പ്രിയന്‍ അലക്‌സ്
ചില സംശയങ്ങളാണ്, ഇപ്പോഴല്ലേ ചോദിക്കാനാവൂ. അനുകൂലമായി വോട്ട് ചെയ്യുക എന്നതിന് എതിര്‍ത്തുകൊണ്ട് വോട്ട് ചെയ്യുക എന്ന അര്‍ത്ഥമുള്ളതായി നാമെന്തിന് കരുതണം? നമ്മുടെ എതിര്‍പ്പ് രേഖപ്പെടുത്താനായി നമുക്ക് സാധുതയുണ്ടോ? നോട്ട അല്ല ഉദ്ദേശിക്കുന്നത്. വോട്ട് അധികാരം നല്‍കും. നോട്ട ഒന്നും തരില്ല. എതിര്‍പ്പ് എന്തുനല്‍കും? തിരഞ്ഞെടുക്കുക എന്നതില്‍ വിയോജിക്കുന്നു എന്ന പ്രകടമായ അര്‍ത്ഥമില്ലല്ലോ. തിരഞ്ഞെടുപ്പിലെ ധ്വനികളെക്കുറിച്ചുള്ള സന്ദേഹം മാത്രമല്ലേ എതിര്‍പ്പ്? തിരഞ്ഞെടുപ്പല്ലേ കഴിഞ്ഞുള്ളൂ എതിര്‍പ്പ് കഴിഞ്ഞില്ലല്ലോ. വിയോജിപ്പ് ഇപ്പോഴും അവശേഷിക്കുകയല്ലേ? അതുപോലെ തന്നെ ഒരു ചോദ്യം കൂടിയുണ്ട്. സമൂഹമനസാക്ഷിയെക്കുറിച്ച് നമുക്കെന്തറിയാം? സമൂഹമനസാക്ഷിയെന്താണെന്ന് വ്യക്തമാണോ? വ്യക്തമാക്കേണ്ടതില്ലേ? ഇതിനെ പരിശോധിക്കുമ്പോള്‍ നമ്മുടെ ബുദ്ധിജീവിതം നാം അഴിച്ചുപണിയേണ്ടതുണ്ട്.
ഒന്നാമത് നമുക്ക് ഒരുകാലത്തും ഒരു സമൂഹം ഉണ്ടായിരുന്നില്ല. സമുദായമേയുള്ളൂ. ഒരു വാദത്തിലുപരിയായി അതുതന്നെയാണ് നേര്. അപ്പോള്‍ നമുക്കൊരു സമൂഹം വേണ്ടേ? വേണം. അതിനുപരിയായി നാമുദ്ദേശിക്കുന്ന ‘സമൂഹമനസാക്ഷി ഉണരണം’ എന്നമട്ടിലുള്ള പറച്ചിലുകള്‍ ‘പൊതുബോധം എന്ന സുന്ദരമായ മിഥ്യ’ ഇവയെയും അഭിസംബോധന ചെയ്യണം. പൊതുബോധമില്ലെങ്കില്‍ ‘എന്റെ കമ്മ്യൂണിസ’ത്തിലാണ് ശ്രദ്ധചെലുത്തേണ്ടത്. ബാര്‍ കോഴയും സോളാറും ഭൂമിതട്ടിപ്പും തെരഞ്ഞെടുപ്പ് വിഷയമായിട്ടും അങ്ങനെയൊരു പൊതുബോധമില്ല എന്ന സാമൂഹ്യപാഠം നമ്മോട് പറയുന്നുവെങ്കില്‍ (ചിന്ത അവസാനിക്കുന്നിടത്തുനിന്ന് പാഠം തുടങ്ങുന്നു) അതിനെ തിരുത്തുന്നതെങ്ങനെയാണ്? തല്‍ക്കാലം അത് സാധ്യമല്ല. സമൂഹത്തെ എഞ്ചിനീയര്‍ ചെയ്യാന്‍ കഴിയില്ല. ഇതൊരു അബ്‌സേര്‍ഡിസവുമല്ല. പോസ്റ്റ് മോഡേണ്‍ മൂല്യച്യുതിയുമല്ല. നരകമല്ല, നരകഭയവുമല്ല. പാപമല്ല, പാപബോധവുമല്ല, നന്മതിന്മ ദ്വന്ദങ്ങളല്ല, നല്ലതും ചീത്തയുമല്ല. ഇതൊരു