UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പട്ടാമ്പിയിലെ കനയ്യയുടെ കൂട്ടുകാരന്‍-മുഹമ്മദ് മുഹ്സിന്‍/അഭിമുഖം

മുഹമ്മദ് മുഹ്സിന്‍/വിഷ്ണു എസ് വിജയന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ പട്ടാമ്പി മണ്ഡലം ഇതിനകം തന്നെ ജനശ്രദ്ധയും വാര്‍ത്താ പ്രധാന്യവും നേടിക്കഴിഞ്ഞു. പട്ടാമ്പിയില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലക്കാടന്‍ കാറ്റിനെക്കാള്‍ ചൂടുണ്ടാകും. കാരണം പോരാട്ടം രണ്ടു തലമുറകള്‍ തമ്മിലാണ്. കോണ്‍ഗ്രസിലെ സിറ്റിംഗ് എംഎല്‍എ സി പി  മുഹമ്മദിനെതിരെ ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത് ജെ എന്‍ യുവില്‍ രാഷ്ട്രീയം പയറ്റിത്തെളിഞ്ഞ മുഹമ്മദ് മുഹ്സിന്‍ എന്ന യുവരക്തത്തെയാണ്. പട്ടാമ്പിയിലെ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാന്‍ എഐഎസ്എഫിന്‍റെ ജെ എന്‍ യു  മുന്‍ യൂണിറ്റ് വൈസ് പ്രസിഡന്‍റ് മുഹ്സിന് സാധിക്കും എന്നാണ് സിപിഐയുടെയും ഇടതുപക്ഷത്തിന്റെയും വിശ്വാസം. തന്റെ ഇടതുപക്ഷ കാഴ്ചപ്പാടുകളും, അനുഭവങ്ങളും, പ്രതീക്ഷകളും പങ്കുവെയ്ക്കുകയാണ് മുഹ്സിന്‍ ഇവിടെ. 

വിഷ്ണു എസ് വിജയന്‍: ജെ എന്‍ യു വില്‍ നിന്നു കേരള രാഷ്ട്രീയത്തിലെക്കെത്തുന്നു. പ്രതീക്ഷകള്‍ എത്രത്തോളമാണ്?

മുഹമ്മദ് മുഹ്സിന്‍: ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടെ ഞാന്‍ ജെ എന്‍ യു വില്‍ പോയി കമ്മ്യുണിസം പഠിച്ച ഒരാളല്ല. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രം എന്താണെന്നും എങ്ങനെയാണെന്നും തികഞ്ഞ അറിവോട് കൂടിയാണ് കേരളത്തിന്റെ ചുവന്ന മണ്ണില്‍ നിന്നും ജെഎന്‍യുവിലേക്ക് എത്തുന്നത്. അതിനര്‍ത്ഥം ജെഎന്‍യു എനിക്കൊന്നും തന്നിട്ടില്ല എന്നല്ല. കേരളത്തില്‍ നിന്ന് ലഭിച്ച കമ്മ്യുണിസ്റ്റ് ആശയങ്ങളെ രാകി മിനുക്കി എടുക്കാന്‍ ജെഎന്‍യു ജീവിതം സഹായിച്ചിട്ടുണ്ട്. കേരളത്തിലെ കലാലയങ്ങളില്‍ നിന്നും തികച്ചും വ്യതസ്തമായ ഒരു രാഷ്ട്രിയ വേദിയാണ് ജെഎന്‍യു. ചര്‍ച്ചകള്‍ക്കും, വാദപ്രതിവാദങ്ങള്‍ക്കും, പഠനത്തിനും പറ്റിയ ഒരിടം. ജെഎന്‍യു നാളുകള്‍ എന്നിലെ കമ്യുണിസ്റ്റ്കാരനെ അര്‍ത്ഥ പൂര്‍ണതയില്‍ എത്തിച്ചിട്ടുണ്ട്. ആ വിശ്വാസവും ആയിട്ടാണ് കേരളരാഷ്ട്രീയത്തിലേക്ക് എത്തുന്നത്.

