UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീണ്ടും സംഘി ഭീഷണി: ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജ് മാഗസിന്‍ പിന്‍വലിച്ചു

ഉണ്ണികൃഷ്ണന്‍ വി

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മറ്റൊരു കോളേജ് മാഗസിന്‍ കൂടി പിന്‍വലിച്ചു. പാലക്കാട് ഒറ്റപ്പാലം എന്‍ എസ്എസ് കോളേജ് പുറത്തിറക്കിയ മാഗസിനാണ് മാഗസിന്‍ കമ്മറ്റിയെയോ എഡിറ്റോറിയല്‍ ബോര്‍ഡിനെയോ എഡിറ്ററെയോ പോലും അറിയിക്കാതെ തികച്ചും ഏകപക്ഷീയമായി പ്രിന്‍സിപ്പല്‍ ടി.എല്‍ രമാദേവി പിന്‍വലിച്ചത്. ഇതിനു കാരണമായത് കോളേജില്‍ എബിവിപി, ആര്‍എസ്എസ്, ബിജെപി നടത്തിയ പ്രതിഷേധവും ഭീഷണിയും. പ്രിന്‍സിപ്പലിന്റെ തീരുമാനം ഏകപക്ഷീയവും ഭീരുത്വവുമാണെന്ന് ആരോപിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍  പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു നീക്കുകയും കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടുകയും ചെയ്തു. ഈ മാഗസിനിലെ ചില പരാമര്‍ശങ്ങള്‍ രാഷ്ട്രപിതാവിനെയും ഭാരതസംസ്കാരത്തെയും പ്രധാനമന്ത്രിയേയും ഉള്‍പ്പടെ അവഹേളിക്കുന്നു എന്ന വാദമുയര്‍ത്തിയാണ് എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ‘ഒരു പേരില്ലാത്ത മാഗസിന്‍’ എന്ന പേരില്‍ കോളേജ് മാഗസിന്‍ ഇതേ പ്രിന്‍സിപ്പല്‍ തന്നെ പ്രകാശനം ചെയ്തത്. 1000 കോപ്പികള്‍ അച്ചടിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണവും ചെയ്തു. ബിരുദ വിദ്യാര്‍ത്ഥിയായ അനന്തു എഡിറ്റര്‍ ആയിട്ടുള്ള എഡിറ്റോറിയല്‍ ബോര്‍ഡ് ആണ് മാഗസിന്‍ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഉള്ളടക്കത്തിലും ഡിസൈനിലും വ്യത്യസ്തത പുലര്‍ത്തിയ ഈ മാഗസിനില്‍ രാജ്യം നേരിടുന്ന വിപത്തുകളെയും സമൂഹത്തിലുണ്ടായ മൂല്യച്യുതിയെയും രാഷ്ട്രീയരംഗത്തെ കപടതയെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. അതുപോലെതന്നെ മഹാഭാരതം, രാമായണം എന്നീ പുരാണങ്ങളിലെ കഥാപാത്രങ്ങളെയും ഹിന്ദു ദൈവങ്ങളെയും വ്യത്യസ്തമായ ഒരു വീക്ഷണകോണിലൂടെ വിദ്യാര്‍ഥികള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. 

എന്നാല്‍  ഈ മാഗസിനിലെ ഉള്ളടക്കം ദേശീയതയെയും സംസ്കാരത്തെയും അവഹേളിക്കുന്ന രീതിയിലുള്ളതാണ്‌ എന്നാണ് സംഘപരിവാറിന്‍റെ വാദം.

‘രണ്ടു വോട്ടിനായി, വേട്ടപ്പട്ടികള്‍ നിന്‍റെ തൊപ്പിയിട്ട  മക്കളെ ചുട്ടുകൊന്നപ്പോള്‍
നിന്‍റെ മാലാഖമാരുടെ മാനം കവര്‍ന്നപ്പോള്‍ നീ പുറം തിരിഞ്ഞു നിന്നെങ്കില്‍
അഭിവന്ദ്യ ആര്യഭാരത മാതാവേ നീയൊരു വേശ്യയാകുന്നു’

‘നിന്നോട്’ എന്ന തലക്കെട്ടുള്ള ഈ കവിതയിലെ വേശ്യ എന്ന വാക്ക് ഉദ്ധരിച്ചും വിമര്‍ശനാത്മകമായ മറ്റു പരാമര്‍ശങ്ങളും ഉയര്‍ത്തിക്കാട്ടിയുമാണ്‌ എബിവിപി പ്രതിഷേധവുമായെത്തിയത്. ഗൂഗിളില്‍ മോദി ആരാണ്, മന്‍മോഹന്‍ സിംഗ് ആരാണ് എന്ന് സേര്‍ച്ച്‌ ചെയ്യുമ്പോഴുള്ള സ്ക്രീന്‍ ഷോട്ടും മാഗസിനിലെ ഒരു പേജിലുണ്ട്.

