UPDATES

ഒഖിയും മോദിയും ജെയ്റ്റ്ലിയുടെ ‘ക്ലോണ്‍ ഹിന്ദു’ എന്ന അശ്ലീലവും

ക്ലോൺ ചെയ്യപ്പെട്ട ഹിന്ദു എന്നതുകൊണ്ട് ജെയ്റ്റ്ലി ഉദ്ദേശിച്ചത് ഈശ്വര വിശ്വാസ കച്ചവടക്കാരെ ശക്തിയുക്തം എതിർത്ത ജവഹർലാൽ നെഹ്രുവിന്റെ പുത്രി ഇന്ദിരക്ക് പാർസി മുസ്ലിം ആയ ഫിറോസ് ഗാന്ധിയിൽ പിറന്ന രാജീവ് ഗാന്ധിക്ക് സോണിയ എന്ന ഇറ്റലിക്കാരി നസ്രാണിയിൽ പിറന്ന രാഹുൽ ഒരു അർഥത്തിലും ഹിന്ദു അല്ലെന്നു തന്നെയാണ്

കെ എ ആന്റണി

കെ എ ആന്റണി

കേരള തീരത്തും ലക്ഷ ദ്വീപിലും ദുരിതം വിതച്ച ഒഖി ചുഴലിക്കൊടുങ്കാറ്റ് രണ്ടിടവും വിട്ടു ഗുജറാത്തിലേക്കു വെച്ച് പിടിച്ചിരിക്കുന്നു എന്ന് എത്ര ലളിതവും ആയാസ രഹിതവുമായാണ് ചാനലുകളിലെ വാർത്താ അവതാരകർ പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് ഒരുവേള സങ്കടത്തോടെ ചിന്തിച്ചുപോയി. ആ മാരണം ഇതാ നമ്മെ വിട്ടൊഴിഞ്ഞു, ഇനിയിപ്പോൾ ഗുജറാത്തികൾ സഹിക്കട്ടെ എന്നൊരു ധ്വനി അതിലുണ്ടോ എന്നൊരു തോന്നൽ. വാർത്താ വായനക്കാരുടെ മുഖത്ത് തെളിഞ്ഞു കത്തിനിന്ന (അതോ എനിക്ക് അങ്ങനെ തോന്നിയതോ) ആശ്വാസം അത്ര കുറ്റകരമായ ഒന്നാണെന്ന് പറയുന്നില്ല. എങ്കിലും ഈ ചുഴലിക്കാറ്റ് ഇനിയിപ്പോൾ ആഞ്ഞടിക്കാൻ പോകുന്നത് ഗുജറാത്തിന്റെ തീര പ്രദേശങ്ങളിൽ ആണെന്നും അവിടെയും ഉള്ളത് വെറും കടലോര മക്കൾ ആണെന്നും ആലോചിച്ചപ്പോൾ ഉണ്ടായ ഒരു വൈക്ലബ്യം. അത്ര തന്നെ.

അങ്ങിനെ ഓരോന്ന് ചിന്തിച്ചു തലമണ്ട കേടാക്കികൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു’സഖാവ്’ മൊയ്ദീന്റെ വരവ്. സഖാവ് എന്നുള്ള വിശേഷണം ഞാൻ അയാൾക്ക് കല്പിച്ചു നൽകിയതാണ്. താൻ സ്കൂൾ, കോളേജ് വിദ്യാഭ്യാസ കാലത്ത്‌ എസ് എഫ് ഐയിലും ഡി വൈ എഫ് ഐയിലും പ്രവർത്തിച്ചിരുന്നുവെന്ന അയാളുടെ തന്നെ അവകാശവാദത്തെ മാനിച്ചു തന്നെ.

അതൊക്കെ എന്തുമാവട്ടെ. എനിക്കറിയുന്ന മൊയ്‌ദീൻ ഇപ്പോൾ തികഞ്ഞ കോൺഗ്രസ് ഭക്തനാണ്. അതിലേറെ എന്റെ അയൽക്കാരനും നല്ലൊരു വായനക്കാരനും. നിലവിൽ അയാളുടെ ജോലി കച്ചവടമാണ്. ചെന്നൈയിൽ ചെറിയ രീതിയിൽ ഒരു ഹോട്ടൽ ബിസിനസ്. അതോടൊപ്പം ചൈനയിൽ നിന്നും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ കൊണ്ട് വന്നു കേരളത്തിൽ വില്‍പന നടത്തുന്നുമുണ്ട്. മൊയ്‌ദീൻ വന്നത് വായിക്കാൻ കൊള്ളുന്ന പുതിയ പുസ്തകങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന് തിരക്കാനാണ്. പുസ്തകങ്ങൾ വാങ്ങിപോവുക മാത്രമല്ല ഇടക്കൊക്കെ നല്ല ചില പുസ്തകങ്ങൾ കൊണ്ടുവന്നു തരാറുമുണ്ട്. ടി ഡി രാമകൃഷ്ണന്റെ ‘സുഗന്ധി’ പുസ്തക രൂപത്തിൽ ഇറങ്ങിയപ്പോൾ വായിക്കേണ്ട പുസ്തകം എന്ന് പറഞ്ഞു കൊണ്ടുതന്നതും മൊയ്‌ദീനാണ്.

