പലരും പൊലീസുകാരോട് യാചിച്ചു, പക്ഷേ അവര്‍ അനങ്ങിയില്ല
കാറിന്റെ സീറ്റില്‍ ചോരക്കറ പറ്റുമെന്ന് പറഞ്ഞു പൊലീസ് കൈയൊഴിഞ്ഞപ്പോള്‍ നഷ്ടമായത് രണ്ടു കൗമാരജീവിതങ്ങള്‍. ഉത്തര്‍പ്രദേശ് പൊലീസിന്റെ മനസാക്ഷിയില്ലാത്ത പ്രവൃത്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അവര്‍ക്കെതിരേ രാജ്യവ്യാപകമായി രോഷം ഉയരുകയാണ്.
ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ ബൈക്കില്‍ നിന്നും വീണ നിലയില്‍(അപകടത്തിന്റെ നിജസ്ഥിതി ലഭ്യമായിട്ടില്ല) ചോരയൊലിപ്പിച്ച് രണ്ടു കൗമാരക്കാരെ കണ്ട് സമീപവാസികളാണ് 100 ഡയല്‍ ചെയ്ത് പൊലീസില്‍ അറിയിച്ചത്. വിവരം കിട്ടിയ പ്രകാരം അപകടസ്ഥലത്ത് മൂന്നു പൊലീസുകാര്‍ പട്രോളിംഗ് കാറില്‍ എത്തുകയും ചെയ്തു. എന്നാല്‍ കുട്ടികളെ കാറില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസുകാര്‍ വിസമ്മതിക്കുകയായിരുന്നു. കാരണം, അപകടത്തില്‍പ്പെട്ടവരെ കാറില്‍ കയറ്റിയാല്‍ സീറ്റില്‍ ചോര പറ്റുമെന്ന്!
കുട്ടികളെ രക്ഷിക്കാതെ നിന്ന പൊലീസുകാരോട് സ്ഥലത്തുണ്ടായിരുന്ന പലരും യാചിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഇവരും ആരുടെയൊക്കെയോ മക്കളാണ്, ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്; പൊലീസുകാരോട് കുട്ടികളെ രക്ഷിക്കാന്‍ പറയുന്നൊരാളെ വീഡിയോയില്‍ കാണാം. ഇപ്പോള്‍ ഇവിടെ വേറെ ആര്‍ക്കും ഒരു കാറില്ല, നിങ്ങളിവരെ കൊണ്ടു പോണമെന്ന് മറ്റൊരാളും വീണ്ടും വീണ്ടും വിറയാര്‍ന്ന ശബ്ദത്തില്‍ അപേക്ഷിക്കുന്നു. പക്ഷേ പൊലീസുകാരുടെ മനസ് അലിയുന്നില്ല.
17 വയസുള്ള അര്‍പിത് കുമാറും സണ്ണിയുമാണ് അപകടത്തില്‍പ്പെട്ട കുട്ടികള്‍. രക്തമൊലിപ്പിച്ച ബോധരഹിതരായി കിടക്കുകയാണിരുവരും. സമീപത്ത് ഒരു ബൈക്ക് മറിഞ്ഞു കിടപ്പുണ്ട്. ബൈക്ക് തെന്നിവീണ് അപകടമുണ്ടായതോ മറ്റേതെങ്കിലും വാഹനം ഇടിച്ചിട്ടതോ ആണെന്നറിയില്ല. പൊലീസുകാര്‍ അനങ്ങാതെ നില്‍ക്കുമ്പോള്‍ ഏതാനും പേര്‍ അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പക്ഷേ കുട്ടികളെ എത്രയും വേഗം ആശുപത്രിയില്‍ കൊണ്ടു പോണം. അതിനാണവര്‍ സഹറന്‍പൂര്‍ പൊലീസിനോട് കെഞ്ചുന്നത്. റോഡിലൂടെ ഇടയ്ക്കിടെ പോകുന്ന മറ്റു വാഹനങ്ങള്‍ക്ക് കൈകാട്ടുന്നുണ്ടെങ്കിലും ആരും നിര്‍ത്തുന്നില്ല.
ദേഷ്യവും ദുഃഖവും കലര്‍ന്ന ശബ്ദത്തില്‍ വീണ്ടും നാട്ടുകാര്‍ പൊലീസിനോട് പറയുന്നത് ചോരക്കറ പറ്റിയാല്‍ കാര്‍ ഞങ്ങള്‍ കഴുകി തരാമെന്നാണ്. പക്ഷേ പൊലീസ് തിരിച്ചു ചോദിച്ചത് കാര്‍ കഴുകിയാല്‍ പിന്നെ ഈ രാത്രി ഞങ്ങള്‍ എവിടെ ഇരിക്കുമെന്നാണ്.
ഒടുവില്‍ അടുത്തുള്ള ഏതോ പൊലീസ് സ്റ്റേഷനില്‍ നിന്നും മറ്റൊരു വാഹനം സംഭവസ്ഥലത്തേക്ക് എത്തി. പക്ഷേ സമയം ഏറെ വൈകിയിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആ രണ്ടു കുട്ടികളും മരിച്ചു.
പിന്നാലെ ആ മൂന്നു പൊലീസുകാരും സ്ഥലം വിട്ടു.
പക്ഷേ അവരുടെ ക്രൂരത, ആ കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടുത്തിയ അലംഭാവം ആരോ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തതോടെ ഈ ക്രൂരത പുറം ലോകം അറിഞ്ഞു.
പൊലീസുകാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് സഹറന്‍പൂര്‍ സിറ്റി പൊലീസ് മേധാവി പ്രബല്‍ പ്രതാപ് സിംഗ് പറഞ്ഞു. മൂന്നുപേരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനു ശേഷം അവര്‍ക്കെതിരേ മറ്റുനടപടികള്‍ സ്വീകരിക്കുമെന്നും സിംഗ് പറയുന്നു.
2016 ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനവ്യാപകമായി ആരംഭിച്ച പദ്ധതിയാണ് രാത്രികാല പെട്രോളിംഗ്. രാത്രിയില്‍ പൊതുജനങ്ങള്‍ക്ക് ഏതുവിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിട്ടാലും 100 എന്ന നമ്പറിലേക്ക് ഡയല്‍ ചെയ്താല്‍ ഉടന്‍ തന്നെസമീപസ്ഥലത്തുള്ള പൊലീസ് പെട്രോളിംഗ് സംഘം സ്ഥലത്തെത്തി വേണ്ട സഹായം ചെയ്യുമെന്നതായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.
അതേ പെട്രോളിംഗ് സംഘത്തില്‍ പെട്ട മൂന്നു പൊലീസുകാര്‍ തന്നെയാണ് രണ്ടു കൗമാരക്കാരെ ‘ കൊന്നതും’.