സന്ദീപ് വെള്ളാരംകുന്ന്
അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി വിജയകുമാര്‍ പരാജയപ്പെട്ടപ്പോള്‍ സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം പറഞ്ഞത് കമ്യൂണിസ്റ്റ് നേതാക്കള്‍ പ്രവര്‍ത്തന ശൈലി മാറ്റിയില്ലെങ്കില്‍ ജനങ്ങള്‍ ഉപേക്ഷിക്കുമെന്നാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി അംഗവും പീരുമേട് എംഎല്‍എയുമായ ഇ എസ് ബിജിമോളെയാണ് ആദ്യം ബിനോയ് വിശ്വം ഉപദേശിക്കേണ്ടതെന്ന തരത്തിലാണ് ഈ എംഎല്‍എയുടെ പ്രവര്‍ത്തനങ്ങള്‍. എല്ലാറ്റിലും വൈകാരികമായി ഇടപെടുന്ന ബിജിമോള്‍ക്ക് അവസാനം ഇരയായത് കോടതി വിധി നടപ്പാക്കാനെത്തിയ ഇടുക്കി എഡിഎം മോന്‍സി പി അലക്സാണ്ടറാണ്.
ഇഎസ് ബിജിമോള്‍ എംഎല്‍എ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് പുതുമയൊന്നുമല്ല. മുല്ലപ്പെരിയാര്‍ വിഷയം മുതല്‍ നിയമസഭയിലെ കൈയാങ്കളിയില്‍ വരെ ഏതു പ്രശ്നത്തിലും ചാടിക്കയറി ഇടപെടുന്നത് ബിജിമോളുടെ സ്വഭാവമാണ്. പലപ്പോഴും ഇത്തരം ഇടപെടലുകള്‍ വന്‍ ദോഷം ചെയ്യാറുണ്ടെന്നതാണ് യാഥാര്‍ഥ്യവും. തേയിലത്തോട്ടം പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ തൊഴിലാളിയുടെ വേഷത്തിലെത്തിയും 2011-ല്‍ മുല്ലപ്പെരിയാല്‍ വിവാദം കത്തിനില്ക്കുമ്പോള് കുമളി അതിര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ കളക്ടറുടെ വാഹനം തടഞ്ഞു മണിക്കൂറുകളോളം കലക്ടറുടെ വാഹനത്തിനു മുന്നില്‍ കസേരയിട്ടിരുന്നതും മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അതേ ആഴ്ച തന്നെ വനം വകുപ്പിന്റെ ബോട്ടില്‍ ഉപയോഗിക്കുന്ന ലൈഫ് ജാക്കറ്റ് അന്നത്തെ കേന്ദ്ര മന്ത്രി എ കെ ആന്‍ണിക്കു നല്കാന് ശ്രമിച്ചും ബിജിമോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു.
2013-ല്‍ സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് ഇടതു വനിതാ സംഘടനകള്‍ നടത്തിയ മാര്‍ച്ചിനിടെ പോലീസ് വാഹനത്തിനു മുന്നില്‍ കിടന്നു പ്രതിഷേധിച്ചും വാഹത്തില്‍ ഇടിച്ചും പ്രതിഷേധിച്ചു. വാഹനത്തില്‍ ഇടിക്കുന്നതിനിടെ കൈക്ക് പരുക്കേറ്റ ബിജിമോളുടെ ചിത്രവും വാഹനത്തില്‍ ഇടിക്കുന്ന ചിത്രവും ഫേസ്ബുക്കില്‍ വൈറലായിരുന്നു. കഴിഞ്ഞ വര്‍ഷം അധികൃതരുടെ എതിര്‍പ്പ് അവഗണിച്ച് മുല്ലപ്പെരിയാര്‍ ഡാമില്‍ സന്ദര്‍ശനം നടത്തുകയും ബേബി ഡാമില്‍ കൈകൊണ്ട് ചോര്‍ച്ച പരിശോധിക്കുകയും ചെയ്ത സംഭവം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് നേട്ടമുണ്ടാക്കിയ സംഭവമായിരുന്നു. ബേബി ഡാം തകര്‍ക്കാന്‍ ബിജിമോള്‍ എംഎല്‍എ ശ്രമിച്ചെന്ന് തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെ അണക്കെട്ടിന്റെ സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കണം എന്ന നിലയിലേക്കുവരെ തമിഴ്നാട് കാര്യങ്ങളെത്തിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ കുറ്റപ്പെടുത്തുന്നത്.
