നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന രണ്ട് പാദങ്ങളില്‍ സാമ്പത്തിക ഉണര്‍വ് പ്രകടിപ്പിച്ചാല്‍ പോലും വളര്‍ച്ച നിരക്ക് 6.5 ശതമാനത്തില്‍ കൂടില്ലെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ച നിരക്കാണ് ഇന്ത്യന്‍ സമ്പദ്ഘടന ഇപ്പോള്‍ രേഖപ്പെടുത്തുന്നതെന്ന് മുന്‍ ദേശീയ സാമ്പത്തിക ഉപദേഷ്ടാവും ലോക ബാങ്കിന്റെ മുഖ്യ ഉപദേശകരില്‍ ഒരാളുമായ കൗശിക് ബസു അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളില്‍ ഇന്ത്യയുടെ ശരാശരി വളര്‍ച്ച നിരക്ക് 6.6 ശതമാനമായിരുന്നുവെന്നും എന്നാല്‍ ഈ സാമ്പത്തികവര്‍ഷത്തിലെ ആദ്യത്തെ രണ്ട് പാദങ്ങളില്‍ അത് 5.7 ശതമാനമായി ഇടിഞ്ഞെന്നും ദി ഹിന്ദുവിലെ മോഹിത് എം റാവുവിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന രണ്ട് പാദങ്ങളില്‍ സാമ്പത്തിക ഉണര്‍വ് പ്രകടിപ്പിച്ചാല്‍ പോലും വളര്‍ച്ച നിരക്ക് 6.5 ശതമാനത്തില്‍ കൂടില്ലെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തില്‍ ഇന്ത്യ സുസ്ഥിരമായ വളര്‍ച്ച നിരക്ക് കൈവരിച്ചിരുന്നുവെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കിലെ ഇപ്പോള്‍ സംഭവിച്ചിട്ടുള്ള ഇടിവ് ആശങ്കാജനകമാണെന്നും ബസു ചൂണ്ടിക്കാണിക്കുന്നു. റിസര്‍വ് ബാങ്കിന്റെ സഹകരണത്തോടെ രൂപം കൊടുക്കുന്ന ഉത്തേജക പാക്കേജുകളാണ് ഇന്ത്യന്‍ സാമ്പത്തികരംഗം അടിയന്തിരമായി ആവശ്യപ്പെടുന്നതെന്നും ബസു വ്യക്തമാക്കി.
നോട്ട് നിരോധനത്തിന്റെ ദൂഷ്യഫലങ്ങള്‍ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനം വഴി എന്തെങ്കിലും ദീര്‍ഘകാല നേട്ടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണ്. സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ സാമ്പത്തികമേഖലയുടെ ഡിജിറ്റല്‍വല്‍ക്കരണം പോലെയുള്ള പരിപാടികളെ നോട്ട് നിരോധനം ഒരിക്കലും സഹായിക്കില്ല. കാരണം ഡിജിറ്റല്‍വല്‍ക്കരണം സ്വാഭാവികവും സമയമെടുക്കുന്നതുമായ ഒരു പ്രക്രിയയാണ്. ജനസംഖ്യയില്‍ പകുതിയില്‍ അധികവും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യ പോലെയുള്ള ഒരു വികസ്വര രാജ്യത്തില്‍ ഏതെങ്കിലും ഒറ്റ തീരുമാനം കൊണ്ട് ഡിജിറ്റല്‍വല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കാനവില്ലെന്നും കൗശിക ബസു ചൂണ്ടിക്കാട്ടുന്നു.
ചരക്ക്, സേവന നികുതി രാഷ്ട്രീയത്തിന് അതീതമായി പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചത് നേട്ടം തന്നെയാണ്. എന്നാല്‍ അത് നടപ്പിലാക്കിയ രീതി അങ്ങേയറ്റം ശോചനീയമാണ്. ഇന്ത്യന്‍ നികുതിഘടനയെ അടിമുടി ഉടച്ചുവാര്‍ക്കുന്ന ബൃഹത്തായ ഒരു പരിഷ്കരണം ആവശ്യപ്പെടുന്ന ആസൂത്രണവും നടപ്പിലാക്കല്‍ വൈഭവവും ജി എസ് ടിയുടെ കാര്യത്തില്‍ ഉണ്ടായില്ല. ബഹുതല നികുതിഘടന എന്നത് ജി എസ് ടിയുടെ അടിസ്ഥാന സങ്കല്പങ്ങള്ക്ക് വിരുദ്ധമാണെന്നും കൗശിക് ചൂണ്ടിക്കാട്ടുന്നു. ധനമന്ത്രാലയത്തിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ട നിരവധി പ്രശ്നങ്ങള്‍ സാമ്പത്തികമേഖലയില്‍ നിലനില്‍ക്കുന്നുണ്ട്.
ഇന്ത്യയുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യാപാര കമ്മിയും ഉയരുകയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച 12.3 ശതമാനമായിരുന്നു. എന്നാല്‍ ഇന്തോനേഷ്യയില്‍ ഇത് 16 ശതമാനവും വിയറ്റ്നാമിന്റേത് 24 ശതമാനവുമായിരുന്നു. ഈ വിഷമവൃത്തത്തില്‍ നിന്നും മറികടക്കുന്നതിന് ആവശ്യമായ ധന, സാമ്പത്തിക, അന്താരാഷ്ട്ര വ്യാപാര നയങ്ങളാണ് രൂപപ്പെടുത്തേണ്ടതെന്നും കൗശിക് ബസു പറയുന്നു.
വായനയ്ക്ക്: https://goo.gl/D3pxRQ