സാധ്യതയാണ്. സാധ്യത മാത്രമാണ്. ഒരാളോട് സംസാരിക്കുമ്പോള്‍ അയാളോട് മാത്രം സംസാരിക്കുക എന്നതാണ് ആ സാധ്യത. ചിലപ്പോള്‍ തന്റെ പോക്കറ്റിലുള്ള മൊബൈല്‍ ഫോണിനെപ്പോലെ പോക്കറ്റിലുള്ള രാഷ്ട്രീയക്കാരന്‍. അയാള്‍ മുഖ്യമന്ത്രിതന്നെയായേക്കാം. ഉമ്മന്‍ ചാണ്ടി അരുവിക്കരയിലെ ഏതാണ്ട് 30000 വോട്ടര്‍മാരെയെങ്കിലും നേരിട്ട് കണ്ട് വ്യക്തിപരമായി സംസാരിച്ചു കാണും. അവരുടെ പോക്കറ്റിലുണ്ട് താന്‍ എന്ന് അവരെ ബോധ്യപ്പെടുത്തുന്നു. പ്ലാസ്റ്റിക് മണിപോലെ ആവശ്യത്തിനുപകാരപ്പെടുന്ന, കൊണ്ടുനടക്കാന്‍ എളുപ്പമുള്ള രാഷ്ട്രീയവും രാഷ്ട്രീയക്കാരനും.
ശ്രീനാരായണഗുരുവിന് ശേഷം ഇ എം എസാണ് നവോത്ഥാനത്തെ മുന്നോട്ട് കൊണ്ടുപോയത് എന്ന വാദത്തിന് ഒരു തുടര്‍ച്ച അന്വേഷിക്കാമോ? പാടുപെടും. എങ്കില്‍പ്പിന്നെ വായിലെ നാവിന് വിലങ്ങിടുന്നത് അവസാനിപ്പിക്കരുതോ? അതല്ലേ മണ്ണിന്റെയും മനുഷ്യന്റെയും രാഷ്ട്രീയം. ഹരിതാഭമായ മഴത്തണുപ്പുള്ള വെയില്‍ വെളിച്ചമുള്ള ഒരു രാഷ്ട്രീയഭാവുകത്വം. അതിനെയല്ലേ നാമന്വേഷിക്കുക. എന്റെ ഇടമാണോ എന്നന്വേഷിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ ആകാശവും ഭൂമിയും. ഇതില്‍ ചരിത്രബാഹ്യമായ ഒന്നുമില്ല, ചരിത്രനീതിയുടെ മനുഷ്യസ്‌നേഹമേയുള്ളൂ. ഇടതുപക്ഷം ഇടതുപക്ഷ. പാര്‍ട്ടിയില്‍ ഒതുങ്ങുന്നില്ല. എല്ലാവരിലുമുണ്ട് ഒരു കമ്മ്യൂണിസ്റ്റുകാരന്‍. സൂക്ഷിച്ചുനോക്കൂ ഒരു കോണ്‍ഗ്രസുകാരന്റെയുള്ളില്‍പ്പോലും ഒരു കമ്മ്യൂണിസ്റ്റുണ്ട്. എന്നാലോ പാര്‍ട്ടി അംഗമാവാന്‍ ആഗ്രഹമേയില്ല. പാര്‍ട്ടി എം എല്‍ എ യോ, എം പി യോ ആക്കുമെങ്കില്‍ ആലോചിക്കാം (ഇന്നസെന്റിന്റെയൊക്കെ കാലത്ത്). രാഷ്ട്രീയക്കാര്‍ നമ്മെ ഉപയോഗിക്കും മുമ്പ് അവരെ ഉപയോഗപ്പെടുത്തണം എന്ന ആലോചനയിലാണ് ആളുകള്‍. എന്ത് തരും എന്ന് ഓരോരുത്തരോടും ചോദിക്കുന്ന ജനം. വോട്ടിനുപകരം എന്ത് തരാനാവും? വികസനം? പണം? കുപ്പി? സാരി? സ്‌നേഹം? ജോലി? റോഡ്? ഭൂമി? പട്ടയം? അങ്ങനെയെന്തെല്ലാം.
