UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി എസ്സിനോട് സ്നേഹം, പിണറായിയോട് ബഹുമാനം

രുഗ്മിണി സുബ്രഹ്മണ്യന്‍/എം കെ രാമദാസ്

നിയമസഭയിലെ പട്ടിക വര്‍ഗ സംവരണ മണ്ഡലങ്ങളില്‍ രണ്ടും വയനാട് ജില്ലയിലാണ്. മന്ത്രി പി കെ ജയലക്ഷ്മി പ്രതിനിധാനം ചെയ്യുന്ന മാനന്തവാടിയും സുല്‍ത്താന്‍ ബത്തേരിയുമാണിത്. യു ഡി എഫ് എം എല്‍ എ ഐ സി ബാലകൃഷ്ണനാണ് സുല്‍ത്താന്‍ ബത്തേരിയുടെ പ്രതിനിധി. ഈ രണ്ട് മണ്ഡലങ്ങളിലെ ഇരുമുന്നണികളുടെയും ഓരോ സ്ഥാനാര്‍ത്ഥികള്‍ വനിതകളാണ്. മന്ത്രി കൂടിയായ പി കെ ജയലക്ഷ്മിയുടെ അഭിമുഖം അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. രുഗ്മിണി സുബ്രഹ്മണ്യനാണ് ബത്തേരിയില്‍ ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥിയായി ഐ സി ബാലകൃഷ്ണനെ നേരിടുന്നത്. പട്ടികവര്‍ഗ വിഭാഗമായ കുറുമ സമുദായ അംഗമാണ് രുഗ്മിണി. രുഗ്മിണി സുബ്രഹ്മണ്യന്‍ അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍ എം കെ രാമദാസുമായി സംസാരിക്കുന്നു.

എം കെ രാമദാസ്: പൊതു പ്രവര്‍ത്തന രംഗത്തേക്ക് വരുന്നതെങ്ങനെയാണ്?

രുഗ്മിണി സുബ്രഹ്മണ്യന്‍: 1995ലാണ് പൊതു രംഗത്തേക്ക് വന്നത്. 2016 വരെ നടത്തിയ പ്രവര്‍ത്തനത്തിന്റെ അംഗീകാരമാണ് ഇപ്പോള്‍ പാര്‍ട്ടി തന്നിട്ടുള്ളത്. പൊതു പ്രവര്‍ത്തനമെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നിസ്സാരമായി കൈകാര്യം ചെയ്യാനാവില്ല. പ്രത്യേകിച്ച് വളരെ താഴ്ന്ന തട്ടില്‍ നിന്ന് വരുന്ന എന്നെപ്പോലുള്ള സ്ത്രീകള്‍ക്ക്. ഒരു ജോലിപോലെയല്ലിത്. പല മേഖലകളിലുള്ളവരുമായി ബന്ധപ്പെടണം. വേറെ ആളുകള്‍ ഇല്ലാത്തതുകൊണ്ടല്ല, പാര്‍ട്ടി എന്നെ പരിഗണിക്കുന്നത്. ഒരു സ്ത്രീയെന്ന പരിഗണനയുണ്ട്. 

രാ: പാര്‍ട്ടി മാത്രമാണോ മുന്നിലുള്ളത്?എം എല്‍ എ എന്നത് ജനങ്ങളുടെ പ്രതിനിധിയല്ലേ? ആരോടാണ് കൂടുതല്‍ കൂറ്?

രു: പാര്‍ട്ടിയാണ് മത്സരിക്കാന്‍ നിയോഗിച്ചത്. ജനങ്ങളുടേതാണ് എം എല്‍ എ. അവിടെ ജനങ്ങള്‍ക്കാണ് പരിഗണന. പാര്‍ട്ടിയോടും വിധേയത്വം കാണിക്കണം. വന്നവഴി മറക്കരുതല്ലോ?

