UPDATES

വായിച്ചോ‌

ഫേസ്ബുക്ക് പോസ്റ്റുകള്‍ സൂക്ഷിക്കുക; അധികാരമുള്ളവര്‍ക്കെതിരായാല്‍ നിങ്ങള്‍ ജയിലിലാകും

ഒരു ഫേസ്ബുക്ക് പോസ്റ്റ് നിങ്ങളെ ജയിലില്‍ എത്തിക്കുമെന്ന് തെളിയിക്കുന്നതാണ് സമീപകാലത്ത് ഇന്ത്യയില്‍ നടക്കുന്ന ചില സംഭവങ്ങള്‍

പണവും അധികാരവും ഉള്ള ഒരാള്‍ക്കെതിരെയിടുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് നിങ്ങളെ ജയിലില്‍ എത്തിക്കുമെന്ന് തെളിയിക്കുന്നതാണ് സമീപകാലത്ത് ഇന്ത്യയില്‍ നടക്കുന്ന ചില സംഭവങ്ങള്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് ഏഴ് പേര്‍.

മാര്‍ച്ച് 21ന് ആദിത്യനാഥ് അധികാരത്തിലേറി മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടതിന്റെ പേരില്‍ നാല് പേരാണ് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അറസ്റ്റിലായത്. വ്യാഴാഴ്ച ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നും ഇതേകാരണത്തിന് രഹത് ഖാന്‍ എന്ന 22കാരനും അറസ്റ്റിലായി. പോസ്റ്റുകള്‍ക്ക് മാത്രമല്ല ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് പോലും പോലീസ് കേസാകുന്ന അവസ്ഥയണ് നിലനില്‍ക്കുന്നത്. കുറഞ്ഞ വെളിച്ചത്തില്‍ ആദിത്യനാഥിനെ ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് ബംഗളൂരുവില്‍ നിന്നുള്ള ഒരു സ്ത്രീക്കെതിരെ നേരത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

അതേസമയം ആദിത്യനാഥിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റുകളില്‍ മാത്രമല്ല കേസെടുത്തിട്ടുള്ളത്. അത്തരത്തില്‍ ചില കേസുകള്‍ പരിശോധിക്കാം.

2015 മാര്‍ച്ചില്‍ അപ്പോഴത്തെ യുപി മന്ത്രി അസംഖാനെതിരെ ഫേസ്ബുക്കില്‍ ആക്ഷേപകരമായ പോസ്റ്റ് ചെയ്തതിന് അറസ്റ്റിലായത് ഒരു പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. രാംപുരില്‍ നിന്നും അറസ്റ്റിലായ വിദ്യാര്‍ത്ഥിയ്ക്ക് പിന്നീട് ജാമ്യം അനുവദിക്കുകയും അറസ്റ്റിലേക്ക് നയിച്ച സാഹചര്യങ്ങളില്‍ സുപ്രിംകോടതി യുപി പോലീസിനോട് വിശദീകരണം തേടുകയും ചെയ്തു.

2014 ഓഗസ്റ്റില്‍ കേരളത്തിലുണ്ടായതാണ് മറ്റൊരു കേസ്. സിപിഎം പ്രവര്‍ത്തകന്‍ രജീഷ് കുമാറാണ് ഇവിടെ അറസ്റ്റിലായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റുകളും ഫോട്ടോകളും പ്രസിദ്ധീകരിച്ചുവെന്നതായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ട കേസ്. ഒരു ചിത്രത്തില്‍ മോദിയുടെ മുഖത്ത് ഷൂവിന്റെ പാട് വരച്ചു ചേര്‍ത്തതായും പോലീസ് പറയുന്നു. ഇത് പ്രധാനമന്ത്രിയെ അപമാനിക്കുന്നതാണെന്നും ഒരു പോസ്റ്റിന്റെ കമന്റ് വര്‍ഗ്ഗീയ സംഘര്‍ഷത്തിന് കാരണമാകാമെന്നും പോലീസ് ചൂണ്ടിക്കാട്ടി.