ഉപരിപ്ലവവും കാലഹരണപ്പെട്ടതുമായ വര്‍ഗവീക്ഷണമോ ജാതിയുക്തിയോകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാനാവില്ല എന്ന് കരുതരുത്. ഒരു ട്രിക്കും മോശമല്ല. ഒരായുധവും മൂര്‍ച്ചയില്ലാത്തതല്ല. നിസാരമല്ല ഒരു പ്രവൃത്തിയും. അധികാരം കൊയ്യാത്ത അരിവാളിന് തുരുമ്പുപിടിക്കും. പ്രതിരോധം നമുക്ക് എക്കാലത്തേക്കും ഭാവുകത്വത്തെ നല്‍കുകയില്ല. ഉമ്മന്‍ ചാണ്ടി, നമ്മുടെ ഹീറോയ്ക്ക് (എല്ലാവരും ഹീറോകളാണ്, അവനവന്റെ സിനിമയിലെങ്കിലും) ഒരു കാലമാതൃകയുണ്ടെങ്കില്‍ അതിന് ഒരു ബദല്‍ ഉണ്ടായാല്‍പ്പോരാ അത് ജനപ്രിയമാവണം. ജനപ്രിയം പൈങ്കിളിയാണ്. അപ്പോള്‍ നമുക്ക് ഒരു ജ്ഞാനവിച്ഛേദനം(epistemological secession) ആവശ്യമായേക്കാം.
പതിവുപോലെ ഒരു ജാതിയുക്തി വിശദീകരണവുമായി എത്തിച്ചേരാനിടയുണ്ട് എന്നതിനാല്‍പ്പറയട്ടെ എസ് എന്‍ ഡി പിയും, എന്‍ എസ് എസും സമദൂരം നില്‍ക്കണമെന്നില്ല. നല്ലത് അവര്‍ ഏതെങ്കിലും പക്ഷം ചേരുന്നതാണ്. എല്ലാവര്‍ക്കും നല്ലത് അതാണ്. ശങ്കര്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ആലപ്പുഴയിലും കൊല്ലത്തും കമ്മ്യൂണിസ്റ്റ്പാര്‍ട്ടി വളര്‍ന്നത്. വെള്ളാപ്പള്ളി ബിജെപിയില്‍ ചേരട്ടെ. ബി ജെ പിയിലേക്ക് പാര്‍ട്ടി വോട്ടുകള്‍ ചോരുന്നു എന്ന ആക്ഷേപം അന്നുതീരും. അതുപോലെതന്നെ എന്‍ എസ് എസും. അവര് കുറച്ചുകൂടെ പ്രശ്‌നമാണ്. കമ്മ്യൂണിസ്റ്റാണെങ്കിലും നായരാണല്ലോ എന്നതാണ് അവരുടെ നോട്ടം. അവര്‍ക്ക് നായര്‍ മേധാവിത്വം എല്ലായിടത്തും വേണം. ജാതിരഹിതസമൂഹം എന്നൊക്കെ വിചാരിച്ചിട്ടും കാര്യമില്ല. തല്‍ക്കാലം ജാതി മുലപ്പാലാണ്. ‘കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്’ എന്ന് കടമ്മനിട്ട പോയിട്ട് ജി സുധാകരന്‍ പോലും പാടില്ല. അതുകൊണ്ടാണല്ലോ അരുവിക്കരയില്‍ മൂന്ന് പ്രമുഖസ്ഥാനാര്‍ത്ഥികളും നായന്മാരായത്. അതുകൊണ്ടാണല്ലോ ഉമ്മന്‍ ചാണ്ടി സൂക്ഷ്മരാഷ്ട്രീയം കളിച്ചത്. അതുകൊണ്ടാണല്ലോ അങ്ങേര്‍ ഹെഗലിന്റെ അപ്പാപ്പനായത്. അതായത് ഇതിലൊന്നും ഒരു വൈരുദ്ധ്യവുമില്ല എന്ന് സാറ് പറയുന്നത്.
