UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ഥലവും സമയവും നിങ്ങള്‍ പറയൂ.. സംവാദത്തിന് ഞങ്ങള്‍ തയ്യാര്‍: പിണറായിയെ വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍

പ്രവാസികള്‍ അധ്വാനിച്ചുണ്ടാക്കി ഇവിടെ നിക്ഷേപിക്കുന്ന ഭണ്ഡാരം കൊണ്ട് അത്താഴപ്പഷ്ണി കഴിക്കുന്ന കേരളം കേന്ദ്രം അധികം തരുന്നതും കൂട്ടി ശമ്പളവും പെന്‍ഷനും കൊടുത്തുകഴിഞ്ഞാല്‍ പിന്നെ പൂട്ടിപ്പോകുന്ന ഖജനാവിനു കാവലിരിക്കുന്ന സമ്പദ്ഘടന ഉള്‍പ്പെടെ എല്ലാം ചര്‍ച്ച ചെയ്യാമെന്നും സുരേന്ദ്രന്‍

കേരളത്തിലെ വികസന വിഷയത്തില്‍ ക്രിയാത്മകമായ സംവാദത്തിന് ക്ഷണിച്ചിട്ടും മറുപടി പറയാതിരിക്കുന്ന ബിജെപിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ‘സംവാദത്തിനുള്ള സ്ഥലവും സമയവും നിങ്ങള്‍ പറയൂ. ഞങ്ങള്‍ റെഡി’. എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. കൂടാതെ താങ്കള്‍ക്കിഷ്ടമുള്ള ഏതു മൂന്നാം കക്ഷിയെയും മധ്യസ്ഥനായും വയ്ക്കാമെന്നും സുരേന്ദ്രന്‍ പിണറായി വിജയനെ വെല്ലുവിളിക്കുന്നു. വിവിധ മേഖലകള്‍ എടുത്തുപറഞ്ഞ് കേരള മോഡല്‍ സമ്പൂര്‍ണ പരാജയമാണെന്നും സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നുണ്ട്.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വികസനത്തിന്റെ കേരളാമോഡല്‍ വെറും മിഥ്യമാത്രമെന്നു വിലയിരുത്തിക്കൊണ്ടാണ് പണ്ട് ജനകീയാസൂത്രണം കൊണ്ടു വന്നത്. കേരളം വികസനത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എവിടെ നില്‍ക്കുന്നു എന്നതു സംബന്ധിച്ച് ഒരു തുറന്ന സംവാദത്തിന് ബിജെപി ഒരുക്കമാണ്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം ഉള്‍പ്പെടെ ഏതു രംഗത്തും. സിപിഎം തന്നെ നടത്തിയ വികസന പഠനവേദികളിലെ രേഖകളും ശാസ്ത്രസാഹിത്യപരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ പഠനങ്ങളും അടക്കം ഏതു രേഖകളും ഉദ്ധരിച്ചുതന്നെ നമുക്കു ചര്‍ച്ച നടത്താം. കൃഷി, വ്യവസായം, ഐടി, ടൂറിസം തുടങ്ങി ഏതു മേഖലയും ചര്‍ച്ചാ വിഷയമാക്കാം. പ്രകൃതി ഇതുപോലെ കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശം ഇതുപോലെ മഴലഭിക്കുന്ന ഒരു നാട് നാല്‍പ്പത്തിനാലു നദികളുള്ള നാട് എങ്ങനെ ഈ നിലയിലായി? നമ്മുടെ നെല്ലും നാളീകേരവും കയറും നാണ്യവിളകളും എവിടെയെത്തി എന്നു നമുക്കു നോക്കാം. പ്രവാസികള്‍ അധ്വാനിച്ചുണ്ടാക്കി ഇവിടെ നിക്ഷേപിക്കുന്ന ഭണ്ഡാരം കൊണ്ട് അത്താഴപ്പഷ്ണി കഴിക്കുന്ന കേരളം കേന്ദ്രം അധികം തരുന്നതും കൂട്ടി ശമ്പളവും പെന്‍ഷനും കൊടുത്തുകഴിഞ്ഞാല്‍ പിന്നെ പൂട്ടിപ്പോകുന്ന ഖജനാവിനു കാവലിരിക്കുന്ന സമ്പദ്ഘടന ഉള്‍പ്പെടെ എല്ലാം ചര്‍ച്ച ചെയ്യാം. സാമൂഹ്യസുരക്ഷാരംഗത്ത് ചരിത്രപരമായ കാരണങ്ങളാല്‍ നാം നേടിയ പലതും തങ്ങളുടെ അക്കൗണ്ടില്‍പ്പെടുത്തി മേനി പറയുന്നവര്‍ വര്‍ത്തമാനകേരളം എവിടെ നില്‍ക്കുന്നു എന്ന വസ്തുത കൂടി ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഈ സംവാദം നിമിത്തമാവും. സ്ഥലവും സമയവും പിണറായിക്കു പറയാം. ഞങ്ങള്‍ റെഡി. താങ്കള്‍ക്കിഷ്ടമുള്ള ഏതു മൂന്നാം കക്ഷിയേയും മാധ്യസ്ഥനായും വെക്കാം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