UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ക്കാണ് ശമ്പളം വര്‍ധിച്ചത് അഥവാ പ്രോലിറ്റേറിയന്‍സിനെന്താ ഈ വീട്ടില്‍ക്കാര്യം?

പ്രിയന്‍ അലക്‌സ്‌

സര്‍ക്കാരുദ്യോഗസ്ഥര്‍ക്കുമാത്രമായി ഇവിടെ ബിരിയാണി വിളമ്പിക്കൊണ്ടിരിക്കുന്നു എന്നമട്ടില്‍ പറയുന്നതെന്തിനാണെന്നോ? അങ്ങനെ പറയുന്നവര്‍ക്ക് ചില കാരണങ്ങളുണ്ട്. ചില കടും വെട്ട് ബോധ്യങ്ങള്‍. മണിചിത്രത്താഴ് സിനിമയില്‍ ഡോ. സണ്ണിയും ബ്രഹ്മദത്തന്‍ നമ്പൂതിരിയും കൂടി തളച്ച നാഗവല്ലി പൂട്ടുപൊളിച്ചെത്തിയപോലെ അടിയന്തരാവസ്ഥയുടെ പ്രേതം ഇവരുടെ മനസില്‍ അലഞ്ഞുനടപ്പുണ്ട്. അവര്‍ക്കറിയാം അക്കാലത്ത് സര്‍ക്കാരോഫീസുകള്‍ ഘടികാരസൂക്ഷ്മതയോടെ (clock work precision) പ്രവര്‍ത്തിച്ചിരുന്നു. അഞ്ച് മിനിട്ട് വൈകിയാല്‍ കാരണം കാണിക്കല്‍ നോട്ടീസാണ്. ആകസ്മികമായ അവധിയായാല്‍പ്പിന്നെ സസ്‌പെന്‍ഷനാണ്. ചോദ്യവും പറച്ചിലുമില്ല. ഉച്ചയൂണിന് വെറും അരമണിക്കൂറേയുള്ളൂ. ചില ഓഫീസുകളില്‍നിന്ന് ആരും ഇടയ്ക്ക് പുറത്തുപോവാതിരിക്കാനായി പൂട്ടിയിട്ടുപ്രവര്‍ത്തിച്ചു. നിവേദനം നല്‍കാനായി മന്ത്രിയെക്കാണാനെത്തിയ ജീവനക്കാരനോട് താനിന്ന് ലീവാണോ എന്നതാണ് ആദ്യത്തെയും അവസാനത്തെയും ചോദ്യം. കെ എസ് ആര്‍ റൂള്‍ 60 A ഭേദഗതി ചെയ്ത് നടപ്പാക്കിയതും അന്നാണ്. സസ്‌പെന്‍ഷനുകളുടെയും പിരിച്ചുവിടലുകളുടെയും വിവരങ്ങള്‍ റേഡിയോയില്‍ നിരന്തരം വാര്‍ത്തയായി കേള്‍പ്പിച്ചുകൊണ്ടിരുന്നു. പിരിച്ചുവിടുക എന്നത് സര്‍ക്കാര്‍ നയമാണെന്ന് മുഖ്യമന്ത്രി സി അച്യുതമേനോന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. അതൊക്കെ വെറും കഥകളായി മാറുകയില്ല ഇന്നും. ജോലികിട്ടിയിട്ട് വേണം ലീവെടുക്കാന്‍ എന്ന് നാടോടിക്കാറ്റിലെ ദാസന്‍ (പാവം മയ്യഴിപ്പുഴയിലെ ദാസേട്ടന്റെ അസ്തിത്വദുഖം ലവന്‍ നശിപ്പിച്ചു) പറയുന്നത് ആവര്‍ത്തിക്കുന്നവരറിയുന്നുണ്ടോ കാഷ്വല്‍ ലീവും, പ്രസവാവധിയും, ആര്‍ജിതാവധിയുമൊക്കെ നിരന്തരമായ സമരങ്ങളിലൂടെ നേടിയതാണെന്ന്. ഒന്നും എളുപ്പമായിരുന്നില്ലെന്ന്. സംഘടിതവിലപേശല്‍ എന്നൊക്കെ ലളിതവല്‍ക്കരിക്കാന്‍ നമുക്ക് ഇങ്ങനെയൊരു പില്‍ക്കാലവര്‍ത്തമാനത്തിലേ കഴിയൂ. ആരും വെള്ളിത്തളികയിലൊന്നും ദാനമായി തന്നിട്ടില്ല. അന്നും ഇപ്പോഴും. വരമ്പത്ത് കൂലി നല്‍കുന്നതിനോട് വിമുഖതയോ വിയോജിപ്പോ തോന്നുന്നെങ്കില്‍ അത് ഫ്യൂഡല്‍ മാടമ്പി മനോനില മൂലമാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമപരമായോ, ധാര്‍മ്മികമായോ, ഭരണഘടനാപരമായോ പണിമുടക്കാന്‍ അവകാശമില്ലെന്ന് സുപ്രീം കോടതി വിധിയുണ്ട് എന്നതു സത്യമാണ്. 2003-ല്‍ ജയലളിത 1,70,241 ജീവനക്കാരെ അതീവലളിതമായി പിരിച്ചുവിട്ടതുമാണ്. കേരളത്തിലെ ജീവനക്കാരും അത്തരത്തില്‍ ഏറ്റുമുട്ടി മരിക്കാന്‍ തയ്യാറാണ്. (എത്ര കെ എസ് ആര്‍ ടി സി പെന്‍ഷന്‍കാര്‍ ഇതിനകം ആത്മഹത്യ ചെയ്തുകഴിഞ്ഞു?) പക്ഷെ ഉമ്മന്‍ ചാണ്ടി നല്ലവനാണ്. ദൈവമാണ്, തമ്പ്രാനാണ്. (തമ്പ്രാനെന്ന് വിളിപ്പിക്കും, പാളേല്‍ കഞ്ഞി കുടിപ്പിക്കും, ഹയ്യോ ഹയ്യോ) ആ ഒരു വ്യാജ ഉദാരതയിലാണ് എല്ലാവരുടെയും പ്രതീക്ഷ. ആ നിലയ്ക്ക് ഈ റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടി തള്ളിയാലും സ്വീകരിച്ചാലും കൂടെ ജനമുണ്ടാവും. അതാണല്ലോ നമ്മുടെ പൊതുസമൂഹത്തിന്റെയും, നിയമത്തിന്റെ വഴിയെപോണ നിയമത്തിന്റെയും ആര്‍ക്കിയോളജിയും ജീനിയോളജിയും. അല്ലെങ്കില്‍ നമ്മുടെ പൊതുബോധം പട്ടിണിയിലായിപ്പോവില്ലേ? രാഷ്ട്രീയക്കാര്‍ക്ക് ഉദ്യോഗസ്ഥരെയും, ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയക്കാരെയും തെറി പറയണം. മാധ്യമങ്ങള്‍ക്ക് ഇവരെ രണ്ടുകൂട്ടരെയും വിമര്‍ശിക്കണം. കോടതി ഇത്തരം വിധിപ്രസ്താവങ്ങള്‍ നടത്തും കാരണം അവരുടെ ശമ്പളമൊക്കെ വളരെ സുരക്ഷിതമാണ്, അതൊരിക്കലും കുറയ്ക്കാനാവില്ല. സമരക്കാര്‍ മടുത്ത് ജോലിക്ക് തിരികെക്കയറുന്നത് കാല്‍ക്കാശിന് ഗതിയില്ലാത്തതുകൊണ്ടാണ്. ഓലപ്പാമ്പായതുകൊണ്ടോ കീശവീര്‍ത്തതുകൊണ്ടോ അല്ല. അത് വ്യക്തമാണല്ലോ. ഈ കമ്മിറ്റി റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് സ്വീകാര്യമല്ലെന്നിരിക്കെ അത് ജനങ്ങള്‍ക്ക് സ്വീകാര്യമാവുമോ? അങ്ങനെയാണോ അതിന്റെ ദ്വന്ദവല്‍ക്കരണം അഥവാ അകം/പുറം മാനസികനില വിവരിക്കാനാവുക?

