വേണമെങ്കില്‍ വിലകുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനാകുമെന്നാണ് തെളിഞ്ഞിരിക്കുന്നത്
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇന്ധന വില കുറച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തന്ത്രമാണെന്ന് സിപിഎം നേതാവും എംപിയുമായി എംബി രാജേഷ്. നിങ്ങളുടെ തട്ടിപ്പ് മനസിലാകാത്തവരാണ് ജനങ്ങളെന്ന് കരുതുന്നുണ്ടോയെന്നും രാജേഷ് ചോദിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഇപ്പോള്‍ വിലകുറച്ചത്. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന് ഇപ്പോള്‍ മനസിലായെന്നും അദ്ദേഹം പരിഹസിക്കുന്നു.
കേന്ദ്രത്തിന് ആവശ്യമുള്ളപ്പോള്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികളോട് പറയുകയും അവര്‍ അത് അനുസരിക്കുകയുമാണ് ചെയ്തിരിക്കുന്നത്. വേണമെങ്കില്‍ വിലകുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനാകുമെന്നാണ് ഇതില്‍ നിന്നും തെളിഞ്ഞിരിക്കുന്നത്. ഇത്രയും കാലം ജനങ്ങളെ പിഴിഞ്ഞത് എന്തിനാണെന്ന് അവര്‍ വിശദീകരിക്കണമെന്നും അദ്ദേഹം പറയുന്നു. ലോകത്ത് ഒരിടത്തുമില്ലാത്ത വില നല്‍കിയാണ് നമ്മള് ഇത്രയും കാലം പെട്രോളും ഡീസലും വാങ്ങിയത്. കേന്ദ്രത്തിന്റെ കൃത്യമായ കൊള്ളയാണ് ഇതെന്ന് ഇപ്പോള്‍ വ്യക്തമായി. കേരളത്തില്‍ നേരത്തെ തന്നെ ഇന്ധന വില കുറച്ചിട്ടുണ്ട്. കേന്ദ്രം ഇപ്പോള്‍ വില കുറയ്ക്കുമ്പോള്‍ ആനുപാതികമായി ഇവിടെയും വില കുറയും. കേരളം അമിതമായി നികുതി ചുമത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരും എണ്ണ കമ്പനികളും വില കൂട്ടുമ്പോള്‍ സ്വാഭാവികമായും ഇവിടെയും വില കൂടുന്നതാണെന്നും എംബി രാജേഷ് പറഞ്ഞു.
2.50 രൂപയാണ് ഇന്ന് പെട്രോളിനും ഡീസലിനും വില കുറച്ചത്. എക്സൈസ് തീരുവ 1.50 രൂപ കുറച്ചപ്പോള്‍ സര്‍ക്കാര്‍ എണ്ണക്കമ്പനികളോട് ഒരു രൂപ കുറയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കൂടാതെ നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിട്ടുണ്ട്. കേരളം ഏതാനും മാസം മുമ്പ് ഇന്ധനവില രണ്ട് രൂപ കുറച്ചിരുന്നു. കേന്ദ്രം അന്ന് കുറച്ചിരുന്നില്ല. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചിരുന്നു. അരുണ്‍ ജെയ്റ്റ്ലിയും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമാണ് യോഗത്തില്‍ പങ്കെടുത്തത്. ഇതിന് പിന്നാലെയാണ് വില കുറച്ചുകൊണ്ടുള്ള തീരുമാനം വന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതാണ് അടിയന്തരമായി ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കാന്‍ കാരണം. കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തപ്പോഴും എണ്ണക്കമ്പനികള്‍ വില കുറച്ചിരുന്നു. രാജ്യത്ത് ഇന്നലെയും ഇന്ധനവില വര്‍ധിച്ചിട്ടുണ്ട്. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് വര്‍ധിച്ചത്. ഇന്ന് തിരുവനന്തപുരത്ത് പെട്രോളിന് 87.25 രൂപയും ഡീസലിന് 80.63 രൂപയും കോഴിക്കോ് 87ഉം 80.31 രൂപ വീതവുമാണ് വില. ഇതിനിടെ പാചക വാതക വില വര്‍ദ്ധിച്ചതും ജനങ്ങള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്.