എല്ലാവര്ക്കും പെന്ഷന് കൃത്യസമയത്ത് നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. മാസംതോറും കുടിശ്ശികയില്ലാതെ കെ.എസ്.ആര്.ടി.സി. മുഖേന തന്നെ പെന്ഷന് നല്‍കുന്നത് സര്‍ക്കാര്‍ ഉറപ്പുവരുത്തും.
പെന്ഷന് കുടിശികയില്ലാതെ നല്‍കിക്കൊണ്ട് കെഎസ്ആര്‍ടിസി പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പെന്‍ഷന്‍കാരോട് സര്‍ക്കാരിന് പ്രതിബദ്ധതയുണ്ട്. പെന്ഷന് പൂര്‍ണമായും കൊടുക്കാന്‍ നടപടിയുണ്ടാകും. ചില ബുദ്ധമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. അത് സാമ്പത്തിക പ്രതിസന്ധികൊണ്ടാണ്. കെഎസ്ആര്‍ടിസിക്ക് പണം നല്കാന് കഴിയില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാര്‍ക്കുള്ള പെന്ഷന് കെഎസ്ആര്‍ടിസി തന്നെ നല്‍കും. അതിനായി അവരെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം, കെഎസ്ആര്‍ടിസി പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി നിരാശാജനകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പെന്ഷന് എന്ന് നല്‍കുമെന്ന് മുഖ്യമന്ത്രി പറയുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്:
കെ.എസ്.ആര്.ടി.സി ചില സാമ്പത്തികപ്രയാസങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അത് വരവിനേക്കാള്‍ കൂടുതല്‍ ചിലവ് വരുന്നതുകൊണ്ടാണ്. യു.ഡി.എഫ് ഭരണകാലത്തും ഇത്തരം പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.2017-18ലെ കെ.എസ്.ആര്.ടി.സിയുടെ കണക്കനനുസരിച്ച് 7966കോടി രൂപ സഞ്ചിത നഷ്ടമുള്ള സ്ഥാപനമാണിത്. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അടിസ്ഥാനപരമായ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്ന വിധത്തിലുള്ള നടപടി സ്വീകരിച്ചിരുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സാമൂഹ്യസേവന മേഖലയില്‍പ്പെടുന്ന കെ.എസ്.ആര്.ടി.സി.യെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രക്ഷിക്കുന്നതിനുള്ള ക്രിയാത്മകവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
പുനരുദ്ധാരണത്തിനുള്ള ഇടപെടല്‍
കെ.എസ്.ആര്.ടി.സിയുടെ സമഗ്ര പുന:സംഘടന ലക്ഷ്യമാക്കി നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് വിശദമായ പഠനം നടത്തി പുരോഗതിയിലേക്ക് നയിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ കല്‍ക്കത്ത ഐ.ഐ.എം പ്രൊഫ. സുശീല്‍ ഖന്നയെ ചുമതലപ്പെടുത്തിയത്. അതിന്റെ ഇടക്കാല റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
01.04.2017ല്‍ കെ.എസ്.ആര്.ടി.സിയിലെ അംഗീകൃത സംഘടനകളുടെ യോഗം ചേരുകയും പുനരുദ്ധാരണത്തിനായി ശിപാര്‍ശകള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിന് തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. കെ.എസ്.ആര്.ടി.സിയുടെ വരുമാന വര്‍ദ്ധനവിനും കാര്യക്ഷമായ പ്രവര്‍ത്തനത്തിനും അനുഗുണമായി ഷെഡ്യൂളുകള്‍ പുനക്രമീകരിക്കുകയും ജോലി സമയം8മണിക്കൂറായി നിജപ്പെടുത്തുകയും ചെയ്തു.
വാഹന ഉപയോഗ നിരക്ക് ദേശീയ ശരാശരിക്കൊപ്പം എത്തുന്നതിനുതകുംവിധം വര്‍ക്ക്ഷോപ്പുകളുടെ പ്രവര്‍ത്തനത്തിലും ഇതര സെക്ഷനുകളിലും മാറ്റങ്ങള്‍ വരുത്തി. ഇന്ധനോപയോഗക്ഷമത വര്‍ദ്ധിപ്പിക്കാനും ഷെഡ്യൂളുകള്‍ പുനക്രമീകരിച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനും നടപടി കൈക്കൊണ്ടിട്ടുണ്ട്. തൊഴിലാളി സംഘടനകളുടെ കൂടി പിന്തുണയോടെ മുഴുവന്‍ ഷെഡ്യൂളുകളും ഡ്യൂട്ടി രീതിയും ഏകീകരിക്കുന്നതിന് നടപടിയും സ്വീകരിച്ചിട്ടുണ്ട്.
