UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഒളിപ്പിച്ച കര്‍ണാടക മന്ത്രിയുടെ റിസോര്‍ട്ടില്‍ റെയ്ഡ്: ഒമ്പതര കോടി പിടിച്ചു

റെയ്ഡ് അന്യായമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. പൊലീസിന്റെ സഹായം തേടാതെ റെയ്ഡിനെ സിആര്‍പിഎഫുകാരെ കൊണ്ടുവരുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടില്‍ ഒളിപ്പിച്ച കര്‍ണാടക മന്ത്രി ഡികെ ശിവകുമാറിന്റെ ബംഗളൂരുവിലെ റിസോര്‍ട്ട് അടക്കമുള്ള കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഒമ്പതരക്കോടി രൂപ കറന്‍സി നോട്ടുകളായി പിടിച്ചെടുത്തതായാണ് ഇന്‍കംടാക്‌സ് അധികൃതര്‍ അവകാശപ്പെടുന്നത്.
ശിവകുമാറിനെ ചോദ്യം ചെയ്തു. ഗുജറാത്തില്‍ നിന്നുള്ള 44 എംഎല്‍എമാരെയാണ് ബിജെപി പാളയത്തിലേയ്ക്ക് പോകുന്നത് തടയാന്‍ കോണ്‍ഗ്രസ് ബംഗളൂരുവിലെത്തിച്ചത്. ഈഗിള്‍ടണ്‍ എന്ന ആഡംബര ഗോള്‍ഫ് റിസോര്‍ട്ടിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ഉടമസ്ഥനായ മന്ത്രി ശിവകുമാര്‍ ഇന്നലെ ഗുജറാത്ത് എംഎല്‍എമാരോടൊപ്പം ഇവിടെ ഒളിച്ച് താമസിക്കുകയായിരുന്നു എന്നാണ് ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കര്‍ണാടകയിലും ഡല്‍ഹിയിലുമായി 39 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. കര്‍ണാടകയിലെ ഊര്‍ജ്ജ വകുപ്പ് മന്ത്രിയാണ് ശിവകുമാര്‍.

നികുതി വെട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാനായി ഏപ്രിലില്‍ ശിവകുമാറിന് സമന്‍സ് നല്‍കിയിരുന്നു. ഈ വര്‍ഷം ആദ്യം ഒരു കോണ്‍ഗ്രസ് നേതാവിന്റെ പക്കല്‍ നിന്നും കോഴപ്പണം പിടികൂടിയപ്പോള്‍ ഡയറിയില്‍ ഡികെഎസ് എന്ന പലയിടത്തും കുറിച്ചിരുന്നു. ഇത് ഡി ശിവകുമാറാണെന്ന സംശയത്തില്‍ കൂടിയാാണ് റെയ്ഡും ചോദ്യം ചെയ്യലുമെല്ലാം. സിആര്‍പിഎഫ് ഉദ്യോഗസ്ഥരോടൊപ്പമാണ് ഇന്‍കം ടാക്‌സ് അധികൃതരെത്തിയത്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട ശേഷമായിരുന്നു എംഎല്‍എമാരെ ബംഗളൂരുവിലെത്തിക്കാനുള്ള കോണ്‍ഗ്രസ് നീക്കം. പ്രതിപക്ഷ നേതാവ് ശങ്കര്‍ സിംഗ് വഗേല അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. അടുത്തയാഴ്ച ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് എംഎല്‍എമാര്‍ക്ക് താവളമൊരുക്കാനുള്ള ശിവകുമാറിനെയാണ് ഇതിന് പാര്‍ട്ടി ചുമതലപ്പെടുത്തിയത്.

ഒരു രാജ്യസഭാ സീറ്റിന് വേണ്ടി വേട്ടയാടല്‍ നടപടികളുമായി നിങ്ങുകയാണ് ബിജെപിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ കുറ്റപ്പെടുത്തി. മൂന്ന് സീറ്റുകളില്‍ ഒഴിവ് വരുന്നതില്‍ ഒന്നിലാണ് കോണ്‍ഗ്രസിന് ജയസാദ്ധ്യതയുള്ളത്. അഹമ്മദ് പട്ടേലാണ് ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേയ്ക്ക് മത്സരിക്കാനൊരുങ്ങുന്നത്. ആദായനികുതി റെയ്ഡുകള്‍ ബിജെപിയുടെ നിലതെറ്റിയ അവസ്ഥ വ്യക്തമാക്കുന്നതാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകന്‍ കൂടിയായ അഹമ്മദ് പട്ടേല്‍ അഭിപ്രായപ്പെട്ടു. അതേസമയം കോണ്‍ഗ്രസിന്റെ ആരോപണം അരുണ്‍ ജയ്റ്റ്‌ലി തള്ളിക്കളഞ്ഞു. ഇന്‍കം ടാക്‌സ് റെയ്ഡിനെ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കരുതെന്നാണ് ജയ്റ്റ്‌ലി പറഞ്ഞത്. ഗുജറാത്തില്‍ ബിജെപി, കോണ്‍ഗ്രസ് എംഎല്‍എമാരെ ഭീഷണിപ്പെടുത്തുന്നതായും രാജ്യസഭാ സ്ഥാനാര്‍ത്ഥിക്കുള്ള പിന്തുണയ്ക്കായി 15 കോടി രൂപ ഓരോ എംഎല്‍എയ്ക്കും വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. റെയ്ഡ് അന്യായമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. പൊലീസിന്റെ സഹായം തേടാതെ റെയ്ഡിനെ സിആര്‍പിഎഫുകാരെ കൊണ്ടുവരുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