UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നൂറില്‍ ഉറപ്പിച്ച് വിഎസ്, സരിതയെ തള്ളി ചാണ്ടി

അഴിമുഖം പ്രതിനിധി

സിപിഐഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിന് ഇത്തവണ നൂറ് സീറ്റ് കിട്ടുമെന്നും അതുതന്നെയാണ് തന്റെ ടാര്‍ഗെറ്റെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഡല്‍ഹിയില്‍ കാര്യങ്ങള്‍ ഒരു വിധം ഉറപ്പിച്ച് കേരളത്തില്‍ മടങ്ങിയെത്തിയപ്പോള്‍ പൊട്ടിയ സരിത ബോംബിനെ തീര്‍ത്തും അവഗണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ത്രികോണ മത്സരത്തിലേക്ക് നീങ്ങുന്ന കേരളത്തിലെ നിയമസഭ അങ്കം വീണ്ടും കൊഴുക്കുകയാണ്. ആറന്‍മുളയില്‍ വിമാനത്താവളം വേണ്ടെന്ന് പറഞ്ഞ സുരേഷ് ഗോപി ചുവട് മാറ്റി ചവിട്ടുമ്പോള്‍ ബിജെപിയും എവിടേക്കാണ് പോകുന്നത് എന്നത് വളരെ വ്യക്തം. കടുത്ത സാമ്പത്തിക പ്രശ്‌നം തന്നെയാണ് ഈ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം.

ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെഷനുകള്‍ ഉദ്ഘാടനം ചെയ്യുന്ന വേളയിലായിരുന്നു നൂറ് സീറ്റാണ് തന്റെ ടാര്‍ഗെറ്റെന്ന് വിഎസ് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്.തന്നോട് ഇടഞ്ഞു നില്‍ക്കുന്ന ജി സുധാകരന്റെ മണ്ഡലത്തില്‍ വിഎസ് പോകാതിരുന്നതും ശ്രദ്ധേയമായി. അവിടത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നീട്ടിവച്ച അവസ്ഥയിലുമായി. നൂറു സീറ്റൊന്നും അവകാശപ്പെടുന്നില്ലെങ്കിലും ഡല്‍ഹിയില്‍ കിട്ടിയ മേല്‍ക്കോയ്മ കേരളത്തില്‍ തുടരാനാകുമെന്നും അത് തന്റെ നിലപാടുകളെ സാധൂകരിക്കുമെന്നുമുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ഉമ്മന്‍ചാണ്ടി.

സീറ്റ് ധാരണ ചര്‍ച്ചകളില്‍ പരാജയപ്പെട്ട വിഎം സുധീരനെ നല്ലൊരു പൊതു പ്രവര്‍ത്തകന്‍ എന്നൊക്കെ പറഞ്ഞ് വാഴ്ത്തുന്നതും ഇതിന്റെ ഭാഗം തന്നെ. എങ്കിലും സരിത പൊട്ടിച്ച അവസാന ബോംബ് ഒരു പ്രശ്‌നമായി തന്നെ തുടരുന്നുണ്ട്. എന്നാല്‍ ഇത് ബാറുടമ സംഘം കൊണ്ടുവന്ന അവസാന വെടിയായാണ് ഉമ്മന്‍ചാണ്ടി സരിത ബോംബിനെ എഴുതി തള്ളുന്നത്. പത്തനാപുരത്ത് കെബി ഗണേഷ് കുമാറിന് എതിരെ അങ്കത്തിന് ഇറങ്ങാന്‍ കച്ചകെട്ടി നില്‍ക്കുന്ന നടന്‍ ജഗദീഷിനെ തൊട്ടടുത്ത് നിര്‍ത്തി മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം എന്തുകൊണ്ടും ശ്രദ്ധേയമാണ്. വരാനിരിക്കുന്നത് ബാറുടമകളുടെ കൊയ്ത്തുകാലമാണെന്ന ദുസൂചന നല്‍കി കൊണ്ടാണ് ഉമ്മന്‍ചാണ്ടിയും സംഘവും ഇക്കുറി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക.

സത്യത്തില്‍ ബാറുകള്‍ പൂട്ടിച്ച സുധീരന്‍ ഏതാണ്ട് പണി പോയ മട്ടിലായെങ്കിലും ബാറില്‍ തൊട്ടില്‍ വിജയം കൊയ്യാമെന്ന പ്രതീക്ഷ ഉമ്മന്‍ചാണ്ടി ഇനിയും കൈവിട്ടിട്ടില്ല. സരിതയ്ക്ക് എതിരെ എന്തുകൊണ്ട് കേസിന് പോകുന്നില്ലെന്ന ചോദ്യത്തിന് അതൊക്കെ പിന്നീടാകാം എന്ന ലളിത സൂത്രവാക്യം എത്ര കണ്ട് വിലപോകുമെന്ന് അറിയില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്. എല്‍ഡിഎഫിന്റെ മദ്യനയത്തെ കുറിച്ച് പട്ടക്കാര്‍ക്കും നാട്ടുകാര്‍ക്കും ആശങ്കയുണ്ട്. ഈ ആശങ്ക വിറ്റ് വോട്ട് കൊയ്യാനുള്ള തന്ത്രമാണ് ഉമ്മന്‍ചാണ്ടി മുന്നില്‍ കാണുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