വിഷ്ണു എസ് വിജയന്‍
കുട്ടിക്കാലം തൊട്ട് രാഹുലിന് ആകാശം മുട്ടുന്നൊരു സ്വപ്‌നമുണ്ടായിരുന്നു. ഒരു പൈലറ്റ് ആവുക എന്ന സ്വപ്നം. ഇല്ലായ്മകളുടെ നടുവിലായിരുന്നു വളര്‍ന്നതെങ്കിലും ആ ദളിത് ബാലന്റെ മനസ് ആകാശത്തു തന്നെ പറന്നു നടന്നു.
സ്വപ്‌നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കഠിനമായി പ്രയത്‌നിക്കണമെന്ന് രാഹുലിന് അറിയാമായിരുന്നു. ഒടുവിലതില്‍ രാഹുല്‍ വിജയിക്കുകയും ചെയ്തു. രാജീവ്ഗാന്ധി ഫ്‌ലൈയിംഗ് അക്കാഡമിയിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ഒന്നാം സ്ഥാനത്തോടെ വിജയിച്ച് പൈലറ്റ് ആവുക എന്ന ലക്ഷ്യത്തിന്റെ വാതില്‍ കടന്നു കൂലിപ്പണിക്കാരായ രവീന്ദ്രന്റെയും സുനിതയുടെ മൂത്തമകന്‍ രാഹുല്‍ എത്തി.
പക്ഷേ പൈലറ്റാകാന്‍ മോഹിച്ചു മനസ്സുനിറയെ പ്രതീക്ഷകളുമായി തിരുവനന്തപുരം രാജീവ്ഗാന്ധി ഫ്‌ലൈയിംഗ് അക്കാഡമിയില്‍ എത്തിയ രാഹുലിനെ അവിടെ കാത്തിരുന്നത് പണത്തിന്റെ ആര്‍ത്തിയും ജാതിവെറിയും നിറഞ്ഞ ചിലരായിരുന്നു. താഴ്ന്ന ജാതിക്കാരന്‍ ആയതിന്റെ പേരില്‍, പണമില്ലാത്തത്തിന്റെ പേരില്‍, അധ്യാപകന് കൈക്കൂലി കൊടുക്കാത്തത്തിന്റെ പേരില്‍ രാഹുല്‍ എന്ന ദളിത് യുവാവിന് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.
ഏവിയേഷന്‍ പഠനത്തിനായി ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വരുമെന്നറിയാമായിരുന്നിട്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടയിലും മകനെ അവന്റെ ലക്ഷ്യത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ രവീന്ദ്രനും സുനിതയും തയ്യാറായില്ല. എന്നാല്‍ രാഹുല്‍ അവരെ അത്ഭുതപ്പെടുത്തുന്ന വിജയമാണ് പ്രവേശനപരീക്ഷയില്‍ സ്വന്തമാക്കിയത്. ഒന്നാം റാങ്കോടെ തന്നെ പ്രവേശന പരീക്ഷ പാസായി. മകന്റെ വിജയം അറിഞ്ഞപ്പോള്‍ അച്ഛനും അമ്മയ്ക്കും ലോകം കീഴടക്കിയ സന്തോഷം. സ്‌കോളര്‍ഷിപ് ഉണ്ടെങ്കിലും യാത്രാക്കൂലി,ഭക്ഷണം, നല്ല വസ്ത്രം ഇതിനെല്ലാം പണം ആവശ്യമാണ്. ഉള്ളതെല്ലാം പണയം വെച്ചും കടം വാങ്ങിയും മകനെ പൈലറ്റ് പഠനത്തിന് അയക്കാന്‍ ആ മാതാപിതാക്കള്‍ തയ്യാറായി. തുടങ്ങിവെച്ച വീടുപണി പാതിയില്‍ നിര്‍ത്തി അവന് നല്ല വസ്ത്രങ്ങള്‍ക്കും, ഭക്ഷണത്തിനുള്ള പൈസ മാസാമാസം എത്തിച്ചു കൊടുത്തു. അച്ഛനമ്മമാരുടെ കഷ്ടപ്പാടുകള്‍ നന്നായി അറിയാമായിരുന്ന രാഹുല്‍ വീട്ടിലെ സങ്കടങ്ങള്‍ക്ക് താല്‍ക്കാലികമായി അവധി കൊടുത്തു വ്യോമയാന തിയറികള്‍ ഉരുവിട്ടു.
