കീര്‍ത്തിയുടെ ആരാധകര്‍ ആണ് ഈ ചിത്രം പുറത്തുവിട്ടത്
ഫാന്‍സ് അസോസിയേഷനുകള്‍ എന്നാല്‍ വെട്ടുക്കിളി കൂട്ടങ്ങള്‍ ആണെന്ന് ഒരു സിനിമയില്‍ പറഞ്ഞത് ജഗതി ശ്രീകുമാര്‍ ആണ്. ഭാഷ ഏതു തന്നെ ആയാലും ആരാധകരുടെ പൊതു സ്വഭാവത്തിന് ഒരുപാട് സാമ്യതകള്‍ കാണാം. മോഹന്‍ലാല്‍ വിളിച്ചിട്ടു ഫോണ്‍ എടുത്തില്ല എന്ന കാരണത്താലായിരുന്നു മുന്‍പ് യുവ നടന് നിവിന്‍ പോളിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ലാല്‍ ഫാന്‍സ് പൊങ്കാലയിട്ടത്. കസബ എന്ന സിനിമയെ വിമര്‍ശിച്ചതിന് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടി പാര്‍വതിയും നേരിട്ടത്.
ഇത്തവണ മലയാളി കൂടിയായ കീര്‍ത്തി സുരേഷിനാണ് വെട്ടുക്കിളി കൂട്ടങ്ങളുടെ സൈബര്‍ ആക്രമണത്തിന് ഇരയാകേണ്ടി വന്നത് കാരണം ആണ് ബഹുരസം. ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്ന വിജയ് 62 എന്ന ചിത്രത്തിന്റെ സ്റ്റീല്‍സ് പുറത്തു വിട്ടിരുന്നു അതില്‍ ഒരു ചിത്രത്തില്‍ കീര്‍ത്തി സോഫയിലും ഇളയ ദളപതി താഴെ നിലത്തും ആയിരിക്കുന്നത് മാത്രമല്ല കീര്‍ത്തിയുടെ കാല് വിജയുടെ കാലിനു മുകളില്‍ കയറ്റി വെച്ചിട്ടും ഉണ്ട്. ഈ ചിത്രം ആണ് വിജയ് ആരാധകരെ പ്രകോപിപ്പിച്ചത്. കീര്‍ത്തി സുരേഷിന്റെ ആരാധകര്‍ ആണ് ചിത്രം പുറത്തു വിട്ടത്, ഇതേ തുടര്‍ന്ന് ട്വിറ്ററിലും ഫെയ്സ്ബുക്കിലും വിജയ് ആരാധകര്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നു.
ഭൈരവക്കു ശേഷം വിജയും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന വിജയ് 62 സംവിധാനം ചെയ്യുന്നത് എ ആര് മുരുകദാസ് ആണ്. മഹാനടി എന്ന തെലുങ് ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം സൗത്ത് ഇന്ത്യയില്‍ ഏറ്റവും തിരക്കുള്ള നടിയായി കീര്‍ത്തി സുരേഷ് മാറി. ഇരുവരും ഇത് വരെ ആരാധകരുടെ ബഹളങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.