നമ്മുടെ സാമൂഹികഭൂപടം not to the scale ആണ്. മാനകങ്ങള്‍ തനിക്കുതോന്നിയവിധം വരച്ച് തന്റെ രാജ്യത്തെ തനിക്കുവേണ്ടുംവിധം വലുതാക്കുന്ന കുട്ടിക്കളിയാണത്. ഇവിടെ വരുമാനനികുതി കൃത്യമായടയ്ക്കുന്നത് ഉദ്യോഗസ്ഥര്‍ മാത്രമല്ലേ? 3.5 കോടി ജനങ്ങളില്‍ ഈ പത്തുലക്ഷം പ്രത്യക്ഷമായിത്തന്നെ ഇന്‍കം ടാക്‌സ് അടയ്ക്കുന്നുണ്ട്. ഹൗസിങ്ങ് ലോണെടുത്ത് വീടുവെക്കുകയോ, ലോണെടുത്ത് കാര്‍ വാങ്ങുകയോ ചെയ്യുന്നത് അപരാധമാണോ? അവരെയും പെറ്റിബൂര്‍ഷ്വാവല്‍ക്കരിച്ച് അന്യവല്‍ക്കരിക്കുന്നതാണോ, കൂലിയില്ലെങ്കില്‍ ജീവിതമില്ല എന്ന തിരിച്ചറിവുനല്‍കി പ്രോലിറ്റേറിയറ്റ്‌വല്‍ക്കരിക്കുന്നതാണോ നല്ലത്?

നമ്മുടെ വര്‍ത്തമാനകാലത്തെ ഭാവിയുടെ മുന്‍രൂപമായി അവതരിപ്പിക്കാമെങ്കില്‍ പ്രോലിറ്റേറിയനിസത്തില്‍ കടിച്ചുതൂങ്ങിക്കിടക്കേണ്ട കാര്യമുണ്ടോ? സ്വകാര്യമേഖലയ്ക്കുതകും വിധം, സ്വയം തൊഴില്‍ കണ്ടെത്തും വിധമുള്ള വിദ്യാഭ്യാസമല്ലേ നമുക്കുള്ളത്. കരഞ്ഞും കാലുപിടിച്ചും ഉണ്ണിയെ രക്ഷിക്കേണ്ട പൂതപ്പാട്ടിലെ അമ്മയുടെ രൂപത്തില്‍ സ്റ്റേറ്റ് ഫിനാന്‍സിനെ രക്ഷിക്കാന്‍ വേണ്ടി നിലവിളിക്കുന്നവര്‍ ശമ്പളവും പെന്‍ഷനും നല്‍കി മുടിഞ്ഞുപോയി എന്നാണുപറയുന്നത്. ഇതാണല്ലോ ഖജനാവിന്റെ ശരിക്കുള്ള നഷ്ടം. പാട്ടബാക്കി പിടിച്ചുവെക്കാതെ തമ്പ്രാന്റെ പട്ടിണിയകറ്റാന്‍ കഴിയാതിരുന്ന ഫ്യൂഡല്‍ ദാരിദ്ര്യമാണോ ഇന്നത്തെ ഗവണ്മെന്റിനുള്ളത്. ഇത് മറ്റൊരുതരം ആന്തരികവൈരുദ്ധ്യത്തെക്കുറിച്ച് നമ്മോട് സംസാരിക്കുന്നുണ്ട്. ബ്യൂറോക്രസിയെ ഇല്ലാതാക്കല്‍ സാധ്യമല്ല. ലോകത്തൊരിടത്തും അത് സാധ്യമല്ല അത് ഏതുതരം ഗവണ്മെന്റായാലും. ബ്രിട്ടീഷുകാര്‍ പോയപ്പോഴും അവരുടെ ഉദ്യോഗസ്ഥസമ്പ്രദായം അതേപടി നമ്മള്‍ സ്വീകരിച്ചു. അവരുടെ കാര്യക്ഷമത ഉയര്‍ത്തേണ്ടതും ആവശ്യമാണ് പക്ഷെ അത് ജീവനക്കാരനെ വിശ്വാസത്തിലെടുക്കാതെ സാധ്യമല്ല. ഒരു ജീവനക്കാരനൊറ്റയ്ക്ക് നന്നാവാനോ നല്ലവനാകാനോ കഴിയില്ല. സ്ത്രീജീവനക്കാര്‍ക്കും ഇത് ബാധകമാണ്. അശോകന്‍ ചെരുവില്‍ അതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. പൊടിതൂത്ത നോട്ടുകൊണ്ട് പിടിക്കാവുന്ന അഴിമതിയേ ഇവിടെയുള്ളൂ. ചെറിയ കള്ളന്‍, വലിയ കള്ളന്‍ എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമുണ്ടോ എന്നറിയില്ല. പക്ഷെ അഴിമതിയെ ഒറ്റയ്ക്ക് ആര്‍ക്കും, ഒരു ജീവനക്കാരനുമൊറ്റയ്ക്ക് തുടച്ചുനീക്കാനാവില്ല. ആത്മാര്‍ത്ഥത കൊണ്ട് ഒരു പാത്രം കഞ്ഞിയുണ്ടാവില്ല എന്ന് ഉമേഷ് ബാബു എഴുതിയത് പോലെ ജീവനക്കാര്‍ക്ക് ആത്മാര്‍ത്ഥത മാത്രം പോരാ. ആദര്‍ശം കൊണ്ട് ഒരുകാലത്ത് ആന്റണിക്ക് ജീവിക്കാന്‍ കഴിഞ്ഞത്, എലിസബത്തിന് ജോലി ഉള്ളതുകൊണ്ടാണെന്ന് പറയാന്‍ കഴിയുമോ? എങ്കിലതില്‍ കാര്യമുണ്ട്. മാന്യമായി, സാമൂഹികമായ ചലനാവസ്ഥ ഉറപ്പുതരുന്ന ശമ്പളവും ആനുകൂല്യങ്ങളും ഉണ്ടായേ തീരൂ. 2% മുതല്‍ 20% വരെ വര്‍ദ്ധനവിനെ 80% വര്‍ദ്ധനവ് എന്ന് പറയുന്നത് ക്ഷാമബത്ത ഇല്ലാതായത് പരിഗണിക്കാതെയാണ്. കണക്കിന്റെ കളി എന്നുപറഞ്ഞാലതാണ്. വര്‍ത്തമാനകാലത്തെ മുന്‍ഭാവിയായി പരിഗണിക്കാമെങ്കില്‍, അതായത് ഇനി 10 വര്‍ഷത്തേക്ക് ശമ്പളപരിഷ്‌കരണമില്ലെങ്കില്‍ ഇപ്പോള്‍ ലഭിച്ച അടിസ്ഥാനശമ്പളം പോലും തീരെ അപര്യാപ്തമാണ്. അതിനെ ഭാവിയുടെ നിഗമനങ്ങള്‍ക്ക് വിടാം. അഞ്ചുവര്‍ഷത്തിലൊരിക്കലുള്ള ശമ്പളപരിഷ്‌കരണത്തിനുവേണ്ടിയുള്ള ജീവനക്കാരുടെ സമരങ്ങളെല്ലാം തിരസ്‌കരിക്കപ്പെട്ട തീര്‍ത്തും പ്രതിലോമകരമായ സാഹചര്യത്തില്‍നില്‍ക്കുമ്പോഴാണ് ജീവനക്കാര്‍ കയ്യൂക്ക് കൊണ്ട് എന്തൊക്കെയൊ നേടി എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത്. ബര്‍ണാഡ് ഷാ പറഞ്ഞ ആ കള്ളന്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയില്ല എന്നതാണ് വര്‍ത്തമാനകാലത്തിന്റെ ദുരന്തം. മറ്റൊന്നുകൂടി ഷാ പറഞ്ഞിട്ടുണ്ട് എല്ലാം തുറന്നുപറയുന്നത് ഹാസ്യമാണെന്ന്. നമ്മള്‍ നമ്മോട് പറയുന്ന ഇത്തരം തമാശകളേക്കാള്‍ അപമാനവീകരിക്കപ്പെട്ടതായി മറ്റൊന്നുമില്ലല്ലോ. 1957-ലെ സര്‍ക്കാര്‍ നല്‍കിയ സംഘടിക്കാനുള്ള അവകാശം പോലും എന്ന് ചോദ്യം ചെയ്യപ്പെടും എന്നതാണ് ശരിക്കുള്ള ചോദ്യം.

