പലരും പറയുന്നതു പാനമ രേഖകള്‍ മഞ്ഞുമലയുടെ തുമ്പ് മാത്രമാണു എന്നാണ്
ഗ്രിഗറി വിസ്കൂസി, അംബെരീന്‍ ചൌധുരി
(ബ്ലൂംബര്‍ഗ്)
മോസ്കോ മുതല്‍ ബ്യൂണോസ് അയേഴ്സ് വരെയും അതിനുമകലങ്ങളിലും പൊടുന്നനെ രണ്ടു വാക്കുകള്‍ സാമ്പത്തിക വൃത്തങ്ങളില്‍ പ്രതിധ്വനിക്കാന്‍ തുടങ്ങി: വിദേശ എക്കൌണ്ട്.
ലോകത്തെ ഏറ്റവും ധനികരായ ഒരുപറ്റം ആളുകള്‍, രാഷ്ട്രീയക്കാരും കച്ചവടക്കാരുമടക്കം, വിദേശ എക്കൌണ്ടുകളിലൂടെ കൊടിക്കണക്കിന് രൂപ നികുതി വെട്ടിച്ച് കടത്തി എന്നു ഒരു മാധ്യമ സംഘം പുറത്തുവിട്ടതോടെ തുടങ്ങിയതാണ് ഈ അലയൊലികള്‍.
നിഷേധിക്കല്‍, ഞെട്ടല്‍, കോപം, അര്‍ദ്ധനിഷേധം എന്നിങ്ങനെ പല രൂപങ്ങള്‍ പുറത്തുവന്നു. ബാങ്കുകള്‍ തങ്ങള്‍ ചട്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആണയിട്ടു. നിയന്ത്രണ സംവിധാനങ്ങള്‍ പതിവുപല്ലവി ആവര്‍ത്തിച്ചു: ഞങ്ങള്‍ പരിശോധിക്കും.
ഒരുതരത്തില്‍ പറഞ്ഞാല്‍ കുറെക്കാലമായി വിദഗ്ധര്‍ക്കറിയാവുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ധനികര്‍, പ്രശസ്തരും അല്ലാത്തവരും, വിദേശ എക്കൌണ്ടുകള്‍, പലപ്പോഴും തികച്ചും നിയമാനുസൃതമായ തരത്തില്‍ തന്നെ ഇതിനായി ഉപയോഗിക്കാറുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ നിയമാനുസൃത എക്കൌണ്ടുകള്‍ പോലും രാഷ്ട്രീയ, വ്യാപാര പ്രമുഖര്‍ക്കെതിരെ സംശയത്തിന്റെ മുനകളുയര്‍ത്തും. സാമ്പ്രദായിക അതിരുകള്‍ക്ക് അപ്പുറത്ത് കളിക്കുന്നു എന്നു എപ്പോഴും തോന്നിപ്പിക്കുന്ന ആഗോള ധനികവര്‍ഗത്തിന്റെ വിദേശ സാമ്പത്തികാവാസ വ്യവസ്ഥയിലേക്കാണ് ഇപ്പോള്‍ പാനമ രേഖകള്‍ വെളിച്ചം വീശുന്നത്. ഇപ്പൊഴും ആരോപണങ്ങളുടെ പൂര്‍ണമായ സാധ്യതകള്‍ വ്യക്തമായിട്ടില്ല.
പലരും പറയുന്നതു പാനമ രേഖകള്‍ മഞ്ഞുമലയുടെ തുമ്പ് മാത്രമാണു എന്നാണ്. രണ്ടു ലക്ഷത്തിലേറെ കടലാസ് കമ്പനികളുടെ രേഖകള്‍ ചോര്‍ത്തിക്കിട്ടിയെന്നാണ് അന്താരാഷ്ട്ര അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക സംഘം (ICIJ) പറയുന്നത്. എന്നാല്‍ വിവാദങ്ങളുടെ കേന്ദ്രം മൊസാക് ഫൊനെസ്ക ആരോപണങ്ങളെല്ലാം നിഷേധിക്കുന്നു.
