UPDATES

ട്രെന്‍ഡിങ്ങ്

മലപ്പുറത്തിന്റെ മുത്തിനെതിരെ ലീഗില്‍ കലാപക്കൊടി ഉയരുമ്പോള്‍

ദിവസങ്ങള്‍ക്കു മുന്‍പ് എല്‍ ഡി എഫില്‍ പ്രവേശനം ലഭിച്ച ഐ എന്‍ എല്‍ ആവട്ടെ വിഷയം പരമാവധി ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള നീക്കത്തിലാണ്

കെ എ ആന്റണി

കെ എ ആന്റണി

മുസ്ലിംലീഗ് അണികള്‍ക്ക് ഏറ്റവും പ്രിയങ്കരനായ നേതാവ് ആരെന്നു ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉള്ളു. പാണ്ടിക്കടവത്ത് കുഞ്ഞാലികുട്ടി എന്ന പി കെ കുഞ്ഞാലിക്കുട്ടി. കുഞ്ഞാപ്പ കഴിഞ്ഞേ അവര്‍ക്കു മറ്റൊരു നേതാവുള്ളു. ഒരുപക്ഷെ സി എച്ച് മുഹമ്മദ് കോയക്കും ഇബ്രാഹിം സുലൈമാന്‍ സേട്ടുവിനും ശേഷം മലപ്പുറത്തെ മുസ്ലിം യുവത നെഞ്ചേറ്റിയ മറ്റൊരു നേതാവ് പി കെ കുഞ്ഞാലികുട്ടി എന്ന കുഞ്ഞാപ്പ തന്നെയായിരിക്കും. അത്രക്കുണ്ട് അവര്‍ക്കു കുഞ്ഞാപ്പയോടുള്ള സ്‌നേഹവും ആദരവും. അതുകൊണ്ടു തന്നെ അവര്‍ക്കദ്ദേഹം കണ്ണും കരളും മാത്രമല്ല മുത്ത് തന്നെയാണ്. കുഞ്ഞാപ്പയോടുള്ള അവരുടെ സ്‌നേഹത്തിന്റെ ആഴവും പരപ്പും കഴിഞ്ഞ മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പിലും പ്രകടമായിരുന്നു. കൂറ്റന്‍ ഭൂരിപക്ഷം നല്‍കിയാണ് അവര്‍ തങ്ങളുടെ പ്രിയങ്കരനായ കുഞ്ഞാപ്പയെ പാര്‍ലമെന്റിലേക്കയച്ചത്.

എന്നാല്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞ മട്ടാണിപ്പോള്‍. മുസ്ലിംലീഗും സകലമാന മുസ്ലിം സംഘടനകളും നഖശിഖാന്തം എതിര്‍ക്കുന്ന മുത്തലാഖ് ബില്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്തു പാസ്സാക്കിയ ദിവസം മലപ്പുറത്തെ മുസ്ലിംലീഗ് അണികളുടെ കരളും മുത്തും പുലിക്കുട്ടിയുമൊക്കെയായ കുഞ്ഞാപ്പ പാര്‍ലമെന്റില്‍ പോകാതെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതാണ് കാരണം. ചെറിയ മുറുമുറുപ്പ് ആയി തുടങ്ങിയ പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ ശക്തി പ്രാപിച്ചു തുടങ്ങിയതോടെ കുഞ്ഞാലിക്കുട്ടിയോട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ വിശദീകരണം തേടുന്നിടംവരെ ചെന്നെത്തി കാര്യങ്ങള്‍.