അപ്പോള്‍ ശരിക്കും ജനത്തിനുവേണ്ടി സംസാരിക്കുന്നു എന്ന് ഭാവിക്കുന്നവരുടെ പ്രശ്‌നമെന്താണ്? സര്‍ക്കാരുദ്യോഗം ഒരു തരം സാമ്പത്തികസവര്‍ണ്ണത പകര്‍ന്നുനല്‍കുന്നുണ്ട്. അവര്‍ണ്ണന് വേണ്ടിയുള്ള അവസാനത്തെ വില്ലുവണ്ടിയാണത്. ഈ സര്‍ക്കാരുദ്യോഗസ്ഥരില്‍ത്തന്നെ എത്ര ക്ലാസുകളുണ്ട്. എത്ര സ്‌കെയിലുകളുണ്ട്. പലരുടെയും വീട്ടിലെ സാഹചര്യങ്ങള്‍ പലതരമാണ്. ഒരു പ്യൂണിന് ഇത്രയേറെ ശമ്പളം ലഭിക്കും എന്നതാണോ നിങ്ങളെ അലട്ടുന്നത്? എങ്കില്‍ നിങ്ങളുടെ അസുഖം വേറെയാണ്. മനോരമയും മാതൃഭൂമിയും ശമ്പളപരിഷ്‌കരണത്തിലെ യഥാര്‍ത്ഥ പരിഷ്‌കരണത്തെക്കുറിച്ച് നിങ്ങളോട് പറയില്ല. അതായത് എത്രയാണ് യഥാര്‍ത്ഥത്തില്‍ വര്‍ധിക്കുന്നത്? മറിച്ച് സേവനങ്ങളെക്കുറിച്ച് വ്യാകുലപ്പെടും. ആര്‍ക്കുലഭിക്കുന്ന സേവനമെന്നതാണ് വലിയ ചോദ്യം. സേവനം നല്‍കുക എന്നത് ഒരു കടമ മാത്രമാണ്. അത് പലപ്പോഴും വ്യവസ്ഥ നിഷ്‌കര്‍ഷിക്കുന്ന കടമയാണ്. തിന്നുന്ന രാജാവിന് തലോടുന്ന മന്ത്രിയുണ്ടാവില്ല എന്ന് സാരം. ഈ കടമ ഉദ്യോഗസ്ഥര്‍ മാത്രമല്ല നിര്‍വ്വഹിക്കുക.അതിന് രാഷ്ട്രീയക്കാരും നിയമവും വേണം. ജനകീയാസൂത്രണത്തിനുശേഷം രാഷ്ട്രീയക്കാരന്റെ ശാക്തീകരണമാണുണ്ടായത്. പഞ്ചായത്ത് അംഗത്തിന് ഏതാഫീസിലും കസേരയുണ്ടായി എന്നതാണ് മെച്ചം. അത് ഉദ്യോഗസ്ഥരെ കൂടുതല്‍ കൂടുതല്‍ പ്രവൃത്തിപരമായി തൊഴിലാളിവല്‍ക്കരിച്ചു. നിങ്ങളിനിയും ബൂര്‍ഷ്വാസിയെ തിരയുകയാണോ? പെറ്റിബൂര്‍ഷ്വാ അല്ലേ ഈ ഉദ്യോഗസ്ഥരെല്ലാം എന്ന് വാദിക്കുകയാണോ? നിങ്ങള്‍ ലുമ്പന്‍ ബൂര്‍ഷ്വാസിയായി ചമയാറില്ലേ എന്ന് ഞങ്ങളുടെ ഹൗസിങ്ങ് ലോണ്‍, കാര്‍ ലോണ്‍ എന്നിവ കണ്ടിട്ട് കുറ്റപ്പെടുത്തുകയാണോ? ഇങ്ങനെ ശമ്പളമൊക്കെ നല്‍കി ജീവനക്കാരെ സമാധാനിപ്പിച്ചാല്‍ പിന്നെങ്ങനെ വിപ്ലവം വരാനാണ് എന്ന സദുദ്ദേശ്യപരമായ വ്യാകുലതയാണോ? റിബലാവാന്‍ കഴിയാത്ത, അവനവന്‍ തന്നെ കെട്ടുകഥയാവുന്ന കാലം നമ്മോടെന്ത് ചോദിക്കാനാണ്? വിട്ടുകള. കിട്ടുന്നതും വാങ്ങിച്ച് ഈ നായാടികള്‍ പൊയ്‌ക്കോട്ടെ.