വായിക്കാൻ എന്തുണ്ട് പുതിയതെന്നു മൊയ്‌ദീൻ തിരക്കിയപ്പോൾ ജന്മഭൂമി ദാമോദരേട്ടൻ വായിച്ചിരിക്കേണ്ട പുസ്തകം എന്ന മുഖവുരയോടെ തന്ന ആർ എസ് എസ് ബുദ്ധിജീവി ആർ ഹരി സമാഹരിച്ച ‘അടിയന്തരാവസ്ഥയിലെ ഒളിവുരേഖകൾ’ എന്ന മറുപടി മൊയ്യിദീനെ വല്ലാതെ ചിരിപ്പിച്ചു. ‘അതൊക്കെ ആന്റണിയേട്ടൻ വായിച്ചാൽ മതി’ എന്ന് പറയുകയും ചെയ്തു. മൊയ്‌ദീൻ അല്ലെങ്കിലും ഇങ്ങനെ തന്നെയാണ്, കഷ്ടി പത്തു വര്‍ഷം മുൻപാണ് അയാളെ പരിചയപ്പെട്ടത്. ഞാൻ ഇപ്പോൾ താമസിക്കുന്ന കണ്ണൂരിലെ എളയാവൂർ ക്ഷേത്രം റോഡിൽ പത്രക്കാരുടെ കോളനിക്കു എതിർവശത്തായാണ് അയാളും കുടുംബവും താമസം. ഭാര്യ ഷാഹിന ഞങ്ങളുടെ പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ ഇറങ്ങിയപ്പോഴാണ് ആദ്യമായി മൊയ്‌ദീൻ നേരിൽ പ്രത്യക്ഷപ്പെട്ടത്. സത്യത്തിൽ അക്കാലത്തു കോഴിക്കോട് ജോലി ചെയ്തിരുന്ന ഞാൻ ശനിയാഴ്ച്ച വീട്ടിലെത്തി തിങ്കളാഴ്ച പുലർച്ചെ മടങ്ങുന്നത് കൊണ്ടുകൂടി ആയിരിക്കണം അത്. മുൻ പരിചയമില്ലാത്ത എന്നെ തേടി അന്ന് മൊയ്‌ദീൻ വന്നത് ഭാര്യ മത്സരിക്കുന്ന കാര്യം പറയാനായിരുന്നു. ഒട്ടും വളച്ചുകെട്ടില്ലാതെ തന്നെ മൊയ്‌ദീൻ പറഞ്ഞു ഭാര്യ മതം മാറിയ ഒരു നസ്രാണിയാണെന്ന്. ഞാൻ ഒരു കോൺഗ്രസുകാരനാണെന്നു മുൻ അറിവുള്ളയാളെപോലെ അയാൾ പറഞ്ഞു: ‘വോട്ടു കിട്ടില്ലെന്ന്‌ അറിയാം. എങ്കിലും ഒരു പരിചയപ്പെടൽ എന്ന് കൂട്ടിക്കോ’. നല്ല തന്ത്രം എന്ന് മാത്രം മനസ്സിൽ കരുതിയെങ്കിലും പറഞ്ഞില്ല.

‘അഹിന്ദു’വായ രാഹുലിനും ‘ഹിന്ദുവിരുദ്ധ’നായ നെഹ്രുവിനും ഇന്ത്യയില്‍ എന്ത് കാര്യം: മോദി ചോദിക്കുന്നു

അന്ന് വൈകുന്നേരം വീടിനടുത്തുള്ള പെട്ടിപ്പീടികയിൽ നിന്നും സിഗരറ്റു വാങ്ങി മടങ്ങുമ്പോൾ ഇതാ തൂ മന്ദഹാസം വിതറി മഖനയിട്ട ഒരു പെൺകുട്ടി. താനാണ് ഷാഹിനയെന്നും മൊയ്‌ദീൻ പറഞ്ഞില്ലേയെന്നും ചോദിച്ചു.