വി: ഇടതുപക്ഷ രാഷ്ട്രിയത്തിലേക്ക് എങ്ങനെയാണു എത്തപ്പെടുന്നത്?

മു: അത് എന്റെ വിദ്യാഭ്യാസവുമായി കൂടി ബന്ധമുള്ളൊരു ചോദ്യമാണ്. അതുകൊണ്ട് തന്നെ അവിടെ നിന്ന് തുടങ്ങാം. പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് കാരക്കാട് എന്ന ഗ്രാമം ആണ് എന്റെ ജന്മനാട്. അവിടെയൊരു ലോവര്‍ മിഡില്‍ ക്ലാസ് കുടുംബത്തില്‍ ആണ് ജനിച്ചത്. എന്റെ പ്രാഥമിക വിദ്യാഭ്യാസ സമയത്ത് അവിടത്തെ യുവാക്കള്‍ക്ക് വിദ്യാഭ്യസത്തിലൊന്നും വലിയ താല്പര്യം ഇല്ലായിരുന്നു. എന്തെങ്കിലും സ്വന്തമായി വരുമാനം ഉണ്ടാക്കിയെടുക്കുക എന്നത്  മാത്രമായിരുന്നു പലരുടെയും ചിന്ത. എനിക്കാണെങ്കില്‍ അല്ലറ ചില്ലറ പ്രാരാബ്ധങ്ങള്‍ ഒക്കെ കുട്ടിക്കാലത്തെ തന്നെയുണ്ട്. ഞാനും അങ്ങനെ വിദ്യാഭ്യാസത്തില്‍ ഉഴപ്പി നടന്ന ഒരാള്‍ ആയിരുന്നു ആദ്യകാലങ്ങളില്‍. അങ്ങനെ കറങ്ങി നടക്കുന്ന സമയത്താണ് യുവകലാസാഹിതി സംഘടിപ്പിച്ച ചില പരിപാടികളില്‍ ഒക്കെ പങ്കെടുക്കാനും, അവരുടെ ചില പുസ്തകങ്ങള്‍ ഒക്കെ വായിക്കാനും അവസരം ലഭിക്കുന്നത്. യുവകലാസാഹിതിയും, അവരുടെ വായനശാലയും, പിന്നെ എന്റെ അധ്യാപകരും ഒക്കെയാണ് എനിക്ക് വീണ്ടും പഠിക്കണം എന്ന മോഹം ഉണ്ടാകാന്‍ കാരണം. തുടക്കത്തിലെ ഉഴപ്പ് മാറ്റിവെച്ചു ഞാന്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ വായനാശീലവും വായനശാലകളോടുള്ള പ്രണയവും ഏറി വന്നു. വായനശാലകളില്‍ നിന്നാണല്ലോ ഒരു നല്ല മനുഷ്യന് പറന്നുയരാന്‍ കഴിയുക. പ്ലസ്ടു പഠനശേഷം കോളേജില്‍ എത്തിയപ്പോളാണ് എ ഐ എസ് എഫുമായി അടുക്കുന്നതും, സജീവ പ്രവര്‍ത്തകന്‍ ആകുന്നതും. അതിനുള്ള കാരണവും ഈ യുവകലാസാഹിതിയും അതുമായി നാട്ടിന്‍പുറത്ത് കറങ്ങി നടന്ന സഖാക്കളോട് ഉള്ള അടുപ്പവും ആണ്. വേറൊരു കാര്യം എന്റെ കുടുംബം അടിയുറച്ച ഒരു കോണ്ഗ്രസ് കുടുംബം ആയിരുന്നു. അവിടെനിന്നാണ് ഞാന്‍ തെന്നി തെറിച്ചു കമ്മ്യുണിസ്റ്റ് പാര്‍ടിക്ക് ഒപ്പം നടക്കാന്‍ തുടങ്ങിയത്. സോഷ്യല്‍ വര്‍ക്കില്‍ പിഎച്ച്ഡി എടുക്കാന്‍ ജെഎന്‍യുവിലേക്ക് വണ്ടി കയറുമ്പോള്‍ എനിക്ക് നാട്ടില്‍ പാര്‍ടിയില്‍ പ്രാഥമിക മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ നേരത്തെ പറഞ്ഞത് ജെഎന്‍യു ചുവപ്പിച്ച ഒരാളല്ല ഞാന്‍ എന്ന്.

