മെസ്സി, റൊണാള്‍ഡോ ഒരേ ദിവസം രണ്ട് നക്ഷത്രങ്ങളാണ് മങ്ങിയത്
ജൂലായ് ഒന്ന് ഫുട്ബാള്‍ പ്രേമികള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ദിവസമായിരിക്കും. മെസ്സി, റൊണാള്‍ഡോ ഒരേ ദിവസം രണ്ട് നക്ഷത്രങ്ങളാണ് മങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ രണ്ട് ചിത്രങ്ങളില്‍ ഒന്ന് അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള മത്സരത്തിന് ശേഷം സംഭവിച്ചൊരു നിമിഷമാണ് ഫ്രാന്‍സിനോട് തോറ്റ് നിരാശയോടെ നില്ക്കുന്ന ലയണല്‍ മെസ്സിയെ പോള്‍ പോഗ്ബ വന്ന് ആശ്വസിപ്പിക്കുകയായിരുന്നു. പിന്നിലൂടെ വന്ന് മെസ്സിയെ കെട്ടിപ്പിടിച്ച ശേഷം ആശ്വാസ വചനങ്ങള്‍ കൈമാറുന്ന ചിത്രം നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്.ഫുട്ബോളിലെ മനോഹരമായ കാഴ്ച്ച എന്നാണ് സോഷ്യല്‍ മീഡിയ ഇതിന് നല്കിയ വിശേഷണം.
രണ്ടാമത്തെ ചിത്രം യുറഗ്വായ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ കവാനിയെ സൈഡ് ലൈനിനരികിലെത്താന് സഹായിക്കുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രമാണ്. ഈ രംഗത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറല്‍ ആയിരുന്നു. പോര്‍ച്ചുഗലിന്റെ തോല്‍വിക്ക് കാരണമായ ഇരട്ട ഗോള്‍ നേടിയ കവാനി 74 മിനുട്ടില്‍ പരിക്കേറ്റ് ഗ്രൗണ്ടില്‍ ഇരിക്കവെയാണ് റൊണാള്‍ഡോ അരികില്‍ എത്തി സൈഡ് ലൈനിനരിലേക്ക് കൂട്ടി കൊണ്ട് പോയത്. ചിത്രം മനുഷ്യത്വത്തിന്റെ പ്രതീകം എന്ന അടിക്കുറിപ്പോടു കൂടി ആണ് പ്രചരിക്കുന്നത്. തോല്‍വിയിലും തലയെടുപ്പോടു കൂടിയാണ് സി ആര് സെവന് മടങ്ങുന്നതെന്നു ആരാധകര്‍ അവകാശപ്പെടുന്നു.
മേജര്‍ ടൂര്‍ണമെന്റുകളില്‍ ഒന്നും കിരീടം ഇല്ലെന്ന ശാപത്തിനു അറുതി വരുത്താന്‍ ഇറങ്ങിയ മെസ്സിക്ക് റഷ്യയിലും പിഴച്ചു. ഫ്രാന്‍സിനോട് മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുകയും പുറത്താവുകയും ചെയ്തു. ക്രിസ്റ്റിയാനോ നയിച്ച പോര്‍ച്ചുഗല്‍ ആകട്ടെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ ഉറുഗ്വേയോട് പരാജയപ്പെട്ടു.
സൂര്യനും ചന്ദ്രനും പോയി ഇനി എന്ത് ലോകകപ്പ് എന്ന് നിരാശയോടെ ചോദിക്കുന്ന ആരാധകര്‍ക്കിടയില്‍ ഈ രണ്ടു ചിത്രങ്ങള്‍ തെല്ലൊരാശ്വാസം ഉണ്ടാക്കിയിട്ടുണ്ട്.