UPDATES

ട്രെന്‍ഡിങ്ങ്

സീ ന്യൂസും ടൈംസ് നൗവും മോദിയോട് ചോദിച്ച ചില ‘കടുത്ത’ ചോദ്യങ്ങള്‍

പ്രൈം ടൈം ചര്‍ച്ചകളിലെ ഈ ‘മല്ലയുദ്ധ’മെല്ലാം മാറ്റി വച്ചാണ് മോദി എങ്ങനെ എളുപ്പത്തില്‍ സുഹൃത്തുക്കളെ ഉണ്ടാക്കുന്നു എന്നും എവിടെ നിന്നാണ് അദ്ദേഹത്തിന് ഊര്‍ജ്ജം ലഭിക്കുന്നത് എന്നുമെല്ലാം ഈ രണ്ട് ചാനലുകള്‍ അന്വേഷിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച രണ്ട് അഭിമുഖങ്ങള്‍ ചാനലുകള്‍ക്ക് നല്‍കി. സീ ന്യൂസിനും ടൈംസ് നൗവിനും. മോദിയെ ഇന്റര്‍വ്യൂ ചെയ്ത അവതാരകര്‍ ചര്‍ച്ചകളിലെ തങ്ങളുടെ ആക്രമണോത്സുകത കൊണ്ടും അതിഥികളുടെ അഭിപ്രായപ്രകടനം തടസപ്പെടുത്തിക്കൊണ്ടുമുള്ള ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയരാണ്. എന്നാല്‍ പ്രൈം ടൈം ചര്‍ച്ചകളിലെ ഈ ‘മല്ലയുദ്ധ’മെല്ലാം മാറ്റി വച്ചാണ് മോദി എങ്ങനെ എളുപ്പത്തില്‍ സുഹൃത്തുക്കളെ ഉണ്ടാക്കുന്നു എന്നും എവിടെ നിന്നാണ് അദ്ദേഹത്തിന് ഊര്‍ജ്ജം ലഭിക്കുന്നത് എന്നുമെല്ലാം ഈ രണ്ട് ചാനലുകള്‍ അന്വേഷിച്ചത്.

ഇത്തരം ചോദ്യങ്ങള്‍ കൂടുതലായും ചോദിച്ചത് സി ന്യൂസിലെ സുധീര്‍ ചൗധരിയാണ്. ടൈംസ് നൗവും മോശമാക്കിയില്ല. പ്രധാനമന്ത്രി ഉത്തരം നല്‍കുന്നതിന് മുമ്പായി തന്നെ തൊഴിലും കര്‍ഷകരും എന്നെല്ലാം അവതാരകരില്‍ ഒരാളായ നവിക കുമാര്‍ പറഞ്ഞു. ചില നേതാക്കള്‍ വിദേശത്ത് പോയി, ഇന്ത്യയില്‍ കാര്യങ്ങള്‍ ശരിയല്ലെന്ന് പ്രവാസികളോട് പറയുന്നതിനെപ്പറ്റിയും നവിക ചോദിച്ചു. മോദിയും ഇതൊക്കെ തന്നെ ചെയ്തിട്ടുണ്ടെന്ന് കാര്യം മറന്നുകൊണ്ട്. ഈ രണ്ട് അഭിമുഖങ്ങളും പ്രധാനമന്ത്രിയെ സുരക്ഷിതനായി മുന്നോട്ട് നയിക്കുക മാത്രമായിരുന്നു. സീ ന്യൂസും ടൈംസ് നൗവും മോദിയോട് ചോദിച്ച ചില ‘കടുപ്പ’മുള്ള ചോദ്യങ്ങളാണ് സ്‌ക്രോള്‍ (scroll.in) പരിശോധിക്കുന്നത്.

സീ ന്യൂസ് അഭിമുഖത്തില്‍ സുധീര്‍ ചൗധരിയുടെ ചോദ്യങ്ങള്‍:

2014ല്‍ താങ്കള്‍ പ്രധാനമന്ത്രിയായ സമയം മുതല്‍ 2018ല്‍ ഇതുവരെയുള്ള കാലത്ത് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ നിലയില്‍ എന്തെങ്കിലും മാറ്റം വന്നതായി തോന്നുന്നുണ്ടോ?

