UPDATES

വിദേശം

ഏഴു പതിറ്റാണ്ടിന് ശേഷവും തീരാത്ത രണ്ടാം ലോകമഹായുദ്ധം

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 70-ആം വാര്‍ഷികമാണ് 2015. പക്ഷേ ഒരര്‍ത്ഥത്തില്‍ ഭീമാകാരം പൂണ്ട ആ സംഘര്‍ഷം അവസാനിച്ചിട്ടില്ല. ലോകത്ത് പലയിടത്തും അതിന്റെ സ്മരണ പുതുക്കലുകള്‍ പഴയ മുറിവുകള്‍ വീണ്ടും തുറക്കുന്നു. അല്ലെങ്കില്‍ പുതിയ ഭൗമരാഷ്ട്രീയ തര്‍ക്കങ്ങളുടെ വേദിയാകുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ശേഷിപ്പുകള്‍ സംഘര്‍ഷത്തിന്റെ കാരണമാകുന്നതിങ്ങനെയൊക്കെയാണ്. (ഏഴു പതിറ്റാണ്ടു മുമ്പത്തെ യുദ്ധം പോലെ റഷ്യ ഇപ്പോഴും ഏറിയും കുറഞ്ഞും ഇതില്‍ വലിയ പങ്കാളിയാണ്).

ജര്‍മ്മനിയില്‍ നിന്നും നഷ്ടപരിഹാരം വേണം 
ഗ്രീസിന്റെ സാമ്പത്തിക കുഴപ്പങ്ങള്‍, 300 ബില്ല്യണ്‍ ഡോളര്‍ കടമടക്കം, ഒരു വര്‍ത്തമാനകാല പ്രതിസന്ധിയാണ്. എന്നാല്‍ പുതിയ ഇടതുപക്ഷ സര്‍ക്കാര്‍ അതിനുള്ള പരിഹാരം തേടുന്നത് ഭൂതകാലത്തിന്റെ തെറ്റുകള്‍ തിരുത്തിപ്പിക്കുന്നതിലൂടെയാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ നഷ്ടപരിഹാരമായി ഗ്രീസിലുള്ള ജര്‍മന്‍ വസ്തുവഹകള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കാന്‍ താന്‍ സന്നദ്ധനാണെന്നാണ് ഗ്രീക് നീതിന്യായ മന്ത്രി ഈയിടെ പറഞ്ഞത്. 1960ലെ കരാറിന്റെ ഭാഗമായി ജര്‍മ്മനി ഇതിനകം തന്നെ ഗ്രീസിന് നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞു. പക്ഷേ നാസി അധിനിവേശം വരുത്തിവെച്ച നഷ്ടം ഇനിയും പൂര്‍ണമായി നികത്തിയിട്ടില്ലെന്നാണ് ഗ്രീക്കുകാര്‍ പറയുന്നത്. 

യൂറോപ്പിലെ സാമ്പത്തിക ശക്തിയും യൂറോപ്യന്‍ യൂണിയനിലെ കരുത്തനുമായ ജര്‍മ്മനി, ഗ്രീസിനെ യൂറോമേഖലയില്‍ നിലനിര്‍ത്താന്‍ ഏറെ പരിശ്രമിച്ചിരുന്നു. ഏഥന്‍സിന് മേല്‍ ചെലവ് ചുരുക്കല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിച്ചതിന് ഗ്രീസുകാര്‍ കുറ്റപ്പെടുത്തുന്നതും ജര്‍മ്മനിയെ തന്നെ. 

‘ഇതൊരു ഭൗതിക പ്രശ്‌നമല്ല, ഒരു ധാര്‍മിക പ്രശ്‌നമാണ്,’ ഗ്രീക് പ്രധാനമന്ത്രി അലെക്‌സിസ് സിപ്രാസ് പറയുന്നു.

ഓഷ്വിറ്റ്‌സ് ഓര്‍മ പുതുക്കല്‍ പുടിന്‍ ഒഴിവാക്കി 
ജനുവരി 27, 1945, ഓഷ്വിറ്റ്‌സ് പീഡന താവളത്തിന്റെ അവശേഷിപ്പുകളിലേക്ക് സോവിയറ്റ് സേന പ്രവേശിച്ചു. നാസികള്‍, ഏതാണ്ട് പത്തുലക്ഷത്തോളം പേരെ, അധികവും ജൂതരെ, കൊന്നൊടുക്കിയ തടങ്കല്‍ പാളയത്തിലെ ഭീകരതകളിലേക്ക് ആദ്യമെത്തിയത് അവരായിരുന്നു. എന്നിട്ടും ഈ വര്‍ഷമാദ്യം ലോകനേതാക്കള്‍ അവിടെ അനുസ്മരണം നടത്തിയപ്പോള്‍ റഷ്യയുടെ നേതാവ് എത്തിയില്ല. പോളണ്ടില്‍ നടന്ന ചടങ്ങില്‍ പുടിന്‍ എത്താത്തതിന്റെ കാരണം യുക്രെയിന്‍ പ്രതിസന്ധിയില്‍ റഷ്യയും ബാള്‍ടിക്, കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം ഉലഞ്ഞതാണ്.

