ്ങള്‍ വ്യക്തമാക്കണം.”

5. ബിസിനസ്സ് വ്യാപിപ്പിക്കുന്നതിലുപരി സംരംഭകര്‍ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലണം. 

പ്രാദേശികമായി ചിന്തിക്കുന്ന വ്യവസായികളെ നമ്മള്‍ അധികം കാണാറില്ല. മസ്കിന്‍റെ മൂത്ത സഹോദരന്‍റെ കാര്യം തന്നെയെടുക്കൂ. ആളുകളെ ബഹിരാകാശത്തെക്കയച്ച് ഭൂമിയില്‍ കാറോടിച്ചു നടക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കി കൊടുക്കാനാണ് അദ്ദേഹത്തിന്‍റെ ശ്രമം. സാങ്കേതിക രംഗത്തെ സംരംഭകനെന്ന നിലയില്‍ തനിക്കും ആഗോളതലത്തില്‍ ബിസിനസ്സ് പിടിച്ചടക്കുക എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത് എന്നു മസ്ക് പറയുന്നു. എന്നാല്‍ അതേ സമീപനം ഭക്ഷ്യ രംഗത്ത് പ്രായോഗികമല്ല.

ഇപ്പോഴും ആളുകാര്‍ പലചരക്കു വാങ്ങുന്നതും റസ്റ്റോറന്‍റില്‍ പോയി ഭക്ഷണം കഴിക്കുന്നതുമൊക്കെ പ്രാദേശിക പരിഗണനകള്‍ വച്ചാണ്; ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുന്ന ഭക്ഷ്യ സാധനങ്ങളിന്മേല്‍ സ്വാധീനം ചെലുത്തണമെങ്കില്‍ ആ നിലയില്‍ ചിന്തിച്ചാലേ കഴിയൂ. അതുകൊണ്ടു തന്നെ ഒരു നഗരത്തിലെ സ്കൂളുകളില്‍ തോട്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ മസ്ക് അവ ഡസന്‍കണക്കിനു ഒരുമിച്ചുണ്ടാക്കുന്നു. ഉദാഹരണത്തിന്, പിറ്റ്സ്ബര്‍ഗില്‍ 50ഉം ഇന്‍ഡ്യാനപ്പോളീസില്‍ 100ഉം എണ്ണം വീതമാണ് ചെയ്യാന്‍ പോകുന്നത്. “ഒരു സമൂഹത്തെ ശരിയായ ആഹാരം എന്ന ലക്ഷ്യത്തിലേക്കു കൊണ്ടു വന്ന് അത് നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ആഴത്തിലേക്കിറങ്ങിയേ പറ്റൂ,” അദ്ദേഹം പറഞ്ഞു.

6. മാംസത്തോടുള്ള നമ്മുടെ താല്‍പ്പര്യം മൃഗങ്ങള്‍ക്കപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. 

ലബോറട്ടറികളില്‍ മാംസം ഉല്‍പ്പാദിപ്പിക്കാനും സസ്യങ്ങളില്‍ നിന്നുള്ള ഘടകങ്ങള്‍ ഉപയോഗിച്ച് മാംസമുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ വിജയിക്കുകയാണ്. ശീതീകരിച്ച വെജ് ബെര്‍ഗര്‍ പോലെയൊന്നുമല്ല, അതിനും അപ്പുറത്തുള്ള കണ്ടുപിടുത്തങ്ങളെ പറ്റിയാണ് നമ്മളിപ്പോള്‍ സംസാരിക്കുന്നത്. “പശുക്കളില്‍ നിന്നോ പന്നികളില്‍ നിന്നോ കോഴികളില്‍ നിന്നോ അല്ലാതെ കിട്ടുന്ന ഇറച്ചി ആളുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു കാലം വരാം. മൃഗ സംരക്ഷകരും പരിസ്ഥിതി പ്രവര്‍ത്തകരുമൊക്കെ സന്തോഷിക്കുന്ന ഒരു മാറ്റമാകുമത്. ലോകത്തെല്ലാവരുടെയും മാംസ ഉപഭോഗത്തെ തൃപ്തിപ്പെടുത്താനായി വളര്‍ത്തുന്ന മൃഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് പരിസ്ഥിതിയെ മോശമായി ബാധിക്കുന്നുവെന്നത് പരക്കെ അറിയുന്ന വസ്തുതയാണ്.”

മസ്കിനെ സംബന്ധിച്ച്, സസ്യ ഭാഗങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുന്ന മാംസത്തിന്‍റെ കാര്യത്തിലാണ് അദ്ദേഹത്തിന് കൂടുതല്‍ താല്‍പ്പര്യം; ലബോറട്ടറികളില്‍ നിര്‍മ്മിക്കുന്നവയെ ഉപഭോക്താക്കള്‍ വിശ്വസിക്കുമോ എന്ന സംശയം അദ്ദേഹത്തിനുണ്ട്. ഇറച്ചിയുടെ ഉപഭോഗം കുറയ്ക്കുന്നതും മുന്നോട്ടുള്ള വഴിയാണെന്ന് മസ്ക് കരുതുന്നുണ്ട്. “മറ്റ് വസ്തുക്കള്‍ ഉപയോഗിച്ച് മാംസമുണ്ടാക്കുന്നതിനെക്കാള്‍ കുറഞ്ഞ അളവില്‍ നിലവാരമുള്ള മാംസം ഉപയോഗിക്കണമെന്ന പക്ഷക്കാരനാണ് ഞാന്‍,  അതെന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.” അദ്ദേഹം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