UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് വിദ്യാര്‍ഥികളെ കൊള്ളയടിക്കുന്ന തട്ടിക്കൂട്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് ഒരു പാഠം

Avatar

അഴിമുഖം പ്രതിനിധി

സംസ്ഥാനത്തെ 9 മെഡിക്കല്‍ കോളേജുകള്‍ക്ക്  2016-17 അധ്യയന വര്‍ഷത്തേക്കുള്ള എംബിബിഎസ് പ്രവേശനത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള ആരോഗ്യ സര്‍വ്വകലാശാലയുടെ ഉത്തരവ് ഇറങ്ങിയത് കഴിഞ്ഞ ദിവസമാണ്. മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്ന് മെഡിക്കല്‍ കൌണ്‍സില്‍ ഇവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇടപെട്ടതോടെയാണ് കോളേജുകളുടെ അംഗീകാരം നഷ്ടമായത്. ഈ കോളേജുകള്‍ ജൂലൈ 20നു മുന്‍പ് മെഡിക്കല്‍ കൌണ്‍സില്‍ അംഗീകാരം നേടിയെടുത്തില്ലെങ്കില്‍ ഇവിടെ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കാനാവില്ല എന്നാണ് ആരോഗ്യ സര്‍വ്വകലാശാലയുടെ നിലപാട്.

അഫിലിയേഷന്‍ നഷ്‌ടമായ കോളേജുകളുടെ പട്ടികയില്‍ കാരക്കോണം ഡോ സോമര്‍വെല്‍ മെമ്മോറിയല്‍ സിഎസ്ഐ മെഡിക്കല്‍ കോളേജുമുണ്ട്. സ്റ്റെപ്പന്റ് വര്‍ധനവിനായി അവിടത്തെ 102 ഹൌസ് സര്‍ജന്മാര്‍ നടത്തിയ സമരം വിജയം കാണുകയും ചെയ്തിരുന്നു. മെഡിക്കല്‍ സ്റ്റുഡന്‍റ്റ്സിന് സര്‍ക്കാര്‍ അനുശാസിച്ച സ്റ്റെപ്പന്റ് നടപ്പിലാക്കണം എന്ന ആവശ്യമുന്നയിച്ച് ആരംഭിച്ച സമരം 3975 രൂപ എന്ന തുകയില്‍ നിന്നും 8000 രൂപയിലേക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ മാനേജ്മെന്‍റിനെ നിര്‍ബന്ധിതരാക്കി.

ഒരു മെഡിക്കല്‍ കോളേജ് എങ്ങനെ ആകരുത് എന്നതിന് ഒരുദാഹരണമാണ് കാരക്കോണം മെഡിക്കല്‍ കോളേജ്. ക്ലാസുകളും ഹൌസ് സര്‍ജന്‍സിയും അടക്കം അഞ്ചു വര്‍ഷം അവിടെ ചെലവഴിക്കേണ്ടി വന്ന വിദ്യാര്‍ഥികളുടെ ദുരിതങ്ങള്‍ അഴിമുഖം സമരകാലയളവില്‍ പുറത്തെത്തിച്ചിരുന്നു.

2002 മുതല്‍ ആരംഭിച്ച ഈ ചൂഷണം അനുസ്യൂതം തുടരുകയായിരുന്നു. ഡോക്ടര്‍ ബെന്നറ്റ്‌ എബ്രഹാമിന്റെ കീഴിലുള്ള  മാനേജ്മെന്റ് വിദ്യാര്‍ഥികളില്‍ നിന്നും പണം വാങ്ങി കീശ വീര്‍പ്പിക്കുക എന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇവര്‍ വിമുഖത കാട്ടുകയും ചെയ്തു. മിസലേനിയസ് ഫീ എന്നപേരില്‍ ഓരോ വര്‍ഷവും വിദ്യാര്‍ഥികളില്‍ നിന്നും ഇവര്‍ വാങ്ങിയിരുന്നത് കനത്ത തുകയായിരുന്നു. വര്‍ഷം തോറും ഇത് വര്‍ദ്ധിപ്പിക്കുകയും ചെയ്തതിലൂടെ പണം വാരാന്‍ മാനേജ്മെന്‍റിന് സാധിക്കുകയും ചെയ്തു. എന്നാല്‍ വാങ്ങിയ തുകയുടെ നാലില്‍ ഒന്ന് പോലും വിദ്യാര്‍ഥികള്‍ക്കായി ചെലവഴിച്ചിട്ടുമില്ല. 3975 രൂപ എന്ന തുച്ഛമായ തുക നല്‍കിയിരുന്നെങ്കിലും അതില്‍ നല്ലൊരു ശതമാനം ഓരോ ഫീസിന്റെ പേര് പറഞ്ഞു തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. ഇതിനേക്കാള്‍ ഒക്കെ പരിതാപകരമായിരുന്നു ഹോസ്റ്റലുകളുടെ അവസ്ഥ.