രാ: ജനപ്രതിനിധി, അതിനുശേഷം പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അംഗം. കമ്മീഷന്‍ പ്രവര്‍ത്തനം എങ്ങനെ? പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള രുഗ്മിണിയോടൊപ്പം ഐ എ എസ്, ഐ പി എസുകാര്‍  ആയിരുന്നു കമ്മീഷന്‍ അംഗങ്ങള്‍. എങ്ങനെ മാനേജ് ചെയ്തു?

രു: ചെറിയ ഭയമൊക്കെയുണ്ടായിരുന്നു. എന്നാല്‍ അധികം വൈകുന്നതിനു മുന്‍പ് ഒരു കാര്യം ബോധ്യമായി. ഐ എ എസും, ഐ പി എസും ഒന്നും ഇതിന് ആവശ്യമില്ല. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനും കഴിയണം. അവിടെ എനിക്ക് വിജയിക്കാന്‍ കഴിഞ്ഞു. ഒരു പക്ഷേ, മറ്റ് രണ്ട് പേരെക്കാളും. പൊതു പ്രവര്‍ത്തന പരിചയമാണ് ഇതിന് സഹായിച്ചത്. കമ്മീഷന്‍ പ്രവര്‍ത്തനം പൂര്‍ണതയില്‍ എത്തിക്കാനായില്ല. കാരണം ഈ സംവിധാനം ആദ്യമായാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. എല്ലാം ഒന്നേന്ന് തുടങ്ങണമായിരുന്നു. ഓഫീസ് സെറ്റ് ചെയ്തത് തന്നെ കമ്മീഷന്‍ വന്നതിനുശേഷമാണ്. ആവശ്യത്തിന് ഉദ്യോഗസ്ഥരെ കിട്ടിയില്ല. എല്ലാ ജില്ലകളിലും ഓഫീസുകള്‍ ക്രമീകരിക്കാനും കഴിഞ്ഞില്ല. അതിനൊക്കെ ഇടയിലാണ് കമ്മീഷന്‍ അംഗങ്ങളായ ശിവാനന്ദന്‍ സാറും ശേഖര്‍ മിനിയോടനും തമ്മിലുളള തര്‍ക്കം. ഐ എ എസോ ഐ പി എസോ മുന്നില്‍ എന്നതായിരുന്നു തര്‍ക്കവിഷയം. പലപ്പോഴും ഇതിനൊക്കെ പത്താംതരക്കാരിയായ എനിക്ക് മധ്യസ്ഥയാകേണ്ടിയും വന്നു. ചിലപ്പോഴെക്കെ ഇടപെടല്‍ വിജയത്തില്‍ എത്തി. തുല്യതാ പരീക്ഷയിലൂടെയാണ് പത്താംതരം വിജയിച്ചത്. അങ്ങനെയുള്ള എനിക്ക് ഐ എ എസ്, ഐ പി എസ് തര്‍ക്കത്തില്‍ ഇടപെടാനായത് വലിയ അനുഗ്രഹമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധിയായതാണ് ഇതിനെല്ലാം കാരണം. ആയിരക്കണക്കിന് സാധാരണ മനുഷ്യരുടെ പരാതികളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുടെ ജനപ്രതിനിധികളുടെ മുന്നിലെത്തുന്നത്. അത് പരിഹരിക്കാനായാല്‍ എം എല്‍ എയായി വിജയിക്കാം. കമ്മീഷന്റെ കാര്യമാണെങ്കില്‍ ആയിരക്കണക്കിന് പരാതികള്‍ അദാലത്തില്‍ എത്തി. ഭൂരിഭാഗവും പരിഹരിക്കാനായി. ആദിവാസികളുടെ നിസ്സാര പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഒരിടം എന്ന നിലയിലേക്ക് കമ്മീഷനെ മാറ്റിയെടുത്തത് എന്റെ കൂടി പ്രവര്‍ത്തന ഫലമായാണ്.

രാ: വിദ്യാഭ്യാസ ,ജീവിത പശ്ചാത്തലം എന്നിവയെക്കുറിച്ച്?

