UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചികിത്സ നിഷേധിച്ചത് ഏഴ് ആശുപത്രികള്‍; മുംബൈയില്‍ പിഞ്ചു കുഞ്ഞിനുണ്ടായത് ദയനീയ അന്ത്യം

പരിക്കേറ്റ ഷഹബാസിനെയും കൊണ്ട് ഒമ്പതുമണിക്കൂറിനുള്ളില്‍ ഏഴ് ആശുപത്രികളില്‍ മാതാപിതാക്കള്‍ കയറിയിറങ്ങി

ഒമ്പതു മണിക്കൂര്‍ ആ അച്ഛനും അമ്മയും കൂടി തങ്ങളുടെ കുഞ്ഞിനേയും കൊണ്ട് ഏഴ് ആശുപത്രികള്‍ കയറി ഇറങ്ങി. ഷഹബാസ് അലിയുടെ നില അതീവ ഗുരുതരമായിരുന്നു. പക്ഷേ സര്‍ക്കാര്‍ ആശുപത്രിയില്‍ ഉള്‍പ്പെടെ ആ കുഞ്ഞിനെ ചികിത്സിക്കാന്‍ തയ്യാറായില്ല. അമ്പതിനായിരവും അറുപതിനായിരവും ഡിപ്പോസിറ്റ് ചെയ്യാന്‍ ദിവസവേതനക്കാരനായ ഷെയതുവിനു കഴിവില്ലാതിരുന്നതുകൊണ്ടാണു സ്വകാര്യ ആശുപത്രിയില്‍ തന്റെ കുഞ്ഞിനു ചികിത്സ നേടിക്കൊടുക്കാന്‍ ആ പിതാവിനു കഴിയാതെ വന്നതെങ്കില്‍ ബഡ് ഒഴിവില്ല മുതലായ കാരണങ്ങള്‍ പറഞ്ഞായിരുന്നു സര്‍ക്കാര്‍ ആശുപത്രിക്കാര്‍ ആ അച്ഛന്റെയും അമ്മുടെയും യാചനകള്‍ തള്ളിക്കളഞ്ഞത്. ഒടുവില്‍ സിയോണ്‍ ആശുപത്രിയിലെ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ അഞ്ചു ദിവസം മരണത്തോടു മല്ലടിച്ചു കിടന്നശേഷം ഇന്നലെ ആ പിഞ്ചുകുഞ്ഞ് അവസാന ശ്വാസം എടുത്തു. ആന്തരിക രക്തസ്രാവം ആയിരുന്നു കുട്ടിയുടെ മരണകാരണം. ഒരുപക്ഷേ ഏതെങ്കിലുമൊരു ആശുപത്രിയില്‍ നിന്നും കൃത്യസമയത്ത് ആ കുഞ്ഞിനു ചികിത്സ കിട്ടിയിരുന്നെങ്കില്‍ ഷഹബാസ് ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു.
മുംബൈയിലെ വിരാര്‍ സ്വദേശിയായ ഷഹബാസ് റോഡരികില്‍ കളിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ ഭക്ഷണം വില്‍ക്കുന്ന ഒരു ഉന്തുവണ്ടി ദേഹത്തേക്കു മറിഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. ഉടന്‍ തന്നെ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഏഴു മണിക്കൂറോളം താമസിച്ചാണ് ഒരാശുപത്രിയില്‍ അവര്‍ക്കു കുട്ടിയെ പ്രവേശിപ്പിക്കാന്‍ സാധ്യമായത്. ചികിത്സ വൈകിയതു തന്നെയാണു മരണകാരണവും.

അതേസമയം സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി ഉയര്‍ന്ന തുക ഡിപ്പോസിറ്റ് ചോദിക്കുകയും കുട്ടിക്കു ചികിത്സ നിഷേധിക്കുകയും ചെയ്തതിന്റെ പേരില്‍ രണ്ടു സ്വകാര്യ ആശുപത്രികള്‍ക്കെതിരേ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടിയെ പ്രവേശിപ്പിച്ചില്ലെന്ന ആരോപണത്തിലും അന്വേഷണം നടത്തും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