UPDATES

ട്രെന്‍ഡിങ്ങ്

ടൈംസ് ഓഫ് ഇന്ത്യ എഡിറ്ററിൽ നിന്നും ഞാന്‍ ലൈംഗിക പീഡനത്തിന് ഇരയായത് ഇങ്ങനെയൊക്കെയാണ്- നസ്രീൻ ഖാൻ എഴുതുന്നു

ടൈംസ് ഓഫ് ഇന്ത്യയെപ്പോലുള്ള ഒരു വൻ സ്ഥാപനത്തോട് ഒറ്റയ്ക്ക് എതിരിട്ട ഒരു സ്ത്രീയാണ് ഞാൻ. എന്നെ നേരിടാൻ അവർക്ക് ഭീമൻ ബി സി സി എല്ലിന്റെ സകല പടക്കോപ്പുകളും ഉപയോഗിക്കേണ്ടിവന്നു.

‘പറ്റില്ല’ എന്ന് പറഞ്ഞതിനും എഡിറ്ററുടെ ലൈംഗിക പീഡനത്തിനെതിരെ പരാതി നൽകിയതിനും താൻ നേരിട്ട ദുരനുഭവങ്ങൾ നസ്രീൻ ഖാൻ എഴുതുന്നു. enewsroom.in ആണ് നസ്രീൻ ഖാന്റെ തുറന്നെഴുത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൽക്കട്ട ടൈംസിലെ എന്റെ മുൻ പത്രാധിപരില്‍ എനിക്ക് തുടർച്ചയായ ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ട്. മധുരവർത്തമാനങ്ങളും വ്യാജമായ പ്രശംസകളും (പലപ്പോഴും അനാവശ്യമായ അസൂയയും ജോലിസ്ഥലത്തെ വിഭാഗീയതയും ഉണ്ടാക്കിയ), പിന്നെ വ്യംഗ്യമായ ഭീഷണികളും ഒന്നും അയാൾക്ക് വഴങ്ങാൻ എന്നെ പ്രേരിപ്പിക്കുന്നില്ലെന്ന് കണ്ടപ്പോൾ, അയാളെ ‘സന്തോഷിപ്പിച്ചില്ലെങ്കിൽ’ എനിക്ക് കൽക്കട്ട ടൈംസിൽ ജോലിചെയ്യാൻ കഴിയില്ലെന്ന് അയാളെന്റെ മുഖത്തുനോക്കി ലജ്ജയില്ലാതെ പറഞ്ഞു.

ഞാൻ 2013-ൽ ജോലിക്ക് ചേർന്നപ്പോൾ മുതൽ സംഗതികൾ തുടങ്ങി. കൂട്ടത്തിലുള്ളവരും പുറത്തുള്ളവരും എല്ലാം ബഹിഷ്‌ക്കരിച്ചിട്ടും (കുറ്റക്കാരന്റെ പ്രേരണ മൂലമെന്ന് വ്യക്തമാണ്) ഞാൻ 2015 വരെ ഒറ്റയ്ക്ക് പോരാടി. ‘എന്റെ ചീട്ടുകൾ എനിക്ക് നന്നായി കളിക്കാൻ അറിയാമെങ്കിൽ എന്റെ കുഞ്ഞിന്റെ കൂടെ എനിക്ക് കൂടുതൽ ഒഴിവുദിനങ്ങൾ ചെലവഴിക്കാമെന്ന്’ ഓജ പലപ്പോഴും എന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട്.

ഒരിക്കൽ ഞാൻ വീട്ടിൽ വയ്യാതിരിക്കുന്ന കുഞ്ഞിനൊപ്പം ഇരിക്കുമ്പോൾ അയാളെന്നെ വിളിച്ച് ഈ മധുരവാഗ്ദാനം വീണ്ടും മുന്നോട്ടു വെച്ചു. എനിക്ക് ദേഷ്യം വന്ന്, മേലാൽ എന്നെ വിളിക്കരുതെന്നും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് എസ് എം എസ് വഴിയോ ഇ-മെയിൽ വഴിയോ മതിയെന്നും ഉറക്കെ പറഞ്ഞു. കടുത്ത പനിയാണെങ്കിലും എന്തോ കുഴപ്പമുണ്ടെന്ന് എന്റെ കുഞ്ഞിന് മനസിലായി. അതിന്റെ ആഘാതം അവളിൽ അടുത്തിടെയുണ്ടായി.