അന്ന് രാത്രിയിൽ വീക്ഷണത്തിലും പിന്നീട് എ ഐ ആറിലും ജോലി നോക്കിയിരുന്ന എപി മൂസ്സാൻ കുട്ടി (കഴിഞ്ഞ വര്‍ഷം അന്തരിച്ചു) കാണാൻ വന്നു. അയാളും എന്റെ കോളനിയിൽ തന്നെ. എപി അബ്ദുള്ളക്കുട്ടിയുടെ അമ്മാവനും മുല്ലപ്പള്ളിയിലൂടെ പഴയ സെക്രട്ടറിയുമായിരുന്ന അയാൾക്കും എന്റെ രാഷ്ട്രീയം അറിയായ്കയല്ല. എങ്കിലും കാര്യങ്ങൾ പരസ്പരം പറയുന്ന ഒരു ശീലത്തിനപ്പുറം ഒരു പത്രപ്രവർത്തകൻ എന്ന നിലക്ക് ഞാൻ എല്ലാവരുമായി പുലർത്തിപോന്നിരുന്ന നല്ല ബന്ധം കൂടി ഓർത്തുകൊണ്ടാവണം എന്ന് കരുതിയ എനിക്ക് തെറ്റി. അയാൾക്കും പറയാനുണ്ടായിരുന്നത് ഷാഹിന മുൻപ് ഒരു നസ്രാണി ആയിരുന്നുവെന്നു തന്നെയായിരുന്നു. പള്ളിയിൽ പോകാത്ത എന്നോട് പള്ളിക്കാര്യം പറഞ്ഞിട്ട് എന്ത് കാര്യം എന്ന് ചോദിച്ചു മൂസാക്കയെ മടക്കി. എങ്കിലും ഏറെയൊന്നും സഹായമില്ലാതെ തന്നെ ഷാഹിന സി പി എം കുത്തകയാക്കി വെച്ചിരുന്ന ഞങ്ങളുടെ വാർഡിൽ നിന്നും വിജയിച്ചു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പുതുതായി രൂപീകരിക്കപ്പെട്ട കണ്ണൂർ കോര്‍പ്പറേഷനിൽ ലയിപ്പിക്കപ്പെട്ട അതേ വാർഡ് ഉൾപ്പെടുന്ന ഡിവിഷനിൽ നിന്നും ജയിച്ചു കൗൺസിലറുമായി.

രാഹുല്‍ ഗാന്ധി തേച്ചുമിനുക്കുന്നത് തിളങ്ങുന്ന വജ്രമാകുമോ? ഡിസംബര്‍ 18-ന് അറിയാം

ലവ് ജിഹാദ് വിഷയം കൊടുമ്പിരികൊണ്ട വേളയിൽ ഒരിക്കൽ മൊയ്ദീനോട് തിരക്കി അവരുടെ വിവാഹത്തിന് എതിർപ്പുണ്ടായോ എന്ന്. ഉണ്ടായിരുന്നു എന്ന് തന്നെയായിരുന്നു മറുപടി. ആരോടൊക്കെയോ കടം വാങ്ങിയ കാശുമായി ഒരു ടാക്സി വിളിച്ചു കൊണ്ടുപോയി വിളിച്ചിറക്കി കൊണ്ടുവരുകയ്യായിരുന്നത്രെ. രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപായിരുന്നു ഇത്. മൊയ്‌ദീൻ-ഷാഹിന ദമ്പതികളുടെ മൂത്ത പുത്രി ജാസ്മിൻ ഇപ്പോൾ ഒരു അമ്മയും ഗൾഫിൽ ഒരു സ്കൂളിൽ അധ്യാപികയുമാണ്.

“നിങ്ങൾ എന്താ ഒന്നും മിണ്ടാതിരിക്കുന്നത്?” എന്റെ നിശ്ശബ്ദതയിലേക്കു നീട്ടിയെറിഞ്ഞുകൊണ്ടു മൊയ്‌ദീൻ വീണ്ടും ചോദിക്കുന്നു. മറുപടിക്കു കാക്കാതെ അയാൾ പറഞ്ഞു: “നിങ്ങള് ഓഖിയെ ഓർത്തു ബേജാറാവണ്ട. ഇക്കുറി ഓഖിയും മോദിയും ഒരുമിച്ചാണ് ഗുജറാത്തിൽ എത്തുന്നത്”.

ശരിയാണല്ലോ. ഇക്കുറി രണ്ടു പേരും ഒരുമിച്ചു തന്നെയല്ലേ ഗുജറാത്തു പര്യടനം എന്ന് അറിയാതെ പറയുക മാത്രമല്ല മൊയ്ദീനെ നോക്കി ഒന്ന് ചിരിക്കുക കൂടി ചെയ്തു. മൊയ്‌ദീൻ വിടുന്ന മട്ടില്ല. അയാൾ തുടർന്നു; “ഇത്തവണ ഞാൻ ഗുജറാത്തിൽ പോയിരിരുന്നു. ഞങ്ങളുടെ കൺസൈൻമെൻറ് അവിടേക്കാണ് വന്നത്. പത്തു ദിവസം അവിടെ ഉണ്ടായിരുന്നു. ഒന്നും നടക്കില്ല. ഞങ്ങളുടെ പാർട്ടിക്ക് അവിടെ അടിത്തറ ഇല്ല.”

