UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ ദാരിദ്ര്യരേഖ: അറിഞ്ഞിരിക്കേണ്ട ഒമ്പത് കാര്യങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

എന്താണ് ദാരിദ്ര്യ രേഖ? 
സാമ്പത്തിക വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു സാങ്കല്‍പ്പിക രേഖയാണ് ദാരിദ്ര്യ രേഖ. ഈ സാങ്കല്‍പ്പിക വരുമാന പരിധിക്കു താഴെ സമ്പാദിക്കുന്ന കുടുംബങ്ങള്‍ ദരിദ്രര്‍ ആകുന്നു. വിവിധ രാജ്യങ്ങളില്‍ അതതു സാമൂഹിക സാമ്പത്തിക അവസ്ഥകള്‍ വച്ച് വ്യത്യസ്തമായ രീതിയില്‍ ആണ് ഈ പരിധി നിര്‍ണയിക്കുന്നത്.

ഇന്ത്യയില്‍ ആരാണ് ദാരിദ്ര്യനിര്‍ണയങ്ങള്‍ നടത്തുന്നത്? 
ആസൂത്രണ ബോര്‍ഡ് ആണ് ഇന്ത്യയില്‍ ഈ കണക്കുകള്‍ ശേഖരിക്കുന്നതും നിര്‍ണയം നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും.

എങ്ങിനെയാണ് ഈ പരിധി നിര്‍ണയിക്കുന്നത്?
ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ ഒരു കുടുംബത്തിന്റെ ചിലവുകളുടെ കണക്കുകളെ കുറിച്ചു നടത്തുന്ന സര്‍വേയുടെ അടിസ്ഥാനത്തില്‍ അണ് ദാരിദ്ര്യം അളക്കുന്നത്. ഒരു പ്രത്യേക പരിധിയില്‍ താഴെ ചിലവുകള്‍ നടത്തുന്ന കുടുംബങ്ങളെയാണ് ദാരിദ്യ രേഖയ്ക്ക് താഴെ ഉള്‍പ്പെടുത്തുന്നത്.

ഇന്ത്യയുടെ ദാരിദ്യരേഖയുടെ പരിധികള്‍ എന്താണ്? 
1979ല്‍, ഒരു പ്രത്യേക ദൗത്യ സംഘം നിര്‍ണയിച്ച ചില മാനദണ്ഡങ്ങള്‍ വച്ചാണ് ആദ്യകാലങ്ങളില്‍ ഈ പരിധി നിര്‍ണയങ്ങള്‍ നടത്തിയിരുന്നത്. ഗ്രാമങ്ങളില്‍ 2,400 കലോറിയുള്ള ഭക്ഷണം വാങ്ങാന്‍ സാമ്പത്തിക ശേഷിയുള്ള ആളുകള്‍ ദാരിദ്യ രേഖക്ക് മുകളിലായിരിക്കും എന്നതായിരുന്നു കണക്ക്. നഗരങ്ങളില്‍ ഈ പരിധിയാകട്ടെ 2,100 കലോറി എന്ന് തിട്ടപ്പെടുത്തിയിരിക്കുന്നു. 2011 ല്‍ സുരേഷ് ടെണ്ടുല്‍ക്കര്‍ കമ്മിറ്റി ഓരോ മാസവും ഒരു പൗരനും ആഹാരം, വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, യാത്ര എന്നിവയ്ക്കായി ചിലവാക്കുന്ന പണത്തിന്റെ അടിസ്ഥാനത്തില്‍ ദാരിദ്യ രേഖ നിര്‍ണയിക്കണം എന്ന് നിര്‍ദേശിച്ചു. ഈ അടിസ്ഥാനത്തില്‍ ഗ്രാമത്തില്‍ ഒരു ദിവസം 27.2 രൂപ മാത്രം ചിലവാക്കുന്നവരും നഗരത്തില്‍ ദിവസം 33.3 രൂപ മാത്രം ചിലവാക്കുന്നവരും ദാരിദ്യ രേഖക്ക് താഴെയാണ്. അഞ്ചുപേര്‍ അടങ്ങുന്ന ഒരു കുടുംബത്തില്‍ മാസം ചെലവ് 4,080 രൂപയില്‍ കുറവാണെങ്കില്‍ അവര്‍ ദാരിദ്യ രേഖക്ക് താഴെയാണ്. നഗരത്തില്‍ ഇത് 5,000 രൂപയാണ്. ഇത്ര കുറഞ്ഞ പരിധി നിര്‍ണയത്തെ കുറിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സി രംഗരാജന്‍ അധ്യക്ഷനായ ഈ കമ്മറ്റിയുടെ അഭിപ്രായത്തില്‍ 2011-12ല്‍ 363 മില്യണ്‍ ആളുകള്‍ അതായത് 1.2 ബില്ല്യണ്‍ ഇന്ത്യക്കാരില്‍ 29.5 ശതമാനം ആളുകള്‍ ദാരിദ്യ രേഖക്ക് കീഴില്‍ ആണ്. അതേപോലെ ഈ കമിറ്റിയുടെ നിര്‍ദേശ പ്രകാരം ഗ്രാമങ്ങളില്‍ ദിവസം 32 രൂപകൊണ്ട് ജീവിക്കുന്നവരും നഗരത്തില്‍ 47 രൂപ കൊണ്ട് ജീവിക്കുന്നവരും ദരിദ്രര്‍ ആണെന്നാണ് കണക്ക്.