അതായത്, ഈ തിരഞ്ഞെടുപ്പ് ഫലം കൊണ്ട് നിങ്ങളുടെ രാഷ്ട്രീയസാക്ഷരതയ്‌ക്കോ, പൊതുബോധത്തിനോ പരുക്കേല്‍ക്കുന്നു എങ്കില്‍ അത് ഒരനാവശ്യമാണ്. സിസെക് നഗ്‌നനായിരുന്ന് ഫിലോസഫി പറയുന്ന വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ ഫിലോസഫി ശ്രദ്ധിക്കുമോ അതോ നഗ്‌നതയുടെ ആചാരത്തില്‍ അസ്വസ്ഥനാവുമോ? ഇതേചോദ്യം മറ്റൊരുരീതിയില്‍ ചോദിക്കാം. നിങ്ങളെക്കാണാന്‍ ക്വീന്‍ എലിസബത്ത് വരുന്നു. നിങ്ങളുടേത് ഒരു കുടിലാണ്. അവിടെ കപ്പയും ചമ്മന്തിയുമേയുള്ളൂ. ആ അവില്‍പ്പൊടി കൃഷ്ണന്‍ വാരിവാരിത്തിന്നും. നിങ്ങള്‍ നഗ്‌നതയെ മറക്കും, നിങ്ങള്‍ പോസ്റ്റ്‌മോഡേണാകും. ആരോര്‍ക്കുന്നു നഗ്‌നത, വരിക, നമുക്ക് ഗ്രന്ഥപ്പുരകള്‍ക്ക് തീകൊടുക്കാം.
ചങ്ങമ്പുഴയുടെ രമണന്‍ വായിക്കാന്‍ മൈലുകള്‍ നടന്നുപോകും നിങ്ങള്‍. അത് പകര്‍ത്തിയെഴുതും. ഗാന്ധിജി മരിച്ചാല്‍ നിങ്ങള്‍ ഞെട്ടില്ല. ഷേക്‌സ്പിയര്‍ സാംബശിവന് വേണ്ടി കഥയെഴുതി എന്നു വിശ്വസിക്കും. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, പാട്ടബാക്കിയെക്കാള്‍ ഉജ്ജ്വലമാണെന്ന് സമ്മതിക്കും. രാഗമെന്തെന്ന് ആലോചിക്കാതെ കുളിമുറിയില്‍ നിങ്ങള്‍ വികൃതമായി പാടിക്കൊണ്ടിരിക്കും. കല്യാണം കഴിക്കും, മക്കളുണ്ടാവും, പക്ഷെ ലൈംഗികത അശ്ലീലമാണെന്ന് ചിന്തിക്കും. മലയാളിയുടെ സ്വത്വം ഇങ്ങനൊക്കെയാണ്. കേവലതൃഷ്ണയാണ് അടിസ്ഥാനവികാരം. ട്രെന്‍ഡ് എന്താണെന്ന് ചോദിക്കും. ഞാനാരാണെന്ന് ചോദിക്കുകയും, ഞാനെന്താണിങ്ങനെയെന്ന്‍ അന്വേഷിക്കുകയുമരുത് എന്ന് ഫൂക്കോയെ ലളിതവല്‍ക്കരിക്കുകയോ? അതെ ഒരു വാക്കിനുപോലും അധികാരരൂപമുണ്ടെന്നറിയുന്നവര്‍. എല്ലാവരും സാറാണ് നമുക്ക്. സാറേ എന്ന വിളിയില്‍ നമ്മള്‍ അലിയും. സാറ് വന്നാല്‍ എല്ലാമായി. അതിനിടയില്‍ സഖാവേ നമ്മളോ? വരിക, നമുക്ക് ഗ്രന്ഥപുരകള്‍ക്ക് തീകൊടുക്കാം.
‘ചേക്കിന്റെ സ്വന്തം കള്ളന്‍’ കായംകുളം കൊച്ചുണ്ണിയെപ്പോലെ, അതാണല്ലോ ജനപ്രിയനായകനായ ദിലീപിന്റെ മീശമാധവന്‍. കള്ളനാണെങ്കിലും ഉപകാരിയായാല്‍ മതി. ഉത്തമപുരുഷന്റെ രാഷ്ട്രീയമന്വേഷിക്കുന്നവര്‍ കാണാതെപോകുന്ന അവാങ് ഗാര്‍ദ് ഇതാണ്. വരൂ നമുക്ക് ഗ്രന്ഥപുരകള്‍ക്ക് തീകൊടുക്കാം.