മുമ്പ് കണ്ടിരുന്നത് നേതാക്കള്‍ സാര്‍ക്ക്, ജി 20, എക്കണോമിക് ഫോറം ഉച്ചകോടികള്‍ക്കെല്ലാം പോകുന്നത് വെറുമൊരു നയതന്ത്ര അഭ്യാസവും ഫോട്ടോ എടുപ്പുമായാണ്. എന്നാല്‍ താങ്കള്‍ പോകുമ്പോള്‍ അത് സൗഹൃദമുണ്ടാക്കുന്നു. ഇത് പലര്‍ക്കും ഇഷ്ടപ്പെടുന്നില്ല. താങ്കള്‍ അവരെ കെട്ടിപ്പിടിക്കുന്നു. തോളില്‍ കയ്യിട്ട് സംസാരിക്കുന്നു. ആ ഫോട്ടോ പ്രസിദ്ധീകരിക്കുന്നു. ഇതിന്റെ പേരിലും താങ്കള്‍ ആക്രമിക്കപ്പെടുന്നുണ്ട്. എന്നാല്‍ താങ്കളുടെ ഈ സ്റ്റൈല്‍ പെട്ടെന്ന് സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ സഹായിക്കുന്നതാണ്. നെതന്യാഹുവും താങ്കളും തമ്മിലുള്ള സൗഹൃദം പങ്കിടല്‍ ഒരു സിനിമയിലെ രംഗം പോലെ തോന്നിച്ചു. എങ്ങനെയാണ് വിദേശിയായ, താങ്കളുടെ ഭാഷ സംസാരിക്കാത്ത, താങ്കള്‍ക്ക് പരിചിതനല്ലാത്ത ഒരു വ്യക്തിയുമായി ഇത്തരത്തില്‍ സൗഹൃദമുണ്ടാക്കുന്നത്?

താങ്കള്‍ അധികാരത്തില്‍ വന്നതിന് ശേഷം ജിഡിപി വളര്‍ച്ചാനിരക്കിനെ കുറിച്ച് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഞാന്‍ ഓര്‍ക്കുന്നു, മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്താണ് ജിഡിപി റേറ്റ് എന്ന് പോലും ആളുകള്‍ക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ ആളുകള്‍ സെന്‍സെക്‌സ് ശ്രദ്ധിക്കുന്നു. അതെങ്ങനെയാണ് മുകളിലേയ്ക്കും താഴേക്കും പോകുന്നതെന്ന് മൂന്ന് മാസം കൂടുമ്പോള്‍ പരിശോധിക്കുന്നു. ഇതിന്റെ പേരില്‍ താങ്കളെ ചോദ്യം ചെയ്യുന്നു. ഇതൊരു പുതിയ പ്രവണതയല്ലേ?

ഞാന്‍ ഈ ഇന്റര്‍വ്യൂവിനായി ഒരുപാട് റിസര്‍ച്ച് ചെയ്തു. ഞാന്‍ പുതിയ ലോകക്രമത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു. പിടിഎം എന്ന പുതിയൊരു സംഗതി കണ്ടു. പിടിഎം എന്നാല്‍ പുടിന്‍-ട്രംപ്-മോദി. ഇതാണോ പുതിയ ലോകക്രമം?

2014ല്‍ ഉണ്ടായിരുന്ന അതേ ഉത്സാഹവും ചുറുചുറുക്കും താങ്കള്‍ക്ക് ഇപ്പോളുമുണ്ടോ? പലര്‍ക്കും ജോലി ചെയ്തുവരുമ്പോള്‍ ഈ ഉന്മേഷം നഷ്ടപ്പെടാറുണ്ട്.

താങ്കള്‍ ശരിയായ പാതയിലാണെന്ന് തോന്നുന്നുണ്ടോ?

