വെറോണയുടെയും മിറാണ്ടിന്റെയും പ്രണയകഥ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്
പ്രണയം എത്രമേല്‍ മധുരതരമാണ്. അതിനിടയില്‍ ഇങ്ങനെയൊരു യാദൃശ്ചികത സംഭവിച്ചാലോ! ഉറപ്പ്, നിങ്ങളുടെ ഹൃദയത്തില്‍ നിറയുന്ന ആഹ്ലാദത്തിന് അതിരുകളേയുണ്ടാവില്ല…
ഈ പ്രണയകഥ കേട്ടു നോക്കു, നിങ്ങള്‍ അത്ഭുതപ്പെടും…
ലണ്ടന്‍ സ്വദേശിയായ വെറോണ കൊലിഖിയുടെ വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. പ്രതിശ്രുത വരന് മിറാണ്ട് ബുസാകു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പരസ്പരം അറിയാവുന്നവര്‍.
വിവാഹനിശ്ചയം കഴിഞ്ഞതിനുശേഷമുള്ള ഒരു ദിവസത്തില്‍ കൗതുകത്തിന്റെ പുറത്ത് മിറാണ്ടും വെറോണയും തങ്ങളുടെ ബാല്യകാല ചിത്രങ്ങളിലൂടെ മനസോടിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് കുട്ടികളായ വെറോണയും കസിന്സും ഒരു ബിച്ചില്‍ കരയോട് അഭിമുഖമായി നിലത്തിരിക്കുന്ന ഒരു ഫോട്ടോ വലിയൊരു അത്ഭുതം കൊണ്ടുവന്നത്.
അത് പത്തുവര്‍ഷം മുന്‍പുള്ള ചിത്രമായിരുന്നു. മോണ്ടിനെഗ്രോയിലുള്ള ഒരു ബീച്ചാണത്. ലണ്ടനില്‍ നിന്നാണ് വെറോണയും കുടുംബവും അവിടെയെത്തുന്നത്. അന്നവിടെ വച്ചെടുത്തൊരു ഫോട്ടോ വെറോണ മിറാണ്ടിനെ കാണിച്ചു. ആ ഫോട്ടോയില്‍ വെറോണയ്ക്കും കസിന്‍സിനും പിന്നിലായി ഒരു ആണ്‍കുട്ടി വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതായി കാണാം. ആ ആണ്‍കുട്ടി ധരിച്ചിരുന്ന ഷര്‍ട്ടും നിക്കറും മിറാണ്ടിനെ എന്തോ ഓര്മിപ്പിക്കുന്നുണ്ടായിരുന്നു. ആ ഓര്‍മകള്‍ ചെന്നു നില്ക്കുന്നതെവിടെയെന്ന് മനസിലായതോടെ അയാള്‍ പൊട്ടിച്ചിരിച്ചു. കാരണം അറിഞ്ഞതോടെ വെറോണയും.
ഞങ്ങള്‍ക്കു പിന്നിലായി വെള്ളത്തില്‍ കിടക്കുന്ന ആ ആണ്‍കുട്ടിയേയാണ് ഞാന്‍ വിവാഹം കഴിക്കുകയെന്ന് പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എങ്ങനെ അറിയാനാണ്! അതേ, ആ കുട്ടി മിറാണ്ട് ആയിരുന്നു. കൊസോവയില്‍ നിന്നായിരുന്നു മിറാണ്ട് അവിടെയെത്തിയത്; വെറണോ പറയുന്നു.
ആദ്യം ഞങ്ങള്‍ക്ക് സംശയം ബാക്കിയായിരുന്നു. അതുകൊണ്ട് ഈ കാര്യത്തെക്കുറിച്ച് മാതാപിതാക്കളോട് തിരക്കി. അതോടെ സംശയം മാറിക്കിട്ടി. പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് തീര്‍ത്തും അപരിചിതരായി ഞാനും മിറാണ്ടും ഒരേ ഫോട്ടോയില്‍ പതിഞ്ഞിരുന്നു.
പത്തുവര്‍ഷങ്ങള്‍ക്കുശേഷം വെറോണയും മിറാണ്ടും തമ്മില്‍ കാണുന്നത് 2016 ല്‍ ആയിരുന്നു. കൊസോവയില്വച്ച്. ദിവസവും ഞങ്ങള്‍ പരസ്പരം കാണുമായിരുന്നു, പക്ഷേ വലിയ പരിചയമൊന്നും ഉണ്ടായില്ല. 2017 ഓഗസ്റ്റില്‍ തുര്‍ക്കിയില്‍ വച്ചാണ് മിറാണ്ട് വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നത്.
പിന്നീടാണ് ഈ അത്ഭുതങ്ങളെല്ലാം നടന്നത്…
ഈ ഫോട്ടോയും അതു സമ്മാനിച്ച അത്ഭുതവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു വെറോണ…
ഞങ്ങളുടെ കുടുംബചിത്രത്തിന്റെ പശ്ചാത്തലത്തിലായി നീന്തിനടക്കുന്ന ആ ആണ്‍കുട്ടി ഇപ്പോള്‍ എന്റെ പ്രതിശ്രുത വരനാണ്; വെറോണ കുറിക്കുന്നു.
വെറോണ പങ്കുവച്ച ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു. ഈ ഫോട്ടോ ഷെയര്‍ ചെയ്യുന്നവര്‍ അവരവരുടെ പ്രണയാനുഭവങ്ങളും പങ്കവയ്ക്കുന്നുമുണ്ട്…