വി: ചിലരെങ്കിലും കരുതുന്നുണ്ട് ജെഎന്‍യു എന്ന സ്ഥാപനത്തെ ഇടതുപക്ഷവും, മാധ്യമങ്ങളും ചേര്‍ന്ന് മഹത്വവത്ക്കരിക്കുകയാണെന്ന്, സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത പരിപാടികള്‍ ആണ് അവിടെ സംഘടിപ്പിക്കുന്നതെന്ന്?

മു: ഒരിക്കലും ആരുടേയും സഹായത്തോടെ മഹത്വവല്കരിച്ചു കാണിക്കേണ്ട അവസ്ഥ ജെഎന്‍യുവിനു വന്നിട്ടില്ല. ജെഎന്‍യു അന്നും ഇന്നും ഒരു യാഥാര്‍ത്ഥ്യമാണ്. നിരന്തരം സമരങ്ങളും, ചര്‍ച്ചകളും അവിടെ നടന്നുകൊണ്ടേയിരിക്കുന്നു. രാവും പകലും ഒകുപൈ യു ജി സി പോലുള്ള സമരങ്ങള്‍ അവിടെ നടക്കുന്നു. ഞങ്ങള്‍ അവിടെ സംസാരിക്കുന്നത് ആര്‍ക്കും മനസിലാകാത്ത ഭാഷയില്‍ അല്ല. ഞങ്ങളുടെ മുദ്രാവാക്യങ്ങള്‍ ഒന്നുംതന്നെ ആര്‍ക്കും മനസിലാക്കാന്‍ കഴിയാത്തതല്ല. അതുകൊണ്ടാണ് “ആസാദി” രാജ്യം മുഴുവന്‍ ഏറ്റ്‌വിളിച്ചത്. ജെഎന്‍യുവില്‍ ഒരു സത്യം ഉണ്ട് അതവിടുത്തെ ഇടതുപക്ഷത്തിന്റെ സത്യമാണ്. കമ്യുണിസ്റ്റ്കാരന്റെ സത്യമാണ്. കനയ്യ കുമാര്‍ പറഞ്ഞതുപോലെ ഒരു കൊച്ചു  ഇന്ത്യ തന്നെയാണ് അവിടം. എല്ലായിടത്തും നിന്നുള്ള പലതട്ടിലുള്ള മനുഷ്യര്‍ അവിടെ ഒത്തുകൂടുന്നു, പഠിക്കുന്നു, ആശയങ്ങള്‍ പങ്കുവെക്കുന്നു, ചര്‍ച്ചകള്‍ നടത്തുന്നു. ജെഎന്‍യു നിലനില്‍ക്കുക  തന്നെ ചെയ്യും. അതിനെ ആര് ഉയര്‍ത്തിക്കാട്ടിയാലും, ഇകഴ്ത്തിയാലും.

വി: കേരളരാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ പരിസ്ഥിതി , ദളിത്‌ വിഷയങ്ങളില്‍ മുഖ്യധാര ഇടതു പക്ഷം പിന്നോട്ട് പോകുന്നു എന്ന ഒരു  പ്രചാരണം വ്യാപകമായി ഉണ്ട്. ഇത് എത്ര മാത്രം ശരിയാണ്‌?