കഴിഞ്ഞയാഴ്ച്ച ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നാരോ അവളുടെ സ്‌കൂളിൽ പത്രത്തിന്റെ പ്രചരണാർത്ഥം ചെന്നു. എഡിറ്ററെ പുകഴ്ത്തിപ്പറഞ്ഞ അവരെ അവൾ കണ്ണെടുക്കാതെ നോക്കിയിരുന്നു. അതിൽ അത്ഭുതം തോന്നിയ ആ സ്ത്രീ ഇത്രയധികം സമ്മാനങ്ങളും മറ്റുമുണ്ടായിട്ടും എന്തുകൊണ്ടാണ് എന്റെ മകൾ പത്രം വാങ്ങാൻ താത്പര്യം കാണിക്കാത്തത് എന്ന് ചോദിച്ചു. ഉടനെ പത്രാധിപർ ഇപ്പോഴും “ശത്തോദുരു അങ്ങനെയാരോ ആണോ” എന്ന് എന്റെ മകൾ ചോദിച്ചു. (അവൾക്കാ പേര് ശരിക്കു പറയാൻ അറിയില്ലായിരുന്നു) എങ്ങനെയാണ് അയാളെ അറിയുക എന്ന് അത്ഭുതം പ്രകടിപ്പിച്ച പത്രപ്രവർത്തക അവളുടെ പേര് ചോദിച്ചപ്പോൾ, ‘അയാളോട് ഞാൻ നസ്രീൻ ഖാന്റെ മകളാണ് എന്ന് പറഞ്ഞാൽ മാത്രം മതി” എന്ന് പറഞ്ഞു.

എന്റെ ‘കഥ’ യിലേക്ക് തിരികെ വരാം. എന്റെ സാന്നിധ്യത്തിൽ ഭീഷണി തോന്നിയ കൂട്ടത്തിലെ ചിലരുമായി എഡിറ്റർ കൈകോർത്തുവെന്നും എന്നെ തകർക്കാനും താറടിച്ചു കാണിക്കാനും എല്ലാ ശ്രമവും നടത്തിയെന്നും ഞാൻ പിന്നീടറിഞ്ഞു. ഉദാഹരണത്തിന് അക്ഷയ് കുമാറുമായുള്ള ഒരഭിമുഖം അവർ മനപ്പൂർവം താമസിപ്പിക്കുകയും പിന്നീട് അഞ്ചാം പേജിൽ നൽകുകയും ചെയ്തു!

ഷാരൂഖ് ഖാനുമായുള്ള എന്റെ ഒരു അഭിമുഖം വളച്ചൊടിച്ച് അദ്ദേഹം ഇന്ത്യത്യ വിരുദ്ധനാണ് എന്ന രീതിയിലാക്കി നൽകി. നിങ്ങൾ ഉണ്ടാക്കിയെടുത്ത ബന്ധങ്ങളെ തകർക്കാനാണ് ഇത് ചെയ്യുന്നതെന്ന് വിനോദ മാധ്യമ രംഗത്തുള്ളവർക്ക്‌ അറിയാം.

ലൈംഗിക പീഡനത്തിലേക്ക് തിരികെ വന്നാൽ, ഇയാൾ എന്റെ വാർത്തകൾ എടുക്കുന്നത് നിർത്തുകയും എന്റെ ആശയങ്ങൾ മറ്റുള്ളവർക്ക് ചെയ്യാനായി നൽകുകയും ചെയ്തു. എന്റെ മിക്ക ആശയങ്ങളും മറ്റുള്ളവർ ചെയ്തു. ഇതിനെല്ലാം എന്റെ കയ്യിൽ രേഖാമൂലമുള്ള തെളിവുകളുണ്ട്. പക്ഷെ ഞാൻ പ്രതിഷേധിച്ചില്ല. കുഴപ്പമൊന്നുമില്ലെന്നു എന്നെത്തന്നെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ഞാൻ. ഞാൻ നേരിട്ടതിനോടുള്ള മാനസികമായ പ്രതികരണമായിരുന്നു അതെന്ന് പിന്നീടെനിക്ക് മനസിലായി. അതേസമയം, കൊൽക്കത്ത ടൈംസ് ഓഫ് ഇന്ത്യയിലെ വിവിധ വിഭാഗങ്ങളിലെ പലരും അവരുടെ ദുരനുഭവങ്ങൾ എന്നോട് പറഞ്ഞു.

 

എഴുത്തിനോടുള്ള എന്റെ അഭിനിവേശം തുടരാനാവുന്ന വിധത്തിൽ, എന്റെ കുഞ്ഞിനെ സ്വതന്ത്രമായി വളർത്താൻ സഹായിക്കുന്ന മറ്റൊരു ജോലി കണ്ടെത്തണമോ അതോ കുറ്റവാളിയെന്ന് എനിക്കറിയാവുന്ന ഒരാൾക്കെതിരെ പരാതി നല്കണമോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ. കൊൽക്കത്തയിലെ എച് ആറും ബ്രാഞ്ച് മാനേജരുമാണ് ഒടുവിൽ എന്നെ കാര്യങ്ങൾ തുറന്നു പറയാൻ പ്രേരിപ്പിച്ചത്. പക്ഷെ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ ഞാൻ തയ്യാറെടുത്തിരുന്നില്ല.

പത്രത്തിന്റെ രാജ്യത്തെ മുഴുവൻ ചുമതലയുള്ള HR തലവൻ സിദ്ധാർത്ഥ് ഗാംഗുലി കൊൽക്കത്തയിലേക്ക് പറന്നെത്തുകയും, എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് തനിക്കു ധാരണയുണ്ടെന്നും, കുഴപ്പക്കാരൻ അത്തരം പെരുമാറ്റം നിർത്താനുള്ള ചികിത്സയിലാണെന്നും, പരാതി പിൻവലിക്കണമെന്നും എന്നോട് ആവശ്യപ്പെട്ടു. എന്റെ തല ചുമരിൽ തല്ലുന്നതുകൊണ്ട് ഫലമൊന്നുമില്ലെന്ന് അയാൾ പറഞ്ഞു. തുടർന്ന് എന്നെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെ എന്റെ വൈവാഹിക പദവിയെക്കുറിച്ച് അയാൾ സൂചിപ്പിച്ചു.

