അഴിമുഖം പ്രതിനിധി
അര്‍ജന്റീനയെ അട്ടിമറിച്ച് ചിലി കോപ്പ അമേരിക്കയില്‍ ആദ്യ കിരീടം നേടി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആണ് ചിലി അര്‍ജന്റീനയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 4-1. കളി മുഴുവന്‍ സമയത്തും അധിക സമയത്തും ഗോള്‍രഹിത സമനിലയായതിനെ തുടര്‍ന്നാണ് പെനാല്‍റ്റിയിലേക്ക് നീണ്ടത്. അര്‍ജന്റീനയ്ക്കുവേണ്ടി കിക്കെടുത്ത ഹിഗ്വെയ്‌നും എവര്‍ ബെനേഗയും അവസരം പാഴാക്കി. അതേസമയം ചിലി നാല് പെനാല്‍റ്റിയും വലയിലാക്കി.
22 വര്‍ഷത്തിനുശേഷം ഒരു കിരീടം എന്ന അര്‍ജന്റീനയുടെ മോഹമാണ് പൊലിഞ്ഞത്. മത്സരത്തിന്റെ ആരംഭം മുതല്‍ ഗാലറികളില്‍ ആര്‍ത്തിരമ്പിയ കാണികളുടെ പിന്തുണയോടെ കളിച്ച ചിലി അര്‍ജന്റീനയുടെ ഗോള്‍ മുഖത്തേയ്ക്ക് ഇരമ്പിക്കയറി. ഈ മുന്നേറ്റത്തെ നേരിടാന്‍ മെസി സംഘത്തിന്റെ പ്രതിരോധം നന്നേ കഷ്ടപ്പെട്ടു. എങ്കിലും അഞ്ചാം മിനിട്ടില്‍ മെസി നല്‍കിയ പാസ് അഗ്യൂറോ പാഴാക്കി. 20-ാം മിനിട്ടില്‍ മെസിയുടെ ഫ്രീകിനെ ചിലി കീപ്പര്‍ ബ്രാവോ തടുത്തു. ആദ്യ പകുതിയുടെ അധിക സമയത്തും അര്‍ജന്റീനയ്ക്ക് അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ഇരുടീമുകളുടേയും ഗോളിമാരുടെ മികവ് കൊണ്ടാണ് മത്സരം മുഴുവന്‍ സമയത്തും അധഇക സമയത്തും ഗോള്‍രഹിതമായത്.