ഇന്നത്തെ കാലാവസ്ഥയെന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും ടൂറിസം നല്ലതാണെന്ന്
താന്‍ എന്തുപറഞ്ഞാലും വളച്ചൊടിച്ച് പരിഹസിക്കുകയാണെന്നും അതിനാല്‍ താന്‍ ഇനി തന്റെ വകുപ്പുമായി ബന്ധപ്പെട്ടല്ലാതെ മറ്റൊന്നിനും പ്രതികരിക്കില്ലെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മനോരമ ചാനല്‍ നടത്തിയ ന്യൂസ് മേക്കര്‍ സംവാദത്തിലാണ് കണ്ണന്താനം തന്റെ പുതുവത്സര തീരുമാനം അറിയിച്ചിരിക്കുന്നത്.
കേന്ദ്രമന്ത്രിയായതിന് ശേഷം കണ്ണന്താനത്തിന്റെ പല പ്രസ്താവനകളും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി പ്രചരിച്ചിരുന്നു. ബീഫ് നിയന്ത്രണത്തെക്കുറിച്ചും പെട്രോള്‍ വില വര്‍ദ്ധനവിനെ ന്യായീകരിച്ചുള്ള പ്രസ്താവനയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഇതിനെക്കുറിച്ച് സംവാദത്തിനിടെ ചോദിച്ചപ്പോളാണ് ഇനി അഭിപ്രായ പ്രകടനത്തിന് താനില്ലെന്ന് മന്ത്രി അറിയിച്ചത്.
‘എന്റെ വിഷയത്തിലല്ലാതെ മറ്റൊരു കാര്യത്തിലും ഞാന്‍ അഭിപ്രായം പറയില്ല. ഇന്നത്തെ കാലാവസ്ഥയെന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും ടൂറിസം നല്ലതാണെന്ന് അല്ലാതെ മറ്റൊരു കാര്യത്തിലും വാ തുറക്കില്ല’ കണ്ണന്താനം പറഞ്ഞു. മാധ്യമങ്ങള്‍ പലതും വിവാദമാക്കുകയായിരുന്നുവെന്നും ഇപ്പോള്‍ ഒരു തമാശ പോലും പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നും കണ്ണന്താനം പറയുന്നു. കണ്ണന്താനത്തിന്റെ ഭാര്യ നടത്തിയ പ്രസ്താവനകളും ട്രോളുകളില്‍ നിറഞ്ഞിരുന്നു.