UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരാണ് യാക്കൂബ് മേമന്‍? നിങ്ങള്‍ അറിയേണ്ടതെല്ലാം

അഴിമുഖം പ്രതിനിധി

1993 മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച തള്ളിക്കളഞ്ഞതോടെ, ഇയാളെ ജൂലൈ 30ന് തൂക്കിക്കൊല്ലുമെന്ന് ഉറപ്പായി. ഇപ്പോഴും പിടികിട്ടാത്തയാളും പാകിസ്ഥാനില്‍ ഒളിവില്‍ പാര്‍ക്കുന്നു എന്ന കരുതപ്പെടുന്നയാളുമായ പ്രധാന പ്രതി ടൈഗര്‍ മേമന്റെ സഹോദരനാണ് യാക്കൂബ് മേമന്‍. 257 പേരുടെ ജീവന്‍ എടുക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മുംബൈ സ്‌ഫോടനങ്ങളിലുള്ള പങ്കിന്റെ പേരില്‍ യാക്കൂബ് മേമനെ ജൂലൈ 30ന് രാവിലെ ഏഴ് മണിക്ക് നാഗ്പൂര്‍ സെന്‍ട്രല്‍ ജയില്‍ വച്ച് തൂക്കിക്കൊല്ലും.

യാക്കൂബ് മേമന്‍ ജയിലര്‍ വഴി മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന് മറ്റൊരു ദയാഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ദയാഹര്‍ജിയുടെ സാധുതയെ പറ്റി ചോദിച്ചപ്പോള്‍, ആദ്യത്തെ ഹര്‍ജി അദ്ദേഹത്തിന്റെ സഹോദരന്‍ സുലൈമാന്‍ മേമനാണ് സമര്‍പ്പിച്ചതെങ്കില്‍, യാക്കൂബ് മേമന്‍ നേരിട്ട് സമര്‍പ്പിക്കുന്ന ആദ്യ ദയാഹര്‍ജി ഇതാണെന്ന് അഭിഭാഷകനായ ഗെദാം ചൂണ്ടിക്കാട്ടുന്നു.

തന്റെ സഹോദരന്‍ ടൈഗര്‍ മേമന്റെ പണം കൈകാര്യം ചെയ്യുകയും ആയുധ പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോയ പതിനഞ്ച് ചെറുപ്പക്കാര്‍ക്ക് ധനസഹായം ചെയ്യുകയും ചെയ്തു എന്നതാണ് യാക്കൂബ് മേമനെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം. ഇന്ത്യയുടെ ധനകാര്യ തലസ്ഥാനത്ത് നടന്ന സ്‌ഫോടന പരമ്പരയ്ക്ക് ശേഷം ടൈഗര്‍ മേമനെയും കുടുംബത്തെയും നാട്ടില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള ധനസഹായം ചെയ്തു എന്ന കുറ്റവും ഇയാള്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ട്.

സ്‌ഫോടന പരമ്പര അരങ്ങേറുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മുംബൈയെ നടുക്കിയ ഹിന്ദു-മുസ്ലീം കലാപത്തില്‍ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി നടത്തിയ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്തത് ഇന്ത്യയിലെ ഏറ്റവും വില പിടിച്ച കുറ്റവാളി ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്റെ അടുത്ത അനുയായി ടൈഗര്‍ മേമനുമാണെന്ന് ആരോപിക്കപ്പെടുന്നു.

2007 ജൂലൈ 27നാണ് ടാഡ (ഭീകരവാദ, വിധ്വംസക പ്രവര്‍ത്തന (തടയല്‍) ചട്ടം) കോടതി മേമനെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. എന്നാല്‍ മേമന്‍ ഇപ്പോഴും പാകിസ്ഥാനില്‍ തുടരുമ്പോള്‍, ദാവൂദ് ഇബ്രാഹിം എവിടെയാണെന്നതിനെ കുറിച്ച് അഭ്യൂഹങ്ങള്‍ മാത്രമാണ് ബാക്കി.