ഡീസല്‍ വിലവര്‍ദ്ധനവ് പ്രശ്നത്തെ സങ്കീര്‍ണ്ണമാക്കുന്നു
എന്നാല്‍ ഇത്തരം ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും കെ.എസ്.ആര്.ടി.സിയല്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുവാന്‍ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. ഡീസലിന്റെ അനിയന്ത്രിതമായ വിലക്കയറ്റം കൂനിന്മേല് കുരു എന്ന പോലെയുള്ള സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്.2017ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതു മൂലം പ്രതിമാസം10കോടി രൂപയുടെ അധിക ചെലവുണ്ടായിട്ടുണ്ട്. ഇത് കെ.എസ്.ആര്.ടി.സിയുടെ പ്രതിസന്ധിയുടെ ആക്കം കൂട്ടിയിരിക്കുകയാണ്. ഈസാഹചര്യത്തില്‍ കെ.എസ്.ആര്.ടി.സി.യെ സംരക്ഷിക്കാന്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
സര്‍ക്കാരിന്റെ സാമ്പത്തിക സഹായം
കഴിഞ്ഞ സര്‍ക്കാര്‍ അഞ്ച് വര്‍ഷക്കാലയളവില്‍ കെ.എസ്.ആര്.ടി.സി.ക്ക് നല്കിയ പദ്ധതിയേതര സാമ്പത്തിക സഹായം1220.82കോടി രൂപയായിരുന്നു. ഇതിനു പുറമെ32കോടി രൂപ അക്കാലത്ത് ഗ്രാന്റായി നല്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒന്നര വര്‍ഷത്തിനുള്ളില്‍ തന്നെ1075.28കോടി രൂപ കെ.എസ്.ആര്.ടി.സി.ക്ക് സാമ്പത്തികസഹായമായി നല്കികഴിഞ്ഞിട്ടുണ്ട്. ഒരു മാസത്തെ പെന്‍ഷനും രണ്ട് മാസത്തെ ശമ്പളവും മുഴുവന്‍ തുകയും സര്‍ക്കാരാണ് നല്‍കിയത്. മറ്റ് മാസങ്ങളില്‍ ശമ്പളം നല്കാന് സര്‍ക്കാര്‍ ഗ്യാരന്റിയോടെ വായ്പയെടുക്കാന്‍ കെ.എസ്.ആര്.ടി.സി.യെ സഹായിച്ചു.
കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്താവട്ടെ കെ.എസ്.ആര്.ടി.സി.ക്ക് കിട്ടേണ്ട തുക സര്‍ക്കാര്‍ നല്‍കിയില്ലെന്നാണ് 15.12.2014ന് ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ പ്രമേയ അവതാരകന് തന്നെ സഭയെ രേഖാമൂലം അറിയിച്ചിട്ടുള്ളതായി കാണുന്നത്. അതായത് 1,616.39 കോടി രൂപ സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടില്ലെന്നാണ് അന്നത്തെ മറുപടിയില്‍ നിന്നും മനസ്സിലാവുന്നത്.2015ല്‍ ആകട്ടെ എസ്.ബി.ഐ. കണ്‍സോര്‍ഷ്യത്തില്‍ നിന്നും 1,300കോടി രൂപ പന്ത്രണ്ട് വര്‍ഷത്തേക്ക് ഉയര്‍ന്ന പലിശ നിരക്കില്‍ (12ശതമാനം വരെ) വായ്പ എടുക്കുകയാണ് മുന്‍ സര്‍ക്കാര്‍ ചെയ്തത്. ഇത് സെറ്റില്‍ ചെയ്യാനോ പലിശ നിരക്ക് കുറയ്ക്കാനോ ഒരു നടപടിയും അന്ന് സ്വീകരിച്ചില്ല.
ഈ സര്‍ക്കാര്‍ വന്നശേഷം ബാങ്ക് കണ്‍സോര്‍ഷ്യവുമായി നിരന്തരം ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് ഏറ്റവും കുറഞ്ഞ നിരക്കായ9ശതമാനം പലിശ നിരക്കില്എസ്.ബി.ഐ. കണ്‍സോര്‍ഷ്യത്തില്‍ നിന്നും ഒരു പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി3,350കോടി രൂപ വായ്പ ലഭ്യമാക്കാനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഫെബ്രുവരിയില്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.10ബാങ്കുകളുള്ള ഈ കണ്‍സോര്‍ഷ്യത്തില്‍ നിന്നും രണ്ട് ബാങ്കുകള്‍1,000കോടി രൂപ വരുന്ന വായ്പാപദ്ധതി ഇതിനകം അംഗീകരിച്ചു കഴിഞ്ഞു. ഈ പുനരുദ്ധാരണ പദ്ധതിയിലൂടെ പ്രതിമാസം60കോടി രൂപ കെ.എസ്.ആര്.ടി.സി.ക്ക് വായ്പാ തിരിച്ചടവില്‍ കുറവുവരുമെന്നാണ് കണക്കാക്കുന്നത്.
പെന്ഷന് ഏറ്റെടുക്കണമെന്ന പൊതുതാല്പര്യ ഹര്‍ജിയില്‍ പെന്ഷന് നല്കുവാന് പണം അനുവദിക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന് സത്യവാങ്മൂലം നല്‍കിയെന്ന അടിയന്തരപ്രമേയത്തിലെ ആരോപണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. സത്യവാങ്മൂലത്തിലെ ഖണ്ഡിക16ഉം17ഉം ഇപ്രകാരമാണ്:
‘It is submitted that in order to overcome the crisis, financial restructuring of loans availed by KSRTC is being processed by Government completion of which it is expected that KSRTC can overcome the financial crisis, enabling to clear the monthly retirement arrears.
As stated above, all possible steps are being taken by Government to assist KSRTC to overcome the present financial crisis.’
കെ.എസ്.ആര്.ടി.സി ഗൗരവമായ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ശമ്പളവും പെന്‍ഷനും കൊടുക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഒരു മാസത്തെ പെന്ഷന് തുക മുഴുവനായി നല്കാന് വേണ്ടിവരുന്ന തുകയായ 60 കോടി രൂപ, സര്‍ക്കാര്‍ കെ.എസ്.ആര്.ടി.സി.ക്ക് നല്‍കിയത് പെന്‍ഷന്‍കാരോടുള്ള പ്രതിബദ്ധത മൂലമാണ്. എല്ലാവര്ക്കും പെന്ഷന് കൃത്യസമയത്ത് നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. മാസംതോറും കുടിശ്ശികയില്ലാതെ കെ.എസ്.ആര്.ടി.സി. മുഖേനതന്നെ പെന്ഷന് നല്‍കുന്നത് സര്‍ക്കാര്‍ ഉറപ്പുവരുത്തും.