UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്താന്‍കോട്ട് ഭീകരര്‍ പാകിസ്താന്‍കാരാണെന്ന് തെളിയിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടുവെന്ന് പാക് സംഘം

അഴിമുഖം പ്രതിനിധി

പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ പാകിസ്താനില്‍ നിന്നുള്ളവരാണെന്ന് തെളിയിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടുവെന്ന് പാകിസ്താന്‍ അന്വേഷകര്‍. ആക്രമണം നടന്നയിടം കഴിഞ്ഞ ദിവസം പാകിസ്താനില്‍ നിന്നുള്ള സംഘം പരിശോധിക്കുകയും ഇന്ത്യന്‍ അന്വേഷണ സംഘവുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. 55 മിനിട്ടോളമാണ് പത്താന്‍കോട്ട് താവളത്തില്‍ പാക്‌സംഘത്തിന് തെളിവെടുപ്പിന് ലഭിച്ചത്. സൈനിക താവളത്തിലൂടെ നടക്കാന്‍ മാത്രമേ ആ സമയം തികഞ്ഞുള്ളൂവെന്ന് അന്വേഷണ സംഘാംഗങ്ങള്‍ പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘത്തെ വ്യോമസേന താവളത്തിന്റെ പ്രധാന കവാടത്തിലൂടെ കടത്താതെ സമീപത്തെ ചെറിയ ഇടവഴികളിലൂടെയാണ് കൊണ്ടു പോയത്.

മാര്‍ച്ച് 29-ന് നടത്തിയ സന്ദര്‍ശനത്തില്‍ പാക് ടീമിനെ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ അനുഗമിക്കുകയും വിവരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. താവളത്തിലേക്ക് ഭീകരര്‍ കയറിയ വഴികളും സംഘത്തിന് കാണിച്ചു കൊടുത്തിരുന്നു.

കുറഞ്ഞ സമയത്തിനുള്ളില്‍ തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചില്ലെന്ന് പാക് അന്വേഷണ സംഘാംഗങ്ങള്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി പാക് സംഘം ഇന്ത്യയില്‍ അഞ്ച് ദിവസമാണ് തങ്ങിയത്. ഇന്ത്യ നാല് ഭീകരരുടെ ഡിഎന്‍എ സാമ്പിളുകളും ജെയ്‌ഷെ മുഹമ്മദുമായുള്ള ബന്ധം തെളിയിക്കുന്ന ഫോണ്‍ വിളി രേഖകളും കൈമാറിയിരുന്നു. ജനുവരി ഒന്നിന് നടന്ന ആക്രമണത്തില്‍ ഏഴ് സൈനികരാണ് കൊല്ലപ്പെട്ടത്. 80 മണിക്കൂറിലധികം നടന്ന ആക്രമണത്തില്‍ നാല് ഭീകരരും കൊല്ലപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