വലിയ മനുഷ്യ ദുരന്തത്തിന്റെ വക്കിലുള്ള യെമനില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയാണ് മുന്‍കൈ എടുക്കുന്നത്.
യെമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ക്ക് അടുത്തയാഴ്ച തുടക്കമാകുന്നു. ഐക്യരാഷ്ട്രസഭയുടെ അധ്യക്ഷതയിലായിരിക്കും ചര്‍ച്ചകള്‍ നടക്കുക. അതേസമയം സമാധാന ചര്‍ച്ചകളെ ലോകരാഷ്ട്രങ്ങള്‍ പിന്തുണക്കണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടു. മനുഷ്യ ദുരന്തത്തിന്റെ വക്കിലുള്ള യെമനില്‍ യുദ്ധമവസാനിപ്പിക്കാറായെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ ഓഫീസാണ് യെമന്‍ യുദ്ധത്തില്‍ പങ്കാളികളായവര്‍ക്ക് യുദ്ധമവസാനിപ്പിക്കാനുള്ള അഭ്യര്‍ഥന കൈമാറിയത്.
അമേരിക്കന്‍ പിന്തുണയുള്ള അറബ് സഖ്യസേന, യെമന്‍ സൈന്യം, ഹൂതികള്‍, ഇതര വിമത വിഭാഗങ്ങള്‍ എന്നിവരാണ് യെമന്‍ യുദ്ധത്തില്‍ നിലവില്‍ പങ്കാളികള്‍. യുദ്ധമവസാനിപ്പിക്കാന്‍ യു.എന്‍ മധ്യസ്ഥന്‍ മാര്ട്ടിന് ഗ്രിഫിത്ത് അടുത്തയാഴ്ച യെമനിലെത്തും. ഇതിനെ പിന്താങ്ങി യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്നാണ് അമേരിക്കയുടെ ആവശ്യം.
ഷിയാ വിമതരായ ഹൂതികള്‍ സര്‍ക്കാരിനെ അട്ടിമറിച്ചതു മുതല്‍ തുടങ്ങിയ പ്രശ്നം ആഭ്യന്തര യുദ്ധത്തിലേക്കും തുടര്‍ന്ന് സൗദി സഖ്യസേനയുടെ ഇടപെടലിലേക്കും നയിച്ചാണ് ഇവിടെ യുദ്ധം ആരംഭിച്ചത്. തുടര്‍ന്ന് സൗദിയും യു എ ഇ യും ഉള്‍പ്പെടുന്ന അറബ് സഖ്യസേന യമനില്‍ യുദ്ധം തുടങ്ങിയതോടെ യമനിലെ സ്ഥിതിഗതികള്‍ കൈവിടുകയായിരുന്നു. വലിയ മനുഷ്യ ദുരന്തത്തിന്റെ വക്കിലുള്ള യെമനില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയാണ് മുന്‍കൈ എടുക്കുന്നത്. ഇതിനിടെ ഹുദൈദ തുറമുഖം മോചിപ്പിക്കാനുള്ള യെമന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഈ മാസം കൊല്ലപ്പെട്ട ഹൂതികളുടെ എണ്ണം അറുപത് കവിഞ്ഞിട്ടുണ്ട്.