താങ്കള്‍ ഒരു ഫക്കീറിനെ (സന്യാസി) പോലെ ജീവിക്കുന്നു. താങ്കളുടെ കുടുംബം വളരെ വലുതാണ്. 125 കോടി അംഗങ്ങള്‍. താങ്കള്‍ അവധിയെടുക്കുന്നില്ല. വിദേശത്ത് പോകുമ്പോള്‍ താങ്കള്‍ രാത്രി യാത്ര തിരഞ്ഞെടുക്കുന്നു. താങ്കള്‍ക്ക് വഴിയിലെവിടെയും തങ്ങേണ്ടി വരുന്നില്ല. വിമാനത്തില്‍ തന്നെ ഉറങ്ങുന്നു. ഈ പ്രായത്തിലും ഇത്രയധികം ഊര്‍ജ്ജം എങ്ങനെ കിട്ടുന്നു? ഈ പ്രായത്തില്‍ ഇത്രയധികം ഊര്‍ജ്ജം ആര്‍ക്കും സങ്കല്‍പ്പിക്കാനാവില്ല.

മോദിയെ ഇന്‍റര്‍വ്യൂ ചെയ്ത സുധീര്‍ ചൗധരിയെക്കുറിച്ച് ചില കാര്യങ്ങള്‍

രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ – ടൈംസ് നൗ

പ്രധാനമന്ത്രിജീ, അധികാരത്തിലെ മൂന്നര വര്‍ഷം തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു. ഒരുപാട് കാര്യങ്ങള്‍ നടന്നിരിക്കുന്നു. നേട്ടങ്ങളെയും പൂര്‍ത്തീകരിക്കാനുള്ള കാര്യങ്ങളേയും പറ്റി എന്തുതോന്നുന്നു?

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ദാവോസിലെ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് താങ്കള്‍. കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന ഉച്ചകോടിയെ താങ്കള്‍ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ വളര്‍ച്ചയുടെ ഏത് കാര്യമാണ് ദാവോസില്‍ താങ്കള്‍ അവതരിപ്പിക്കുക?

1991 മുതല്‍ ഇതുവരെ മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഈ വേദിയെ അഭിസംബോധന ചെയ്യാനുള്ള അവസരം കിട്ടിയില്ല. ഇതെന്തുകൊണ്ട് സംഭവിച്ചു?

താങ്കള്‍ പൂര്‍ണമായും ശരിയാണ് പ്രധാനമന്ത്രീ. ഇന്ത്യയുടെ വളര്‍ച്ചാനിരക്കിനെ കുറച്ചുകാണിച്ചതിനെ പറ്റി ഐഎംഎഫ് മേധാവി ക്രിസ്റ്റീന്‍ ലഗാഡ് പറഞ്ഞിരുന്നു. ഐഎംഎഫും ലോകബാങ്കും പോലുള്ളവ നോട്ട് നിരോധനവും ജി എസ് ടിയും അംഗീകരിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ മാത്രം ഇതിനെതിരെ എതിര്‍പ്പ് ഉയരുന്നത് എന്തുകൊണ്ടാണ്?

പ്രധാനമന്ത്രീ, വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ചില ഇന്ത്യന്‍ നേതാക്കള്‍ വിദേശത്ത് പോയി പ്രവാസികളെ കണ്ട് ഇവിടെ കാര്യങ്ങള്‍ ശരിയല്ല എന്ന് പറയുന്നു. പ്രവാസികളോട് തിരിച്ചുവരാന്‍ ഇവര്‍ ആവശ്യപ്പെടുന്നു. ഇത്തരക്കാരോട് എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്?

മിസ്റ്റര്‍ മോദി, ഒരു മോദി സിദ്ധാന്തം ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നു. നമ്മുടെ നല്ല സുഹൃത്തായ ബെഞ്ചമിന്‍ നെതന്യാഹു ഇതിനെ പ്രശംസിച്ചിരിക്കുന്നു. ഭീകരതയോടുള്ള താങ്കളുടെ സമീപനത്തെ പ്രശംസിച്ചിരിക്കുന്നു. ടൈംസ് നൗവുമായുള്ള അഭിമുഖത്തില്‍ ഭീകരതയ്‌ക്കെതിരായ താങ്കളുടെ കരുത്തുറ്റ നിലപാടിനെപ്പറ്റി നെതന്യാഹു പറഞ്ഞിരുന്നു. ഭീകരതയെ മൃദുവായി നേരിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്‌ക്കെതിരെ ഈ ശക്തമായ നിലപാട് തുടരുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