അടുത്തതായി ടൈംസ് ഗ്രൂപ്പിന്റെ അന്നത്തെ മേധാവി പ്രിയ ഗുപ്ത എല്ലാവരെയും കാണാനായി കൊൽക്കത്തയിലേക്ക് വന്നു. എന്നെ അമ്പരപ്പിച്ചുകൊണ്ട് അവർ പറഞ്ഞത് “മേലധികാരി ഒരു ഭർത്താവിനെപ്പോലെയാണ്, പൊരുത്തപ്പെടാൻ പഠിക്കണം” എന്നാണ്. ഞാനിത് മാധ്യമരംഗത്തെ എന്റെയൊരു അടുത്ത സുഹൃത്തിനോട് പറയുകയും അവരത് പേരുകൾ വെക്കാതെ ട്വീറ്റ് ചെയ്യുകയും ഉണ്ടായി. അതുവരെ എന്റെ തൊഴിൽ കുഴപ്പത്തിലാക്കാതിരിക്കാനായി ഞാൻ ശ്രദ്ധാലുവായിരുന്നു,

ഞാൻ ഫെമിന ഈസ്റ്റ് എഡിറ്ററാകുമെന്ന് ഏതാണ്ട് ഉറപ്പായതാണ്. പക്ഷെ ഞാൻ പരാതി പിൻവലിക്കാതെ ഒരു സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടതിൽ ഉറച്ചുനിന്നതിനാൽ ബിസിസിഎൽ സംവിധാനം മുഴുവൻ എന്റെ ശബ്ദം അടിച്ചമർത്താൻ പ്രവർത്തിച്ചു. ഞാൻ എതിരാളികളെ ഭയപ്പെട്ടോടിയില്ല. പൊരുതാൻ തന്നെ തീരുമാനിച്ചു.പക്ഷെ അവർ വെറുതെയിരുന്നില്ല.

ഞാൻ വലിയ അധികാരികൾക്കൊപ്പം യോഗങ്ങൾക്കായി ദൽഹി/ മുംബൈ പറക്കുമ്പോൾ എന്റെ പേരിൽ “Hot Babes With Ugly Legs” എന്ന തലക്കെട്ടിൽ ഒരു ‘പാക്കേജ് സ്റ്റോറി’ അടിച്ചുവന്നു. ഏഞ്ചലീനാ കോലിയും ലീഡ്‌സ് ലൊഹാനും അടക്കമുള്ള ഹോളിവുഡിലെ പ്രശസ്തരെ നിന്ദിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നു അത്. എന്നെ അന്താരാഷ്ട്രതലത്തിൽ നാണംകെടുത്തി.

കോസ്മോപോളിറ്റൻ, യു കെ, ഹഫിങ്ടൻ പോസ്റ്റ് എന്നിവയായിരുന്നു എനിക്കെതിരെ ആദ്യം വിമർശിച്ചത്. ബിസിസിഎൽ ഇന്ത്യയിലെ കോസ്മോപോളിറ്റൻ പങ്കാളി കമ്പനിയാണ്. അവർ വഴിക്കാണ് ഹഫിങ്ടൻ പോസ്റ്റ് ഇന്ത്യയിലേക്കെത്തിയത് എന്നും കാണണം. ആ സമയത്താണ് ആസ്‌ട്രേലിയയിൽ നിന്നുള്ള ഒരു മാധ്യമപ്രവർത്തക ട്വിറ്ററിൽ അവരുടെ ആദ്യ വിശകലന ലേഖനത്തിന് എന്നെ ടാഗ് ചെയ്തത്. എന്റെ പേരിൽ നൽകിയ ആ ലേഖനത്തിനെക്കുറിച്ചായിരുന്നു അത്. പക്ഷെ ഞാനൊരു മാധ്യമപ്രവർത്തകയാണെന്നും അല്ലെങ്കിൽ ഞാൻ കൊൽക്കൊത്തയിലാണെന്നുമുള്ള ഒരു വ്യക്തിവിവരവും നൽകാത്ത എന്നെ അവർ ട്വിറ്ററിൽ എങ്ങനെ തപ്പിപിടിച്ചു എന്നെനിക്കിപ്പോളും മനസിലായിട്ടില്ല.