അന്താരാഷ്ട്ര നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് അവര്‍ ICIJ-യോട് പറഞ്ഞു. അതായത് ഇങ്ങനെ രൂപം കൊടുക്കുന്ന കമ്പനികള്‍ നികുതി വെട്ടിപ്പ് പണം തട്ടിപ്പ്, ഭീകരവാദികള്‍ക്കുള്ള ധനസഹായം, മറ്റ് അനധികൃത പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു.
“ഒരൊറ്റ ചോര്‍ത്തലില്‍ രണ്ടു ലക്ഷം വിദേശ കടലാസ് കമ്പനികള്‍; അപ്പോള്‍ മറ്റ് നിരവധി നിയമസ്ഥാപനങ്ങളും ബാങ്കുകളും വഴിയുള്ള രേഖകള്‍ ചോര്‍ന്നാല്‍ എന്താകും അവസ്ഥ,?” എന്നാണ് ബോസ്റ്റണ്‍ സര്‍വകലാശാലയിലെ അദ്ധ്യാപകനും Lehman Brothers Holding Inc-നെക്കുറിച്ചുള്ള ‘Uncontrolled Risk’ എന്ന പുസ്തകവുമെഴുതിയ മാര്‍ക് വില്ല്യംസ് ചോദിക്കുന്നത്.
“ആഗോള വിദേശ പണം വെട്ടിപ്പ് ശതകോടികളുടെ വ്യാപാരവും സജീവമായി നടന്നുവരുന്നതുമാണ്,” വില്ല്യംസ് പറയുന്നു. “നികുതി വെട്ടിപ്പിനും കള്ളപ്പണത്തിനുമെതിരെ നിയമങ്ങളുണ്ടായിട്ടും വിദേശ കടലാസ് കമ്പനി വ്യാപാരം ധനികര്‍ക്കും പിടിപാടുള്ളവര്‍ക്കുമായി തുറന്നുതന്നെയിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്,” എന്നും വില്ല്യംസ് പറഞ്ഞു.
രേഖകള്‍ പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം ഐസ് ലാന്‍ഡില്‍ രാഷ്ട്രീയ കൊടുങ്കാറ്റായി മാറി. പ്രധാനമന്ത്രി സിഗ്മണ്ടര്‍ ഡേവിഡ് ഗുണ്‍ലൌഗ്സനെതിരെ അവിശ്വാസ പ്രമേയം വന്നു. രേഖകളില്‍ പരാമര്‍ശിച്ച കമ്പനി തന്റെ ഭാര്യയുടെ പേരിലുള്ളതാണെന്നും അത് കൃത്യമായി നികുതിയടക്കുകയും നികുതിരേഖകളില്‍ കാണിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി തിങ്കളാഴ്ച്ച പാര്‍ലമെന്റില്‍ പറഞ്ഞു.
റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമിര്‍ പുടിന്റെ ഒരു വിശ്വസ്തനായ റഷ്യന്‍ VTB ബാങ്ക് മേധാവി ആണ്ട്രി കൊസ്റ്റിന്‍ വാര്‍ത്തകളെ പുച്ഛിച്ചു തള്ളി. പുടിന്റെ സഹായികള്‍ കൈകാര്യം ചെയ്ത ഒരു ശൃംഖലയിലൂടെ വിദേശ കമ്പനികള്‍ വഴി ഏതാണ്ട് 2 ബില്ല്യണ്‍ ഡോളര്‍ മറിച്ചിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്.
രേഖകളില്‍ പേരുള്ള ഉക്രെയിന്‍ പ്രസിഡണ്ട് പെട്രോ പോര്‍ഷെങ്കോ പറയുന്നത് താന്‍ തന്റെ സ്വന്തം പണം കൈകാര്യം ചെയ്തിട്ടില്ല എന്നാണ്. അര്‍ജന്റീനയുടെ പ്രസിഡണ്ട് മൌറീസ്യോ മാക്രി ആണെങ്കില്‍ വിദേശത്തുള്ള കമ്പനിയുടെ ഡയറക്ടര്‍ ആണെങ്കിലും ഒരിക്കലും അതില്‍ നിക്ഷേപ താത്പര്യങ്ങള്‍ ഇല്ല എന്നാണ് വിശദീകരിക്കുന്നത്.
