UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിറിഞ്ച് നിരോധിച്ചാൽ തീരുമോ പഞ്ചാബിന്റെ ലഹരി അടിമത്തം?

സംസ്ഥാനത്തെ ലഹരി ഉപയോക്താക്കളിൽ 99% പേരും പുരുഷന്മാരാണ്.

ജൂലൈ 5നാണ് പഞ്ചാബ് സിറിഞ്ചുകൾക്ക് നിരോധനമേർപ്പെടുത്തിയത്. ഡോക്ടറുടെ കുറിപ്പില്ലാതെ സിറിഞ്ഞ് വിൽക്കുന്നതിനായിരുന്നു തടസ്സം. ഹെറോയിനും, ഇൻക്റ്റ് ചെയ്യാവുന്ന മറ്റ് മയക്കുമരുന്നുകളും ഉപയോഗിക്കുന്നത് സിറിഞ്ച് നിരോധനം വഴി തടയാമെന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ. സംസ്ഥാനത്ത് മയക്കുമരുന്നുപയോഗം അതിന്റെ ഏറ്റവും അപകടകരമായ അവസ്ഥയിലെത്തിയ സാഹചര്യത്തിലാണ് സിറിഞ്ച് നിരോധിച്ച് പ്രശ്നത്തിന് ‘പരിഹാരം’ കാണാൻ സർക്കാർ ശ്രമിച്ചത്. എന്നാൽ ഈ നീക്കം കൂടുതൽ അപകടങ്ങളിലേക്ക് നയിക്കുകയേയുള്ളൂ എന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ഒരേ സിറിഞ്ച് വീണ്ടുംവീണ്ടും ഉപയോഗിക്കാൻ നിരോധനം കാരണമാകും. ഒരാളുപയോഗിച്ച സിറിഞ്ച് മറ്റുള്ളവരും ഉപയോഗിക്കും. ഇതുവഴി ഹെപ്പറ്റിറ്റിസ് ബി, സി എന്നിവ മുതൽ എച്ച്ഐവി ഇൻഫക്ഷൻ വരെ പടരുമെന്ന മുന്നറിയിപ്പ് ആരോഗ്യരംഗത്തു നിന്ന് ലഭിച്ചതോടെ സർക്കാർ നിരോധനം പിൻവലിച്ചു. ജൂലൈ 9നാണ് നിരോധനം പിൻവലിച്ച് ഉത്തരവിറങ്ങിയത്.

മയക്കുമരുന്ന് ഉപയോക്താക്കൾ‌ ഉപയോഗിച്ചു വലിച്ചെറിയുന്ന സിറിഞ്ചുകൾ ശേഖരിച്ചുപയോഗിക്കുന്നുണ്ടെന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ഇത് തടയാൻ ഓട്ടോ ഡിസേബിൾ സിറിഞ്ചുകൾ ഉപയോഗിക്കണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ആദ്യ ഉപയോഗത്തിനു ശേഷം ഇത്തരം സിറിഞ്ചുകൾ ഉപയോഗശൂന്യമാകും.

ജൂൺ മാസത്തിൽ മാത്രം മയക്കുമരുന്ന അമിതമായി ഉപയോഗിച്ച് 23 പേരാണ് പഞ്ചാബിൽ മരണമടഞ്ഞത്. ദേശീയ-അന്തർദ്ദേശീയ തലങ്ങളിൽ ഇത് വാർത്തയാകുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തതോടെ സർക്കാർ നടപടികളിലേക്ക് ഇറങ്ങി. സർക്കാരിന്റെ വിവിധ വകുപ്പുകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ മയക്കുമരുന്നിന് അടിമയാണെന്ന ഗുരുതരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്. ലഹരിമാഫിയ ആദ്യം മയക്കിക്കിടത്തിയത് അധികാരികളെയാണ്. ഇതിൽ ഏറ്റവും പ്രധാനം പൊലീസ് സേനയാണ്. പൊലീസ് സേനയിൽ വാർഷിക ലഹരിപരിശോധന നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുകയാണ് സർക്കാർ ഇപ്പോൾ.