ശേഷം സംഭവിച്ചത് അതിലും ഭീകരമായിരുന്നു. പാതിരാത്രിയിൽ എന്നെ ഫോൺ വിളിച്ച് തട്ടിക്കൊണ്ടുപോകുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. വിളിച്ചയാളെ ശബ്ദത്തിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു. പരാതി നൽകിയാൽ പൊലീസിന് അയാളെ നമ്പർ നോക്കി കണ്ടെത്താൻ കഴിയുമെന്നും എനിക്കുറപ്പായിരുന്നു. അയാൾ സ്വവർഗാനുരാഗിയായ ഒരു മേക് അപ് പണിക്കാരനായിരുന്നു. കണ്ടെത്തിയാലും അയാൾ സ്വവര്‍ഗ്ഗാനുരാഗിയാണ് എന്ന് പറഞ്ഞു എന്റെ ‘അവകാശവാദത്തിന്’ നേരെ ചോദ്യചിഹ്നം വരും. അതിനുശേഷം അയാളെ കുറിച്ച് കൽക്കട്ട ടൈംസിൽ നിരന്തരം വാർത്തകൾ വന്നു. ആ വിളിക്കു പിറ്റേന്ന് രാവിലെ ഞാൻ പരാതിയുമായിപൊലീസ് സ്റ്റേഷനിൽ പോയെങ്കിലും അവർ ഓരോ കാരണം പറഞ്ഞു പരാതി സ്വീകരിക്കാതെ നീട്ടി. കുറച്ചു ദിവസങ്ങൾക്കുശേഷം ആ നമ്പർ മൂർഷിദാബാദിൽ ഒരാളുടെയാണെന്നും അതിൽ നിന്നും എന്നെ വിളിച്ചിട്ടേയില്ല എന്നും അവർ പറഞ്ഞു. ഞാൻ ഒരു ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ അടുത്ത എന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അവരാണ് എന്നോട് വ്യാജ വിളിയുടെ കാര്യം പറഞ്ഞത്.

ആ വിളി വന്ന് ഒരു ദിവസത്തിനുശേഷം ജോലിക്കു പോയപ്പോൾ ഓജയുടെ പെരുമാറ്റത്തിൽ ഞാൻ ചില മാറ്റങ്ങൾ കണ്ടു. നേരത്തെ എന്റെ പരാതിക്കു ശേഷം എന്റെയടുക്കൽ വരുന്നതും കസേരയുടെ ചുറ്റും വട്ടം കറങ്ങുന്നതും അയാൾ നിർത്തിയിരുന്നു. അയാൾ വീണ്ടും എന്റെ അരികിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാനും വഷളൻ ചിരിയും തുടങ്ങി. അയാളുടെ കണ്ണുകളിലെ ആ വൃത്തികെട്ട തിളക്കം ഞാനെന്റെ ജീവിതത്തിൽ മറക്കില്ല. ഉടനെ ഞാൻ അവധിയ്ക് അപേക്ഷ നൽകി, അതെന്റെ അവകാശമാണ്.

അക്കാലയളവിൽ എന്റെ സ്വന്തം ഇ മെയിലിലും ഫെയ്സ്ബൂക്കിലും ഞാൻ ഓഫീസ് കമ്പ്യൂട്ടറിൽ നിന്നും അതുപയോഗിക്കാത്തപ്പോഴും ചില അസാധാരണമായ സംഗതികൾ വരുന്നതായി കണ്ടുതുടങ്ങി. ഞാൻ ഐ പി വിലാസം നോക്കിയപ്പോൾ അത് കൽക്കട്ട ടൈംസിൽ നിന്നാണ്. ഞാൻ കൊൽക്കത്തയിലെ ഐ ടി വകുപ്പിനെഴുതി. പക്ഷെ അവർ ആ ഐ പി വിലാസം ടൈംസിന്റെയാണെന്ന് നിഷേധിച്ചു. അവർ പറഞ്ഞത് തെറ്റാണെന്നു വ്യക്തമായിരുന്നു. അന്നുവരെ വിനീത് ജെയിൻ, സമീർ ജെയിൻ, ഇന്ദു ജെയിൻ എന്നിവർക്കടക്കം ഞാൻ എന്റെ ഓഫിസ് മെയിൽ ഐ ഡി യിൽ നിന്നാണ് കത്തുകൾ അയച്ചിരുന്നത്. ഈ മറുപടിയോടെ ക്ഷുഭിതയായി ഞാൻ, കമ്പനി തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് ഐ പി വിലാസം നിഷേധിക്കുന്നതെന്ന് ചോദിച്ചു വീണ്ടും ജെയിനടക്കം എല്ലാ മുതിർന്ന ഉദ്യോഗസ്ഥർക്കും കത്തുകളയച്ചു. നടപടി വളരെ പെട്ടന്നായിരുന്നു. എന്റെ കമ്പ്യൂട്ടർ എടുത്തുകൊണ്ടുപോയി. ടൈംസ് ഓഫ് ഇന്ത്യയിലെ അവിടുത്തെ ഐ ടി ജീവനക്കാർ സമ്മതിച്ചത്, ടൈംസ്‌ ഓഫ് ഇന്ത്യയുടെ ഉളിലുള്ള ചിലരാണ് നുഴഞ്ഞുകയറ്റത്തിന് പിന്നിലെന്നാണ്.