2013 സെപ്തംബറിലാണ് അക്കാഡമിയില്‍ ജോയിന്‍ ചെയ്യുന്നത്. ആദ്യത്തെ രണ്ടു വര്‍ഷം പ്രശ്‌നങ്ങളൊന്നുമില്ലാതെ കടന്നു പോയി. 2015 ഏപ്രിലില്‍ ഫ്‌ളയിംഗ് പരിശീലനം നല്‍കാന്‍ ഹൈദരാബാദില്‍ നിന്ന് വംശി കൃഷ്ണ എന്ന പുതിയ പരിശീലകന്‍ എത്തുന്നതോടെയാണ് രാഹുലിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു തുടങ്ങിയത്.
അയാള്‍ വന്ന ദിവസം മുതല്‍ പ്രശ്‌നങ്ങള്‍ ആയിരുന്നു. ഫ്ലയിംഗിനു പോകുമ്പോള്‍ വിദ്യാര്‍ഥികളെ അകാരണമായി മര്‍ദ്ദിക്കും. ചോദ്യം ചെയ്താല്‍ വീണ്ടും മര്‍ദ്ദിക്കും. അതൊരു നിത്യ സംഭവമായി മാറി. വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്നതിനു പിന്നില്‍ വേറൊരു കഥകൂടി ഉണ്ട്. ഫ്‌ളയിംഗ് ടെസ്റ്റ് പാസ്സാക്കണമെങ്കില്‍ ഇയാള്‍ക്ക് കൈക്കൂലി കൊടുക്കണം. വിദ്യാര്‍ത്ഥികളോട് കൈക്കൂലി ചോദിച്ചു വാങ്ങിക്കുമായിരുന്നു. ഓരോ ടെസ്റ്റിനും 5000 രൂപ വീതം നല്‍കണമെന്നായിരുന്നുു ആവശ്യം. അല്ലാത്ത പക്ഷം ടെസ്റ്റില്‍ തോല്‍പ്പിക്കുമെന്നും, മാനസികമായും ശാരീരികമായും പീഡനങ്ങള്‍ ഏല്‍പ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഭാവിയെ കുറിച്ചോര്‍ത്ത് പലരും അയാള്‍ ആവശ്യപ്പെട്ട പണം കൊടുത്തു. എന്നാല്‍ ഞാനും കുറച്ചുപേരും പണം കൊടുക്കാന്‍ തയ്യാറായില്ല. അതാണ് അയാളെ പ്രകോപിപ്പിച്ചത്. വംശി കൃഷ്ണ ആ സ്ഥാനത്തിനു ഒട്ടും യോഗ്യനല്ല, അയാള്‍ വൈസ്‌ചെയര്‍മാന്‍ ചന്ദ്രമൌലിക്ക് പതിനഞ്ചു ലക്ഷം രൂപ കൈക്കൂലി നല്‍കിയാണ് ജോലി തരപ്പെടുത്തിയെന്ന് ആരോപണമുണ്ട്. വംശി കൃഷ്ണയുടെ അക്രമം ഇപ്പോളാണ് എങ്ങനെയാണെന്ന് ആര്‍ക്കും നിശ്ചയമുണ്ടാകില്ല; പരിശീലന പറക്കലിനിടയില്‍ ഞങ്ങളെ അടിക്കും. സഹിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
എനിക്കൊപ്പമുണ്ടായിരുന്നു ഷിനോജ് എന്ന വിദ്യാര്‍ത്ഥിയെ പണം കൊടുക്കാത്തതിന്റെ പേരില്‍ വംശി കൃഷ്ണ മര്‍ദ്ദിക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് പഠനം അവസാനിപ്പിക്കാന്‍ തന്നെ ഷിനോജ് തീരുമാനിച്ചതാണ്. എന്നാല്‍ ഇനി പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന് അക്കാഡമിയില്‍ നിന്നും ഉറപ്പ് കിട്ടിയതിനെ തുടര്‍ന്ന് ഷിനോജ് തിരിച്ചെത്തി. പക്ഷേ വീണ്ടും വംശിയില്‍ നിന്നും മര്‍ദ്ദനമേല്‍ക്കേണ്ടി വരികയായിരുന്നു. ഇതേ തുടര്‍ന്ന് വംശിക്കെതിരെ പരാതി നല്‍കാന്‍ ഷിനോജ് തീരുമാനമെടുത്തിരുന്നു. ഇതിനിടയിലാണ് എനിക്കും വംശിയുടെ കൈയില്‍ നിന്നും ക്രൂരമായ മര്‍ദ്ദനമേറ്റത്.
