അഴിമുഖം പ്രതിനിധി
ഒടുവിലത്തെ പുനസംഘടന കഴിയഞ്ഞപ്പോള്‍ മോദി മന്ത്രിസഭയിലെ കോടീശ്വരന്മാരുടെ എണ്ണം 72 ആയി. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള 24 മന്ത്രിമാരുണ്ടെന്നും പഠനം പറയുന്നു.
കഴിഞ്ഞ ആഴ്ച നടത്തിയ പുനസംഘടനയില്‍ അഞ്ചുപേര്‍ പുറത്തായപ്പോള്‍ 19 പുതിയ മന്ത്രിമാരാണ് കേന്ദ്ര മന്ത്രിസഭയില്‍ ഇടം കണ്ടത്. ഇതോടെ മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 78 ആയി.
ഡല്‍ഹിലെ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോം എന്ന സംഘടയുടെ പഠന പ്രകാരം പുതുതായി തെരുഞ്ഞെടുക്കപ്പെട്ട മന്ത്രിമാരുടെ ശരാശരി സ്വത്ത് ശേഖരം 8.73 കോടി രൂപയാണ്. ഇതോടെ മന്ത്രിസഭയിലെ മന്ത്രിമാരുടെ ശരാശരി സ്വത്ത് ശേഖരം 12.94 കോടിയായി.
പുതിയ മന്ത്രിമാരില്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ എംജെ അക്ബറാണ് ഏറ്റവും വലിയ കോടീശ്വരന്‍. 44.90 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. പിന്നാലെ പിപി ചൌധരി (35.35 കോടി), വിജയ് ഗോയല്‍ (29.97 കോടി). രണ്ട് പേരും രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.
ഒരു കോടിയില്‍ അധികം ആസ്തിയുള്ള മന്ത്രിമാര്‍: രമേശ് ജിഗാനഗി, പുരുഷോത്തം കൊടാബായി രൂപാല, അനുപ്രിയ സിംഗ് പട്ടെല്‍, മഹേന്ദ്രനാത്, ഫഗന്‍ സിംഗ് കുലാസ്തെ, രാജന്‍ ഗൊഹേന്‍, എസ്എസ് ആഹ്ലുവാലിയ, അര്‍ജുന്‍ റാം മെഘ്വാള്‍, സിആര്‍ ചൌധരി, മന്‍സുഖ്ഭായി ലക്ഷ്മണ്‍ഭായി മന്ധാവിയ, കൃഷ്ണ രാജ്.
പഠന റിപ്പോര്‍ട്ട് പ്രകാരം 78 മന്ത്രിമാരില്‍ ഒമ്പത് പേരുടെ ആസ്തി 30 കോടിയില്‍ അധികമാണ്. ഇവരില്‍ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി (113 കോടി) ഭക്ഷ്യവകുപ്പ് മന്ത്രി ഹര്‍സിംരത് കൌര്‍ ബദല്‍ (108 കോടി), വൈദ്യുതി മന്ത്രി ഗോയല്‍ പിയുഷ് വെദപ്രകാശ് (95 കോടി) എന്നിവരാണ് പ്രമുഖര്‍.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരില്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗവും ഇപ്പോഴത്തെ പരിസ്ഥിതി മന്ത്രിയുമായ അനില്‍ മാധവ് ധവേയാണ് ഏറ്റവും കുറഞ്ഞ ആസ്തിയുള്ള വ്യക്തി. 60.97 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഒരു കോടിയില്‍ താഴെ ആസ്തിയുള്ള ആറുമന്ത്രിമാരാണ് മന്ത്രിസഭയില്‍ ഉള്ളത്.
31-40-ന് ഇടയില്‍ പ്രായമുള്ള മൂന്ന് മന്ത്രിമാരാണ് മത്രിസഭയില്‍ ഉള്ളത്. 41-60-നും ഇടയില്‍ 44 പേരുള്ളപ്പോള്‍, 31 മന്ത്രിമാരുടെ പ്രായം 61-80-നും ഇടയിലാണ്.
ഒമ്പത് വനിത മന്ത്രിമാരുള്ള മന്ത്രിസഭയില്‍ 14 പേരുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു പാസ് അഥവാ അതില്‍ താഴെയാണ്. 63 പേര്‍ ബിരുദധാരികളോ അതിലുപരി വിദ്യാഭ്യാസയോഗ്യത ഉള്ളവരോ ആണ്.