എന്റെ പീഡനപർവ്വം അവിടെയും തീർന്നില്ല. എനിക്ക് തൊഴിൽപരമായി അറിയുക പോലുമില്ലാത്ത പലരുമായും ചാറ്റുകളും വീഡിയോ വിളികളും എന്റെ പേരിൽ നടത്തിയതായി ഞാൻ അറിഞ്ഞു. എന്റെ പുതിയ ടാബ്‌ലറ്റുമായി ഗുസ്തി പിടിക്കുമ്പോഴാണ് സാങ്കേതികമായി അത്ര വലിയ പിടിപാടില്ലാത്ത ഞാനിതൊക്കെ കണ്ടത്. എന്റെ സർവകലാശാലയിലെ ഒരു സുഹൃത്താണ് ഞാനാണ് ഈ സംഘങ്ങളുടെ അഡ്മിൻ എന്ന് എനിക്ക് കാണിച്ചുതന്നത്. പക്ഷെ ഞാൻ ലാൽ ബസാറിലെ സൈബർ സെല്ലിൽ ചെന്നപ്പോൾ അവരെന്നെ വഴിതെറ്റിക്കാനാണ് ആദ്യം ശ്രമിച്ചത്. ഭാഗ്യവശാൽ വിഷയത്തിൽപ്പെട്ട ഒരു സുഹൃത്ത് എനിക്കൊപ്പം ഉണ്ടായിരുന്നു. അങ്ങനെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പരാതി സ്വീകരിച്ചു. എങ്കിലും ഗൂഗിൾ വിവരം തരാനുള്ള തങ്ങളുടെ ആവശ്യങ്ങൾ അനുസരിക്കാത്തതുകൊണ്ട് എന്തെങ്കിലും മെച്ചമുണ്ടാകുമെന്നു പ്രതീക്ഷിക്കേണ്ടന്നും അയാൾ പറഞ്ഞു. അയാളുടെ മേശപ്പുറത്ത് ടൈംസ്‌ ഓഫ് ഇന്ത്യയിലെ ഒരു സഹപ്രവർത്തകന്റെ സന്ദർശക കാർഡ് കിടക്കുന്നുണ്ടായിരുന്നു എന്നത് യാദൃശ്ചികമാകാം.

അതിനിടയിൽ എന്റെ എല്ലാ എഴുത്തുകളും തെളിവുകളും ഉണ്ടായിരുന്ന എന്റെ ഔദ്യോഗിക ഇ മെയിൽ ഐ ഡി ടൈംസ്‌ ഓഫ് ഇന്ത്യ തടഞ്ഞു. ഭാഗ്യവശാൽ ഞാൻ എനിക്കുതന്നെ ഫോർവേഡ് ചെയ്തതും വിശ്വസിക്കാവുന്ന സുഹൃത്തുക്കൾക്ക് അയച്ചതുമായ പലതുമുണ്ട്. ഞാനെഴുതിയ മോശം ലേഖനം സ്ഥാപനത്തിന് ദുഷ്പ്പേര് വരുത്തിയതിനാൽ എന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഈ ലേഖനം വായിച്ചുനോക്കി അനുമതി നൽകി പ്രസിദ്ധീകരിക്കാൻ ഉത്തരവാദിത്തമുള്ള എഡിറ്റർക്കും കൂട്ടത്തിലെ മറ്റുള്ളവർക്കുമെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്ന് ഞാൻ ചോദിച്ചു. ‘പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കരുത്’എന്നാണു പുതിയ എച് ആർ കക്ഷി എനിക്ക് തന്ന മറുപടി.

മുമ്പുണ്ടായിരുന്ന എച് ആർ കക്ഷിക്കും ഞാൻ മൂലം പീഡനങ്ങൾ നേരിട്ടു. താനത് പഠിച്ചുവെന്നും ഇനി മേലധികാരികൾ പറയുന്നതു കേട്ടേ നിൽക്കൂ എന്നും അയാളെന്നോട് പറഞ്ഞു. എല്ലാവര്‍ക്കും അറിയുന്ന ഒരു കാര്യത്തിൽ എനിക്കനുകൂലമായി സംസാരിച്ചതിന് അയാൾ അതൊക്കെ നേരിട്ടതിൽ എനിക്ക് വിഷമം തോന്നി. ഒരു കുറ്റവാളിയെ ഉൾക്കൊള്ളുക മാത്രമല്ല, അയാളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും കൂടി ചെയ്ത ഒരു സ്ഥാപനത്തിൽ ഇനി നിൽക്കേണ്ടെന്നു ഞാനപ്പോൾ തീരുമാനിച്ചു.

വെറും പൊള്ളയായ സാമൂഹ്യ ബോധവത്‌കരണ പ്രചാരണ പരിപാടികളൊക്കെ നടത്തുന്ന കമ്പനി, ലൈംഗിക പീഡനത്തിൽ കര്‍ശനമായ നടപടിയെടുക്കും എന്ന സന്ദേശം പ്രചരിപ്പിക്കാൻ മാത്രമാണ് ഇക്കാലമൊക്കെ ഞാൻ ആവശ്യപ്പെട്ടത്. അവർ അച്ചടിക്കുന്നതിനോട് പ്രതിബദ്ധത പുലർത്താനാണ് ഞാൻ ആവശ്യപ്പെട്ടത്. ആരെയും ശിക്ഷിക്കാനോ ജോലി കളയിക്കാനോ ആയിരുന്നില്ല എന്റെ ഉദ്ദേശം. ഒരു സാമൂഹ്യ തിന്മയായി കണ്ടാണ് ഞാൻ എതിരിട്ടത്. ഇന്ന് ഞാൻ മിണ്ടാതിരുന്നാൽ നാളെ ഈ തൊഴിലിൽ എന്റെ മകൾ ചേർന്നാൽ അവളിത്  നേരിടുന്നത് എനിക്കിഷ്ടമല്ല എന്നതുകൂടികൊണ്ടാണ്.