ഇപ്പോള്‍ തോന്നുന്നില്ലേ, നിങ്ങളുടെ പഞ്ചായത്തിലും, മണ്ഡലത്തിലും, മന്ത്രിസഭയിലും, മുഖ്യമന്ത്രിയായും, സര്‍വ്വോപരി സ്വന്തം പോക്കറ്റിലും ഒരു ഉമ്മന്‍ ചാണ്ടി വേണമെന്ന്!അതായത് ഇത് മലയാളിയുടെ പുതിയ അസ്തിത്വ വാസ്തുശില്പമാണ്. അനുകരിക്കൂ ഇതാണ് സ്‌ക്കൂള്‍. നമുക്കീ വോള്‍ട്ടയറെ മതി. ഈ വോള്‍ട്ടയറെ അറസ്റ്റുചെയ്യാനാവില്ല. അതുകൊണ്ട് ഉമ്മന്‍ ചാണ്ടിക്ക് വോട്ട് ചെയ്യുന്നവര്‍ക്ക് വിപ്ലവ മോഹങ്ങളില്ല. അവര്‍ തന്നെയാണ് വിപ്ലവം. (വീണ്ടും ഫൂക്കോ, സിമ്പടിക്കെടോ, ങ്ണിം!) ആധുനികതയെ പുസ്തകങ്ങളില്‍ ഒതുക്കിനിര്‍ത്തിയവര്‍ക്ക് ഇതു തന്നെ വേണം. വരൂ നമുക്ക് ഗ്രന്ഥപ്പുരകള്‍ക്ക് തീകൊടുക്കാം.
മുദ്രാവാക്യത്തിന്റെ രാഷ്ട്രീയ. ഭാവുകത്വം അവസാനിച്ചിരിക്കുന്നു. വസ്തുതാപരമായ (factual) സംസാരങ്ങള്‍ ആവശ്യമാണ്. സംവാദമല്ല. അതാണ് ജനസമ്പര്‍ക്കങ്ങളുടെ കാതല്‍. കള്ളുഷാപ്പില്‍ നമ്മള്‍ രാഷ്ട്രീയം സംസാരിക്കുമ്പോള്‍, പണ്ട്, അതായത്, ലന്ന്, കോള എന്ന പാനീയം അത്ര പരിചിതമല്ലായിരുന്നു. അതുകൊണ്ട് സ്വബോധം അഥവാ തലയ്ക്ക് വെളിവ് എന്നതിനെക്കുറിച്ച് സന്ദേഹമില്ലായിരുന്നു. എന്നാല്‍ കോള കുടിക്കുന്നവനോട് ചിലപ്പോള്‍ നമുക്കതാവില്ല. നാം എന്ന വാക്കുപോലും വേറിട്ടതായേക്കാം. അത്തരം വൈരുദ്ധ്യങ്ങളെ പുല്‍കാന്‍ പുറപ്പെടേണ്ടതുണ്ട്. അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്തതാണ് നമ്മുടെ പ്രശ്‌നം. ഗാനങ്ങളേക്കാള്‍ അലമുറകളും, താരാട്ടിനേക്കാള്‍ കാഹളങ്ങളും എന്ന് മയക്കോവസ്‌കി എഴുതിയതില്‍നിന്ന് ചിലപ്പോള്‍ നമുക്ക് തിരിച്ചുപോവേണ്ടിവരും. ഗാനങ്ങളും താരാട്ടും ആവശ്യമാണ് എന്ന് തോന്നുന്നു. അതുകൊണ്ട് സാറിന്റെ കൃപയാല്‍, സാറുള്ള പോക്കറ്റിനാല്‍, എന്റെ കമ്മ്യൂണിസം വരാനിരിക്കുന്നു എന്ന് പറയാന്‍ കഴിയട്ടെ. അതിനുമുമ്പേ ഈ ഗ്രന്ഥപ്പുരകള്‍ കത്തിക്കേണ്ടതുണ്ട് (സിമ്പലില്ല, ഡാര്‍ക്ക് സീനില്‍ അവനു വേണ്ടി കാത്തിരിക്കുന്നു).
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)