മെന്‍സ്/ ഹൌസ് സര്‍ജന്മാരുടെ ഹോസ്റ്റലിന്റെ മേല്‍ക്കൂര പണികഴിപ്പിച്ചിരുന്നത് ആസ്ബസ്റ്റോസ് ഷീറ്റുകള്‍ ഉപയോഗിച്ചായിരുന്നു. കൊടും ചൂടില്‍ വെന്തുരുകിയാണ് അവര്‍ അവിടെ കഴിഞ്ഞിരുന്നത്. പ്രത്യേകം മുറികള്‍ നല്‍കിയിട്ടുണ്ട് എന്നാണ് മാനെജ്മെന്റ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഫാള്‍സ് സീലിംഗിനു താഴെ അലുമിനിയം ഫാബ്രിക്കേഷന്‍ ചെയ്ത കൂടുകളിലാണ് വിദ്യാര്‍ഥികള്‍ താമസിച്ചിരുന്നത്/ താമസിക്കുന്നത്. ആസ്ബസ്റ്റോസ് ഷീറ്റുകള്‍ സ്ഥാപിച്ച കെട്ടിടങ്ങള്‍  ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല എന്നിരിക്കെയാണ് അതിന്റെ നേരെ വിപരീതമായ ഒന്ന് കാരക്കോണത്തു നടക്കുന്നത്. ഈ കാബിനുകള്‍ക്ക് ഒരു പൂട്ട്‌ പോലും നല്‍കിയിട്ടില്ല. ക്ലീനിംഗിനു പോലും ആരും എത്താറുമില്ല. കുടിക്കുന്ന വെള്ളത്തിന് ചായ ഗ്ലാസ് കഴുകിയ നിറം. ഇല്ലാത്ത മെസ്സിന് വരെ ഫീസ്‌. ലേഡീസ് ഹോസ്റ്റലില്‍ നിന്നും വിലപിടിപ്പുള്ള സാമഗ്രികള്‍ കാണാതെ പോകുന്നത് പതിവ്.

അന്ന് ഇവിടെത്താമസിച്ചിരുന്ന ഒരു വിദ്യാര്‍ഥി മാനേജ്മെന്‍റ്റിന്റെ പ്രതികാരനടപടികളെക്കുറിച്ച് പറഞ്ഞിരുന്നു. അതൊന്നു കേള്‍ക്കാം. 

‘സമരത്തിനിറങ്ങുന്ന വിദ്യാര്‍ഥികളെ നോട്ടമിട്ട ശേഷം അവരെ ക്രിമിനല്‍ കേസില്‍ കുടുക്കുന്ന ഒരു പരിപാടിയുണ്ട് മാനേജ്മെന്‍റ്റിന്. സാധാരണയായി ഉണ്ടാവുക മയക്കുമരുന്ന് കൈവശം വച്ചു എന്നുള്ളതാവും. റൂമെന്നു മാനെജ്മെന്റ് പറയുന്ന ഈ കാബിന്റെ മുകളില്‍ക്കൂടി എന്തും നിക്ഷേപിക്കാം. കഞ്ചാവും മറ്റുമൊക്കെ കൊണ്ടിട്ടു കഴിഞ്ഞാല്‍ ആരും അറിയുകപോലുമില്ല. മുന്പ് അത്തരം സംഭവങ്ങള്‍ നടന്നിട്ടുമുണ്ട്’ – വിദ്യാര്‍ഥി പറഞ്ഞു.

എക്സ്റ്റെന്‍ഷന്‍ ഫൈന്‍ ഇവര്‍ ഒരു വരുമാന മാര്‍ഗ്ഗമായാണ് കാണുന്നത്. വാർഡില് 10 മിനിറ്റ് താമസിച്ചെത്തിയതിന് 10 ദിവസം എക്സ്റ്റെന്‍ഷന്‍ എഴുതിയിട്ടു. കല്യാണത്തിന് 1000 മുതൽ 5000 വരെയും, പ്രസവത്തിന് 25,000  രൂപയോളവും വാങ്ങിയിട്ടുണ്ട്. എട്ടാമത് ബാച്ചിലെ ഒരു വിദ്യാര്‍ത്ഥിനി പ്രസവാവധി കഴിഞ്ഞ് തിരിച്ചു വന്നപ്പോള്‍ ഫൈന്‍ ആയി അടയ്ക്കേണ്ടി വന്നത് 17,000 രൂപയാണ്.

