UPDATES

സമരക്കാരില്‍ ഒരാളായി വി എസ്, മാലയിട്ട് സ്വീകരിച്ച് തൊഴിലാളികള്‍

അഴിമുഖം പ്രതിനിധി

മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ ഒടുവില്‍ ഒരു രാഷ്ട്രീയനേതാവിനു വേണ്ടി മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കൈയടിക്കുകയും ചെയ്തു. വി എസ് അച്യുതാനന്ദന്‍ അങ്ങനെ വീണ്ടും മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് എത്രമമേല്‍ സ്വീകാര്യനെന്ന് തെളിയുകയും ചെയ്തു. സമരം ആരംഭിച്ച നാള്‍ തൊട്ട് തങ്ങള്‍ക്ക് കാണാനും തങ്ങളോടൊപ്പം ഉണ്ടാവണമെന്നും തൊഴിലാളികള്‍ ആകെയാഗ്രഹിച്ച നേതാവ് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെയായിരുന്നു. ഒടുവില്‍ അവരുടെ ആഗ്രഹംപോലെ വി എസ് മൂന്നാറില്‍ എത്തിയപ്പോള്‍ ചരിത്രപരമായ സമരം നടത്തുന്ന തൊഴിലാളികളുടെ ആവേശം ഇരട്ടിച്ചു. ഇന്നു രാവിലെ വരെ പാര്‍ട്ടിവ്യത്യാസമില്ലാതെ വന്ന നേതാക്കന്മാരെയെല്ലാം കൂക്കിവിളിച്ചും ആക്രോശിച്ചും പ്രതിഷേധം പ്രകടിപ്പിച്ചുമെല്ലാം തിരിച്ചയച്ച തൊഴിലാളികള്‍ വി എസിനെ വലിയ ആരവങ്ങളോടെയായിരുന്നു സ്വീകരിച്ചത്.

രാവിലെ പതനൊന്നരയോടെയായിരുന്നു വി എസ് തൊഴിലാളികളുടെ ഇടയിലേക്ക് എത്തിയത്. താന്‍ കാണാന്‍ പോകുന്നത് തൊഴിലാളികളെയാണെന്നും നിരാഹര സത്യഗ്രഹം നടത്തുന്ന രാജേന്ദ്രനെ കാണാന്‍ അല്ലെന്നുമുള്ള വിഎസിന്റെ രാവിലെ പ്രസ്താവന തന്നെ തൊഴിലാളികള്‍ക്കിടയില്‍ ആവേശം നിറച്ചിരുന്നു. സമരം അവസാനിക്കുന്നതുവരെ മൂന്നാറില്‍ തുടരുമെന്ന നിലപാടുകൂടി വി എസ് എടുത്തതോടെ ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികള്‍ക്കു ആവേശം ഇരട്ടിച്ചു.

ചരിത്രം സൃഷ്ടിച്ച സമരം എന്ന വിശേഷണത്തോടെയാണ് സമരക്കാരെ അഭിവാദ്യം ചെയ്ത് വി എസ് സംസാരിച്ചു തുടങ്ങിയത്. കമ്പനി ഏകപക്ഷീയമായി വെട്ടിക്കുറിച്ച ബോണസ് ഇരുപത് ശതമാനാക്കി വര്‍ദ്ധിപ്പിക്കണമെന്നും ദിവസക്കൂലി 500 രൂപയാക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. 98 ശതമാനവും തൊഴിലാളികളുടെ ഓഹരിയിലുള്ള ഒരു കമ്പനി തൊഴിലാളികളുടേതെന്ന് കെഡിഎച്ച്പി പറയുന്നുണ്ടെങ്കിലും ഇത് ടാറ്റയുമായി ചേര്‍ന്ന് നടത്തുന്ന ഒരു തട്ടിപ്പ് കമ്പനിയാണെന്നും വി എസ് കുറ്റപ്പെടുത്തി. ഇവര്‍ ഉത്പാദിപ്പിക്കുന്ന തേയിലയുടെ ഭൂരിഭാഗവും ടാറ്റയ്ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്.

സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം തയ്യാറകണം. കമ്പനിയെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം. മൂന്നാറിനെ കലുഷിതമാക്കരുതെന്നും വി എസ് ആവശ്യപ്പെട്ടു. ഒരു സാധാരണ തൊഴിലാളി പോലും 800 രൂപയോളം കൂലി വാങ്ങുമ്പോള്‍ മഞ്ഞും മഴയും വെയിലും വകവയ്ക്കാതെ നേരം പുലരുമ്പോള്‍ മുതല്‍ ഇരുട്ടുന്നതുവരെ പുറത്ത് 70 കിലോയോളം ഭാരവും പേറി തൊഴിലെടുക്കുന്ന തോട്ടം തൊഴിലാളികള്‍ 230 രൂപയാണ് കൂലി കിട്ടുന്നതെന്നും വി എസ് ഓര്‍മ്മപ്പെടുത്തി. അവര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്ന 500 രൂപ ദിവസക്കൂലി നല്‍കുകയില്ലെന്നു പറഞ്ഞാല്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വി എസ് പറഞ്ഞു.

കമ്പനിയുടെ കൈയിലുള്ള അധികഭൂമി തിരിച്ചു പിടിക്കണം. എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നവീന മൂന്നാര്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ അട്ടമറിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ കയ്യേറ്റങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും വി എസ് കുറ്റപ്പെടുത്തി. അടുത്ത തവണ അധികരാത്തില്‍ വരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കുമെന്നും വി എസ് വാഗ്ദാനം ചെയ്തു.

ഇപ്പോഴുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനു പുറമെ തൊഴിലാളികളുടെ ചികിത്സ ചിലവുകള്‍ക്ക് കമ്പനി സൗകര്യം ചെയ്തുകൊടുക്കണമെന്നും ശുചിത്വമുള്ള പാര്‍പ്പിടങ്ങള്‍ നല്‍കുന്നതിനുള്ള ബാധ്യത കമ്പനി ഏറ്റെടുക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

ഏറ്റവും ന്യായമായ ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. അതംഗീകരിച്ചുകൊടുത്ത് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരം അവസാനിക്കുന്നതുവരെ തൊഴിലാളികള്‍ക്കൊപ്പം താനും മൂന്നാറില്‍ തുടരുമെന്നും വി എസ് ഉറച്ചു പറഞ്ഞു.

ഹ്രസ്വമായ പ്രസംഗത്തിനുശേഷം തൊഴിലാളികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്കൊപ്പം ഇരുപ്പുറപ്പിച്ച വി എസിന്റെ അടുത്തെത്തി തൊഴിലാളികള്‍ ഓരോരുത്തരായി ഇതുവരെയുള്ള തങ്ങളുടെ കഷ്ടപ്പാടുകള്‍ വിവരിച്ചു. വി എസിന്റെ സാന്നിധ്യം പകര്‍ന്ന കരുത്തോടെ കൂടുതല്‍ ശക്തമായി മുദ്രാവാക്യങ്ങള്‍ മുഴക്കി ഈ സമരത്തിന് മുന്‍മാതൃകകളില്ലാത്തവണ്ണം ചരിത്രത്തിലേക്ക് രേഖപ്പെടുത്തുകയാണ് തൊഴിലാളികള്‍. ട്രേഡ് യൂണിയനുകളെയും നേതാക്കന്മാരെയും കണക്കിനു വിമര്‍ശിക്കുന്ന തൊഴിലാളികള്‍ പക്ഷെ വി എസ് അച്യുതാനന്ദന് വേണ്ടി മുദ്രാവാക്യം മുഴക്കുന്നതും മൂന്നാറില്‍ ഉഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