‘ഡല്‍ഹിയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങളില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണ് തീ പിടുത്തം’ എന്ന് ഐക്യരാഷ്ട്രസഭയിലെ മുന്‍ പ്രതിനിധി മിലൂണ്‍ കോത്താരി പറയുന്നു.
രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ ദയനീയമായ ചിത്രങ്ങളാണ് ചേരികള്‍. ഒന്നു നിവര്‍ന്നുനിന്നാല്‍ തല തട്ടുന്ന ഉയരത്തില്‍ മേല്‍ക്കൂരകളുള്ള, ടാര്‍പായ കൊണ്ട് മറച്ച, അഞ്ചും പത്തും പേരടങ്ങുന്ന കുടുംബങ്ങള്‍ ഒന്നിച്ചു താമസിക്കുന്ന കൂരകളിലാണ് ലക്ഷക്കണക്കിന് ജനങ്ങള്‍ ജീവിക്കുന്നത്. മാന്‍സരോവര്‍ പാര്‍ക്കിലെ ഇത്തരത്തിലുള്ള ഒരു ചേരിയിലാണ് അടുത്തിടെ തീപിടുത്തം ഉണ്ടായത്. മുന്നൂറോളം വീടുകള്‍ കത്തിനശിച്ചു. ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഞങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. ആകെയുണ്ടായിരുന്ന കുറച്ച് പണം, ടിവി, കൂളറുകള്‍, പാത്രങ്ങള്‍… എല്ലാം… ഒറ്റ നിമിഷംകൊണ്ട് എല്ലാം നാമാവശേഷമായി. ഞങ്ങളുടെ കുട്ടികളെയും എടുത്ത് ജീവനുംകൊണ്ട് ഓടുവാന്‍ മാത്രമാണ് സാധിച്ചത്’ ചേരി നിവാസിയായ റുക്സേന പറയുന്നു. മാന്‍സരോവര്‍ പാര്‍ക്കിലെ തീ പിടുത്തം അസാധാരണമായ ഒന്നല്ല. പത്ത് ദിവസം മുമ്പാണ് നഗരത്തില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പിലെ 50 കുടിലുകള്‍ക്ക് തീ പിടിച്ചു നിലംപതിച്ചത്. മാനസരോവര്‍ പാര്‍ക്ക് സംഭവം കഴിഞ്ഞ് തൊട്ടടുത്ത ദിവസംതന്നെ രോഹിണി പ്രദേശത്തും സമാനമായ രീതിയില്‍ വീടുകള്‍ നശിപ്പിക്കപ്പെട്ടു.
വികസനത്തിന്റെ പേരില്‍ കുടിയിറക്കല്‍ ഭീഷണി നേരിടുന്ന ഡല്‍ഹിയിലെ ചേരികളില്‍ താമസിക്കുന്നവരേ സംബന്ധിച്ചിടത്തോളം ഈ തീ പിടുത്തങ്ങള്‍ വരുത്തുന്ന ആശങ്ക വളരെ വലുതാണ്. തങ്ങള്‍ ഇവിടെ താമസിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പുള്ളത് അധികാരികള്‍ക്കാണെന്ന് ചേരിനിവാസികള്‍ വിശ്വസിക്കുന്നു. തീ പിടുത്തം അവരെ ഒഴിപ്പിക്കുന്നതിന് വേണ്ടിയുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
‘ഡല്‍ഹിയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങളില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണ് തീ പിടുത്തം’ എന്ന് ഐക്യരാഷ്ട്രസഭയിലെ മുന്‍ പ്രതിനിധി മിലൂണ്‍ കോത്താരി പറയുന്നു. ഇത്തരം ഒഴിപ്പിക്കല്‍ സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നയമല്ലെങ്കിലും ഭൂപ്രഭുക്കള്‍, ഡെവലപ്പര്‍മാര്‍, പ്രാദേശിക രാഷ്ട്രീയക്കാര്‍, ചിലപ്പോള്‍ പോലീസിന്റെ വരെ ഇടപെടലിലൂടെയാണ് ഇത് നടപ്പിലാക്കുന്നത് എന്ന് അദ്ദേഹം വിലയിരുത്തുന്നു.
മാന്‍സരോവര്‍ പാര്‍ക്കിലെ തീ പിടുത്തത്തിന് മുന്‍പേതന്നെ അവര്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു കേസ് നടക്കുന്നുമുണ്ട്. കേസ് തീര്‍പ്പാക്കുന്നതുവരെ ഒഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാവരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. തീ പിടുത്തം കഴിഞ്ഞു നാലു മാസം കഴിഞ്ഞെങ്കിലും, എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ക്ക് ഇപ്പോഴും അറിയില്ല. ആരെങ്കിലും തീവച്ചതാണോ എന്നതിന് ഒരു തെളിവുമില്ല. പോലീസിനും ഇതുവരെ ഒരു തീരുമാനത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെയെല്ലാം സ്ഥിതി ഇങ്ങനെയൊക്കെയാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.