യുക്രെയിനില്‍ ഫാസിസത്തിന്റെ ഭൂതം വീണ്ടും
യുക്രെയിനില്‍ എന്താണ് നടക്കുന്നത്? ഒരു വര്‍ഷം മുമ്പ് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത് മുതല്‍ രണ്ടാം ലോകയുദ്ധത്തിന്റെ അനുരണനങ്ങള്‍ വീണ്ടും ഉയരാന്‍ തുടങ്ങി. ക്രിമിയ റഷ്യയോട് കൂട്ടിചേര്‍ത്തത്തിന് ശേഷം നിരന്തരം തന്ത്രപ്രധാനമായ ഈ കരിങ്കടല്‍ ഉപദ്വീപിനെ നാസീ അധിനിവേശത്തില്‍ നിന്നും മോചിപ്പിക്കാന്‍ സോവിയറ്റ് സൈനികര്‍ നടത്തിയ ത്യാഗങ്ങള്‍ പുടിന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. യുദ്ധത്തില്‍ എല്ലാ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍ നിന്നുമായി 27 ദശലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്. 

അതിനിടെ, നവ ഫാസിസ്റ്റുകളെയും, നാസി അനുഭാവികളെയും സംരക്ഷിക്കുന്നതിന് മോസ്‌കോവിലെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും കീവിലെ പുതിയ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു. യുക്രെയിനിലെ ഒരു വിഭാഗം ദേശീയവാദി വലതുപക്ഷക്കാര്‍ റഷ്യയുടെയും പോളണ്ടിന്റെയും കടന്നുകയറ്റത്തിനെതിരെ പോരാടി നാസികളുടെ വേണ്ടപ്പെട്ടവനായി മാറിയ വിവാദ യുക്രെയിന്‍ നായകന്മാരായ, സ്‌റ്റെപാന്‍ ബന്ദെരയെപ്പോലുള്ളവരെ കഴിഞ്ഞ വര്‍ഷം നടന്ന മോസ്‌കോ വിരുദ്ധ തെരുവുപ്രകടനങ്ങളില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. 

പുടിന്‍ കൊണ്ടുനടക്കുന്ന സാമ്രാജ്യത്വ ചിന്തകളിലാണ് ശരിക്കുള്ള ഫാസിസമെന്ന് മോസ്‌കോയുടെ വിമര്‍ശകര്‍ ആരോപിക്കുന്നു.

മധ്യേഷ്യയില്‍ മറന്നുപോയത് 
കഴിഞ്ഞയാഴ്ച്ച ഉസ്‌ബെക്കിസ്ഥാനിലെ അങ്ക്രേനില്‍ അധികൃതര്‍ തോക്കേന്തിയ ഒരു സോവിയറ്റ് സൈനികന്റെ പ്രതിമ പൊളിച്ചുനീക്കി. രണ്ടാം ലോകമഹായുദ്ധത്തിലെ സോവിയറ്റ് വിജയത്തിന്റെ 25ആം വാര്‍ഷികം ആഘോഷിക്കാന്‍ സ്ഥാപ്പിച്ചതായിരുന്നു പ്രതിമ. റഷ്യക്കാരെ പോലെ യുദ്ധവിജയത്തില്‍ അത്ര മതിമറക്കുന്നില്ല ഉസ്‌ബെക് അധികൃതര്‍പതിനായിരക്കണക്കിന് ഉസ്‌ബെക്കുകാരെയാണ് യുദ്ധത്തിനായി സേനയിലേക്ക് നിയോഗിച്ചത്. നാസികള്‍ക്കെതിരായ യുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു എങ്കിലും അതിനെ ഒരു അധിനിവേശ ശക്തിയായാണ് കിഴക്കന്‍ യൂറോപ്പിലെയും മധ്യേഷ്യയിലെയും പല രാജ്യങ്ങളും ഇപ്പൊഴും ഓര്‍ക്കുന്നത്. 

ഉസ്‌ബെക്കിസ്ഥാനിലെ സ്വേച്ഛാധിപതി ഇസ്ലാം കരിമോവ് മെയ് 9നു റഷ്യയില്‍ വിജയ ദിവസം എന്നറിയപ്പെടുന്ന അവധി ദിനത്തെ ഓര്‍മ്മ ദിനം എന്നാക്കി പേര് മാറ്റി എന്നാണ് റേഡിയോ ഫ്രീ യൂറോപ് പറയുന്നത്. സോവിയറ്റ് യൂണിയന്റെ മറ്റ് ഭാഗങ്ങളില്‍ ഉപയോഗിച്ചിരുന്നത് പോലെ യുദ്ധത്തെ മഹത്തായ ദേശാഭിമാന യുദ്ധം എന്നു വിശേഷിപ്പിക്കരുതെന്നും ഔദ്യോഗിക മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്.