പറക്കലിനിടയില്‍ ആയിരുന്നു അയാള്‍ ഞാന്‍ പണം കൊടുക്കാത്തതിന്റെ വാശി തീര്‍ത്ത് എന്റെ കണ്ണില്‍ ആഞ്ഞടിച്ചത്. അതെന്റെ കണ്ണില്‍ സാരമായ പരിക്കേല്‍പ്പിച്ചു.
വംശിയുടെ ഈ ക്രൂരത സഹിക്കാന്‍ വയ്യാത്തതായിരുന്നു. അതുവരെ അയാള്‍ക്കെതിരെ ആരും ശബ്ദിച്ചിരുന്നില്ല. എങ്ങനെയെങ്കിലും പഠനം പൂര്‍ത്തിയാക്കാനായിരുന്നു എല്ലാവര്‍ക്കും താത്പര്യം. അല്ലെങ്കില്‍ അവരതുവരെ ചെലവാക്കിയ പണവും ഭാവിയും നഷ്ടപ്പെടുമെന്ന് ഭയന്നു. പക്ഷേ ഞാനയാള്‍ക്കെതിരെ പോരാടാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ വംശിയില്‍ നിന്നും കിട്ടിയ അടിയേക്കാള്‍ വേദനിപ്പിക്കുന്നതായിരുന്നു നീതി തേടി ഞാന്‍ ചെന്നിടങ്ങളില്‍ നിന്നും എനിക്ക് കിട്ടിയത്. ഞാനൊരു ദളിതന്‍ ആയതായിരുന്നു എനിക്ക് നീതി നിഷേധിക്കപ്പെടാനുള്ള ഒരേയൊരു കാരണം.
വംശി കൃഷ്ണക്കെതിരെ പരാതിയുമായി ചെന്ന എന്നെ അക്കാഡമിയുടെ എക്‌സിക്യുട്ടിവ് വൈസ് ചെയര്‍മാന്‍ ചന്ദ്രമൗലി വരവേറ്റത് അധിക്ഷേപ വര്‍ഷം ചൊരിഞ്ഞു കൊണ്ടാണ്. ‘നീ ദളിതനാണ്, സ്‌കോളര്‍ഷിപ്പില്‍ പഠിക്കുന്നവനാണ്, അല്‍പ്പം തല്ലു കൊണ്ട് പഠിച്ചാലും തെറ്റില്ല. വംശി കൃഷ്ണക്കെതിരായി ഞാന്‍ ഒരു നടപടിയും എടുക്കില്ല. കാരണം അയാള്‍ ചെറുപ്പക്കാരനണ്. അയാളുടെ ഭാവി കളയാന്‍ പറ്റില്ല. നിനക്കിതു സഹിച്ചു പഠിക്കാം അല്ലെങ്കില്‍ പോകാം!’ ഇതായിരുന്നു ചന്ദ്രമൗലിക്ക് എന്നോട് പറയാനുണ്ടായിരുന്നത്.
തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വലിയതുറ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ അവിടയും തീരുമാനം ഒന്നും ആയില്ല. അന്വേഷണത്തെപ്പറ്റി ചോദിക്കുമ്പോള്‍ ഒഴിവുകഴിവുകള്‍ പറഞ്ഞു തലയൂരുകയായിരുന്നു എസ് ഐ യുടെ പതിവ്. പ്രയോജനം ഇല്ല എന്ന് മനസിലായപ്പോള്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ എ സി പി ദത്തന്‍ അന്വേഷണം ഏറ്റെടുത്തു. എന്നാല്‍ അവിടെയും എനിക്ക് നീതി ഉണ്ടായില്ല. അന്വേഷണത്തിന്റെ പുരോഗതി അറിയാന്‍ ചെന്നപ്പോള്‍ എസിപി ദത്തനും ചന്ദ്രമൗലി പറഞ്ഞ അതേ വാക്കുകള്‍ ആവര്‍ത്തിക്കുകയായിരുന്നു. ‘നീ ദളിതനാണ് സ്‌കോളര്‍ഷിപ്പില്‍ പഠിക്കുന്നവനാണ് അല്‍പ്പം തല്ലു കൊണ്ട് പഠിച്ചാലും തെറ്റില്ല.!
പഠിക്കുന്ന സ്ഥാപനത്തിലെ ഉന്നത അധികാരികളില്‍ നിന്നും,പോലീസില്‍ നിന്നും നീതി കിട്ടില്ല എന്ന് ഉറപ്പായതോടെയാണ് ലോകായുക്തയേയും, എസ് എസി കമ്മീഷനേയും സമീപിച്ചത്. ഇനി പ്രതീക്ഷ അവരില്‍ മാത്രമാണ്; രാഹുല്‍ തന്റെ അനുഭവം പറയുന്നു.
