രാഹുൽ ഗാന്ധിയെ അധ്യക്ഷനായി അംഗീകരിച്ച ദില്ലിയിലെ എഐസിസി പ്ലീനറി സെഷന്‍ അദ്ദേഹത്തെ വര്‍ക്കിങ് കമ്മറ്റി അംഗങ്ങളെ നിര്‍ദ്ദേശിക്കാനും ചുമതലപ്പെടുത്തിയിരുന്നു.
കഴിഞ്ഞ നാലു മാസമായി കോൺഗ്രസ്സിന് വർക്കിങ് കമ്മറ്റിയില്ല. കോൺഗ്രസ്സിന്റെ ചരിത്രത്തിലിന്നു വരെ ഇത്രയും നീണ്ടകാലം വർക്കിങ് കമ്മറ്റിയുടെ അസാന്നിധ്യമുണ്ടായിട്ടില്ല. കാരണം എന്താണെന്ന ചോദ്യത്തിന് കോൺഗ്രസ്സ് നേതാക്കൾക്ക് വ്യക്തമായ ഉത്തരമില്ല. രാഹുൽ ഗാന്ധിയുടെ തീരാത്ത ആശയക്കുഴപ്പങ്ങളുടെ അക്കൗണ്ടിലേക്കാണ് ഇതും ചേരുന്നത് എന്നതിന്റെ സൂചനകൾ മാത്രമാണ് റിപ്പോർട്ടുകളിൽ നിന്നും ലഭിക്കുന്നത്.
പാർട്ടിയുടെ നയപരമായ തീർപ്പുകളെടുക്കുന്ന ഉന്നതാധികാര യോഗമാണ് വർക്കിങ് കമ്മറ്റി. ഇന്ദിരാഗാന്ധിയുടെ കാലത്തിനു ശേഷം കേന്ദ്രതീരുമാനങ്ങൾ പാർട്ടിയുടെ നടത്തിപ്പിൽ നിർണായകമായിത്തീർന്നു. ‘ഹൈക്കമാൻഡ് എന്നാൽ കോൺഗ്രസ്സ് അധ്യക്ഷൻ’ എന്ന നിർവ്വചനം പൊതുവിലുണ്ടായെങ്കിലും പാർട്ടിയുടെ നയപരമായ തീരുമാനങ്ങളിൽ വർക്കിങ് കമ്മറ്റിക്ക് വലിയ പങ്ക് എക്കാലത്തുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ നാലുമാസമായി ഈ കമ്മറ്റി പ്രവർത്തിക്കുന്നില്ല.
രാഹുൽ ഗാന്ധിയെ അധ്യക്ഷനായി അംഗീകരിച്ച ദില്ലിയിലെ എഐസിസി പ്ലീനറി സെഷന്‍ അദ്ദേഹത്തെ വര്‍ക്കിങ് കമ്മറ്റി അംഗങ്ങളെ നിര്‍ദ്ദേശിക്കാനും ചുമതലപ്പെടുത്തിയിരുന്നു. ഈ ചുമതല നിർവ്വഹിക്കാൻ രാഹുൽ ഗാന്ധി ഇതുവരെ തയ്യാറായിട്ടില്ല.
പ്ലീനറിയിൽ വെച്ച് മുൻ വർക്കിങ് കമ്മറ്റി പിരിച്ചുവിടുകയും അതേ അംഗങ്ങളെ വെച്ച് സ്റ്റീയറിങ് കമ്മറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. ഈ കമ്മറ്റിക്ക് പക്ഷെ പരിമിതമായ അധികാരങ്ങളേയുള്ളൂ. ചുരുക്കത്തിൽ നിലവിൽ കോൺഗ്രസ്സിന് ഒരു വർക്കിങ് കമ്മറ്റിയില്ല അഥവാ, വർക്കിങ് കമ്മറ്റിയുടെ ചുമതലകൾ രാഹുൽ ഗാന്ധിയുടെ ഓഫീസ് നേരിട്ട് നിർവ്വഹിക്കുന്നു. പാർട്ടിയിൽ ഇന്ദിരായുഗത്തിലെ ഏകാധിപത്യപ്രവണത എത്ര ശക്തമായി നിലനിൽക്കുന്നു എന്നതിനുദാഹരണമായാണ് മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ ഇതിനെ നോക്കിക്കാണുന്നത്.
അതെസമയം, ഈ വാർത്തകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ കോൺഗ്രസ്സ് വർക്കിങ് കമ്മറ്റി സംഘടിപ്പിക്കാനുള്ള നീക്കം രാഹുൽ ഗാന്ധി തുടങ്ങിയതായുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്. യുവാക്കളെയും പരിചയസമ്പന്നരെയും ഒരുമിപ്പിച്ചുള്ള ഒരു വർക്കിങ് കമ്മറ്റിക്കാണ് രാഹുൽ രൂപം നൽകുക എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ വർക്കിങ് കമ്മറ്റി അംഗങ്ങളെ സംബന്ധിച്ച കരട് രൂപം തയ്യാറാക്കുകയായിരുന്നു രാഹുലിന്റെ ഓഫീസ് എന്നും റിപ്പോർട്ടുകൾ പറയുന്നു.
എഐസിസിയിൽ നിന്നുള്ളവരായിരിക്കണം വർക്കിങ് കമ്മറ്റി അംഗങ്ങളിൽ 12 പേരെന്ന് കോൺഗ്രസ്സിന്റെ ഭരണഘടന പറയുന്നുണ്ട്. ഇതു കഴിഞ്ഞുള്ള അംഗങ്ങളെ പാർട്ടി അധ്യക്ഷന് തീരുമാനിക്കാം. 25 അംഗങ്ങളാണ് ആകെ ഉണ്ടാവുക. കമ്മറ്റിയിൽ സ്ഥിരം ക്ഷണിതാക്കളും പ്രത്യേക ക്ഷണിതാക്കളുമായി വേറെയും അംഗങ്ങളുണ്ടാകും.
മുൻ വര്‍ക്കിങ് കമ്മറ്റി പിരിച്ചുവിട്ട് നിലവിൽ വന്ന സ്റ്റീയറിങ് കമ്മറ്റിക്ക് ആറു മാസമാണ് അധികാരകാലയളവ്. ഇതിൽ നാലുമാസം ഇതിനകം തീർന്നുകഴിഞ്ഞു.