യാക്കൂബ് മേമനെ കുറിച്ചും അയാളുടെ അറസ്റ്റിനെയും തുടര്‍ന്നുണ്ടായ കുറ്റവിധിയെ കുറിച്ചും നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം ഇതാ:


ആരാണ് യാക്കൂബ് മേമന്‍?
ഒരിക്കല്‍ മേമന്‍ കുടുംബത്തിലെ ഏറ്റവും മികച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നറിയപ്പെട്ടിരുന്ന യാക്കൂബ് മേമന്‍, 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ ഏറ്റവും പ്രമുഖനായ കുറ്റവാളിയാണ്. ഇയാളുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് ഭീകര, റൗഡി പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇയാളെ തൂക്കിക്കൊല്ലും.

മേമന്‍ കുടുംബത്തിലെ ഏറ്റവും വിദ്യാഭ്യാസം സിദ്ധിച്ച വ്യക്തിയാണ് അബ്ദുള്‍ റസാഖ് മേമന്റെ ആറ് മക്കളില്‍ മൂന്നാമനായ യാക്കൂബ്. ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇയാള്‍ പിന്നീട് ബികോം ബിരുദം നേടുകയും തുടര്‍ന്ന് 1990ല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാവുകയും ചെയ്തു.

ഒരു വര്‍ഷത്തിന് ശേഷം ബാല്യകാല സുഹൃത്തായ ചേതന്‍ മേത്തയോടൊപ്പം ചേര്‍ന്ന് ഇദ്ദേഹം ‘മേത്ത ആന്റ് മേമന്‍ അസോസിയേറ്റ്‌സ്’ എന്ന സ്ഥാപനം തുടങ്ങി. ഒരു വര്‍ഷത്തിന് ശേഷം ഇരുവരും വഴി പിരിയുകയും തന്റെ പിതാവിന്റെ സ്മരണാര്‍ത്ഥം ‘എ ആര്‍ ആന്റ് സണ്‍സ്’ എന്ന സ്ഥാപനം ആരംഭിക്കുകയും ചെയ്തു. ഈ സ്ഥാപനം നല്ല വിജയം കൈവരിക്കുകയും മേമന്‍ ഏറ്റവും മികച്ച ചാറ്റേഡ് അക്കൗണ്ടന്റിനുള്ള അവാര്‍ഡ് നേടുകയും ചെയ്തു. കയറ്റുമതി വ്യവാസയത്തിലേക്ക് തന്റെ സമ്രാജ്യം വികസിപ്പിച്ച യാക്കൂബ്, ഗള്‍ഫിലേക്കും മധ്യേഷ്യയിലേക്കും മാംസവും മാംസ ഉല്‍പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനായി തേജ്രാത്ത് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം തുടങ്ങി. വളരെ കുറച്ച് കാലം കൊണ്ട് പണക്കാരനായി തീര്‍ന്ന യാക്കൂബ്, പ്രശസ്തമായ മാഹിം ദര്‍ഹയ്ക്ക് സമീപമുള്ള അല്‍-ഹുസൈനി കെട്ടിടത്തില്‍ ആറ് ഫ്‌ളാറ്റുകളില്‍ നിക്ഷേപം നടത്തി.

മുംബൈ തുടര്‍ സ്‌ഫോടന കേസിലെ ഒന്നാം പ്രതിയായ മേമനെതിരെ ഗൂഢാലോചന, സഹപ്രതിയായ മുല്‍ചന്ദ് ഷായ്ക്കും അയാളുടെ സ്ഥാപനങ്ങള്‍ക്കും ധനസഹായം ചെയ്യല്‍, കേസിലെ ആറ് പ്രതികള്‍ക്ക് ആദ്യം ദുബായിലേക്കും അവിടെ നിന്ന് പാകിസ്ഥാനിലേക്കും പറക്കാനുള്ള വിമാന ടിക്കറ്റ് സംഘടിപ്പിച്ച് നല്‍കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

അറസ്റ്റ്
മുംബൈ സ്‌ഫോടനം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ്, അതായത് 1993 മാര്‍ച്ച് പത്തിന് മുഴുവന്‍ കുടുംബാംഗങ്ങളോടൊപ്പം യാക്കുബ് മേമന്‍ രാജ്യത്ത് നിന്നും രക്ഷപ്പെട്ടു.