നീതി കിട്ടുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. എനിക്ക് പഠനം പൂര്‍ത്തിയാക്കണം. അതെന്റെ ലക്ഷ്യമാണ്. കുട്ടിക്കാലം തൊട്ടുള്ള സ്വപ്നം. എന്റെ മാതാപിതാക്കള്‍ വളരെ കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിക്കുന്നത്. അവര്‍ക്കെന്നെ കുറിച്ച് വലിയ പ്രതീക്ഷകളുണ്ട്. അവരുടെ സന്തോഷമാണ് എനിക്ക് വലുത്. എന്തൊക്കെ സഹിക്കേണ്ടി വന്നാലും എനിക്ക് പൈലറ്റ് ആകണം. എന്നാല്‍ എന്നെ വേദനിപ്പിക്കുന്നത് എല്ലാവരും എത്ര നീചമായാണ് എന്നോടു പെരുമാറുന്നത്. ഞാനൊരു ദളിതനായിപ്പോയതാണോ ഞാന്‍ ചെയ്ത കുറ്റം. സ്വപ്‌നം കാണാനും അതിനുവേണ്ടി പരിശ്രമിക്കാനും ദളിതന് അവകാശമില്ലേ? എന്നെപ്പോലൊരാളെ തല്ലിയാലും കൊന്നാലും ചോദിക്കാനും പറയാനും ആരുമില്ലേ? ദളിത് പീഢനങ്ങള്‍ക്കെതിരെ എത്രയോ സമരങ്ങള്‍ നടത്തുന്നു, എന്നിട്ടും എന്നെപ്പോലുള്ളവരുടെ അവസ്ഥയില്‍ എന്തു മാറ്റമാണ് ഉണ്ടായിട്ടുള്ളത്. പക്ഷേ ഞാന്‍ വാശിയിലാണ്…എനിക്കു നീതി കിട്ടും ഞാന്‍ പഠനം പൂര്‍ത്തിയാക്കും.. പൈലറ്റാകും. രാഹുല്‍ പറഞ്ഞു നിര്‍ത്തുന്നു.
പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്കോടെ പാസായി എത്തിയ ഒരു വിദ്യാര്‍ത്ഥിയോട് ഇങ്ങനെയാണോ അധ്യാപകര്‍ പെരുമാറേണ്ടത്? ദരിദ്രര്‍ വലിയ പഠിപ്പ് സ്വപ്നം കാണാന്‍ പാടില്ലാന്നുണ്ടോ? ഉള്ളതെല്ലാം പണയം വെച്ചും,മിച്ചം പിടിച്ചും ആണ് എന്റെ കുട്ടിയെ പഠിക്കാന്‍ അയച്ചത്. എന്നിട്ടിപ്പോള്‍ അവിടുന്ന് തല്ലിയിറക്കി വിട്ടിരിക്കുന്നു; മകന്റെ സംസാരം കേട്ടിരുന്ന രാഹുലിന്റെ അമ്മ സുനിത തന്റെ സങ്കടം കൂടി ഇടറിയ വാക്കുകളോടെ പങ്കുവച്ചു.
കുഞ്ഞു നാളിലെ രാഹുല്‍ ഉത്സവപ്പറമ്പുകളില്‍നിന്നും മറ്റും വാങ്ങിക്കൂട്ടിയ വിമാന കളിപ്പാട്ടങ്ങളും,സ്‌കൂളില്‍ പഠിക്കുമ്പോള്‍ സയന്‍സ് എക്‌സിബിഷനുകള്‍ക്ക് ഉണ്ടാക്കിയ വിമാനങ്ങളുടെ മോഡലുകളും ഇപ്പോളും ഈ അമ്മ ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇപ്പോള്‍ അതൊക്കെ കാണുമ്പോള്‍ സുനിതയുടെ ഉള്ളില്‍ വേദനയാണ്. നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് രാഹുല്‍ ആ ചെറിയ വീടിന്റെ പടിയിറങ്ങി പോയത്. ഇപ്പോഴവന്‍ വെറും കയ്യോടെ, തളര്‍ന്ന മനസ്സോടെ, ഇനിയെന്തെന്നറിയാതെ തിരികെ എത്തിയിരിക്കുന്നു. എന്റെ മകന്റെ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ അവന് സാധിക്കില്ലേ? ആ അമ്മയുടെ നെഞ്ചു വിങ്ങിയുള്ള ചോദ്യത്തിന് ആര് ഉത്തരം പറയും?
(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)