UPDATES

ന്യൂസ് അപ്ഡേറ്റ്സ്

805 കോടി രൂപയ്ക്ക് റൊണാള്‍ഡോ യുവന്റസില്‍

ഒമ്പതു വര്‍ഷം റയല്‍ മാഡ്രിഡിനായി കളിച്ചശേഷമാണ് ക്രിസ്റ്റിയാനോ വിടപറയുന്നത്.

ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബായ യുവന്റസില്‍ ചേര്‍ന്നു. ഏകദേശം 805 കോടി രൂപയ്ക്കാണ് ഈ മുപ്പത്തിമുന്നുകാരനെ യുവന്റസ് സ്വന്തമാക്കിയത്. ഒമ്പതു വര്‍ഷം റയലിനായി കളിച്ചശേഷമാണ് ക്രിസ്റ്റിയാനോ വിടപറയുന്നത്.

ലോകകപ്പിൽ നിന്ന്  പോര്‍ചുഗല്‍ പുറത്തായതിനു തൊട്ടുപിന്നാലെ റൊണാള്‍ഡോ റയല്‍ വിടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാൽ റയൽ മാഡ്രിഡ് അധികൃതർ വാർത്തകൾ നിഷേധിച്ചിരുന്നു. ഏറെ അഭ്യൂഹങ്ങൾക്കും, കിംവദന്തികൾക്കും വിരാമം ഇട്ടു കൊണ്ടാണ് കഴിഞ്ഞദിവസം ക്രിസ്റ്റ്യാനോയുടെ ഏജന്റ് യുവന്റസുമായി സംസാരിക്കുകയും പ്രതിഫല കാര്യത്തില്‍ അന്തിമ തീരുമാനത്തിൽ എത്തുകയും ചെയ്തത്. നാലു വര്‍ഷത്തേക്കാണ് കരാര്‍. 266 കോടി രൂപ വാര്‍ഷിക ശമ്പളവും നല്‍കും. കരാറിനായി മൊത്തം ക്ലബ് ചെലവാക്കുന്ന തുക 2736 കോടി രൂപയാണ്.

ലോക ഫുട്‌ബോളര്‍ക്കുള്ള ബലോണ്‍ ഡി ഓര്‍ പുരസ്‌കാരം അഞ്ചു തവണ നേടിയിട്ടുള്ള റൊണാള്‍ഡോ ഈ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍, ഉറുഗ്വേക്കെതിരെ പ്രീക്വാര്‍ട്ടറില്‍ ടീം തോറ്റു. യൂറോകപ്പില്‍ റൊണാള്‍ഡോയുടെ ചിറകിലേറിയാണ് ടീം കിരീടം നേടിയത്. ലോകകപ്പില്‍ നേട്ടം ആവര്‍ത്തിക്കാനായില്ല.

2003 ല്‍ പതിനെട്ടാം വയസ്സില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയ താരത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മാഞ്ചസ്റ്റര്‍ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസണു കീഴില്‍ ലോകോത്തര താരമായി വളര്‍ന്നു. 2009 ല്‍ അക്കാലത്തെ ഏറ്റവും വലിയ കൈമാറ്റ തുകയ്ക്ക് ആണ് റയലില്‍ എത്തിയത്. ഏകദേശം 757 കോടി രൂപയാണ് റയല്‍ ഈ പോർച്ചുഗീസ് മുന്നേറ്റനിരക്കാരാണ് വേണ്ടി മുടക്കിയത്.

പുതിയ സീസണില്‍ യുവന്റസിന്റെ ജഴ്‌സിയിലാകും ഇനി ക്രിസ്റ്റ്യാനോയെ കാണാനാകുക. ബാഴ്സലോണയില്‍ ലയണല്‍ മെസ്സിക്കും, പിഎസ്ജിയില്‍ നെയ്മര്‍ക്കും ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് റയലില്‍ തനിക്ക് ലഭിക്കുന്നത് എന്നതില്‍ ക്രിസ്റ്റ്യാനോയ്ക്ക് അസ്വാരസ്യമുണ്ടായിരുന്നു. ഇതേചൊല്ലി റയല്‍ പ്രസിഡന്റ് ഫ്ളോറന്റീന പെരസുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തതാണ് ഇപ്പോഴത്തെ കൂടുമാറ്റത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

റയലിനായി 292 മത്സരങ്ങളില്‍ നിന്നായി 311 ഗോളുകള്‍ സ്‌കോര്‍ ചെയ്തു. ഒമ്പത് വര്‍ഷത്തെ കരിയറിനിടെ നാലു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം റയലിന് നേടികൊടുത്ത റൊണാള്‍ഡോ റയലിന്റെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനായി റെക്കോഡ് സൃഷ്ടിച്ച ശേഷമാണ് മടങ്ങുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