രോഗപ്രതിരോധ വ്യായാമ മുറകളും ഏറോബിക്കും ഒന്നിപ്പിച്ചുള്ള പരിശീലനം ഏത് കടുത്ത വിഷാദത്തെപ്പോലും ഇല്ലാതാക്കും!
ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ വ്യായാമം ചെയ്യുന്നത് വിഷാദം, മറവിരോഗം എന്നിവയുണ്ടാകാതിരിക്കാന്‍ മികച്ച മാര്‍ഗമാണെന്ന് വിദഗ്ധര്‍ പറയുന്നു. യൂറോപ്യന്‍ സൈക്കാട്രിക് അസോസിയേഷന് (EPA) നടത്തിയ ഗവേഷണമാണ് വ്യായാമത്തിന്, ഈ രോഗത്തിനെ തടയിടാനാകുമെന്നതിന് തെളിവുകള്‍ കൊണ്ടുവന്നത്.
മരുന്നുകള്‍ക്കും സൈക്കോതെറാപ്പിക്കും പുറമെ വ്യായാമവും ഇത്തരം ചികിത്സകളിലും പ്രതിരോധങ്ങളിലും ഗുണം ചെയ്യുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഏറോബിക് എക്സര്‍സൈസ് ചെയ്യുന്നതും മേല്പറഞ്ഞ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മികച്ച മാര്‍ഗമാണ്.
രോഗപ്രതിരോധ വ്യായാമ മുറകളും ഏറോബിക്കും ഒന്നിപ്പിച്ചുള്ള പരിശീലനം ഏത് കടുത്ത വിഷാദത്തെപ്പോലും ഇല്ലാതാക്കും അത്രേ. ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് ഫിസിക്കല്‍ തെറാപ്പിസ്റ്റ്സ് ഇന്‍ മെന്റല്‍ ഹെല്‍ത്തും (IOPTMH)ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു.
‘വിഷാദം, സ്കിസോഫ്രീനിയ എന്നീ രോഗങ്ങളെ മറികടക്കാന്‍ ശാരീരിക അധ്വാനം കൊണ്ട് കഴിയും. ഭാവിയില്‍ ഇത്തരം നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ കൗണ്‍സിലിങ് പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്’- ബ്രെന്‍ഡന്‍ സ്റ്റബ്ബ്സ് (കിങ്സ് കോളേജ് ലണ്ടന്‍).
‘കൃത്യമായി മരുന്ന് കഴിക്കുന്നവര്‍ക്ക് പോലും ഇത്തരം രോഗങ്ങളില്‍ നിന്ന് പൂര്‍ണമായും മോചനം ലഭിക്കാറില്ല. ഇവരുടെ ശാരീരിക ആരോഗ്യവും നന്നേ കുറവായിരിക്കും. സാധാരണ ആയുസ്സില്‍ നിന്ന് വളരെ മുന്‍പ് തന്നെ മരണം വരെ ഇവര്‍ക്ക് സംഭവിച്ചേക്കാം. മാത്രമല്ല, ചെറുപ്രായത്തില്‍ തന്നെ ഹൃദ്രോഗം വരാനും സാധ്യതയുണ്ട്.’- കായ് ജി കാല് (Kai G Kahl), (ഹന്നവര് മെഡിക്കല്‍ സ്കൂള്‍, ജര്‍മ്മനി).
മാനസിക ആരോഗ്യത്തിന് ശാരീരിക ആരോഗ്യവും ആവശ്യമാണെന്ന തിരിച്ചറിവാണ് ഈ പഠനത്തിന്റെ പ്രധാന നിഗമനം.