മറ്റിടങ്ങളില്‍ 20,000 രൂപയോളം സ്‌റ്റൈപ്പന്‍ഡ് നല്‍കുമ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്നത് 3975 രൂപയായിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഹൌസ് സര്‍ജന്മാര്‍ക്ക് നല്‍കുന്ന തുക തന്നെ പ്രൈവറ്റ് മെഡിക്കല്‍ കോളേജുകളിലും നല്‍കണം എന്ന വിജ്ഞാപനം നിലനില്‍ക്കുമ്പോഴായിരുന്നു മാനേജ്മെന്റിന്റെ പരസ്യമായ നിയമലംഘനം. 2004 മുതല്‍ ഉള്ള ഓരോ ബാച്ച് ഹൌസ് സര്‍ജന്മാരും ഓരോ തവണയും വര്‍ധനവ് ആവശ്യപ്പെടുമ്പോള്‍ മാനേജ്മെന്റ് അന്‍പതോ നൂറോ രൂപ കൂട്ടുകയാണ് പതിവ്.

‘സ്റ്റെപ്പന്റ് വര്‍ദ്ധനവിനായി സര്‍ക്കാര്‍ നിയമം ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ മാനേജ്മെന്‍റിനെ സമീപിച്ചിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞത് അത്തരത്തില്‍ ഒരു നിയമമേ ഇല്ല എന്നായിരുന്നു. കൂടെ എട്ടാമത് ബാച്ചിലെ ഒരു വിദ്യാര്‍ഥി കേസ് നല്‍കിയിരുന്നു. അതിന്റെ വിധി വരട്ടെ എന്നും പറഞു. പക്ഷേ ആ കേസ് വിധി പറഞ്ഞിട്ട് കാലങ്ങള്‍ ആയിരുന്നു’- ഒരു പൂര്‍വ്വ വിദ്യാര്‍ഥി വ്യക്തമാക്കി.

ഒരു തവണ സ്റ്റെപ്പന്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കോണ്‍വൊക്കേഷന്‍ നടത്തിത്തരില്ല എന്നൊരു ഭീഷണിയാണ് മാനേജ്മെന്‍റ് ഉയര്‍ത്തിയത്. പരിപാടി നടത്തണമെങ്കില്‍  നിങ്ങളുടെ മൂന്നു മാസത്തെ സ്റ്റെപ്പന്‍റ്റ് വേണം എക്സ്പെന്‍സ് ആയി. കൂട്ടിച്ചോദിക്കാന്‍ വന്നാല്‍ കോണ്‍വൊക്കെഷന്‍ നടത്തില്ല എന്നുതന്നെ പറഞ്ഞു. ഒരു വര്‍ഷത്തെ ആര്‍ട്സ് നടത്തിയില്ല. ഈ വര്‍ഷം മേയില്‍ സമരം ആരംഭിച്ചപ്പോള്‍ അക്കാരണം പറഞ്ഞുകൊണ്ട് ആര്‍ട്സ് മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ അതിന്റെയെല്ലാം പണം പിരിയ്ക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ലോണ്‍ എടുത്ത് പഠിക്കുന്നുണ്ട്. അവര്‍ ഫീസ്‌ ക്യാഷ് ആയി നല്‍കുമ്പോള്‍ ഇവര്‍ ആ പണവും തിരിമറി നടത്താറുണ്ട്. വിദ്യാര്‍ഥി സമയത്തു നല്‍കുന്ന ലാസ്റ്റ് ഡേറ്റ് ഒക്കെ ആകുമ്പോഴാവും  ഇവര്‍ അടയ്ക്കുക. അതും വിദ്യാര്‍ഥികള്‍ സമീപിക്കുമ്പോള്‍ മാത്രം. വേറൊന്ന് കാമ്പസില്‍ നിന്നും ഒരു തവണ പുറത്തിറങ്ങുന്നതിന് 25 രൂപയുടെ കൂപ്പണ്‍ വാങ്ങണം എന്നുള്ള നിയമമായിരുന്നു. അതായത് ദിവസത്തില്‍ നാലു പ്രാവശ്യം ഇറങ്ങണം എങ്കില്‍ 100 രൂപ നല്‍കണം.

വിദ്യാര്‍ഥികളെ  മാനസികമായി തകര്‍ക്കാനുള്ള നടപടികളും മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുമുണ്ടായിരുന്നു. അഞ്ചു രൂപ കുടിശിഖ വന്നാലും നോട്ടീസ് ബോര്‍ഡില്‍ പേര് എഴുതിയിടുക, ക്ലാസ്സില്‍ കയറ്റാതിരിക്കുക, കയറിയാലും അറ്റന്‍ഡന്‍സ് നല്‍കാതിരിക്കുക എന്നിങ്ങനെ നീളുന്നു അതിന്റെ പട്ടിക. 