എന്തുകൊണ്ടാണ് ഈ പരിധി നിര്‍ണയത്തെ ചൊല്ലി ഇത്രയേറെ വിമര്‍ശനങ്ങള്‍ വന്നത്? 
വിമര്‍ശകരുടെ അഭിപ്രായത്തില്‍ സര്‍ക്കാര്‍ മനപൂര്‍വമാണ് ഇത്രയേറെ താഴ്ന്ന ഒരു പരിധി നിര്‍ണയിച്ചിരിക്കുന്നത്. ഇതിലൂടെ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ദാരിദ്യരേഖക്ക് മുകളില്‍ ആണ് എന്ന കണക്കുകള്‍ ലോകത്തിനു മുന്നില്‍ കാണിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇത് കൊണ്ടാണ് ദാരിദ്യ രേഖ നിര്‍ണയത്തില്‍ പിഴവുകള്‍ ഉണ്ടെന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഈ കണക്കുകള്‍ ശേഖരിക്കുന്നതില്‍ കൃത്യത ഇല്ല എന്നും, ഈ വിവരങ്ങള്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നും അവര്‍ പറയുന്നു.

മറ്റു രാജ്യങ്ങളില്‍ എങ്ങിനെയാണ് ഈ ദാരിദ്യരേഖ നിര്‍ണയിക്കുന്നത്? 
ഒരു രാജ്യത്തിലെ ദാരിദ്ര്യം അല്ലെങ്കില്‍ ദരിദ്രര്‍ എത്രയുണ്ട് എന്ന് കണക്കെടുക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ ആളുകളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ദാരിദ്യരേഖ പരിധി നിര്‍ണയിക്കുകയാണ് ചെയ്യുന്നത്. ഈ പരിധിയില്‍ താഴെ സമ്പാദിക്കുന്ന കുടുംബങ്ങള്‍ ദരിദ്രര്‍ ആണെന്ന് കണക്കാക്കുന്നു. വിവിധ രാജ്യങ്ങളില്‍ അതതു സാമൂഹിക സാമ്പത്തിക ആവിശ്യങ്ങള്‍ക്കനുസരിച്ചു വ്യത്യസ്തമായ രീതിയില്‍ ആണ് ഈ പരിധി നിര്‍ണയിക്കുന്നത്.