രു: പത്താംക്ലാസ് പരീക്ഷയെഴുതിയെങ്കിലും പരാജയപ്പെട്ടു. അതിനിടെ കല്യാണം. ഭര്‍ത്തൃവീട്ടില്‍ വെച്ചാണ് എസ് എസ് എല്‍ സി ഫലം അറിയുന്നത്. സ്‌കൂള്‍ പഠനകാലത്ത് കോളനിയില്‍ സര്‍വ്വ സേവാമണ്ഡലമെന്നപേരില്‍ സന്നദ്ധ സംഘടന പ്രവര്‍ത്തിച്ചിരുന്നു. അവരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. കോളനിയിലെ സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായിരുന്നു ഈ യോഗം. അവിടെ നിന്നാണ് പൊതു പ്രവര്‍ത്തനാരംഭം. 1987ലാണ് വിവാഹം. ഭര്‍ത്താവ് സി പി ഐ എം പ്രവര്‍ത്തകനായിരുന്നു. അക്കാരണം കൊണ്ട് പാര്‍ട്ടി പരിപാടികള്‍ക്ക് പോയിത്തുടങ്ങി. 1995ല്‍ ഞങ്ങള്‍ താമസിച്ചിരുന്ന വാര്‍ഡ് പട്ടികവര്‍ഗ വനിതാ സംവരണ വാര്‍ഡായി മാറി. ഭര്‍ത്താവ് സുബ്രഹ്മണ്യന്‍ പാര്‍ട്ടി അംഗമായിരുന്നു. പാര്‍ട്ടി മെമ്പര്‍ അല്ലാതിരുന്നിട്ടും അവിടെ മത്സരിക്കാന്‍ എന്നെയാണ് അവര്‍ കണ്ടെത്തിയത്. മത്സര വിവരം സുബ്രഹ്മണ്യനോടാണ് നേതാക്കള്‍ സംസാരിക്കുന്നത്. അദ്ദേഹം സമ്മതിച്ചെങ്കിലും ഞാന്‍ ആദ്യം സമ്മതിച്ചില്ല. എനിക്ക് അതിന് കഴിയില്ല എന്നായിരുന്നു തോന്നല്‍. ഒടുവില്‍ നിര്‍ബന്ധമായി. അങ്ങനെ മത്സര രംഗത്തേക്ക് വന്നു. വിജയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് കിട്ടിയത്. 1997ല്‍. ഇപ്പോള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ കമ്മിറ്റി അംഗം കൂടിയാണ്. 1995ലും 2001ലും ജനപ്രതിനിധി. പിന്നെ പട്ടിക വര്‍ഗ കമ്മീഷന്‍ അംഗം.

രാ: അധികാരം നഷ്ടപ്പെടുമ്പോള്‍ എന്തു തോന്നും?

രു: ഒരിക്കലും പ്രയാസപ്പെടേണ്ടിവന്നിട്ടില്ല. പൊതു പ്രവര്‍ത്തനം നടത്താന്‍ അധികാരം വേണമെന്ന് ഒരിക്കല്‍പ്പോലും തോന്നിയിട്ടില്ല.

രാ: വന്നവഴി മറക്കരുത് എന്ന് നിങ്ങള്‍ നേരത്തെ പറഞ്ഞു. കൃഷി മുഖ്യ തൊഴിലാക്കിയ കുറുമ സമുദായ അംഗമാണ് നിങ്ങള്‍. കൃഷിയും കൃഷിപ്പണിയും മാറ്റി നിര്‍ത്തിയോ?

