അഴിമുഖം പ്രതിനിധി
2016-ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതാക്കന്മാര്ക്ക് താല്പര്യമില്ലെങ്കിലും കോണ്‍ഗ്രസിന്റേയും ഇടതുപക്ഷത്തിന്റേയും പ്രവര്‍ത്തകര്‍ താഴേത്തട്ടില്‍ തൃണമൂലിന് എതിരെ കൈകോര്‍ക്കുമെന്ന് കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ പ്രസിഡന്റ് അദിര്‍ ചൗധരി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പ് സഖ്യ സാധ്യത ചൗധരി തള്ളിക്കളഞ്ഞു.
കോണ്‍ഗ്രസുമായി ബംഗാളില്‍ കൈകോര്‍ക്കണമെന്ന സിപിഐഎം ബംഗാള്‍ ഘടകത്തിന്റെ താല്പര്യം പാര്‍ട്ടിയില്‍ ഭിന്നതയ്ക്ക് വഴിതെളിച്ചിരിക്കുന്ന അവസരത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസുമായി ധാരണ ഉണ്ടാക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ പ്ലീനത്തിനുശേഷം ചര്‍ച്ച ചെയ്യുമെന്ന് സിപിഐഎം ബംഗാളിലെ നേതാവ് മുഹമ്മദ് സലിം ഇന്നലെ പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ ഇടതു മുന്നണിയിലെ സഖ്യകക്ഷികളായ ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും രംഗത്തെത്തിയിരുന്നു.