അടിയന്തരാവസ്ഥയെ ധീരമായി നേരിട്ട ആര്‍എസ്എസ് പ്രവര്‍ത്തകരെപ്പറ്റിയാണ് 21 മന്ത്‌സ് ഓഫ് ഹെല്‍ എന്ന ചിത്രമെന്ന് സംവിധായകന്‍ യദു വിജയകൃഷ്ണന്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു
സെന്‍സര്‍ബോര്‍ഡ് തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ ഡോ. എ പ്രതിഭയെ സ്ഥാനത്തു നിന്നും നീക്കം ചെയ്തു. കേരളത്തിലെ ബിജെപി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിഭയോട് ഡെപ്യൂട്ടേഷന്‍ മതിയാക്കി മാതൃസ്ഥാപനത്തിലേക്ക് മടങ്ങാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍(സിബിഎഫ്‌സി) ആവശ്യപ്പെട്ടിരിക്കുന്നത്.
21 മന്ത്‌സ് ഓഫ് ഹെല്‍(നരകത്തിലെ 21 മാസങ്ങള്‍) എന്ന അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് ദിവസങ്ങള്‍ക്കകമാണ് നടപടി. ഡോക്യുമെന്ററിയില്‍ അക്രമരംഗങ്ങള്‍ കൂടുതലാണെന്ന് വ്യക്തമാക്കിയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. തിരുവനന്തപുരം റീജിയണല്‍ ഓഫീസ് സെന്‍സര്‍ ബോര്‍ഡിന്റെ ആസ്ഥനമായ മുംബൈയിലേക്ക് ചിത്രത്തിനെതിരെറിപ്പോര്‍ട്ട് അയയ്ക്കുകയും പുനഃപരിശോധന കമ്മിറ്റിയ്ക്ക് വിടുകയുമാണ് ചെയ്തത്. എന്നാല്‍ അടിയന്തരാവസ്ഥയെ ധീരമായി നേരിട്ട ആര്‍എസ്എസ് പ്രവര്‍ത്തകരെപ്പറ്റിയാണ് ഈ ഡോക്യുമെന്ററിയെന്ന് ചിത്രത്തിന്റെ സംവിധായകനായ യദു വിജയകൃഷ്ണന്‍ തന്നെ പറയുന്നു. ചിത്രത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് യാതൊരു നിര്‍ദ്ദേശങ്ങളും നല്‍കാതെയാണ് ചിത്രം തള്ളിയതെന്നും യദു ആരോപിച്ചിരുന്നു. ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ആര്‍എസ്എസ്, ജനസംഘം പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് തന്റെ ചിത്രമെന്നും യദു പറയുന്നു. കേരളത്തിലെ സെന്‍സര്‍ ബോര്‍ഡില്‍ കോണ്‍ഗ്രസുകാരെയും ഇടതുപക്ഷക്കാരെയും അംഗങ്ങളായി കുത്തിനിറച്ചിരിക്കുന്നതില്‍ തന്റെ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുകയാണെന്നാണ് യദുവിന്റെ ആരോപണം.
ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ആര്‍എസ്എസിനെ നായകസ്ഥാനത്ത് നിര്‍ത്തുന്നതിനാലാണ് ചിത്രത്തിന് അനുമതി നിഷേധിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആരോപിക്കുന്നു. കഴിഞ്ഞദിവസമാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയത്. അതിന് പിന്നാലെ ഇന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രതിഭയെ സ്ഥാനത്തു നിന്നും നീക്കം ചെയ്തുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.