2016ല്‍ നടപ്പാക്കിയ നോട്ട് നിരോധനം, 2017ല്‍ നടപ്പാക്കിയ ജിഎസ്ടി എന്നിവയ്ക്ക് പിന്നാലെയാണ് ചെറുകിട കച്ചവടക്കാരെ ദൂരവ്യാപകമായി ബാധിക്കുന്ന പുതിയ തീരുമാനം
സുപ്രധാന മേഖലകളില്‍ കൂടുതല്‍ ഉദാരവല്‍ക്കരണവുമായി പുതിയ നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിന് കേന്ദ്രമന്ത്രി സഭയുടെ അനുമതി. ചില്ലറ വില്‍പ്പന മേഖലയിലും നിര്‍മ്മാണ മേഖലയിലും നൂറ് ശതമാനം സ്വതന്ത്രമായ വിദേശനിക്ഷേപത്തിനാണ് അനുമതി നല്‍കിയത്. എയര്‍ ഇന്ത്യയിലെ വിദേശ നിക്ഷേപം 49 ശതമാനമാക്കാനും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ എഫ്ഡിഐ പോളിസിയില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍വചനത്തിനും മാറ്റം വരുത്തി. പ്രാഥമിക വിപണിയിലെ ഊര്‍ജ്ജ വിതരണത്തിന് ഫോറിന് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍മാര്‍ക്കും(എഐഐ), ഫോറിന് പോര്‍ട്ഫോളിയോ ഇന്‍വെസ്റ്റര്‍മാര്‍ക്കും പുതിയ തീരുമാനം അനുമതി നല്കുന്നു.
ഇതോടെ ഇന്ത്യയിലെ ഒറ്റ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന വിപണിയില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ തന്നെ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇടപെടാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. രാജ്യത്തെ ചെറുകിട കച്ചവടക്കാരെ ദൂരവ്യാപകമായി ബാധിക്കാവുന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്. കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശ നിക്ഷേപ നയം ഉദാരവല്‍ക്കരിക്കുന്നത്. വിദേശ നിക്ഷേപം കൂടുതലെത്തുന്നത് ജിഡിപി വളര്‍ച്ചയെ സഹായിക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് കേന്ദ്രമന്ത്രിസഭയുടെ ന്യായീകരണം.
നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ വിപ്ലവകരമായ മാറ്റമാണ് തങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് മോദി സര്‍ക്കാരിന്റെ വാദം. നേരത്തെയും ചില്ലറ വില്‍പ്പന മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും നിക്ഷേപം നടത്താന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നു. 49 ശതമാനത്തിന് മുകളിലേക്കുള്ള നിക്ഷേപത്തിനാണ് സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നത്. ഈ നിബന്ധനയാണ് എടുത്തു കളഞ്ഞിരിക്കുന്നത്. അതോടൊപ്പം നിര്‍മ്മാണ മേഖലയിലും ഇനി മുതല്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ നൂറ് ശതമാനം നിക്ഷേപം നടത്താം.
എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതോടെ എയര്‍ ഇന്ത്യയുടെ 49 ശതമാനം വരെയുള്ള ഓഹരികള്‍ വിദേശ വിമാന കമ്പനികള്‍ക്ക് വാങ്ങാനാകും. അതേസമയം 49 ശതമാനം മാത്രമാണ് നിക്ഷേപ പരിധിയെന്നതിനാല് ഉടമസ്ഥാവകാശം സര്‍ക്കാരിന് തന്നെയാകും.
2016ല്‍ നടപ്പാക്കിയ നോട്ട് നിരോധനം, 2017ല്‍ നടപ്പാക്കിയ ജിഎസ്ടി എന്നിവ സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനാണ് പുതിയ നീക്കം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെത്തിയത് 6008 കോടി ഡോളര്‍ വിദേശ നിക്ഷേപമാണ് ഇന്ത്യയിലെത്തിയത്. ഇളവ് പ്രഖ്യാപിച്ചതോടെ ഇത് പതിനായിരം കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഊര്‍ജ്ജ വിതരണത്തില്‍ നിലവില്‍ സെക്കന്‍ഡറി മാര്‍ക്കറ്റില്‍ മാത്രമായിരുന്നു എഫ്ഐഐ അല്ലെങ്കില്‍ എഫ്പിഐ നിക്ഷേപങ്ങള്‍ സാധ്യമായിരുന്നത്. ഇതാണ് പ്രാഥമിക വിപണിയിലേക്ക് കൂടി അനുവദിച്ചിരിക്കുന്നത്.
സിംഗിള്‍ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കുമ്പോള്‍ ആദ്യ അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യയില്‍ നിന്ന് തന്നെ ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെന്നും പിന്നീടുള്ള വര്‍ഷങ്ങളില്‍ 30 ശതമാനം ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ നിന്നും വാങ്ങണമെന്നുമാണ് നിര്‍ദ്ദേശം. അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഫഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് രംഗത്തെത്തിയിട്ടുണ്ട്.
ഒരു നയവുമില്ലാതെ മോദി സര്‍ക്കാരിന്റെ വ്യവസായ നയം; വ്യവസായ മേഖല നിരാശയില്‍