അധികാരം അറിവിനോട് ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെയെന്ന് നമുക്ക് വിശദീകരിച്ചുതന്നത് ഫൂക്കോയാണ്. സര്‍ക്കാര്‍ സംവിധാനത്തെയും നടപടിക്രമത്തെയും കുറിച്ച് അറിവ് ലഭിക്കായ്കയുണ്ടോ ഇപ്പോഴും? വിവരാവകാശനിയമത്തിനുശേഷം അത്തരമൊരാശങ്കയ്ക്ക് സ്‌കോപ്പില്ല. പക്ഷെ പ്രശ്‌നമുദിക്കുന്നത് മറ്റൊരുവിധത്തിലാണ്. മന്ത്രിമാരുടെ ഓഫീസില്‍ പലതിനും നടപടിക്രമമില്ല. ഇച്ഛ, ഇഷ്ടം, അനിഷ്ടം, പ്രീതി, അപ്രീതി, കാര്യസിദ്ധി, കാര്യലാഭം എന്നിങ്ങനെയുള്ള മനോവിശ്ലേഷണപരമായ വികാരങ്ങളേയുള്ളൂ. അതൊക്കെ മനസിലാക്കാന്‍ പുല്ലാട്ടുപുറം ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടോ, ഡോ. സണ്ണിയോ വേണ്ടല്ലോ അല്ലേ? പക്ഷെ ഒന്നുണ്ട്. അതുക്കുമ്മേലെയുള്ള ഈ ഫിസിക്‌സ് താഴെത്തട്ടില്‍വരെ ഒരു മൈക്രോഫിസിക്‌സിന് ജന്മം നല്‍കുന്നുണ്ട്. ഇതൊക്കെ താഴെത്തട്ടുവരെ പടരുന്നുണ്ട്. സൈക്കോസിസല്ല ന്യൂറോസിസാണ്. അപ്പോഴാണ് കെമിസ്ട്രിയിലെ സംശയം ഫിസിക്‌സിലെ സംശയമാവുന്നത്. ഓര്‍ക്കുക നമ്മള്‍ ദൃശ്യത്തിലെ ജോര്‍ജിനെയല്ല, പ്രേമത്തിലെ അവളുടപ്പന്‍ ജോര്‍ജിനെയാണ് ഫോണ്‍ ചെയ്യുന്നത്. അധികാരം അതിനിരയാകുന്നവരെയും സ്വാധീനിക്കും. സാമാന്യവാദവും, അപവാദവും, ഭ്രാന്തനും, വിവേകിയും, ക്രിമിനലും ആയി സമൂഹം അതിന്റെ രൂപത്തെ നിരന്തരം പരിഷ്‌കരിക്കുന്നു. എല്ലാത്തിനും കാരണം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടാണല്ലോ അല്ലേ?

എഴുനൂറ് പേജുണ്ട് ഈ ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്. നാളിതുവരെ ജീവനക്കാര്‍ക്ക് പലതട്ടിലും ഉണ്ടായിരുന്ന പല അലവന്‍സുകളും ഇല്ലാതായി. നിലവിലുള്ള അടിസ്ഥാനശമ്പളത്തില്‍ ക്ഷാമബത്ത ലയിപ്പിച്ചാണ് പുതിയ അടിസ്ഥാനശമ്പളത്തിലെത്തിച്ചേര്‍ന്നത്. (ശമ്പളക്കമ്മീഷന്‍ ഇഷ്ടദാനം നടത്തുകയോ സ്വയം ഒരു വെളിപാടുപോലെ ഒരു തുക കണ്ടെത്തുകയോ ആയിരുന്നില്ല എന്ന് സാരം) അതായത് ഇനി ക്ഷാമബത്ത വേണമെങ്കില്‍ വിലകൂടണം. അത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണം. ഇവിടതുകിട്ടാന്‍ നാലുമാസമോ ആറുമാസമോ കഴിയും. കേന്ദ്രപാരിറ്റി എന്ന നടപ്പാവാത്ത ആവശ്യം കാലാകാലങ്ങളായി കോണ്‍ഗ്രസ് അനുഭാവസംഘടനകളാണുന്നയിക്കുന്നത്. ശരി തന്നെ. പല അലവന്‍സുകളും ഇല്ലാതായി. എന്നാലോ എത്ര കൂടിയിട്ടുണ്ട് ശമ്പളം? വിവിധ സ്‌കെയിലുകളിലെല്ലാംകൂടി ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴത്തതിനേക്കാള്‍ 115% വരെ വര്‍ധനവ്. ഇതാണോ ഭീമമായ വര്‍ധനവ്? ചിരിക്കാന്‍ മറക്കരുതേ. ഇതാണോ കേരളത്തെ പ്രതിസന്ധിയിലാക്കുക? ചിരിക്കണോ അതോ കരയണോ? പിക്കാസോയോ അതോ ഡാവിഞ്ചിയോ? 2000 രൂപ മുതല്‍ 12000 രൂപവരെ ആര്‍ക്കാണ് വര്‍ധിച്ചത്? 70 രൂപ മുതല്‍ 6000 രൂപ വരെയാണ് യഥാര്‍ത്ഥ വര്‍ധനവ്. വര്‍ധനവിന്റെ തോതൊക്കെ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ഡി എ ലയിപ്പിച്ച ശേഷം നല്‍കിയ ഫിറ്റ്‌മെന്റ് അസാധുവാകുന്നതരത്തില്‍ അലവന്‍സുകളില്‍പ്പലതും നീക്കം ചെയ്യപ്പെട്ടു. അതാണ് നേര്.

