UPDATES

സയന്‍സ്/ടെക്നോളജി

എടിഎം സ്‌കിമ്മിംഗിനിരയാവാതിരിക്കാം; 7 മുന്‍കരുതലുകള്‍

Avatar

ലിഷ അന്ന

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നാലു ലക്ഷത്തിലധികം രൂപയാണ് തിരുവനന്തപുരത്തെ എടിഎം തട്ടിപ്പില്‍ നഷ്ടപ്പെട്ടത്. സംസ്ഥാനത്തെ ഏറ്റവും വലിയ എടിഎം തട്ടിപ്പുകളില്‍ ഒന്ന്. ഏകദേശം ഇരുപതു പേരോളം സ്‌കിമ്മിംഗിന് ഇരയായിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അവരവര്‍ സൂക്ഷിച്ചാല്‍ അവരവര്‍ക്ക് കൊള്ളാം എന്ന് മാത്രമേ ഇവിടെ പറയാനുള്ളൂ. കഷ്ടപ്പെട്ട് സമ്പാദിച്ച പണം ആരെങ്കിലും കൊണ്ടുപോയിട്ട് അവസാനം കരഞ്ഞിട്ടെന്തു കാര്യം? അതിനു വേണ്ടത് നല്ല മുന്‍കരുതലുകളും ശ്രദ്ധയുമാണ്.

എന്താണ് എടിഎം സ്‌കിമ്മിംഗ്?
കള്ളന്മാര്‍ എടിഎമ്മുകള്‍ക്കുള്ളില്‍ കയറി ഒരു സ്‌കിമ്മിംഗ് ഡിവൈസ് കൊണ്ടുവയ്ക്കും. ഉപഭോക്താക്കള്‍ തങ്ങളുടെ കാര്‍ഡുകള്‍ സ്വൈപ് ചെയ്യുമ്പോള്‍ ഇവ കാര്‍ഡിലെ ഇന്‍ഫര്‍മേഷന്‍ സ്‌കാന്‍ ചെയ്യുകയും അക്കൗണ്ടുകള്‍ ആക്സസ് ചെയ്യുന്നതിനുള്ള ഡാറ്റകള്‍ ചോര്‍ത്തിയെടുക്കുകയുമാണ് ചെയ്യുന്നത്. കാര്‍ഡിലെ മാഗ്‌നറ്റിക് സ്ട്രിപ്പില്‍ ഉള്ള ഡീറ്റയില്‍സ് മുഴുവന്‍ ഈ ഡിവൈസ് കോപ്പി ചെയ്യും. ബാക്കി വേണ്ടത് എടിഎം പിന്‍ നമ്പരാണ്. അതിനായി ഒന്നുകില്‍ രഹസ്യക്യാമറകള്‍ സ്ഥാപിക്കും. അല്ലെങ്കില്‍ നിരീക്ഷിക്കാന്‍ പിന്നില്‍ ഒരാള്‍ ഉണ്ടാവും. ഒരിക്കല്‍ കാര്‍ഡ് വിവരങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ വ്യാജകാര്‍ഡ് ഉണ്ടാക്കി പണം പിന്‍വലിക്കാന്‍ ഇവരെ സംബന്ധിച്ച് വളരെ എളുപ്പമാണ്.  

സ്‌കിമ്മിംഗിനിരയാവാതിരിക്കാന്‍ എടുക്കേണ്ട 7 മുന്‍കരുതലുകള്‍
1. കാര്‍ഡ് ഇടുമ്പോള്‍ കാര്‍ഡ് റീഡര്‍ വിറയ്ക്കുകയോ അതോ പശ പോലെ ഒട്ടിപ്പിടിക്കുകയോ ചെയ്യുകയാണെങ്കില്‍ ആ മെഷീന്‍ ഉപയോഗിക്കരുത്.

2. എടിഎമ്മുകള്‍ക്കുള്ളില്‍ കയറുമ്പോള്‍ മെഷീന്‍ നന്നായി പരിശോധിക്കുക. രണ്ട് എടിഎം മെഷീനുകള്‍ അടുത്തടുത്തുണ്ടെങ്കില്‍ അവയ്ക്ക് വല്ല വ്യത്യാസവും ഉണ്ടോ എന്ന് നോക്കണം. ഉദാഹരണത്തിന് ഒരു കാര്‍ഡ് റീഡര്‍ നിങ്ങളുടെ കാര്‍ഡ് എവിടെ ഇടണം എന്ന് കാണിക്കുകയും മറ്റേത് അങ്ങനെ ഒന്നും കാണിക്കാതിരിക്കുകയും ചെയ്യുന്നത് അപകടകരമാണ്.

3.പിന്‍ പ്രസ് ചെയ്യുമ്പോള്‍ കീപാഡിന് പതിവില്‍ കൂടുതല്‍ പതുപതുപ്പോ എവിടെയെങ്കിലും ഉയര്‍ച്ച താഴ്ചകളോ കാര്യമായി കാണുന്നുണ്ടോ എന്ന് നോക്കണം. കീപാഡ് മാറ്റിയ തട്ടിപ്പുകേസുകള്‍ ധാരാളം ഉണ്ടായിട്ടുണ്ട്.

4. എടിഎം പിന്‍ ടൈപ് ചെയ്യുമ്പോള്‍ പിന്നില്‍ ആരും നില്‍ക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. അഥവാ ആരെങ്കിലും നില്‍ക്കുന്നുണ്ടെങ്കില്‍ കൈകൊണ്ടു മറച്ച് പിന്‍ അടിക്കുക.

5. എല്ലാ സേവിംഗ്‌സും ഒരു ബാങ്കില്‍ തന്നെ ഇടാതെ ഒന്നില്‍ കൂടുതല്‍ ബാങ്കുകളില്‍ ആയി നിക്ഷേപിക്കുക. തട്ടിപ്പുകള്‍ പിടിക്കുമ്പോള്‍ പണം തിരിച്ചു ലഭിക്കാമെങ്കിലും അതുവരെ കാത്തിരിക്കുന്നത് ചിലപ്പോള്‍ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്നു വരാം.

6. 2015 സെപ്റ്റംബര്‍ മുതല്‍ മാഗ്‌നറ്റിക് കാര്‍ഡുകള്‍ക്ക് പകരം EMV ചിപ്പ് കാര്‍ഡുകള്‍ മാത്രം നല്‍കാനാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദേശം. ഇവ കൂടുതല്‍ സുരക്ഷിതമാണ്.

7. എപ്പോഴും ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കുക, മൊബൈല്‍ അലര്‍ട്ടുകള്‍ ആക്ടിവേറ്റ് ചെയ്യുക.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലിഷ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