സാമൂഹ്യമാറ്റത്തിനുള്ള വലിയ പ്രചാരണങ്ങൾ കൊട്ടിഘോഷിക്കുന്ന ടൈംസ്‌ ഓഫ് ഇന്ത്യ അത് പാലിക്കുമെന്ന് ഞാൻ കരുതിയെങ്കിലും ബി സി സി എൽ സംവിധാനത്തെ മുഴുവനായും ഒരു സാധാരണ സ്ത്രീക്കെതിരെ ഉപയോഗിക്കാനാണ് അവർ തീരുമാനിച്ചത്!

ശരിയാണ്, ഞാൻ ഒരു ഉപരിവർഗ പശ്ചാത്തലത്തിൽ നിന്നുമാണ് വരുന്നത്. പക്ഷെ ഞാനിത് ഒറ്റയ്ക്ക് പോരാടാനാണ് തീരുമാനിച്ചത്. കാരണം കുടുംബം ഇതറിഞ്ഞാൽ ആദ്യം അവരെന്നോട് ആവശ്യപ്പെടുക ഈ തൊഴിൽ വിടാനായിരിക്കും. ഞാനീ സിനിമയെക്കുറിച്ചൊക്കെ എഴുതി സമയം പാഴാക്കുകയാണെന്ന് അവർക്ക് നേരത്തെ തന്നെ അഭിപ്രായമുണ്ടായിരുന്നു. രണ്ടാമതായി, എന്നെപ്പോലൊരു സ്ത്രീ സംസാരിച്ചില്ലെങ്കിൽ പിന്നെയാരാണ്?

മുമ്പ് ഒരു ഇര വ്യക്തിപരമായ കാരണങ്ങളാൽ (എന്ന് ഞാൻ കരുതുന്നു) മിണ്ടാതെ പോയത് എനിക്കറിയാമായിരുന്നു. മനപൂർവ്വമാണ് ഞാനെന്റെ കുടുംബത്തിന്റ (അതിൽ ഒരു മുൻ ജില്ലാ ജഡ്ജി, പശ്ചിമ ബംഗാൾ നിയമസഭാ സെക്രട്ടറി, പശ്ചിമബംഗാൾ മനുഷ്യാവകാശ കമ്മീഷനിൽ രണ്ടുതവണത്തെ അംഗം, കൊൽക്കത്ത നഗരസഭ മേയർ കൗൺസിൽ അംഗം, രാഷ്ട്രീയനേതാവ്, അന്നത്തെ കൊൽക്കത്ത സെഷൻസ് കോടതി ജഡ്ജിയും ഇപ്പോഴത്തെ ഹൈക്കോടതി ജസ്റ്റിസും ഒക്കെയുണ്ടായിരുന്നു) സഹായം തേടാഞ്ഞത്. കാരണം ഒന്നാമതായി എനിക്ക് പോലീസിൽ വിശ്വാസമുണ്ടായിരുന്നു. രണ്ടാമത് ഞാനങ്ങനെ ചെയ്‌താൽ അതെന്റെ കുടുംബ പശ്ചാത്തലത്തിന്റെ ധൈര്യം കൊണ്ടാണെന്നേ മറ്റു സ്ത്രീകൾക്ക് തോന്നുകയുള്ളൂ.

ലൈംഗിക പീഡനത്തിനതിരെ ഇരയാകുന്ന ഓരോ സ്ത്രീയും ധൈര്യമായി നിവർന്നു നിന്ന്
പ്രതിഷേധിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. നമ്മൾ സ്ത്രീകൾ ഹൃദയത്തിൽ ആർദ്രത ഉള്ളവരാണെങ്കിലും ഒരിക്കലും ദുർബലരല്ല എന്ന് എന്റെ സഹപ്രവർത്തകർ അറിയണമെന്ന് ഞാൻ ആഗ്രഹിച്ചു.സങ്കടകരമായ കാര്യം, ആദർശവാദം എപ്പോഴും ശരിയാകില്ലെന്ന് ഞാൻ മനസിലാക്കി എന്നാണ്. ഈ വിഷയത്തിൽ എഴുത്തുകുത്തുകൾക്കുള്ള താത്പര്യം എനിക്കില്ലാതെയായി. എന്റെ കുഞ്ഞിനെ വളർത്തുന്നതിലും ജീവിതത്തിലൂടെ നല്ല കാര്യങ്ങളിലുമായി എന്റെ ശ്രദ്ധ. (എനിക്ക് ഞാനിഷ്ടപ്പെട്ട ജോലിയിലേക്ക് മാധ്യമ പ്രവർത്തനത്തിലേക്ക് തിരികെകൊണ്ടുവന്നതിൽ എ ബി പിയോട്, ഗൗതം ഭട്ടാചാര്യയോട്  നന്ദിയുണ്ട്. പക്ഷെ എനിക്കാ പഴയ ആഘാതങ്ങളിൽ നിന്നും മുക്തി കിട്ടിയില്ല, എന്റെ ജീവിതത്തിലെ തെരഞ്ഞെടുപ്പുകളെ ഞാൻ സ്വയം ചോദ്യംചെയ്തുകൊണ്ടിരുന്നു)

