UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്രം നിയമം രഹസ്യമായി മാറ്റി, ബിജെപിയും കോണ്‍ഗ്രസും വിദേശ സംഭാവന നിയമക്കുരുക്കില്‍ നിന്നും രക്ഷപെട്ടു

അഴിമുഖം പ്രതിനിധി

വിദേശ കമ്പനിയായ വേദാന്തയില്‍ നിന്നും നിയമവിരുദ്ധമായി സംഭാവന സ്വീകരിച്ചതിലെ നിയമ നടപടിയില്‍ നിന്നും രക്ഷപ്പെടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയമത്തില്‍ രഹസ്യമായി മാറ്റം വരുത്തി. വേദാന്തയില്‍ നിന്നും സംഭാവന സ്വീകരിച്ചതിന് ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ നടപടി സ്വീകരിക്കാന്‍ 2014-ല്‍ ഡല്‍ഹി ഹൈക്കോടതി സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതിയില്‍ പരിഗണനയിലാണ്. 2010-ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമം (എഫ് സി ആര്‍ എ) രാഷ്ട്രീയ പാര്‍ട്ടികള്‍ വിദേശ സ്രോതസ്സില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതിനെ വിലക്കുന്നുണ്ട്. വിദേശ നിക്ഷേപം 50 ശതമാനത്തിന് മുകളിലുള്ള കമ്പനികളും നിയമപ്രകാരം വിദേശ സ്രോതസ്സ് പരിധിയില്‍ വരും. ഇതില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പാസാക്കിയെടുക്കുകയും ചെയ്തു. മുന്‍കാല പ്രാബല്യവും ഈ തിരുത്തലിന് നല്‍കിയിട്ടുണ്ട്.

പുതിയ നിര്‍വചനം അനുസരിച്ച് ഒരു ഇന്ത്യന്‍ കമ്പനിയിലെ വിദേശ നിക്ഷേപം ആ മേഖലയില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള വിദേശ നിക്ഷേപ പരിധിക്കുള്ളിലാണെങ്കില്‍ ആ കമ്പനിയുടെ വിദേശ ഉടമസ്ഥാവകാശത്തെ ഇന്ത്യന്‍ വിളിക്കാമെന്നാണ്. ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റേയും നിയമവിരുദ്ധ പ്രവര്‍ത്തനത്തെ നിയമവിധേയമാക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്. ഈ നിര്‍വചനത്തിന് 2010 മുതല്‍ പ്രാബല്യമുണ്ടായിരിക്കും.

രാഷ്ട്രീയ പാര്‍ട്ടികള്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനെ കുറിച്ചുള്ള കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനം വിവാദമുണ്ടാക്കും. കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള രാഷ്ട്രീയ ഫണ്ടിന്റെ സ്വഭാവത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കും ഇത് വീണ്ടും വഴിയൊരുക്കും.

എന്‍ജിഒകള്‍ക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിനെതിരെ ശക്തമായ നടപടികളുമായി മോദി സര്‍ക്കാര്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കേയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി നിയമം മാറ്റിയെഴുതിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