രു: ഇല്ല. ഒരിക്കലും ഇല്ല. ഞങ്ങളുടെ സമുദായം നെല്‍കൃഷി ചെയ്യുന്നവരാണ്. എന്റെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമെല്ലാം ഈ പണിയറിയാം. ഭര്‍ത്താവിന്റെ വീട്ടുകാരും അങ്ങനെ തന്നെ. നെല്ലുണ്ടാക്കും, വാഴയും പച്ചക്കറിയും നടും. മുഴുവന്‍ പണികളും ഒറ്റയ്ക്ക് ചെയ്യും. നെല്ല് പുഴുങ്ങി ഉണക്കി അരിയാക്കി വിറ്റ് ജീവിക്കും. ഇപ്പോഴും നെല്ലും വാഴയും കൃഷി ചെയ്യുന്നുണ്ട്. നെല്ല് അരിയാക്കി വിറ്റ് കിട്ടിയ പണം കൊണ്ടാണ് എന്റെ മകനെ ഡിഗ്രിയ്ക്ക് പഠിപ്പിച്ചത്. മണ്ണില്‍ പണിയെടുക്കാന്‍ ഒരു മടിയും ഇതുവരെ തോന്നിയിട്ടില്ല. വേണമെങ്കില്‍ നമുക്ക് എല്ലാം ചെയ്യാം. അധികാരം പോയാലും മണ്ണ് നമ്മളോടൊപ്പം ഉണ്ടാകും. അതുകൊണ്ട് തന്നെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല.

രാ: ആദിവാസി ക്ഷേമസമിതിയില്‍ സജീവമല്ലെന്ന് തോന്നുന്നു? ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ എത്തിയതെങ്ങനെ?

രു: ഭര്‍ത്താവ് ആദിവാസി ക്ഷേമസമിതിയില്‍ സജീവമാണ്. ആദ്യം അംഗമായത് മഹിളാ അസോസിയേഷനിലാണ്. അന്ന് എ കെ എസ് ഉണ്ടായിരുന്നില്ല. പാര്‍ട്ടി ജില്ലാ കമ്മറ്റിയില്‍ മഹിളാ അസോസിയേഷനൊപ്പം എ കെ എസ്സിന്റേയും ചുമതലയുണ്ട്.

രാ: ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര നേതാക്കളുടെ സ്വാധീനം നിയമസഭാ സീറ്റ് ലഭ്യതയ്ക്ക് കാരണമായോ? പാര്‍ട്ടിയില്‍ ഏത് ഗ്രൂപ്പിനോടാണ് താത്പ്പര്യം?

രു: അങ്ങനെയൊന്നുമില്ല. പാര്‍ട്ടി നിശ്ചയിക്കുന്നു. അനുസരിക്കുന്നു. വി എസ്സിനെ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. പിണറായിയോട് ബഹുമാനമുണ്ട്. ഗ്രൂപ്പൊന്നുമില്ല. വി എസ്സിന്റേതും പിണറായിയുടെയും പാര്‍ട്ടി നിലപാടാണ് എന്ന് ഞാന്‍ കരുതുന്നു.

രാ: സ്വതന്ത്ര ആദിവാസി സംഘടനകളുടെ പ്രവര്‍ത്തനത്തെ എങ്ങനെ കാണുന്നു?

രു: സി കെ ജാനുവിനെപ്പോലുള്ളവര്‍ക്ക് പുറമെ നിന്ന് സഹായം ലഭിക്കുന്നുണ്ട്. സഹായം ലഭിക്കുന്നവരുടെ നിയന്ത്രണത്തിലായിരിക്കും അവര്‍. ഞങ്ങള്‍ രാഷ്ട്രീയമായി പ്രവര്‍ത്തിക്കുന്നവരാണ്. പാര്‍ട്ടിക്ക് ആദിവാസികളുടെ കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. ആദിവാസികളുടെ ഭൂമി അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. ഇതുവരെ ഭരിച്ചവരെല്ലാം ഇതിന് ഉത്തരവാദികളാണ്. എല്ലാവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. 52 കോടിരൂപ വയനാട് ജില്ലയ്ക്ക് അനുവദിച്ചിട്ട് ചിലവഴിക്കാനായില്ല. ആളുകള്‍ അതില്‍ നിന്ന് കമ്മീഷന്‍ വാങ്ങാന്‍ ഓടിനടക്കുകയാണ്. ആദിവാസികള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നത് മാനദണ്ഡങ്ങള്‍ ലഘൂകരിക്കണം. ഇപ്പോഴുള്ളത് പലതും അപ്രായോഗികമാണ്. അതുകൊണ്ടാണ് ഭൂമി എന്ന ആദിവാസികളുടെ ആവശ്യം പരിഹാരമില്ലാതെ അനന്തമായി നീളുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