ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഉര്‍ജിതമാക്കി പോലീസ്
കുമ്പളത്ത് പ്ലാസ്റ്റിക്ക് വീപ്പയില്‍ മൃതദ്ദേഹം കണ്ടെടുത്ത സംഭവത്തില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഉര്‍ജിതമാക്കി പോലീസ്. മൃതദ്ദേഹം 30 വയസു പ്രായമുള്ള സ്ത്രീയുടേതാണെന്ന് തെളിയിക്കുന്ന സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. താടിയെല്ലിന്റെ ആകൃതി നീണ്ട മുടി എന്നിവയാണ് സ്ത്രീയുടേതാണ് മൃതദ്ദേഹം എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനം. അതേസമയം മൃതദേഹത്തിന്റെ ഇടതു കണങ്കാലില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സ്റ്റീല്‍ റോഡ് ഇട്ടിരുന്നതായും കണ്ടെത്തി. സ്റ്റീല്‍ അസ്ഥിയോട് ചേര്‍ന്നിട്ടില്ലാത്തതിനാല്‍ കൊലപാതകം നടന്നിരിക്കുന്നത് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണെന്ന നിഗമനത്തിലാണ് പോലീസ്. ഈ വിവരങ്ങളുടെ വെളിച്ചത്തില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ കണ്ണങ്കാലിന് പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ സ്ത്രീകളെ കാണാനില്ലെന്ന് കാണിച്ച് നല്‍കിയിട്ടുള്ള പരാതികളെ കുറിച്ചും മൃതദ്ദേഹത്തില്‍ നിന്ന് കിട്ടിയ അരഞ്ഞാണം എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വീപ്പയ്ക്കുള്ളിലായിരുന്നതിനാല്‍ മൃതദ്ദേഹത്തിന്റെ അസ്ഥികള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. തലയോട്ടി മുതല്‍ കാല്‍പാദം വരെയുള്ള അസ്ഥികള്‍ വീപ്പക്കുള്ളില്‍ നിന്ന് കണ്ടെത്തിയിരുന്നു. അതേസമയം ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിന്റെ പേര് വീപ്പയ്ക്ക് പുറത്ത് എഴുതിയിട്ടുള്ളതിനാല്‍ ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. മൃതദ്ദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ആള്‍പാര്‍പ്പില്ലാത്തതിനാല്‍ ഒരു പക്ഷെ പ്രദേശത്തെ കുറിച്ച് അറിവുള്ളവരായിരിക്കാം സംഭവത്തിന് പിന്നിലെന്ന സംശയവുമുണ്ട്.
അതേസമയം 1980 കളില്‍ ജപ്പാനില്‍ നടന്ന ജുങ്കോ ഫുറുത കൊലപാതക കേസുമായി ഇതിന് സാമ്യമുണ്ടെന്ന വിവരങ്ങളും പോലീസിന് ലഭിച്ചു. അതിക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷമായിരുന്ന 17 കാരിയായ ജുങ്കോ ഫുറുത എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകം. ഇരു ഭാഗങ്ങളും കോണ്‍ക്രീറ്റ് ചെയ്ത 55 ഗാലന്‍ വരുന്ന വീപ്പക്കുറ്റിയിലാണ് ജുങ്കോ ഫുറൂതയുടെ മൃതദേഹം അടക്കം ചെയ്തത്. കൊലപാതകികള്‍ കോണ്‍ക്രീറ്റ് ചെയ്ത വീപ്പക്കുറ്റി ടോക്യോയിലെ ഒരു സിമന്റ് ട്രക്കിയില്‍ ഉപേക്ഷിക്കുകയായിരുന്നു.concrete-encased high school girl murder case എന്നായിരുന്നു ഈ കേസ് അന്വേഷണം അറിയപ്പെട്ടതു തന്നെ. സീരിയല്‍ റേപ്പിസ്റ്റുകളായ നാലു യുവാക്കളായിരുന്നു ജുങ്കോയുടെ കൊലപാതകികള്‍.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കുമ്പളം കായല്‍തീരത്ത് ബാരല്‍ അടിയുന്നത്. ബാരലിനു സമീപം ഉറമ്പുകളെ കണ്ട് സംശയം തോന്നി നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസ് എത്തി ബാരലല്‍ പൊട്ടിച്ചപ്പോഴാണ് കോണ്‍ക്രീറ്റിനകത്ത് നിന്നും അസ്ഥികൂടം കണ്ടെത്തിയത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഈ ബാരല്‍ കായലില്‍ ഒഴുകി നടക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും കപ്പലില്‍ നിന്നും ഉപേക്ഷിച്ച ഒഴിഞ്ഞ എണ്ണ ബാരല്‍ ആയിരിക്കുമെന്നാണ് കരുതിയതെന്നു ചില നാട്ടുകാര്‍ പറയുന്നു. രണ്ടു മാസം മുമ്പ് കായല്‍ ശുചീകരണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബാരല്‍ തീരത്ത് അടിഞ്ഞത്.
അതേസമയം രണ്ടു മാസങ്ങള്‍ക്കു മുമ്പ് നെട്ടൂര്‍ ഷാപ്പിനടുത്ത് കുമ്പളം കായലില്‍ പാലം നിര്‍മിക്കുന്നതിനു സമീപത്തായി ഒരു അജ്ഞാത യുവാവിന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു. കൈകാലുകള്‍ കെട്ടി, വായില്‍ തുണി തിരുകിയ ഒരു ചാക്കിനകത്ത് കോണ്‍ക്രീറ്റ് കട്ടകള്‍ നിറച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹത്തിനൊപ്പം കണ്ടെത്തിയ കല്ലുകളും ഇപ്പോള്‍ യുവതിയുടെ മൃതദേഹത്തിനൊപ്പം ബാരലില്‍ ഉണ്ടായിരുന്ന കല്ലുകളും സാമ്യമുള്ളതാണെന്നു പൊലീസ് പറയുന്നുണ്ട്. ഈ രണ്ടു കൊലപാതകങ്ങളും തമ്മില്‍ എന്തെങ്കിലുംസാമ്യം ഉണ്ടോ എന്ന നിലയ്ക്കും പൊലീസിന്റെ അന്വേഷണം നടക്കുന്നുണ്ട്.