മു: ഈ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയില്ല.എന്നാല്‍ ഇവരൊക്കെ പറയുന്നപോലെ ഇടതുപക്ഷം ഒരിക്കലും വലിയ തെറ്റുകള്‍ ചെയ്തു കൂട്ടിയിട്ടും ഇല്ല. എവിടെയൊക്കെയോ ചില പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. അത് തിരുത്താനും പാര്‍ട്ടികള്‍ തയ്യാറായിട്ടുണ്ട്. നമ്മളായിട്ട് നേടിയെടുത്ത സാമുഹിക നവോത്ഥാനം ഇടതുപക്ഷത്തിനു കാലിടറുന്ന സമയത്ത് ഹൈജാക്ക് ചെയ്യാന്‍ വരുന്നവരോട് യോജിക്കാന്‍ കഴിയില്ല. പലപ്പോഴും സംഭവിക്കുന്നത് അതാണ്‌ മതസംഘടനകള്‍ ഉള്‍പ്പടെ ഞങ്ങള്‍ ശരിയാണ് എന്ന രീതിയില്‍ ദളിതരെയും, ആദിവാസികളെയും ഒക്കെ പറഞ്ഞു പറ്റിച്ചു അവര്‍ക്കൊപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നു.

വി: സംഘപരിവാര്‍ രാഷ്ടിയം അതിന്റെ എല്ലാ ഭീകരതയോടും കൂടി നില്‍ക്കുമ്പോള്‍ വരുന്നൊരു തെരഞ്ഞെടുപ്പാണിത്….

മു: മുസോളിനി ഫാസിസത്തെപ്പറ്റി പറഞ്ഞത് ക്യാപിറ്റലിസവും സ്റ്റേറ്റും തമ്മില്‍ ഒന്നിക്കുമ്പോള്‍ ആണ് ഫാസിസം അതിന്റെ പൂര്‍ണത കൈവരിക്കുന്നത് എന്നാണ്. ഇന്ത്യന്‍ സ്റ്റേറ്റിന് ഒരു  മത മുഖം നല്‍കുകയും, തീവ്ര ഹൈന്ദവതയെ പിന്തുണക്കുകയും,ന്യൂനപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും, അദാനി, അംബാനി പോലുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റുകളെ പ്രീണിപ്പിച്ചു കൂടെ നിര്‍ത്തിക്കൊണ്ട് ഇന്ത്യയില്‍ മുസോളിനിയുടെ ഫാസിസ്റ്റ് മാതൃക നടപ്പിലാക്കുകയാണ് സംഘപരിവാര്‍. അതിനെ പ്രതിരോധിക്കാന്‍ വെറുമൊരു സമരം കൊണ്ടോ, തെരഞ്ഞെടുപ്പുകള്‍ കൊണ്ടോ മാത്രം സാധിക്കുകയില്ല. ശക്തമായ നിരന്തര ആശയ സമരങ്ങളിലൂടെ ഓരോ മനുഷ്യനിലേക്കും ഇറങ്ങിച്ചെന്നു മാത്രമേ നമുക്ക് വരാന്‍ പോകുന്ന വലിയ വിപത്തിനെതിരെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂ. ഇനി നമ്മള്‍ ജനതയെ പഠിപ്പിക്കേണ്ടത് പ്രതിരോധത്തിന്റെ രാഷ്ട്രീയം ആണ്. സംഘപരിവാര്‍ പറയുന്നു കമ്മ്യുണിസം മരിച്ചുപോയി എന്നൊക്കെ. എങ്ങനെയാണു കമ്മ്യുണിസം ഇല്ലാതാകുന്നത്? മനുഷ്യരുള്ളിടത്തോളം കമ്മ്യുണിസം നിലനില്‍ക്കും. മനുഷ്യനെ ചങ്ങലക്കിടാന്‍ മതം ശ്രമിക്കുമ്പോള്‍ ഒക്കെയും അത് പ്രതികരിച്ചുകൊണ്ടേയിരിക്കും. എവിടെയൊക്കെ കോര്‍പ്പറേറ്റുകള്‍ ജനതയെ ദ്രോഹിക്കാന്‍ തുടങ്ങുന്നുവോ അവിടെയൊക്കെ കമ്മ്യുണിസ്റ്റ് ജനിച്ചുകൊണ്ടെയിരിക്കും. അതിനു  ചിലപ്പോള്‍ പേരുകള്‍ പലതാകാം. എന്നാല്‍ ഈ മഹത്തായ ആശയം ഒരിക്കലും നശിക്കാന്‍ പോകുന്നില്ല.