“ഡിസൈനിലും ഉള്ളടക്കത്തിലും പുതുമ വേണം എന്ന നിബന്ധന വച്ചത് അങ്ങനെയാണ്. വിലക്കുകളില്ലാതെ പ്രതികരിക്കാനും തുറന്നെഴുതാനുമുള്ള സ്വാതന്ത്ര്യം മാഗസിനില്‍ എഴുതിയ എല്ലാവര്‍ക്കുമുണ്ടായിരുന്നു. അത് നന്നായി വിനിയോഗിക്കുകയും ചെയ്തു. സമൂഹത്തില്‍ നിലനില്‍ക്കുന്ന കാര്യങ്ങളൊക്കെ തന്നെയാണ് പരാമര്‍ശിച്ചിട്ടുള്ള വിഷയങ്ങള്‍.” മാഗസിന്‍ എഡിറ്റര്‍ അനന്തു പറഞ്ഞു.

“ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും എതിരെ വിമര്‍ശനങ്ങള്‍ വരുന്നത് ഇതാദ്യമായല്ല. തൂലികയിലൂടെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് നിലപാടുകള്‍ വേരുപിടിക്കുന്ന കാലമാണിത്. വിമര്‍ശനങ്ങളെ കയ്യൂക്കും കുതന്ത്രവും കൊണ്ടു നേരിടുന്ന നടപടികള്‍ ആവര്‍ത്തിക്കുകയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നുകയറ്റം തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്.” അനന്തു ചൂണ്ടിക്കാട്ടുന്നു. 

തൃശൂര്‍ മഹാരാജാസ് പോളിടെക്‌നിക്കിലെ കോളേജ് മാഗസിനായ ‘പുറംമോടി’യ്ക്കും, കുന്ദംകുളം ഗവ. പോളിയിലെ നെഗറ്റീവ് ഫേയ്സസിനും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെയും മാഗസിനുകള്‍ക്കും നേരെ സമാനമായ ഫാസിസ്റ്റ് ആക്രമണമുണ്ടായിരുന്നു. നരേന്ദ്ര മോദിയേയും ഇന്ത്യന്‍ സംസ്കാരത്തെയും അപമാനിച്ചു  എന്നതരത്തിലുള്ള ആരോപണങ്ങളും തുടര്‍ന്ന് അറസ്റ്റുകളും നടന്നു. അതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലും നടന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം.

“ഒരു ദിവസം മുന്‍പ് എബിവിപി നടത്തിയ പ്രകടനമൊഴിച്ച് കോളേജില്‍ വേറെ പ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. മാഗസിന്‍ കമ്മിറ്റിക്കു നേരെ എബിവിപി കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് പറയുന്നുണ്ടായിരുന്നു. ഒന്നും കോളേജിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതുമില്ല. ക്ലാസുകള്‍ നടന്നിരുന്നു. പക്ഷേ പിന്നീടവര്‍ പുറത്തു നിന്നും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുമായി കാമ്പസില്‍ കയറുകയും പ്രകടനം നടത്തുകയും ചെയ്തു. അടുത്ത നടപടി പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തുക എന്നുള്ളതായിരുന്നു. അതിലവര്‍ വിജയിച്ചു. മാഗസിന്‍ കമ്മിറ്റിയെ അറിയിക്കാതെ സ്റ്റാഫ് എഡിറ്ററുടെ ഒപ്പ് നിര്‍ബന്ധിച്ചു വാങ്ങിയതിനു ശേഷം പ്രിന്‍സിപ്പല്‍ മാഗസിന്‍ പിന്‍വലിച്ചതായി അനൌണ്‍സ് ചെയ്യുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച ഞങ്ങളെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചു നീക്കി”. കോളേജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അജിനിത് പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ പതിക്കുന്ന കരിനിഴലുകളെ ചെറുത്തു നില്‍ക്കാനും നവമാധ്യമങ്ങളിലൂടെയും മറ്റും ഇതിനെതിരെ പ്രതിഷേധമറിയിക്കാനും ശക്തമായ പ്രക്ഷോഭങ്ങള്‍ നടപ്പിലാക്കുവാനുമാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