രേഖകള്‍ പ്രകാരം നിലവിലും മുമ്പും രാഷ്ട്ര നേതാക്കളായ 12 പേര്‍, 128 പ്രമുഖ രാഷ്ട്രീയക്കാര്‍, ഉന്നതോദ്യഗസ്ഥര്‍, ചലച്ചിത്ര,കായിക താരങ്ങള്‍ എന്നിവരടക്കമുള്ളവര്‍ ഈ നിധിശേഖരങ്ങളുടെ ഉടമകളാണ്. ജോര്‍ജിയ, ഇറാഖ്, ജോര്‍ദാന്‍, ഖത്തര്‍, സൌദി അറേബ്യ, സുഡാന്‍, യു എ ഇ എന്നീ രാജ്യങ്ങളിലെ നിലവിലെയും മുമ്പത്തെയും രാഷ്ട്രതലവന്മാര്‍ ഇക്കൂട്ടത്തിലുണ്ട്.
വിദേശ കമ്പനികള്‍ പലപ്പോഴും നിയമവിധേയമാണെങ്കില്‍ക്കൂടി അവ സമ്പത്ത് ഒളിച്ചു സൂക്ഷിക്കാനും ഉപയോഗിക്കാം. 2008-ലെ സാമ്പത്തിക പ്രതിസന്ധി മുതല്‍, നികുതി വെട്ടിപ്പിനും അനധികൃത സമ്പാദ്യം സൂക്ഷിക്കാനും ഉപയോഗിക്കുന്നു എന്നു ചൂണ്ടിക്കാട്ടി വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ സുതാര്യത വേണമെന്ന് പടിഞ്ഞാറന്‍ സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നുണ്ട്.
വെളിപ്പെടുത്തലുകളിലെ ഏറ്റവും സ്ഫോടനാത്മകമായ വിവരം പുടിനുമായുള്ള ബന്ധങ്ങളാണ്. രേഖകളില്‍ റഷ്യന്‍ പ്രസിഡന്റിന്റെ പേര് പറയുന്നില്ല. എന്നാല്‍ ഈ നിക്ഷേപങ്ങളുടെ ഉദാഹരണം നല്‍കുന്നുണ്ട്; മൂന്നു രാജ്യങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 4 കടലാസ് കമ്പനികളുടെ ശൃംഖല ഉണ്ടാക്കി. രണ്ടു ബാങ്കുകള്‍ ഉള്‍പ്പെട്ട ഈ പ്രക്രിയയില്‍ സഞ്ചരിച്ച പണം എവിടെയെന്ന് കണ്ടെത്താനാകാത്ത വിധത്തില്‍.
സാമ്പത്തിക ഇടപാട് മേഖലയ്ക്ക് ഏറെ സന്ദിഗ്ദ്ധമായ അവസ്ഥയാണ് പനാമ രേഖകള്‍ നല്കിയിരിക്കുന്നത്. ധനികര്‍ക്ക് നികുതി വെട്ടിപ്പിന് അവസരമൊരുക്കിയതിനും, പണം വെട്ടിപ്പിനെതിരെ വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാത്തതിനും HSBC, UBS എന്നിവയടക്കമുള്ള ലോകത്തെ വന്‍കിട ബാങ്കുകള്‍ നൂറുകണക്കിന് കോടി ഡോളറാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പിഴയായി നല്‍കിയത്. വികസിത രാജ്യങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന അസമത്വം വലിയ ജനകീയ അസംതൃപ്തിയും പ്രതിഷേധവും സൃഷ്ടിക്കാന്‍ പ്രാപ്തമായതിനാല്‍ ഇത്തരം വിഷയങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രത്തിലെത്തും.
“അനധികൃതമായ സമ്പാദ്യം ഒളിച്ചുവെക്കാന്‍ രഹസ്യ കമ്പനികളെ സഹായിക്കുന്ന ബാങ്കുകള്‍, അഭിഭാഷകര്‍, ധനകാര്യ വിദഗ്ധര്‍ എന്നിവരടങ്ങുന്ന ആഗോള സാമ്പത്തിക സംവിധാനത്തിന്റെ മുഖംമൂടി മാറ്റുകയാണ് പാനമ രേഖകളുടെ അന്വേഷണം,” ഒരു നയസംവാദ സംഘമായ Transparency International അദ്ധ്യക്ഷന്‍ ജോസ് ഉഗാസ് പറഞ്ഞു.