ടൈംസ്‌ ഓഫ് ഇന്ത്യയുമായും പ്രത്യേകിച്ചും കൽക്കട്ട ടൈംസുമായും ഏകാന്തമായ ഒരു പോരാട്ടത്തിലേർപ്പെട്ടതിനു ശേഷം ഇന്ദു ജെയിനടക്കം ബന്ധപ്പെട്ട എല്ലാവർക്കും തെളിവുകൾ അയച്ചിട്ടും ഒന്നും സംഭവിച്ചില്ല. ഒരു ലൈംഗിക പീഡന അന്വേഷണ സമിതി ഉണ്ടാക്കാൻ അവരെ നിർബന്ധിതരാക്കി എന്നതുമാത്രമാണ് എനിക്ക് സാധിച്ച കാര്യം.

എന്നെ പിരിച്ചുവിട്ടതിനുശേഷം എനിക്ക് ‘വേണ്ടത്ര തെളിവുകൾ നൽകാൻ കഴിയാത്തതിനാൽ വിഷയം അവസാനിപ്പിക്കുന്നൂ എന്ന സമിതിയുടെ കണ്ടെത്തലിലും എനിക്ക് അത്ഭുതം തോന്നിയില്ല. സമിതിയുടെ നിഗമനങ്ങൾക്കെതിരെ എനിക്കെവിടെയാണ് അപ്പീൽ നൽകാൻ കഴിയുക എന്ന ചോദ്യത്തിന് നിശ്ശബ്ദതയായിരുന്നു ഉത്തരം. അപ്പോഴാണ് ഞാൻ തൊഴിലിടത്തിൽ ലൈംഗിക പീഡനത്തിനെതിരെ എന്റെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ  പോയി നിമയപ്രകാരമുള്ള ഒരു പരാതി നൽകിയത്.

ഞങ്ങളെ കഴിഞ്ഞ 40 കൊല്ലമായി അറിയാവുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ, ഞാൻ പരാതി നൽകിയ ആളുടെ പേര് എഴുതാൻ പോലും വിസമ്മതിച്ചു. അവിടെ ഒറ്റയ്ക്കു പോവുകയെന്ന പിഴവാണ് എനിക്ക് പറ്റിയത്. എന്നെ സംബന്ധിച്ച് അതെന്റെ താമസസ്ഥലവും നിരസിച്ചെന്ന് പരാതി കൊടുക്കേണ്ട കാര്യവുമായിരുന്നു. പക്ഷെ ഞാൻ ഞെട്ടിപ്പോയി. എന്റെ പരാതി പൊലീസുകാർ രേഖപ്പെടുത്തിയില്ല എന്ന് മാത്രമല്ല എനിക്ക് വൈകീട്ട് 6.30 മുതൽ രാത്രി 10.30 വരെ അവിടെ പോലീസ് സ്റ്റേഷനിൽ ഇരിക്കേണ്ടിവന്നു.

പോലീസുകാർ സംഘം തിരിഞ്ഞുനിന്നു കുശുകുശുക്കുകയായിരുന്നു. ആരും എന്റെയടുത്തേക്ക് വന്നില്ല. ഒടുവിൽ, അന്നത്തെ ആ ഭീഷണി ഫോൺ വിളിക്കുശേഷം ഞാൻ കൊണ്ടുനടന്നിരുന്ന കുരുമുളക് സ്പ്രേ ടിന്‍ ഞാൻ നിലത്തടിച്ചു. സ്ത്രീകളെ സംരക്ഷിക്കാൻ തയ്യാറാകാത്തതിനും അവരുടെ പ്രദേശത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യം കൂടുന്നതിനും ബഹളമുണ്ടാക്കി. ആ നാടകത്തിനുശേഷം അവർ മടിച്ചുമടിച്ച് എന്റെ പരാതി സ്വീകരിച്ചു. പക്ഷെ ഒരു നടപടിയും ഉണ്ടാകില്ല എനിക്കുറപ്പായിരുന്നു.

എന്റെ പരാതിയിൽ നടപടിയൊന്നും എടുക്കാതിരിക്കാൻ അന്നത്തെ ടൈംസ്‌ ഓഫ് ഇന്ത്യ റസിഡന്റ് എഡിറ്റർ, തന്റെ മുതിർന്ന ക്രൈം റിപ്പോർട്ടറെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കാണാൻ വിട്ടിരുന്നു എന്ന് ഞാൻ പിന്നീടറിഞ്ഞു. ഹേസ്റ്റിംഗ്‌സ് പോലീസ് സ്റ്റേഷനിലെ എന്റെ അനുഭവം കാണിച്ചുകൊണ്ട് ഞാൻ പൊലീസ് കമ്മീഷണർക്ക് കത്തെഴുതിയെങ്കിലും അദ്ദേഹം തന്റെ കീഴിലെ പൊലീസുകാരെ ന്യായീകരിക്കുകയാണ് ചെയ്തത്.