2017 മാർച്ച് മാസത്തിൽ തെരഞ്ഞെടുപ്പ് വിജയിച്ച് അധികാരത്തിലേറിയ പഞ്ചാബിലെ കോൺഗ്രസ്സ് സർക്കാരിന്റെ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, പഞ്ചാബിന്റെ മയക്കുമരുന്ന് പ്രശ്നം നാലാഴ്ചയ്ക്കകം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആഴ്ചകളും മാസങ്ങളും പിന്നിട്ടിട്ടും മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾ എവിടെയും തടസ്സപ്പെട്ടില്ല. മാത്രവുമല്ല, ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ 23 പേരുടെ ജീവനെടുക്കുന്ന തരത്തിലേക്ക് അതിന്റെ വ്യാപനം നടക്കുകയും ചെയ്തു.

പഞ്ചാബിലെ മയക്കുമരുന്നുപയോഗത്തിന്റെ 54 ശതമാനവും ഹെറോയിനാണ്. ഇതാണ് ഒന്നാം സ്ഥാനത്ത്. രണ്ടാംസ്ഥാനത്ത് വരുന്നത് ഒപിയം ആണ്. ആകെ മയക്കുമരുന്നുപയോഗത്തിന്റെ 33 ശതമാനവും ഓപിയമാണ്. സംസ്ഥാനത്ത് ആകെ 860,000 ഒപിയോയ്ഡ് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഓർക്കേണ്ട ഒരു വസ്തുത, ആകെ ലഹരി ഉപയോക്താക്കളിൽ 14% പേര്‍ മാത്രമാണ് ഒപിയോയ്ഡ് ഉപയോക്താക്കൾ എന്നതാണ്.

സംസ്ഥാനത്തെ ലഹരി ഉപയോക്താക്കളിൽ 99% പേരും പുരുഷന്മാരാണ്. ഏറ്റവും അപകടകരമായ കാര്യം, ഇതിൽ 76% പേരും 18നും 35നും ഇടയിൽ പ്രായമുള്ളവരാണ് എന്നതാണ്.

സംസ്ഥാനത്തിന്റെ സമ്പത്തിന്റെ വലിയൊരു ഭാഗം ഇപ്പോൾ ഒഴുകുന്നത് ലഹരിമാഫിയയുടെ കൈകളിലേക്കാണ്. പഞ്ചാബിന്റെ ദൈനംദിന പ്രതിശീർഷ വരുമാനം 392 രൂപയാണ് എന്നതോർക്കണം. ഒരു ശരാശരി ഹെറോയിൻ ഉപയോക്താവ് ദിവസവും 1400 രൂപയെങ്കിലും അതിനായി ചെലവഴിക്കുന്നു. ചില ജില്ലകളിൽ 67 ശതമാനം കുടുംബങ്ങളെ വരെ ബാധിക്കുന്ന ഒരു മാറാവ്യാധിയായി ലഹരിമരുന്ന് മാറിക്കഴിഞ്ഞിട്ടുണ്ട്.

പാകിസ്താനുമായി അതിർത്തി പങ്കിടുന്ന മേഖലകളിലൂടെയാണ് പഞ്ചാബിലേക്ക് ലഹരിയുടെ ഒഴുക്കുണ്ടാകുന്നത്. ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നിവിടങ്ങളിലെ കറുപ്പ് ഉൽപാദനകേന്ദ്രങ്ങളായ പ്രദേശങ്ങളോട് അടുത്തു നിൽക്കുന്നതാണ് പഞ്ചാബ്-പാകിസ്താൻ അതിര്‍ത്തിപ്രദേശം. ഈ വഴികളിലൂടെ പഞ്ചാബിലേക്ക് കറുപ്പ് എളുപ്പത്തിൽ എത്തുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റു നിരവധി തരം മയക്കുമരുന്നുകൾക്കും പഞ്ചാബ് നല്ലൊരു വിൽപ്പനാകേന്ദ്രമാകുന്നു.

രാഷ്ട്രീയ-ഉദ്യോഗസ്ഥ രംഗങ്ങളിൽ മയക്കുമരുന്നു മാഫിയ ഇതിനകം ശക്തമായ പിടിപാട് സൃഷ്ടിച്ചിട്ടുണ്ട്. മുൻ പഞ്ചാബ് സര്‍ക്കാരിൽ മന്ത്രിയായിരുന്ന ബിക്രം സിങ് മാജിത അടക്കമുള്ളവർക്ക് മയക്കുമരുന്ന് കച്ചവടത്തിൽ നേരിട്ടുള്ള പങ്കാളിത്തമുണ്ട്. ഇക്കാരണത്താൽ തന്നെ പഞ്ചാബിൽ നിന്ന് മയക്കുമരുന്ന് ഉപയോഗത്തെ ഇല്ലായ്മ ചെയ്യുക അത്ര എളുപ്പമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