വി: എന്തുകൊണ്ട് ഇന്ത്യയില്‍ ഒരു  ഇടതുപക്ഷ ഐക്യം സാധ്യമാകുന്നില്ല?

മു: ഉത്തരം വളരെ ലളിതമാണ്, ഹിപ്പോക്രസി. ചില സംഘടനകള്‍ക്കെങ്കിലും സ്വന്തമായി നേട്ടങ്ങള്‍ കയ്യടക്കണം എന്ന ആഗ്രഹം ഉണ്ട്. അത് ഇടതുപക്ഷ സംഘടനകളില്‍ എന്നല്ല എല്ലാ പുരോഗമന പ്രസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന പ്രശ്നമാണ്. ഹിപ്പോക്രസി ഇല്ലാതായാല്‍ മാത്രമേ നമുക്ക് മുന്നേറാന്‍ ആകുകയുള്ളൂ. ഫാസിസത്തിന്റെ ഈ കാലത്ത് എല്ലാ വിധത്തില്‍ ഉള്ള അടുക്കള പ്രശ്നങ്ങളും മാറ്റി നിര്‍ത്തിയാല്‍ മാത്രമേ നമുക്ക് നാടിനു വേണ്ടി ഒരുമിക്കാന്‍ കഴിയുകയുള്ളൂ. ഇനി ഒന്നാകേണ്ട സമയം ആണ്. പ്രത്യയശാസ്ത്രത്തെ ചൊല്ലി തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ചു നമ്മള്‍ ഒരുമിക്കണം. തീവ്ര ഇടത്, സാധാരണ ഇടത്, വലത് ഇടത് എന്നിങ്ങനെ നൂറു കാര്യങ്ങള്‍ ആണ് പറയുന്നത്. തല്‍ക്കാലം നമുക്കത് മാറ്റിവെക്കാം. നമ്മള്‍ എല്ലാം വിളിച്ചു ശീലിച്ചത് സഖാവ് എന്നാണ്. സഖാക്കളോട് എനിക്കിതാണ്‌ പറയാനുള്ളത്. നമ്മുടെ ആശയ സമരങ്ങള്‍ കൊണ്ട് മാത്രമേ ഇനി  ഈ നാടിനെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ. 

വി: കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ ശരിയായ എതിരാളികള്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന വലതുപക്ഷം ആണോ ? അതോ ബിജെപിയോ?

മു: രണ്ടുപേരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ ആണ്. യുഡിഎഫിന്റെ അഴിമതി ഭരണം തുടച്ചു നീക്കാനും, ബിജെപിയുടെ വര്‍ഗിയ താല്പര്യം ജയിക്കാതിരിക്കാനും ഞങ്ങള്‍ ശ്രമിക്കും. ആ ശ്രമത്തില്‍ ഞങ്ങള്‍  തന്നെ ജയിക്കും എന്നാണ് പ്രതീക്ഷ.

വി: കനയ്യകുമാര്‍ എന്ന സഹപാഠിയേയും സംഘടനനേതാവിനെയും പറ്റി?

മു: എഐഎസ്എഫിന്റെ ജെഎന്‍യു യുണിറ്റ് കമ്മിറ്റിയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നവര്‍ ആണ് ഞങ്ങള്‍. വ്യക്തിപരമായി കനയ്യയുമായി നല്ല അടുപ്പം ആണ്. ഞങ്ങള്‍ ഒരുമിച്ചു ഒരുപാടു കറങ്ങി  നടന്നിട്ടുണ്ട്. ശരിയായ രാഷ്ട്രീയ വ്യക്തത ഉള്ള സഖാവാണ് കനയ്യ.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രയിനിയാണ് വിഷ്ണു എസ് വിജയന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