UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏഴ് പതിറ്റാണ്ടിനുശേഷവും യുഎന്‍ രേഖകളില്‍ നേതാജി യുദ്ധക്കുറ്റവാളി

അഴിമുഖം പ്രതിനിധി

ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍) ഇന്ത്യന്‍ യുദ്ധക്കുറ്റവാളികളുടെ പട്ടികയില്‍ ഇപ്പോഴും നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പേരുള്ളതായി നേതാജിയുടെ ബന്ധുവായ രാജശ്രീ ചൗധരി വെളിപ്പെടുത്തി. ഈ പട്ടികയില്‍ നിന്നും അദ്ദേഹത്തിന്റെ പേര് ഒഴിവാക്കാന്‍ ഇതുവരെ ഒരു സര്‍ക്കാരും ശ്രമിച്ചിട്ടില്ല. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പട പൊരുതിയതു കാരണം ബ്രിട്ടീഷുകാരാണ് നേതാജിയെ യുദ്ധകുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 1945-ല്‍ നേതാജിയുടെ തിരോധാനത്തിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്‌ലിയുമായുള്ള ആശയവിനിമയത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു പോലും നേതാജിയെ യുദ്ധക്കുറ്റവാളിയായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 1971-ല്‍ യുഎന്‍ ഈ യുദ്ധക്കുറ്റവാളികളുടെ പട്ടികയ്ക്ക് അംഗീകാരം നല്‍കിയപ്പോള്‍ ഇന്ത്യ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടില്ലെന്ന് ചൗധരി പറയുന്നു.

നേതാജിയുടെ പേര് ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും ശ്രമങ്ങള്‍ നടത്തിയിരുന്നുവോയെന്ന് ബംഗളുരുവിലെ വിവരാവകാശ പ്രവര്‍ത്തകയായ ചൂഢാമണി നാഗേന്ദ്ര വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചിരുന്നു. എന്നാല്‍ ഇതേ കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്ന മറുപടിയാണ് അവര്‍ക്ക് ലഭിച്ചത്. നേതാജിയെ യുദ്ധക്കുറ്റവാളിയാക്കി കൊണ്ടുള്ള സര്‍ക്കാരിന്റെ കൈവശമുള്ള ഒരു പിടി യുഎന്‍ രേഖകളും അവര്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നു.

നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഈ മാസം 23-ന് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ നിന്ന് മാറ്റുന്നതിന് മുമ്പ് യുദ്ധക്കുറ്റവാളികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി അദ്ദേഹത്തെ ബഹുമാനിക്കണമെന്ന് ചൗധരി ആവശ്യപ്പെടുന്നു.

രണ്ടാം ലോക മഹായുദ്ധ കാലത്ത് നേതാജി ജര്‍മ്മനിക്കും ജപ്പാനും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതിനാലാണ് അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ യുദ്ധക്കുറ്റവാളിയാക്കിയത്. അദ്ദേഹത്തെ യുദ്ധക്കുറ്റവാളി പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ യുഎന്‍ സെക്രട്ടറി ജനറലിന് സര്‍ക്കാര്‍ കത്തെഴുതണമെന്ന് ചൗധരി കൂട്ടിച്ചേര്‍ക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