മൂലധനപക്ഷത്ത് നിന്ന് ജനങ്ങള്‍ക്കുവേണ്ടി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ചിന്തിച്ച് ഇത്രയൊക്കെ ചെയ്യുന്ന രാമചന്ദ്രന്‍ നായര്‍ കമ്മിറ്റിയുടെ ചെലവുകള്‍ എത്രയാണെന്ന് ചോദിക്കുന്നില്ല. കാരണം നമ്മളാ ടൈപ്പല്ല. കൂടുതല്‍ കാശ് കിട്ടിയാല്‍ കയ്ക്കുമോ എന്നേ കരുതേണ്ടതുള്ളൂ. പക്ഷെ കാരണമതല്ല. ചിന്തിക്കുന്നവരെല്ലാം ചിന്തിക്കാത്ത നിലയിലേക്ക് മടങ്ങിപ്പോവുന്ന (ചിന്ത എന്നത് അബോധപരമായ പ്രവര്‍ത്തനമാണോ?) ഒരു വ്യവസ്ഥിതിയിലും വ്യവഹാരത്തിലും വലിയ പ്രതീക്ഷയൊന്നുമില്ലാത്ത, ഒരിതും തോന്നുന്നില്ലെങ്കിലും, ഇതുകൊണ്ടൊന്നും സാമാന്യബുദ്ധിയുടെ യുക്തി അവസാനിക്കില്ലെങ്കിലും, ശമ്പളം കയ്യില്‍ കിട്ടുന്നോര്‍ക്കറിയാം അതിനെന്തൊക്കെ ചെലവുണ്ടെന്ന്. കൂടിയാലും കുറഞ്ഞാലും അതെത്രവരുമെന്ന്. കാണം വിറ്റും ഓണമുണ്ണുന്ന ഭാഷയിലാണല്ലോ ഉള്ളതുകൊണ്ട് ഉണ്ണുന്ന ഓണവുമുള്ളത്. ഉദ്യോഗസ്ഥന്‍ വീണ്ടും ഉദ്യോഗസ്ഥനിലേക്ക് മടങ്ങുന്ന രീതിയിലാണ് കാര്യങ്ങളെല്ലാം. ഉദ്യോഗസ്ഥനറിയാം, അയാളെന്താണെന്നും, അയാളെന്തല്ലെന്നും. ആട് അങ്ങാടിവ്യാപാരമൊന്നുമറിയുന്നില്ലെന്നാണ് വയ്പ്പ്. ജനാധിപത്യത്തെയോ, അവകാശസമരത്തെയോ, വികസനമോഹത്തെയോ തോളിലേറ്റേണ്ട കാര്യവുമില്ല. ദേ, അവര് കേക്ക് തിന്നുന്നു എന്ന്! പറയുന്നതിലെന്ത് കാര്യം? കയ്യിലുള്ള ബ്രഡ് തിന്നുമ്പോള്‍ അത് കേക്കാണെന്ന് ഞങ്ങള്‍ പറയാറുണ്ട്. എന്നുവെച്ച് ഞങ്ങള്‍ കേക്ക് തിന്നുന്നു എന്ന് നിങ്ങള്‍ കൂടെക്കൂടെ പറയരുത്. (ഇന്ത്യന്‍ റുപ്പി സിനിമയില്‍ ജയപ്രകാശ് എന്ന ജെപി പറയുന്ന ഡയലോഗ് സ്‌ട്രെയിറ്റായി ഉമ്മന്‍ ചാണ്ടിയോടും അയാള്‍ക്കുവേണ്ടി കോളമെഴുതുന്നയാളോടും പറയേണ്ടതാണ്.)

(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്ററിനറി സര്‍ജനായി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