എന്തായാലും എനിക്ക് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ അരികിൽ മൊഴി രേഖപ്പെടുത്താവുന്ന തരത്തിലെങ്കിലും പിന്നീട് കാര്യങ്ങൾ മുന്നോട്ടുപോയി. എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞാനവരുടെ മുന്നിൽ പൊട്ടിക്കരയുകയും അവിടെവെച്ച് എന്റെ എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നെയും എന്റെ ആത്മാഭിമാനത്തെയും സംരക്ഷിക്കാൻ എനിക്കാവുന്നതെല്ലാം ഞാൻ ചെയ്തു. ഇനിയെനിക്ക് വയ്യ. എന്റെ പ്രായമായ മാതാപിതാക്കളോ എന്റെ കുട്ടിയോ എന്നെയിങ്ങനെ കാണുന്നത് എനിക്കിനി താങ്ങാനാവില്ല. എനിക്കിനി മുന്നോട്ട് പോകണം. ഞാനത് ചെയ്തു. ഞാൻ തൊഴിൽ മാറി.

ഞാനിപ്പോൾ മറ്റു സ്ത്രീകളുടെ അവകാശത്തിനായി പോരാടുന്നു.ഒരു അഭിഭാഷകയെന്ന നിലയിൽ എനിക്ക് സംതൃപ്തിയുണ്ട്. ഞാൻ വല്ലപ്പോഴും എഴുതാറുണ്ട്. കാരണം ആ അഭിനിവേശം പോകുന്നില്ല. പക്ഷെ എന്നെ വീണ്ടും നിരാശപ്പെടുത്തിക്കൊണ്ട്, എന്നെ പീഡിപ്പിച്ച ശതാദ്രു ഓജ കൂട്ടത്തിലെ ചില സ്ത്രീകളുടെ പോലും സഹായത്തോടെ ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ നടക്കുന്നു. അയാളുടെ ഏറ്റവും പുതിയ ഇര എന്റെയടുക്കൽ മാർഗ്ഗനിർദ്ദേശം തേടിയിരുന്നു. മുന്നോട്ടു പോകാനും തൊഴിലിൽ ശ്രദ്ധിക്കാനും ഞാനെന്റെ അനുഭവത്തിൽ നിന്നും അവർക്ക് പറഞ്ഞുകൊടുത്തു. പക്ഷെ ആ സ്ത്രീയോ മറ്റാരെങ്കിലുമോ നിയമപരമായ ആ വഴി തെരഞ്ഞെടുക്കാൻ തീരുമാനിച്ചാൽ സന്തോഷത്തോടെ ഞാനവർക്കൊപ്പം ഉണ്ടാകും.
ഇപ്പോൾ ഞാനേറെ തല ഉയർത്തിപ്പിടിച്ച്, മുഖത്ത് ചിരിയോടെയാണ് നടക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയെപ്പോലുള്ള ഒരു വൻ സ്ഥാപനത്തോട് ഒറ്റയ്ക്ക് എതിരിട്ട ഒരു സ്ത്രീയാണ് ഞാൻ. എന്നെ നേരിടാൻ അവർക്ക് ഭീമൻ ബി സി സി എല്ലിന്റെ സകല പടക്കോപ്പുകളും ഉപയോഗിക്കേണ്ടിവന്നു. മോശമല്ല! ഞാനെന്നെത്തന്നെ അഭിനന്ദിക്കുന്നു. എന്റെ വായ മൂടിക്കെട്ടാൻ അവരെന്റെ എല്ലാ പ്രവർത്തികളും ഇപ്പോഴും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്നെനിക്കറിയാം. ഞാനാ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുമാണ്. അങ്ങനെയെങ്കിൽ അത് നടക്കട്ടെ!

#MeToo: കേന്ദ്ര മന്ത്രി എംജെ അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി ആറ് സ്ത്രീകൾ; പ്രതികരിക്കാതെ ബിജെപി

#MeToo കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു ‘വശീകരണശേഷിയുള്ള’ മന്ത്രി; തുറന്നു കാട്ടപ്പെട്ട് മാധ്യമ മാടമ്പിമാരും സിനിമാ താരങ്ങളും

ചേതന്‍ ഭഗത്, കിരൺ നഗാർക്കര്‍, കെ ആര്‍ ശ്രീനിവാസ്… മാധ്യമ, സാഹിത്യമേഖലയെ ഞെട്ടിച്ച് #MeToo വെളിപ്പെടുത്തല്‍

#MeToo: കോമഡി ഗ്രൂപ്പായ ഓള്‍ ഇന്ത്യ ബക്‌ചോട് സ്ഥാപകര്‍ പുറത്ത്; നടന്‍ രജത് കുമാറിന്റെ സിനിമ മാമി ചലച്ചിത്രമേളയില്‍ നിന്നും ഒഴിവാക്കി

റൂം മാറ്റിയവര്‍ എക്‌സ്ട്രാ താക്കോല്‍ കൊടുക്കില്ലെന്ന് എങ്ങനെ ഉറപ്പിക്കും? മുകേഷിനെതിരായ ആരോപണത്തെക്കുറിച്ച് നടി മാലാ പാര്‍വതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