ഇതിനിടെ കഴിഞ്ഞ മാര്‍ച്ചില്‍ ബജറ്റ് അവതരണത്തിനിടെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബിജിമോളെ മന്ത്രി ഷിബു ബേബി ജോണ്‍ തടഞ്ഞു നിര്‍ത്തിയതും വന്‍ വിവാദമാണുണ്ടാക്കിയത്. എവിടെയും ഷോ കാട്ടി ആളാവാനുള്ള ശ്രമങ്ങളാണ് ബിജിമോള്‍ നടത്തുന്നതെന്നാണു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദം. ഇതിനു മുന്‍പൊന്നും വഴിപ്രശ്നം പരിഹരിക്കാന്‍ ഉത്സാഹം കാണിക്കാതിരുന്ന ബിജിമോളുടെ ഇപ്പോഴത്തെ നീക്കം ഷോ കാണിക്കാന്‍ വേണ്ടി മാത്രമാണെന്നാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് ആരോപിക്കുന്നത്. ഇതേ വിഷയത്തില്‍ പ്രതികരണം തേടിയ മംഗളം പത്രത്തിലെ റിപ്പോര്‍ട്ടര്‍ എംഎസ് സന്ദീപിനെ, എംഎല്‍എ മുന്‍പ് തോട്ടം മുറിച്ചു വാങ്ങിയെന്ന വാര്‍ത്ത നല്കിയ ആളാണെന്നു തിരിച്ചറിഞ്ഞതോടെ, ഭീഷണിപ്പെടുത്തിയെന്നും ധാര്‍ഷ്ട്യത്തോടെ സംസാരിച്ചെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അതേ സമയം സിപിഐയില്‍ എംഎല്‍എമാര്‍ക്കു രണ്ടു ടേം മാത്രം എന്നു നിജപ്പെടുത്തിയിട്ടുള്ളതിനാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജിമോള്‍ക്കു മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്കാന് സാധ്യതയില്ല. എന്നാല്‍ മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നുവെന്ന തോന്നലുണ്ടാക്കി വീണ്ടും സീറ്റുറപ്പിക്കാനാണ് ബിജിമോള്‍ നീക്കം നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതേ സമയം എഡിഎമ്മിനെ തടഞ്ഞ വിഷയത്തില്‍ ബിജിമോള്‍ നടത്തിയത് തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള കോപ്രായം കളിയാണെന്നു റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ പറഞ്ഞു.
ബിജിമോള്‍ ഉള്‍പ്പെടുന്ന സിപിഐ രണ്ടു തവണ റവന്യൂ വകുപ്പ് ഭരിച്ചപ്പോഴും ഇതേ ഗേറ്റും ഭൂമിയും ഉണ്ടായിരുന്നില്ലേ എന്നും അന്നൊന്നും എന്തുകൊണ്ടാണ് വിഷയത്തില്‍ ഇടപെടാതിരുന്നതെന്നും റവന്യൂ മന്ത്രി ചോദിക്കുന്നു. അതേസമയം താന്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നുവെന്നും എഡിഎമ്മിനെ സംഘര്‍ഷത്തില്‍ നിന്നു രക്ഷിക്കുകയുമാണ് ചെയ്തതെന്നാണ് ബിജിമോളുടെ വാദം. എഡിഎം തോട്ടം ഉടമയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും കുറ്റപ്പെടുത്തുന്ന ബിജിമോള്‍ ട്രാവന്‍കൂര്‍ ടീ എസ്റ്റേറ്റ് കൈവശംവയ്ക്കുന്നതു സര്‍ക്കാര്‍ ഭൂമിയാണെന്നും ഇത് ഏറ്റെടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഹാരിസണ്‍ മലയാളം ഉള്‍പ്പടെ വിവിധ കമ്പനികള്‍ കൈവശം വയ്ക്കുന്ന ഭൂമി സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധനകളും കോടതി വ്യവഹാരങ്ങളും ഇപ്പോഴും തുടര്‍ന്നു വരുന്നുകയാണ്. ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനി തന്നെ ഹാരിസണ്‍ മലയാളത്തില്‍ നിന്നു വാങ്ങിയ കൊല്ലം ജില്ലയിലെ അമ്പനാട് എസ്റ്റേറ്റ് വ്യാജ രേഖകളുടെ പിന്‍ബലത്തിലാണു വില്‍പ്പനയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി കാട്ടി റിപ്പോര്‍ട്ടു നല്‍കിയിരുന്നു.