കിഴക്കന്‍ ഏഷ്യയിലെ അവസാനിക്കാത്ത തര്‍ക്കങ്ങള്‍ 
ഓരോ തവണയും ഒരു ജപ്പാന്‍ നേതാവ് യാസുകുനി അമ്പലം സന്ദര്‍ശിക്കുമ്പോഴും ജപ്പാനിലും, ചൈനയിലും, കൊറിയയിലും യുദ്ധത്തിന്റെ ഓര്‍മ്മകള്‍ വീണ്ടുമുയരും. 1948ല്‍ സഖ്യകക്ഷി ട്രിബ്യൂണല്‍ യുദ്ധക്കുറ്റത്തിന് ശിക്ഷിച്ച 14 പേരടക്കമുള്ള ജപ്പാന്റെ സൈനികരെ ആദരിക്കുന്ന ക്ഷേത്രമാണത്. ഏഷ്യയിലെ പല ഭാഗങ്ങളിലും നടത്തിയ അധിനിവേശക്കാലത്ത് ജപ്പാന്‍ സൈന്യം നടത്തിയ കൊടുംക്രൂരതകളെ കുറിച്ച് ജപ്പാനിലെ ചില പാഠപുസ്തകങ്ങള്‍ നിശബ്ദമാണെന്ന് ബീജിങ്ങും സിയൂളും ആക്ഷേപിക്കുന്നുണ്ട്. ജപ്പാന്‍ സൈനികരെ സേവിക്കാനായി സ്ത്രീകളെ ലൈംഗിക അടിമകളാക്കി വെച്ചിരുന്നതും ഇതില്‍പ്പെടും. 

യുദ്ധകാലത്തെക്കുറിച്ച് പാശ്ചാതാപം പ്രകടിപ്പിക്കുമെന്ന് കരുതുന്ന ജപ്പാന്റെ ദേശീയവാദി പ്രധാനമന്ത്രി ഷിന്‍സൊ അബെയുടെ രണ്ടാം ലോകമഹായുദ്ധ പ്രസംഗവും മേഖലയില്‍ മാസങ്ങളായി പുകയുന്ന തര്‍ക്കമാണ്. ജപ്പാന്റെ യുദ്ധ കുറ്റങ്ങളെ വെള്ളപൂശാനോ കുറച്ചു കാണാനോ ഉള്ള ശ്രമങ്ങള്‍ക്കെതിരെ ചൈന രംഗത്ത് വന്നുകഴിഞ്ഞു. 

‘ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍,’ ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി ക്‌സിന്‍ഹ്വ ഉപദേശിക്കുന്നു,’അങ്ങനെ ചെയ്യാനുള്ള ത്വരയെ അബെ അടക്കിനിര്‍ത്തണം. കാരണം പാഠങ്ങള്‍ പഠിച്ചില്ലെങ്കില്‍ ചരിത്രം അതുപോലെ ആവര്‍ത്തിക്കും.’

മോസ്‌കോവില്‍ ഒരു പ്രത്യേക സന്ദര്‍ശകന്‍ 
മെയ് 9ന്, പടുകൂറ്റന്‍ സൈനിക പ്രകടനത്തോടെ നിരവധി അന്താരാഷ്ട്ര അതിഥികള്‍ പങ്കെടുക്കുന്ന വിജയ ദിനാഘോഷം മോസ്‌കോവില്‍ നടക്കും. ഇപ്പോള്‍ റഷ്യയുടെ സൗഹൃദങ്ങളിലെ ഉലച്ചിലുകള്‍ വെച്ചുനോക്കിയാല്‍ പങ്കെടുക്കുന്ന 26 നേതാക്കളില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയടക്കം പലരും ഉണ്ടാകില്ല. 

പിന്നെ ആരായിരിക്കും വരിക? ശീതയുദ്ധത്തിന്റെ നാളുകളില്‍ മരവിച്ചു നില്‍ക്കുന്ന വടക്കന്‍ കൊറിയ എന്ന അടച്ചുമൂടിയ, രഹസ്യ പ്രദേശത്തിന്റെ തടിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. 

കിം നേരിട്ടു വരുമോ അതോ ആരെയെങ്കിലും പ്രതിനിധിയായി വിടുമോ എന്നത് വ്യക്തമല്ല. അയാള്‍ വന്നാല്‍ അധികാരമേറ്റ മൂന്നു വിചിത്ര വര്‍ഷങ്ങള്‍ക്കുശേഷം അയാള്‍ നടത്തുന്ന ആദ്യത്തെ ഔദ്യോഗിക വിദേശ സന്ദര്‍ശനമായിരിക്കും അത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