ബിജെപിയുടെ അവസാന പട്ടികയും അവര്‍ പുറത്തുവിട്ട് കഴിഞ്ഞാല്‍ അവരെ നാണം കെടുത്തുന്ന ഒരു വാര്‍ത്ത ഞാന്‍ പുറത്തുവിടും. ജില്ലയിലെ എട്ട് സീറ്റുകളും കോണ്‍ഗ്രസ് ജയിക്കും.
നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണമായും പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ബിജെപിയെ നാണം കെടുത്തുന്ന ഒരു വാര്‍ത്ത പുറത്തുവിടുമെന്നാണ് കര്‍ണാടക മന്ത്രിയും ദക്ഷിണ കന്നഡ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ബി രാമനാഥ റായ് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് കര്‍ണാടക വനം മന്ത്രിയായ രാമനാഥ റായ് ഇക്കാര്യം പറഞ്ഞത്. ബിജെപിയില്‍ ശക്തമായ വെല്ലുവിളി കോണ്‍ഗ്രസ് നേരിടുന്ന ജില്ലകളിലൊന്നാണ് ദക്ഷിണ കന്നഡ. വര്‍ഗീയ ധ്രൂവീകരണം ശക്തമായ മേഖലയില്‍ അടുത്തിടെ നിരവധി സംഘര്‍ഷങ്ങളുണ്ടായിരുന്നു. എന്നാല്‍ ബിജെപി ഉണ്ടാക്കുന്ന വര്‍ഗീയ ധ്രുവീകരണം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജില്ലയിലെ സീറ്റുകള്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് രാമനാഥ റായിയുടെ അവകാശവാദം.
ബന്ത്വാള് മണ്ഡലത്തില്‍ നിന്ന് ആറ് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള രാമനാഥ റായ് ഇത്തവണ കടുത്ത മത്സരമാണ് ഇവിടെ നേരിടുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വിജയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ബന്ത്വാളിലെ യുവ വോട്ടര്‍മാരെല്ലാം വലിയ തോതില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി രംഗത്ത് വരുകയാണെന്നും രാമനാഥ റായ് പറഞ്ഞു. ബിജെപിയുടെ അവസാന പട്ടികയും അവര്‍ പുറത്തുവിട്ട് കഴിഞ്ഞാല്‍ അവരെ നാണം കെടുത്തുന്ന ഒരു വാര്‍ത്ത ഞാന്‍ പുറത്തുവിടും. ജില്ലയിലെ എട്ട് സീറ്റുകളും കോണ്‍ഗ്രസ് ജയിക്കും.
ബിജെപി മതത്തിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങള്‍ കൂടെയില്ലെന്ന് അവര്‍ക്ക് മനസിലായിട്ടുണ്ട്്. എസ്ഡിപിഐയുടെ സാന്നിധ്യം തനിക്കൊരു ഭീഷണിയേ അല്ലെന്നും ആരെ കൊള്ളണമെന്നും ആരെ തള്ളണമെന്നും ന്യൂനപക്ഷ സമുദായത്തിന് നന്നായി അറിയാമെന്നും രാമനാഥ റായ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന് കി ബാത് നാട്ടുകാരെ കേള്പ്പിക്കുമ്പാള് മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയാണ് ചെയ്യുന്നതെന്നും രാമനാഥ റായ് പറയുന്നു.