യൂറോപ്, ആസ്ട്രിയ, നെതര്‍ലാണ്ട്സ്, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ അധികൃതര്‍ ഉടന്‍തന്നെ ഈ വാര്‍ത്തകളോട് പ്രതികരിക്കുകയും ആരോപണങ്ങള്‍ അന്വേഷിക്കും എന്നു വ്യക്തമാക്കുകയും ചെയ്തു.
സ്വിസ് ബാങ്കുകള്‍ മൊസാക് ഫൊനെസ്കയുടെ സേവനങ്ങള്‍ എത്രത്തോളം ഉപയോഗിച്ചിട്ടുണ്ടെന്നും ബാങ്കിങ് മേഖലയിലെ സ്വിസ് നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുമെന്ന് സ്വിസ് ബാങ്കിങ് നിയന്ത്രണ സംവിധാനമായ ഫിന്‍മ പറഞ്ഞു.
ട്രസ്റ്റ് കമ്പനികളെയും പന്തുകളിയിലെ പണം വെട്ടിപ്പിനെയും കുറിച്ചന്വേഷിക്കുന്ന ഡച്ച് കേന്ദ്ര ബാങ്ക് പാനമ വെളിപ്പെടുത്തലുകളെക്കുറിച്ചും അന്വേഷിക്കുമെന്ന് ധനമന്ത്രാലയം പറഞ്ഞു.
സ്പെയിനില്‍, ഫിലിപ് രാജാവിന്റെ ഒരു അമ്മായി കൂടിയായ പിലാര്‍ ദേ ബോര്‍ബോണ്‍ പാനമയില്‍ തുടങ്ങിയ ഒരു കമ്പനിയുടെ അധ്യക്ഷയായിരുന്നു എന്ന വിവരം പുറത്തുവന്നതോടെ നികുതി വെട്ടിപ്പിന്റെ സാധ്യതകള്‍ ഉണ്ടായിരുന്നോ എന്നും അന്വേഷണം നടക്കും. ദേ ബോര്‍ബോണ്‍ പ്രതികരിച്ചിട്ടില്ല.
യൂറോപ്പിലെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, യു. കെയുടെ Financial Conduct Authority, ജര്‍മ്മനിയിലെ ബാഫിന്‍, എന്നിവ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
“ഒരു വിദേശ എക്കൌണ്ട് നികുതി അധികൃതര്‍ക്ക് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ടോ ഇല്ലയോ എന്നതാണു അത് നിയമവിധേയമാണോ അല്ലയോ എന്നത് നിശ്ചയിക്കാനുള്ള ഏക മാനദണ്ഡം”, ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസിലെ പ്രൊഫസര്‍ പീറ്റര്‍ ഹാന്‍ പറയുന്നു.
“ഇത്തരം ഇടപാടുകള്‍ക്ക് ബാങ്കുകളെ കുറ്റപ്പെടുത്തുന്നതിന് പകരം കടലാസ് കമ്പനികളുടെ ശൃംഖലയിലെ ഇങ്ങേയറ്റത്തെ ഉടമകള്‍ക്ക് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതമാക്കുന്ന തരത്തിലാക്കാനാണ് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കേണ്ടത്,” ഹാന്‍ പറയുന്നു.
എന്നാല്‍ ബോസ്റ്റണ്‍ സര്‍വകലാശാലയിലെ വില്ല്യംസ് വളച്ചുകെട്ടില്ലാതെ പറഞ്ഞു, “ഇത്തരം നിയമവിരുദ്ധ നടപടികള്‍ക്ക് ഉത്തരവാദിത്തമേല്‍ക്കാനും പിഴയടക്കാനും ബാങ്കുകളും നിയമസഹായ സ്ഥാപനങ്ങളും ഇതിന് സഹായിക്കുന്ന മറ്റുള്ളവരും ബാധ്യസ്ഥരാകുന്നതു വരെ ആഗോള സാധ്യതകളുള്ള ഈ പണം വെട്ടിപ്പ് കച്ചവടം അവസാനിക്കാന്‍ പോകുന്നില്ല. പിഴ മാത്രം മതിയാകില്ല. ഈ നിയമലംഘനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തോന്നിക്കുന്ന തരത്തില്‍ അത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും വേണം.”