ഇടവപ്പാതി പെരുമഴയില്‍ വാഴയില ചൂടി സ്‌കൂളില്‍ പോകുന്ന കാലം ഗൃഹാതുരമാര്‍ന്നൊരു ഓര്‍മയായി മാറിയിരിക്കുന്നു. കല്ലുപെന്‍സിലിന്റെയും മഷി പച്ചയുടെയും പഴമയില്‍ നിന്ന് ടാബ്‌ലെറ്റ് യുഗത്തിലെത്തിയിരിക്കുന്നു നമ്മുടെ കുരുന്നുകള്‍.അറിവിന്റെ ലോകത്തേക്ക് അവര്‍ ആദ്യമായി കടന്നെത്തുമ്പോള്‍ സ്വാഗതമേകാന്‍ മാറിയ കാലത്തിന്റെ ആഘോഷങ്ങള്‍ തന്നെയാണ് അവര്‍ക്കായി ഒരുക്കിയിരിക്കുന്നതും. പ്രവേശനോത്സവം എന്ന പേരിട്ട് നടത്തുന്ന വിദ്യാഭ്യാസ മേളം. ഉത്സവങ്ങളും പെരുന്നാളുകളും ഓര്‍മ്മിപ്പിക്കുന്ന കാതടപ്പിക്കുന്ന ശബ്ദമേളങ്ങള്‍, പ്ലാസ്റ്റിക് വര്‍ണ്ണക്കടലാസുകളില്‍ തീര്‍ത്ത തോരണങ്ങള്‍, നവാഗതര്‍ക്കു സ്വാഗതമോതി ഉയരുന്ന ഫ്ലക്‌സ് ബോര്‍ഡുകള്‍. ഇതൊക്കെ കാണുമ്പോള്‍ തോന്നും നമ്മുടെ കുട്ടികളെ പ്രകൃതിയില്‍ നിന്നും അകറ്റാനാണോ ഇത്തരം ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന്.
അല്ലെങ്കില്‍ തന്നെ മന്ത്രിക്ക് റാങ്ക് കിട്ടാന്‍ വേണ്ടി പരീക്ഷകള്‍ നടത്തപ്പെടുന്ന ഇക്കാലത്ത് ഈ കുട്ടികളും ഇരകള്‍ തന്നെ. പിജെ ജോസഫുമാരും എംഎ ബേബിമാരും അബ്ദുള്‍ റബ്ബുമാരും ഭരിക്കുന്ന നാട്ടില്‍ നിന്നും ചില സ്‌നേഹക്കാഴ്ചകള്‍. ജോസഫ് മുണ്ടശ്ശേരിയേയും ചാക്കീരി അഹമദ് കുട്ടിയെയും ഇവര്‍ മനസിലാക്കിക്കോളും…..അവരെ പഠിപ്പിക്കുന്നവരും…എന്നെങ്കിലും.
ഈ പരാതികളും ചെറിയ പരിഭവങ്ങളുമൊക്കെ മാറ്റിവച്ചാല്‍ ഓരോ അധ്യായനവര്‍ഷാരംഭവും കുഞ്ഞുമുഖങ്ങളിലെ ഭാവവ്യതിയാനങ്ങളുടെ കാഴ്ച്ചക്കൂട്ടുകളാണ് സമ്മാനിക്കുന്നത്. ചിണുങ്ങിയും ചിരിച്ചും വാശിപിടിച്ചും ആവേശം കാട്ടിയുമൊക്കെ അവര്‍ നമ്മുടെ മനസ്സിനെ അങ്ങ് കൊണ്ടുപോകും, കൊല്ലങ്ങള്‍ക്കപ്പുറത്തേക്ക്, നാട്ടുവഴിയും കാലവര്‍ഷവും കല്ലുസ്ലേറ്റും വഴിയോരക്കാഴ്ച്ചകളും പിന്നെ മുഴങ്ങുന്ന കൂട്ടമണിയും നിറയുന്ന ഓര്‍മ്മകളിലേക്ക്…
കൊല്ലം പൂയപ്പള്ളി ഗവണ്‍മെന്റ് വി എച്ച് എസ്, നെടുമണ്‍കാവ് ഗവ.യു.പി സ്‌കൂള്‍, പാലക്കോട് എല്‍പി ആന്‍ഡ് പ്രീ-പ്രൈമറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി അഴിമുഖം ഫോട്ടോഗ്രഫര്‍ ഉണ്ണികൃഷ്ണന്‍ പകര്‍ത്തിയ ചില പ്രവേശനോത്സവ കാഴ്ച്ചകള്‍…