2014 ഗോവയില്‍ കപ്പല്‍ നിര്‍മ്മാണ വിദഗ്ധനായ ദേവു ചൊദങ്കര്‍ അറസ്റ്റിലായതാണ് മറ്റൊരു കേസ്. വര്‍ഗ്ഗീയ, സാമൂഹിക ഐക്യത്തെ തകര്‍ക്കുന്നതാണ് ഇയാളുടെ പോസ്റ്റുകളെന്നായിരുന്നു പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ മോദിയുടെ അധികാര പ്രകടനമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ കണ്ടത്.

2012 നവംബറില്‍ മുംബൈയിലാണ് മറ്റൊരു സംഭവമുണ്ടായത്. ഷഹീന്‍ ധദ, രേണു ശ്രീനിവാസന്‍ എന്നീ പെണ്‍കുട്ടികളാണ് ഇവിടെ അറസ്റ്റിലായത്. ശിവ് സേന നേതാവ് ബാല്‍ താക്കറയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി മുംബൈ നഗരം അടച്ചിട്ടതിനെ ചോദ്യം ചെയ്യുന്നതായിരുന്നു ഇവരില്‍ ഒരാളുടെ പോസ്റ്റ്. നഗരം അടച്ചിട്ടത് ഭയം കൊണ്ടാണെന്നും അല്ലാതെ ബഹുമാനം കൊണ്ടല്ലെന്നും മറ്റൊരാള്‍ പ്രതികരിച്ചു. ഈ കമന്റ് ലൈക് ചെയ്ത മറ്റൊരു പെണ്‍കുട്ടിയെയും പോലീസ് അറസ്റ്റ് ചെയ്തു. മതവികാരം വൃണപ്പെടുത്തിയെന്നായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്. പിന്നീട് എല്ലാ കേസുകളും കോടതി റദ്ദാക്കി.

കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ അപമാനകരമായ സന്ദേശങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചതിന് പുതിച്ചേരിയില്‍ നിന്നുള്ള വ്യാപാരി രവി ശ്രീനിവാസന്‍ അറസ്റ്റിലായത് 2012 ഒക്ടോബറിലാണ്.

2012 മെയില്‍ അപ്പോഴത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും മറ്റ് രാഷ്ട്രീയക്കാരെയും കുറിച്ച് അപമാനകരമായ തമാശകള്‍ പ്രചരിപ്പിച്ചതിനും ദേശീയ പതാകയെ അപമാനിച്ചതിനും എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ജീവനക്കാരായ മയങ്ക് മോഹന്‍ ശര്‍മ്മ, കെവിജെ റാവു എന്നിവരെ മുംബൈ സൈബര്‍ ക്രൈം സെല്‍ അറസ്റ്റ് ചെയ്തു. 12 ദിവസത്തോളം ജയിലില്‍ കിടന്ന ഇവര്‍ പിന്നീട് കുറ്റവിമുക്തരാക്കപ്പെട്ടു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അപമാനിക്കുന്ന കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചു ജാദവ്പുര്‍ സര്‍വകലാശാല പ്രൊഫസര്‍ അംബികേഷ് മഹാപത്രയും അയല്‍വാസി സുബ്രത സെന്‍ഗുപ്തയും 2012 ഏപ്രിലില്‍ അറസ്റ്റിലായി. സത്യജിത് റായിയുടെ സോനാര്‍ കെല്ല എന്ന ചിത്രത്തിന്റെ പ്രശസ്തമായ ഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കാര്‍ട്ടൂണ്‍ ആയിരുന്നു പ്രചരിപ്പിച്ചത്. 93 പേജുകളുള്ള കുറ്റപത്രമാണ് പോലീസ് ഇവര്‍ക്കെതിരെ തയ്യാറാക്കിയത്. ഒരാള്‍ തെറ്റുചെയ്താല്‍ അയാള്‍ അറസ്റ്റിലാകുമെന്നും ഗൂഢാലോചന വച്ചുപുലര്‍ത്താനാകില്ലെന്നും മമത ഇതിനോട് പ്രതികരിച്ചു. മാത്രമല്ല തന്നെ വധിക്കുമെന്ന രഹസ്യ സന്ദേശമാണ് കാര്‍ട്ടൂണ്‍ നല്‍കുന്നതെന്നും അവര്‍ ആരോപിച്ചു. 2015 മാര്‍ച്ചില്‍ ഇരുവരെയും കുറ്റവിമുക്തരാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി ഇരുവര്‍ക്കും 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാനും വിധിച്ചു.

കൂടുതല്‍ വായിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