യൂറോപ്പില്‍ ഈ പരിധി നിര്‍ണയിക്കുന്നത് എങ്ങിനെയാണ്? 
രാജ്യത്തിന് മൊത്തത്തില്‍ ലഭിക്കുന്ന ദേശീയ ശരാശരി വരുമാനത്തിന്റെയും നികുതി ശതമാനത്തിന്റെയും കണക്കെടുപ്പിലൂടെ നിശ്ചയിക്കുന്ന ഒരു കണക്കുണ്ട്. ഇതിനെ മീഡിയന്‍ നെറ്റ് ഡിസ്‌പോസിബിള്‍ ഇന്‍കം എന്ന് പറയുന്നു. ഇതിന്റെ 60 ശതമാനത്തില്‍ താഴെ മൊത്ത വരുമാനം ഉള്ള കുടുംബങ്ങള്‍ ആണ് ദരിദ്രര്‍ എന്ന് പറയപ്പെടുന്നത്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് തന്നെ ആണ് രീതി. അതായത് യു കെയിലെ ഒരു കുടുംബത്തിനു ആഴ്ചയില്‍ 250 പൗണ്ട് അഥവ 22500 രൂപ സമ്പാദിക്കാന്‍ കഴിവില്ലെങ്കില്‍ അവര്‍ ദരിദ്രര്‍ എന്ന വിഭാഗത്തില്‍പ്പെടും എന്ന് സാരം. ഒരു രാജ്യത്തിന്റെ ദേശീയ ശരാശരിയുമായി ബന്ധപ്പെടുത്തി ദാരിദ്യരേഖ നിര്‍ണയിക്കുന്നതിലൂടെ ഒരു രാജ്യത്തു നിലനില്‍ക്കുന്ന അസമത്വത്തെക്കുറിച്ച് കൃത്യമായ അറിവും നമുക്ക് ലഭിക്കും. അതായത് പണക്കാരുടെ വരുമാനത്തില്‍ അല്ലെങ്കില്‍ ഉണ്ടാകുന്ന വര്‍ധനവുകള്‍ ഈ ദേശീയ ശരാശരിയെ ഉയര്‍ത്തി നിര്‍ത്തുകയും അതു മൂലം പാവപെട്ടവരുടെ വരുമാനം വര്‍ധിച്ചാലും അവര്‍ വീണ്ടും ദരിദ്രര്‍ എന്ന ഗണത്തില്‍ തന്നെ നിലകൊള്ളുന്നു.