താന്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനല്ല പാര്‍ലമെന്റില്‍ നിന്നും വിട്ടു നിന്നതെന്നും പാര്‍ട്ടി മുഖപത്രമായ ‘ചന്ദ്രിക’യുടെ ഗവേര്‍ണിംഗ് ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണെന്നും മുതാലാഖ് ബില്ലില്‍ വിശദമായ ചര്‍ച്ചക്ക് ശേഷം കോണ്‍ഗ്രസിനൊപ്പം സഭ ബഹിഷ്‌ക്കരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെന്നും ഇക്കാര്യം സഹ എം പിയായ ഇ ടി മുഹമ്മദ് ബഷീറുമായി കൂടിയാലോചിച്ചു ഉറപ്പിച്ചിരുന്നുവെന്നുമാണ് കുഞ്ഞാലികുട്ടി നല്‍കിയിട്ടുള്ള വിശദീകരണം. അപ്പോഴും പിന്നെന്തുകൊണ്ട് ഇ ടി ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തുവെന്ന ചോദ്യം അവശേഷിക്കുന്നു. മലപ്പുറത്തെ മുസ്ലിംലീഗ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ചു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം ലീഗ് അണികളില്‍ പലര്‍ക്കും ഇനിയും ബോധ്യപ്പെട്ടിട്ടില്ലെന്നാണ്. എന്‍ ഡി എ സര്‍ക്കാര്‍ കൊണ്ടുവന്ന മുതാലാഖ് ബില്ലിനെതിരെ മുസ്ലിം ലീഗിനുള്ള പ്രതിക്ഷേധം രേഖപ്പെടുത്താന്‍ തങ്ങളുടെ എം പി എന്ന നിലയില്‍ കുഞ്ഞാലികുട്ടി ബാധ്യസ്ഥനായിരുന്നു എന്നാണ് അവരുടെ വാദം. സുഹൃത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് ‘ചന്ദ്രിക’ യുടെ ഗവേര്‍ണിംഗ് ബോഡിയോഗം ആ ദിവസ്സം തന്നെ തീരുമാനിച്ചതെന്നും അവര്‍ ആരോപിക്കുന്നു. മുന്‍പ് ഉപരാഷ്ട്രപതി തിരെഞ്ഞെടുപ്പ് വേളയില്‍ കുഞ്ഞാലിക്കുട്ടിയും ലീഗിന്റെ രാജ്യസഭ മെമ്പറായ അബ്ദുല്‍ വഹാബും വിട്ടു നിന്നതു ചൂണ്ടിക്കാട്ടി ഇതാദ്യമായല്ല കുഞ്ഞാലികുട്ടി ഒരു എം പി എന്ന നിലയില്‍ തന്റെ ഉത്തരവാദത്തില്‍ നിന്നും ഒളിച്ചോടുന്നതെന്ന ആക്ഷേപവും അവര്‍ ഉന്നയിക്കുന്നു. ഐ എന്‍ എല്ലും ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയും എം ഇ എസ്സും കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെ രംഗത്ത് വന്നതിലേറെ ലീഗ് നേതൃത്വത്തെ കുഴക്കുന്നത് മുസ്ലിം ലീഗിലെ ചില പഞ്ചായത്തു കമ്മിറ്റികളും സമസ്തയിലെ വലിയൊരു വിഭാഗവും കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടു രംഗത്ത് വന്നിരിക്കുന്നുവെന്നതാണ്.

ദിവസങ്ങള്‍ക്കു മുന്‍പ് എല്‍ ഡി എഫില്‍ പ്രവേശനം ലഭിച്ച ഐ എന്‍ എല്‍ ആവട്ടെ വിഷയം പരമാവധി ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി കുഞ്ഞാലിക്കുട്ടിയുടെ രാജി ആവശ്യപ്പെട്ട് അവര്‍ ഇന്നലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. ഐ എന്‍ എല്ലിനെ സംബന്ധിച്ചിടത്തോളം കുഞ്ഞാലികുട്ടി അവരുടെ കണ്‍കണ്ട ശത്രുവാണ്. ബാബരി മസ്ജിദ് വിഷയത്തില്‍ മുസ്ലിം ലീഗ് ശക്തമായ നിലപാട് എടുക്കണമെന്നാവശ്യപ്പെട്ട തങ്ങളുടെ മെഹ്ബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മുസ്ലിംലീഗില്‍ നിന്നുള്ള പുറത്താകലിന് പിന്നില്‍ കുഞ്ഞാലികുട്ടിയാണെന്നു അവര്‍ ഇന്നും വിശ്വസിക്കുന്നു എന്നത് തന്നെ കാരണം.

കുഞ്ഞാലിക്കുട്ടിക്കെതിരെ മുസ്ലിംലീഗ് അണികള്‍ തിരിയുമ്പോള്‍ അത് നല്‍കുന്ന സൂചന പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്യത്തിനു മങ്ങലേല്‍ക്കുന്നുവെന്നാണ്. ഒരു പക്ഷെ പാണക്കാട് തങ്ങള്‍ക്കു ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞേക്കാം. പക്ഷെ അതുകൊണ്ട് മാത്രം എല്ലാം പെട്ടെന്ന് കെട്ടടങ്ങുമെന്നു കരുതുക പ്രയാസം തന്നെ.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