2019 ജനുവരിയില്‍ ദേശീയ പ്രസിഡന്റ് സ്ഥാനത്ത് അമിത് ഷായുടെ കാലാവധി കഴിയുകയാണ്. എന്നാല്‍ സംഘടന തിരഞ്ഞെടുപ്പ് ലോക് സഭ തിരഞ്ഞെടുപ്പിന് ശേഷം മതിയെന്നാണ് ബിജെപിയുടെ തീരുമാനം.
ലോക്സഭ തിരഞ്ഞെടുപ്പിനെ അമിത് ഷായുടെ നേതൃത്വത്തില്‍ തന്നെ നേരിടാന്‍ ബിജെപിയുടെ തീരുമാനം. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമെടുത്ത്. 2019 ജനുവരിയില്‍ ദേശീയ പ്രസിഡന്റ് സ്ഥാനത്ത് അമിത് ഷായുടെ കാലാവധി കഴിയുകയാണ്. എന്നാല്‍ സംഘടന തിരഞ്ഞെടുപ്പ് ലോക് സഭ തിരഞ്ഞെടുപ്പിന് ശേഷം മതിയെന്നാണ് ബിജെപിയുടെ തീരുമാനം. 2014ലേതിനേക്കാള്‍ വലിയ വിജയം നേടി ബിജെപി അധികാരത്തുടര്‍ച്ച നേടുമെന്ന് യോഗത്തില്‍ അമിത് ഷാ അവകാശപ്പെട്ടു. നാല് സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കൂടിയാണ് ദേശീയ എക്സിക്യൂട്ടീവ് ചേര്‍ന്നത്. അജയ് ബിജെപി എന്ന പ്രചാരണ മുദ്രാവാക്യം മുന്നോട്ടുവച്ചിട്ടുണ്ട്. തെലങ്കാനയിലും മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നീ നിയമസഭകള്ക്കൊന്നും നേരത്തെ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാഹര്യമൊരുങ്ങിയിട്ടുള്ളതിനാല് തെലങ്കാനയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് അമിത് ഷാ പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കി.
രണ്ട് ദിവസമാണ് ദേശീയ എക്സിക്യൂട്ടീവ് യോഗം. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിക്കെതിരായ വികാരമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത് ഏല്ക്കാന് പോകുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്ത് വ്യാപകമായി നടക്കുന്ന ദലിത് പീഡനങ്ങള്‍ ദലിതുകളെ വലിയ തോതില്‍ ബിജെപിക്ക് എതിരാക്കുന്നുണ്ട്. അതേസമയം വേറൊരു ഭാഗത്ത് ബിജെപിയുടെ പരമ്പരാഗത സവര്‍ണ ഹിന്ദു വോട്ട് ബാങ്കിലും ഉലച്ചിലുണ്ടാകുമെന്ന തരത്തിലുള്ള ഭീഷണി ഉയരുന്നുണ്ട്. എസ് എസി – എസ് ടി ആക്ട് ദുര്‍ബലമാക്കി എന്ന ആരോപണം നേരിടുന്ന സുപ്രീം കോടതി ഉത്തരവിനെതിരായ സര്‍ക്കാരിന്റെ സമീപനമാണ് മേല്‍ജാതിക്കാരെ രോഷം കൊള്ളിക്കുന്നത്. അസമിലെ വിവാദമായ ദേശീയ പൗരത്വ പട്ടികയും യോഗത്തില്‍ ചര്‍ച്ചയാകും.