1994ല്‍ തന്റെ കുടുംബ വക്കീലുമായി കാഠ്മണ്ഡുവില്‍ വച്ച് യാക്കൂബ് മേമന്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ അധികാരികള്‍ക്ക് കീഴടങ്ങിയാല്‍ ഒരു ദയയും ലഭിക്കാന്‍ സാധ്യതയില്ലെന്ന് ഉറപ്പായതിനാല്‍, ഒരു വര്‍ഷമായി വീട്ടുതടങ്കലില്‍ കഴിയുന്ന കറാച്ചിയിലേക്ക് മടങ്ങാനായിരുന്നു ഇയാളുടെയും പദ്ധതി.

1994ല്‍ ബഹുരാജ്യ പാസ്‌പോര്‍ട്ടുകളുമായി കാഠ്മണ്ഡു വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിലും ഔദ്യോഗിക രേഖകള്‍ പ്രകാരം 1994 ഓഗസ്റ്റ് 5ന് ന്യൂഡല്‍ഹി റയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

വിചാരണ
താന്‍ നിരപരാധിയാണെന്നും മുംബൈ സ്‌ഫോടനങ്ങളെ കുറിച്ച് തനിക്ക് അറിവില്ലെന്നുമാണ് കീഴടങ്ങിയ ശേഷം യാക്കൂബ് മേമന്‍ അവകാശപ്പെട്ടിരുന്നത്. പാകിസ്ഥാനിലെത്തിയതിന് ശേഷം മാത്രമാണ് താന്‍ ഗൂഢാലോചനയെയും സ്‌ഫോടനത്തെയും കുറിച്ച് മനസിലാക്കിയതെന്ന് പിന്നീട് നല്‍കിയ ഒരു അഭിമുഖത്തില്‍ യാക്കൂബ് പറഞ്ഞിരുന്നു.

ടാഡ കോടതി ജഡ്ജിയായ പി ഡി കോഡെയാണ് 2007 ജൂലൈ 27ന് യാക്കൂബ് മേമനെ വധശിക്ഷയ്ക്ക് വിധിച്ചത്.

യാക്കൂബ് മേമനെതിരായ കുറ്റങ്ങള്‍ താഴെ പറയുന്നവയാണ്:
ക്രിമിനല്‍ ഗൂഢാലോചന.
ഒരു തീവ്രവാദ പദ്ധതിക്ക് ധനസഹായം നല്‍കുകയും പിന്തുണയ്ക്കുകയും സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുകയും ചെയ്യുക.
ആയുധങ്ങള്‍ നിയമവിരുദ്ധമായി സൂക്ഷിക്കുകയും വിവിധ സ്ഥലങ്ങളില്‍ എത്തിക്കുകയും ചെയ്യുക.
ജീവന് ഭീഷണിയാവുന്ന തരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കൈവശം വയ്ക്കുക.

കേസിന്റെ തുടര്‍ സംഭവവികാസങ്ങള്‍
2013 മാര്‍ച്ച് 21ന് സുപ്രീം കോടതി യാക്കൂബിന്റെ വധശിക്ഷ ശരി വയ്ക്കുകയും അയാളെ ഭീകരപ്രവര്‍ത്തനത്തിന്റെ ബുദ്ധികേന്ദ്രം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

മേമന്റെ ദയാഹര്‍ജി തള്ളിക്കളയണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി 2014 മേയ് 21ന് മേമന്റെ ദയാഹര്‍ജി തള്ളിക്കളഞ്ഞു.

2015 ജൂലൈ 21ന് സുപ്രീം കോടതി മേമന്റെ തിരുത്തല്‍ ഹര്‍ജി തള്ളി.

മുംബൈ തുടര്‍ സ്‌ഫോടന കേസില്‍ കൊലപാതക കുറ്റം ചുമത്തപ്പെട്ട യാക്കൂബ് അബ്ദുല്‍ റസാഖ് മേമനെ 2015 ജൂലൈ 30ന് രാവിലെ ഏഴ് മണിക്ക് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് തൂക്കിലേറ്റും.

നേരത്തെ മേമന്റെ പങ്കും മറ്റുള്ളവരുടെ പങ്കും തമ്മില്‍ തരംതിരിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ വച്ച് വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് സ്‌ഫോടക വസ്തുക്കള്‍ വച്ച പത്ത് പേര്‍ക്കെതിരെ ടാഡ കോടതി വിധിച്ച വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