അമേരിക്കയില്‍ ഇത് കണക്കാക്കുന്നത് എങ്ങനെ?
കുറച്ചു കൂടി ലളിതമായ രീതിയിലാണ് അമേരിക്കയില്‍ ദാരിദ്യ രേഖാ കണക്കാക്കുന്നത്. ഒരു കുടുംബം ആഹാരത്തിനായി ചിലവഴിക്കുന്ന തുകയെ മൂന്നിരട്ടിയാക്കി കണക്കാക്കിയാണ് അമേരിക്കയില്‍ ഇത് ചെയ്യുന്നത്. ഓരോ വര്‍ഷവും ഉണ്ടാകുന്ന വിലക്കയറ്റത്തിന് ആനുപാതികമായി ഇത് ഓരോ തവണയും വ്യത്യാസപ്പെടുത്തുന്നു. ഈ പരിധിയിലും താഴെ വരുമാനം(നികുതി കണക്കാക്കാതെ) ഉള്ള കുടുംബങ്ങള്‍ ദരിദ്രര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നു. 2011 വരെയുള്ള കണക്കുകള്‍ ആണ് ഇത് സംബന്ധിച്ച് നമുക്ക് ലഭ്യമായിട്ടുള്ളത്. ഇത് പ്രകാരം നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന്റെ സാമ്പത്തിക പരിധി 22,811 ഡോളര്‍ അതായത് ഏകദേശം 11 ലക്ഷം രൂപയോളം ആയി നിജപ്പെടുത്തിയിരിക്കുന്നു. ഇത് പ്രകാരം അമേരിക്കയില്‍ ആകെ 46 മില്യണ്‍ ദരിദ്ര്യ കുടുംബങ്ങള്‍ ആണ് ഉള്ളത്. അമേരിക്കന്‍ ജനസംഖ്യയുടെ 15 ശതമാനമാണിത്. എന്നാല്‍ അമേരിക്കയില്‍ ഈ കണക്കെടുപ്പ് വികസ്വര രാജ്യങ്ങള്‍ ആയ ഇന്ത്യയിലെ പോലെ അത്ര കൃത്യതയോടെ ആസൂത്രണം ചെയ്തല്ല നടപ്പിലാക്കുന്നത്. എപ്പോഴും ചാഞ്ചാടുന്ന സമ്പദ് വ്യവസ്ഥയില്‍ വരുമാന വിവരശേഖരണം ദുഷ്‌കരമാണ് എന്നത് ഒരു കാരണമാണ്. അതിനാല്‍, സാമ്പത്തിക വിദഗ്ദ്ധരും, നയതന്ത്രജ്ഞരും അടിസ്ഥാന സൗകര്യങ്ങളായ ആഹാരം, ആരോഗ്യം, വൈദ്യുതി എന്നിവയ്ക്കുവേണ്ടി നടത്തുന്ന ചിലവുകളെയാണ് ദാരിദ്യരേഖ നിര്‍ണയത്തിനായി ആശ്രയിക്കുന്നത്. ഏഷ്യയെയും ആഫ്രിക്കയെയും പോലുള്ള സാമ്പത്തിക ശേഷി കുറഞ്ഞ പ്രദേശങ്ങളില്‍ ആളുകളുടെ വാങ്ങല്‍ ശേഷി അല്ലെങ്കില്‍ ചിലവുകളെ അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്ന മൂല്യങ്ങള്‍ വരുമാനവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ഒന്നായിരിക്കും. കാരണം പരമ ദരിദ്രര്‍ അവരുടെ മുഴുവന്‍ വരുമാനവും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ചിലവഴിക്കും എന്നതാണ് നാം സാധാരണയായി കണ്ടു വരുന്നത്. അത് കൊണ്ട് തന്നെ ദാരിദ്യ രേഖാ നിര്‍ണയത്തിന് ഇത് ഏറെ ആധാരികമായ കണക്കുകള്‍ ആയിരിക്കും എന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആഫ്രിക്കയിലെ രാജ്യങ്ങളുമായി ഇന്ത്യന്‍ സാമ്പത്തികാവസ്ഥയെ എങ്ങിനെ താരതമ്യപ്പെടുത്താം? 
ഈ താരതമ്യം കൊണ്ട് തന്നെ ഇന്ത്യയുടെ ദാരിദ്യരേഖാ പരിധി ഏറെ താഴ്ന്ന ഒന്നാണെന്ന് മനസ്സിലാക്കാം. ഉദാഹരണത്തിന്, ദക്ഷിണാഫ്രിക്കയില്‍ മൂന്ന് തരത്തിലുള്ള ദാരിദ്യ രേഖകള്‍ ഉണ്ട്. ആഹാരം, മധ്യവര്‍ഗം, ഉന്നതം ഇവയെല്ലാം തന്നെ ഇന്ത്യയെക്കാള്‍ ഉയര്‍ന്ന ദാരിദ്യ രേഖാ പരിധി ഉള്ളവയാണ്. 2010ല്‍ ഈ ആഹാര ദാരിദ്യരേഖാ പരിധി 1,841 ഇന്ത്യന്‍ രൂപയും മധ്യ ദാരിദ്യരേഖ പരിധി 2,445 രൂപയും, ഉന്നത ദാരിദ്യരേഖാ പരിധി 3,484 രൂപയും ആയി നിശ്ചയിച്ചിരിക്കുന്നു. ഒരു റ്വാണ്ട (ആഫ്രിക്കന്‍ ഗ്രാമം) ഗ്രാമീണന്റെ പ്രതിശീര്‍ഷ വരുമാന ദാരിദ്ര്യ രേഖാ പരിധി ഒരു മാസം 892 ആയി തിട്ടപ്പെടുത്തിയിരിക്കുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ പരിധിയായ 816 രൂപയുമായി നേരിയ വ്യത്യാസം മാത്രമേ ഇതിനുള്ളൂ. പക്ഷെ റ്വാണ്ട ഗ്രാമങ്ങളില്‍ ഇന്ത്യയില്‍ ലഭിക്കുന്നതിനേക്കാള്‍ എത്രയോ കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കും എന്ന വസ്തുത നാം മറന്നു പോകരുത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