ആള്‍ക്കൂട്ടത്തില്‍ ഇറങ്ങി ജനങ്ങളോടൊപ്പമാണ് താന്‍ എന്നു വരുത്തി തീര്‍ക്കുന്ന രാഷ്ട്രീയമാണ് പി സി ജോര്‍ജിനെപ്പോലെ ബിജിമോളും പയറ്റുന്നത്. ഇത്തരം ഇടപെടലുകള്‍ കൊണ്ടുതന്നെയാണ് ഇരുവരും വാര്‍ത്തകളില്‍ നിറയുന്നതും പൊതു സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നതും. അതുകൊണ്ടു തന്നെ ബിജിമോളുടെ രീതികളില്‍ പൊതു സമൂഹം തെറ്റ് കാണുമ്പോഴും മണ്ഡലത്തിലെ ഒരു വിഭാഗം ജനങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്ക്കുന്ന രക്ഷകയായി ബിജിമോളെ കാണുന്നുമുണ്ട്. ഇതാണ് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ബിജിമോള്‍ക്ക് എളുപ്പം വിജയിച്ചു കയറാനുള്ള സാഹചര്യമൊരുക്കിയതും. ഇതോടൊപ്പം പീരുമേട്ടിലെ പൂട്ടിക്കിടന്ന തോട്ടങ്ങള്‍ തുറക്കുന്നതുള്‍പ്പടെയുള്ള ഇടപെടലുകള്‍ ബിജിമോളുടെ പ്രവര്‍ത്തനത്തിന്റെ വിജയമാണ്. അതേസമയം എഡിഎമ്മിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് റവന്യൂ ജീവനക്കാര്‍ നടത്തിയ സമരത്തില്‍ ഇടതുപക്ഷ യൂണിയനില്‍പ്പെട്ടവരും പങ്കെടുത്തത് ബിജിമോള്‍ക്കു ക്ഷീണമായിട്ടുണ്ട്.
പി കെ വാസുദേവന്‍ നായരും സികെ ചന്ദ്രപ്പനും വെളിയം ഭാര്‍ഗവനും പോലുള്ള ആദര്‍ശ രാഷ്ട്രീയക്കാരുള്ള സിപിഐയില്‍ മാധ്യമപ്രവര്‍ത്തകരെപ്പോലും ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ഒരു എംഎല്‍എ പ്രവര്‍ത്തിക്കുന്നത് ഇടതു മുന്നണിക്കു തന്നെ ദോഷം ചെയ്യുമെന്ന പൊതു വിലയിരുത്തലും ഉയര്‍ന്നിട്ടുണ്ട്. സംസാരത്തിലെയും പ്രവര്‍ത്തനത്തിലെയും ധാര്‍ഷ്ട്യം നിറഞ്ഞ പ്രവര്‍ത്തനങ്ങളാണ് രാഷ്ട്രീയക്കാരെ പൊതു സമൂഹത്തിനു മുന്നില്‍ നിന്ന് അകറ്റുന്നതെന്ന് ബിജിമോള്‍ മനസിലാക്കേണ്ടിയിരിക്കുന്നു. കേവലം വൈകാരിക പ്രകടനത്തിനപ്പുറം ക്രിയാത്മക ഇടപെടലുകളാണ് ഒരു ജനപ്രതിനിധിയില്‍ നിന്നു കേരള സമൂഹം പ്രതീക്ഷിക്കുന്നത്.
(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)