കാശി വിശ്വനാഥ ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി നിസ്‌കരിക്കുകയായിരുന്നോ: യോഗി ആദിത്യനാഥ്

രണ്ടു ചുഴലികൊടുങ്കാറ്റ് ഒരുമിച്ചു ആഞ്ഞു വീശുന്ന ഗുജറാത്തിൽ ഏതാണ് കൂടുതൽ കൂടുതൽ നാശം വിതക്കുക എന്ന ചിന്ത രാവിലെ ഡെക്കാൻ ക്രോണിക്കിളിൽ ‘Hindutva clone not needed: FM’ എന്ന കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പ്രസ്താവന വായിച്ചപ്പോൾ മുതൽ മനസിലേക്ക് തള്ളി വരുന്നുണ്ടായിരുന്നു. മൊയ്ദീനെ ഞാൻ മറന്നു. ചിന്തകൾ അരുൺ ജെയ്റ്റ്ലി എന്ന ഒരു മാന്യ ദേഹം ഇന്നലെ നടത്തിയ വർഗീയ തൂറ്റലിലേക്കു ഓഖിയെക്കാൾ വേഗത്തിൽ പാഞ്ഞു പടർന്നു കയറി. തങ്ങളാണ് യഥാർത്ഥ ഹിന്ദു വാദികളെന്നും രാഹുൽ ഗാന്ധിയെ പോലെ ക്ലോൺ ചെയ്യപ്പെട്ട വരെ ഗുജറാത്തിനു വേണ്ട എന്നുമാണ് ഇന്നലെ ജെയ്റ്റ്ലി സൂറത്തിൽ പറഞ്ഞത്. രാഹുലിന്റെ ക്ഷേത്ര ദർശനങ്ങൾ ആണ് ജെയ്റ്റ്ലിയിലെ പ്രകോപിപ്പിച്ചത് എന്നത് വ്യക്തം. പക്ഷെ അദ്ദേഹം ഉപയോഗിച്ച വാക്കുകളിലെ അമാന്യത എത്രകണ്ട് അംഗീകരിക്കാനാവും. ജെയ്റ്റ്ലിയെ പോലെ ഒരാൾ വെറും ഒരു തുപ്പൽ കോളാമ്പിക്കും അപ്പുറം പുറത്തേക്കു തുപ്പുന്ന ഒരു യന്ത്രമാവുമെന്നു ഒരിക്കലും കരുതിയതല്ല.

ക്ലോൺ ചെയ്യപ്പെട്ട ഹിന്ദു എന്നതുകൊണ്ട് ജെയ്റ്റ്ലി ഉദ്ദേശിച്ചത് ഈശ്വര വിശ്വാസ കച്ചവടക്കാരെ ശക്തിയുക്തം എതിർത്ത ജവഹർലാൽ നെഹ്രുവിന്റെ പുത്രി ഇന്ദിരക്ക് പാർസി മുസ്ലിം ആയ ഫിറോസ് ഗാന്ധിയിൽ പിറന്ന രാജീവ് ഗാന്ധിക്ക് സോണിയ എന്ന ഇറ്റലിക്കാരി നസ്രാണിയിൽ പിറന്ന രാഹുൽ ഒരു അർഥത്തിലും ഹിന്ദു അല്ലെന്നു തന്നെയാണ്. അങ്ങിനെയെങ്കിൽ കൂടെ കൊണ്ട് നടക്കുന്ന വരുൺ ഗാന്ധിയും ഇതേ ഇന്ദിരക്ക് ഫിറോസ് ഗാന്ധിയിൽ പിറന്ന സഞ്ജയ് ഗാന്ധിയുടെ പുത്രൻ തന്നെയല്ലേ എന്ന് എന്തുകൊണ്ട് അരുൺ ജെയ്റ്റ്ലി ചിന്തിക്കുന്നില്ല. ‘നീച യോനി സദ് യോനി’ വെച്ചുള്ള ഈ കളി സംഘികൾക്ക് യോജിക്കും. പക്ഷെ, ജെയ്റ്റ്ലി സാർ ഇത്തരം പ്രയോഗങ്ങൾ താങ്കളെപ്പോലെ ഒരാളുടെ നാവിനു ഒട്ടും ഇണങ്ങുന്നതല്ല.

മോദിയുടെ ശ്രദ്ധക്ക്: രാഹുല്‍ ഗാന്ധി ശരിക്കും ബ്ലാക്ക്ബെല്‍റ്റാണ് – ഐകിഡോ ബ്ലാക്ക്ബെല്‍റ്റ്‌

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