ബെന്നെറ്റ് എബ്രഹാം നേരിട്ടു നിയന്ത്രിക്കുന്ന സെക്യൂരിറ്റിയെ ഭയന്ന് വിദ്യാര്‍ഥികള്‍ക്ക് പ്രതികരിക്കാന്‍ ആവുന്നില്ലായിരുന്നു. അഥവാ പ്രതികരിക്കാന്‍ ശ്രമിച്ചാല്‍ ഭീഷണിയും വാഹനം കൊണ്ടു വരികയാണെങ്കില്‍ അതില്‍ നശീകരണ പ്രവര്‍ത്തികള്‍ നടത്തുക എന്നതും ഇവിടെ സ്ഥിരമാണ്. കാറിന്റെ പെയിന്റ് ചുരണ്ടുക, ടയര്‍ കുത്തി കാറ്റ് കളയുക എന്നിങ്ങനെ അവരുടെ കലാപരിപടികള്‍ ഏറെയുണ്ട്.

ഇതിനെല്ലാം എതിരെ ശക്തമായ സമരമാണ് ഇപ്പോഴത്തെ ബാച്ച് ഹൌസ് സര്‍ജന്മാര്‍ നടത്തിയത്. താമസസ്ഥലത്തു നിന്നും ഇറങ്ങിക്കൊടുക്കണം എന്നും  കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിക്കുമെന്നും പ്രിന്‍സിപ്പലും ആക്ടിംഗ് പ്രിന്‍സിപ്പലും ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഹൌസ് സര്‍ജന്മാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇതില്‍ നിന്നും മാനേജ്മെന്റ് പിന്‍മാറുകയായിരുന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ റിലേ സത്യാഗ്രഹവും ഇവര്‍ നടത്തി. തുടര്‍ന്ന് ഐഎംഎ ഇടപെടുകയു അധികം താമസിയാതെ തന്നെ സമരം വിജയിക്കുകയും ചെയ്തു.

ഈ സമരം കഴിഞ്ഞ് നാളുകള്‍ക്കുള്ളിലാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലും നടക്കുന്നത് സമാനമായ കാര്യങ്ങള്‍ ആണെന്നുള്ളത്‌ പുറത്തെത്തുന്നത്. അവിടത്തെ ഹൌസ് സര്‍ജന്മാര്‍ക്ക് 4500 രൂപയുംപിജിക്കാര്‍ക്ക് 5000 രൂപയും ആയിരുന്നു മാനെജ്മെന്റ് നല്‍കിയിരുന്നത്. എതിര്‍ത്താല്‍ അവസാന വര്‍ഷം കോഴ്സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. പോരാത്തതിന് കേസുകളും പിറകേവരും. ഇവിടെയുള്ള സീറ്റുകള്‍ പോലും മെരിറ്റ് ഉള്ളവര്‍ക്ക് ലഭിക്കില്ല.

വിദ്യാര്‍ഥി പീഡനം തുടര്‍ക്കഥയാക്കിയ ഒരു മാനേജ്മെന്‍റ് അര്‍ഹിക്കുന്ന ഒരു ശിക്ഷ തന്നെയാണ് അംഗീകാരം റദ്ദാക്കല്‍. എന്നാല്‍ മറ്റൊരു പ്രശ്നം ഇവിടെ ഉയരുന്നു. ഇപ്പോള്‍ കോഴ്സ് കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികള്‍ എങ്ങനെ പ്രാക്റ്റീസ് ആരംഭിക്കും എന്നുള്ളത് ഒരു വലിയ ചോദ്യം തന്നെയാണ്. അംഗീകാരം ഇല്ലാത്ത മെഡിക്കല്‍ കോളേജില്‍ നിന്നും ആതുരസേവനത്തിന്റെ പാതയിലേക്ക് ഇറങ്ങുവാന്‍ ഇവര്‍ കടമ്പകള്‍ ഏറെ താണ്ടേണ്ടി വരും. മതിയായ സൌകര്യങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം റദ്ദാക്കിയ നടപടി സ്വാഗതാര്‍ഹമാണ്. എന്നാല്‍ വിദ്യാര്‍ഥികള്‍ ഇനി എന്തു ചെയ്യും  എന്നുള്ളതും ചിന്തിക്കേണ്ടിയിരിക്കുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